Tuesday, August 25, 2009

മെറിറ്റും സംവരണവും: പതിറ്റാണ്ടിന്റെ പരാജിത പോരാട്ടം

നിയമം,നീതി,ലോജിക്,ശാസ്ത്രീയത ഇതെല്ലാം കൂടെയുണ്ടായിട്ടും വിജയിക്കാന്‍ സാധിക്കാത്ത ഒരു പോരാട്ടമാണ് കേരളത്തിലെ സംവരണ സമുദായങ്ങള്‍ കേരള പബ്ളിക് സര്‍വീസ് കമീഷനെതിരെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി     നടത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ സുപ്രീംകോടതിയുടെ വിധി(30/3/2009)യും വന്നതോടെ പിന്നാക്ക സമുദായ ഉദ്യോഗാര്‍ഥികളുടെ (സംഘടനകളുടെയും) പോ രാട്ടം ഒരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്.ഏതു വഴി പോകണമെന്ന കാര്യത്തിലും വിജയിക്കാന്‍ എങ്ങനെ നീങ്ങണം എന്ന കാര്യത്തിലും ഏതു യുദ്ധതന്ത്രം പ്രയോഗിക്കണമെന്ന കാര്യത്തിലും അങ്ങേയറ്റത്തെ ആശയക്കുഴപ്പത്തിലാണ് ഇവിടത്തെ പിന്നാക്ക സമുദായ നേതൃത്വം. വാസ്തവത്തില്‍, സമ്പത്തിലും സ്വാധീനത്തിലും ദുര്‍ബലരായ പിന്നാക്ക സമുദായ ഉദ്യോഗാര്‍ഥികള്‍ ഒരു വശത്തും സമ്പത്ത്, സ്വാധീനം ,സംഘടനാശക്തി ഇവയില്‍ ഏറെ മുന്നാക്കമായ നായര്‍ സര്‍വീസ് സൊസൈറ്റി മറുവശത്തുമായി നടന്ന ഒരു പോരാട്ടമായിരുന്നു കോടതികളില്‍ നടന്നത് .എം ഈ എസ്, മെക്ക, അഖില കേ രള എഴുത്തഛന്‍ സമാജം ഇവയെ ഒഴിച്ചു നിര്‍ത്തിയാല്‍,ഒറ്റ പിന്നാക്ക സമുദായ സംഘടനയും ആ പോരാട്ടത്തില്‍ സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം ഉണ്ടായിരുന്നില്ല.  ഈ സംഘടനകള്‍ പോലും ഏറ്റവും അവസാന ഘട്ടത്തില്‍ മാത്രമാണ് ഇടപെട്ടത്.അതാകട്ടെ ഒട്ടും തന്നെ ഫലപ്രദമായുമില്ല.എന്നാല്‍ എന്‍ എസ് എസ്സാവട്ടെ തുടക്കം മുതല്‍തന്നെ കേസില്‍ കക്ഷി ചേരുകയും അവസാനം വരെ ആത്മാര്‍ഥമായി പണിയെടുക്കയും ചെയ്തു.അതിന്റെ ഫലം അവര്‍ക്കു ലഭിക്കുകയും ചെയ്തു.ഏറ്റവും ഒടുവിലുണ്ടായ സുപ്രീം കോടതി വിധി അതിനുദാഹരണമാണ്.

ഈ കേസുകളുടെയെല്ലാം അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച ഒരാളെന്ന നിലയ്ക്ക്, പരാജയപ്പെട്ട ആ പോരാട്ടത്തിന്റെ നാള്‍ വഴിയും 2005 മുതലുള്ള കോടതി വിധികളുടെ ഒരു പരിശോധനയും നടത്താനാണ് ഇവിടെ ശ്രമിക്കുന്നത്:

കേരള പബ്ളിക് സര്‍വീസ് കമീഷന്‍ മുഖേന നടക്കുന്ന നിയമനങ്ങളില്‍ മെറിറ്റില്‍ തിരഞ്ഞെടുക്കപ്പെടേണ്ട സംവരണ സമുദായ ഉദ്യോഗാര്‍ഥികളെ സംവരണ ടേണില്‍ ഒതുക്കുകയാണു ചെയ്യുന്നതെന്ന  വെളിപ്പെടുത്തല്‍ കലാകൌമുദി (ലക്കം 1213-1998 ഡിസംബര്‍ 6),മാധ്യമം ആഴ്ച്ചപ്പതിപ്പ്(1999 ജനുവരി 9) ഇവയിലൂടെ യഥാക്രമം പ്രൊഫ.കെ എം ബഹാവുദ്ദീനും ഈ ലേഖകനും ഏതാണ്ട് ഒരേ സമയമാണ് നടത്തുന്നത്. എസ് എന്‍ ഡി പി യോഗത്തിന്റെ മുഖപത്രമായ യോഗനാദ(1999 ജനുവരി 115)ത്തി ലും എന്റെ ലേഖനം വന്നു. നിയമസഭാ സമ്മേളനം നടക്കുന്ന സമയം ആയിരുന്നു അത്. ഞങ്ങളുടെ ലേഖനത്തെ ആസ്പദമാക്കി കേരള നിയമസഭയില്‍ മുസ്ളിം ലീഗിലെ ചെര്‍ക്കളം അബ്ദുല്ല ഒരു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചുഃ പി എസ് സി ലിസ്റ്റില്‍ നിന്നുള്ള നിയമനം 20 പേരുള്‍പ്പെടുന്ന യൂണിറ്റുകളായി തരം തിരിക്കുന്നതില്‍ അപാകതയുണ്ടെന്നും ‘ഇതുമൂലം മുസ്ളിം, ഈഴവ,പട്ടികജാതി- പട്ടിക വര്‍ഗങ്ങള്‍ക്ക് മെറിറ്റിലുള്ള അധികാരം ലഭിക്കുന്നില്ലെന്നു'മാണ് ചെര്‍ക്കളം വാദിച്ചത്. എന്നാല്‍ 'ഓപ്പണ്‍ മെറിറ്റില്‍ മുന്നാക്കാര്‍ക്കു പുറമേ പിന്നാക്കക്കാര്‍ക്കും റാങ്കിന്റെയടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്നുണ്ടെന്നും പിന്നാക്ക-മുസ്ളിം സമുദായങ്ങള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും മെറിറ്റിന്റെ ആനുകൂല്യം ലഭിക്കാത്ത സാഹചര്യം ഇല്ലെ’ന്നു മാണ് അന്നത്തെ മുഖ്യമന്ത്രി ഈ കെ നായനാര്‍ പ്രമേയത്തിനു മറുപടിയായി പറഞ്ഞത്. മാത്രമല്ല, 'ഉദ്യോഗ സംവരണ കാര്യത്തില്‍ നിലവിലുള്ള റൊട്ടേഷന്‍ വ്യവസ്ഥ മാറ്റാനോ ഇതേക്കുറിച്ച് പഠനം നടത്താനോ ഉദ്ദേശിക്കുന്നില്ലെ’ന്നും (കേരളകൌമുദി 28/01/1999) മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. അതോടെ സര്‍ക്കാരിനെക്കൊണ്ട് പ്രശ്നം പരിഹരി ക്കാനുള്ള വഴി ഏതാണ്ട് അടഞ്ഞ മട്ടായി. അങ്ങനെയാണ് പ്രൊഫ. ബഹാവുദ്ദീന്‍ തന്നെ മുന്‍കൈ എടുത്ത് കേരള ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കുന്നത്(ഓ.പി. നം: 18791/1999 കെ). ആ കേസില്‍ 2005 ഒക്റ്റോബര്‍ 17 നാണ് ചീഫ് ജസ്റീസ് രാജീവ് ഗുപ്തയും ജഃ സിരിജഗനും അടങ്ങുന്ന ബെഞ്ച് വിധി പ്രസ്താവിക്കുന്നത്: ".....we are satisfied that the implementation of reservation by Kerala Public Service Commission is strictly in accordance with Rule 14.'എന്നു പറഞ്ഞാണ് ആ കേസ് ഹൈക്കോടതി തള്ളിയത്. മാത്രമല്ല, 'റൂള്‍ 14 ഏതാണ്ട് കഴിഞ്ഞ മൂന്നു ദശകമായി ഈ രംഗത്തുണ്ടെന്നും നിര്‍ദിഷ്ട സംവരണ ശതമാനം പാലിക്കുന്നില്ല എന്ന പരാതിയുമായി ഒറ്റ സംവരണ സമുദായ ഉദ്യോഗാര്‍ഥിയും മുന്നോട്ടുവന്നിട്ടില്ല' (ഖണ്ഡിക 7) എന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഹര്‍ജിക്കാര്‍ ചോദിച്ചതെന്ത്, ഹൈക്കോടതി തന്നതെന്ത് എന്ന് അന്നു മുതല്‍ക്കേ ഈ ലേഖകനു സംശയമുണ്ട്. വിധി ന്യായത്തിന്റെ മൂന്നാമത്തെ ഖണ്ഡികയില്‍ ഹൈക്കോടതി തന്നെ പറയുന്നതു നോക്കുകഃ  "The petitioners have alleged that in the appointments of Asst.Surgeons in the year 1995-96, Kerala Public Service Commission implemented reservation in such a manner that none of the candidates belonging to OBC/SC/ST were selected on the basis of their ranks in merit list. Similar allegations have been made about the appointments of Lower Division Clerks and Lecturers in Mechanical Engineering in Engineering Colleges." സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ മെറിറ്റ് ലിസ്റില്‍ (ടേണില്‍ തിരഞ്ഞെടുക്കപ്പെടുന്നില്ല എന്നാണ് ഉദാഹരണ സഹിതം ഹര്‍ജിക്കാര്‍ വാദിച്ചത്; അല്ലാതെ പി എസ് സി സംവരണം പാലിക്കുന്നില്ല എന്നല്ല.മെറിറ്റില്‍ തിരഞ്ഞെടുക്കപ്പെടേണ്ടവര്‍ സംവരണ ടേണില്‍ ഒതുക്കപ്പെടുന്നു എന്ന പ്രശ്നമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. നിയമനങ്ങളില്‍  സംവരണം പാലിക്കുന്നതു സംബന്ധിച്ച 1958ലെ കേരള സ്റേറ്റ് & സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സ് (കെ എസ് & എസ് എസ് ആര്‍) പാര്‍ട്ട് രണ്ടിലെ 14(ബി) നിയമം, പി എസ് സി നിയമനങ്ങളില്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നു എന്നതായിരുന്നു അവരുടെ മുഖ്യ ആരോപണം. എന്താണ് ആ നിയമം പറയുന്നതെന്നോ?:  "The claims of members of SC and ST and OBCs shall be considered for the appointments which shall be filled on the basis of merit and where a candidate belonging to a SC/ST/OBC is selected on the basis of merit, the number of posts reserved for SC/ST/OBCs as the case may be, shall not in any way be affected".  അതായത് സംവരണ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിക്കാന്‍ രണ്ടു ക്ളെയിമുണ്ടെന്നര്‍ഥം; മെറിറ്റ് ക്ളെയിമും റിസര്‍വേഷന്‍ ക്ളെയിമും. വാസ്തവത്തില്‍ മെറിറ്റില്‍ നിയമനം ലഭിക്കാത്ത വരെ മാത്രമേ സംവരണ ടേണിലേക്കു പരിഗണിക്കേണ്ടതുള്ളൂ.(ഏതു സെലക്ഷനിലും അങ്ങ നെയാണല്ലോ.) മെറിറ്റില്‍ നിയമനം ലഭിച്ചുവെന്നു കരുതി സംവരണ സമുദായക്കാരുടെ സംവരണ സീറ്റുകള്‍ കുറയ്ക്കാന്‍ പാടില്ലെന്നും നിയമം അനുശാസിക്കുന്നു.

ദൌര്‍ഭാഗ്യവശാല്‍ കോടതിയ്ക്ക് അതൊന്നും ബോധ്യപ്പെട്ടില്ല. അഥവാ കോടതിയെ അതു ബോധ്യപ്പെടുത്താന്‍ ഹര്‍ജിക്കാര്‍ക്കു സാധിച്ചില്ല. ഇതാണ് സുപ്രീം കോടതിയില്‍ എന്‍ എസ് എസ്സും മറ്റും പൊക്കിപ്പിടിച്ച 2005 ലെ കോടതിവിധിയുടെ കഥ.

പിന്നീട് ഈ വിഷയത്തില്‍ കുറേക്കാലത്തേക്ക് കാര്യമായ ചലനമൊന്നും ഉണ്ടായില്ല. ഇടയ്ക്കിടെ എന്റെ ലേഖനങ്ങള്‍ മാധ്യമത്തിലും മറ്റും വരുമായിരുന്നു.എന്നെക്കൂടാതെ പ്രൊഫ. ബഹാവുദ്ദീന്‍ ,അഡ്വ.ചന്ദ്രപ്രസാദ്, ഡോ.കെ സുഗതന്‍ ഇവര്‍ മാധ്യമത്തിലും,ഡോ.ജെ ഒ അരുണ്‍ യോഗനാദത്തിലും, ശങ്കരനാരായണന്‍ മലപ്പുറം കേരള ശബ്ദത്തിലും ഇവ്വിഷയകമായി ഏഴുതിയിരുന്നു. അതിന്നിടെ,അതായത് ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിന്നിടെ കേരള  കൌമുദിയില്‍ ,

കേരള സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനിലെ ഹെല്‍പ്പര്‍ തസ്തികയിലെ മെറിറ്റ് അട്ടിമറിയെപ്പറ്റി പി സുജാതന്റെ ഒരു റിപ്പോര്‍ട്ടും (2001 ജൂണ്‍ 8)പി എസ് സി യുടെ തന്നെ ഇന്‍സ്പെക്ഷന്‍ വിഭാഗത്തിന്റെ പഠനത്തെ ആസ്പദമാക്കി കെ പ്രസന്നകുമാര്‍ തയ്യാറാക്കിയ ഒരു ലേഖന പരമ്പരയും വന്നു(2002 ഓഗസ്റില്‍). ആ പരമ്പരയാണ് 20 യൂണിറ്റിനു പകരം 100 യൂണിറ്റാക്കിയാല്‍ പ്രശ്നം പരിഹൃതമാകും എന്ന ധാരണ പിന്നാക്ക സമുദായ സംഘടനകളില്‍ പ്രബലപ്പെടുത്തിയത്. (ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ 2008 മെയ് 23 ലെ വിധി വന്നപ്പോള്‍, ആ വിധിയനുസരിച്ച് നിയമനം നടത്തിയാല്‍ പ്രശ്നം ‘എന്നെന്നേക്കുമായി പരിഹൃതമാകും’ എന്നെഴുതാനും പ്രസന്നകുമാറിനു മടിയുണ്ടായില്ല.) ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത്, നരേന്ദ്രന്‍ കമീഷന്‍ പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇക്കാര്യത്തിലും ഒരു തീരുമാനമുണ്ടാക്കാന്‍ പ്രൊഫ. ബഹാവുദ്ദിന്‍ ശ്രമിച്ചെങ്കിലും തല്പരകക്ഷികളുടെയും മറ്റും ശക്തമായ എതിര്‍പ്പുമൂലം ഒന്നും നടന്നില്ല.

പിന്നീട് 2006 ലാണ് ഇതു സംബന്ധമായ മറ്റൊരു കേസ് കേരള ഹൈക്കോടതിയില്‍ വരുന്നത്. 31.12.2005 നു പ്രാബല്യ ത്തില്‍ വന്ന ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയുടെ റാങ്ക് ലിസ്റ്റിനെ ആസ്പദമാക്കി, മെയ്ന്‍ റാങ്ക് ലിസ്റ്റിലെ 1,8 ഈ റാങ്കുകാര്‍ക്കു മാത്രമേ ജനറല്‍ മെറിറ്റില്‍ നിയമനം കി ട്ടിയിട്ടുള്ളൂ എന്നും 28,50,82,111 ഈ റാങ്കുകാര്‍ക്ക് സംവരണ ടേണിലാണു നിയമനം നല്‍കിയതെന്നും തന്മൂലം സപ്ളിമെന്ററി ലിസ്റ്റിലുള്ള തങ്ങള്‍ക്കു നിയമനം ലഭിച്ചില്ലെന്നുമാണ് ഹര്‍ജിക്കാരായ ഡോ.ബീര്‍ മസ്താനും ഡോ.ഷംല പടിയത്തും വാദിച്ചത്. ആ കേസിലെ കക്ഷികള്‍ എന്നെ കാണാന്‍ വരുന്നത് ഹര്‍ജി നല്‍കിയതിനു ശേഷമാണ്. അവര്‍ക്കുവേണ്ടി റൊട്ടേഷന്‍ ചാര്‍ട്ട് ശരിയാക്കുമ്പോളാണ് ഞെട്ടിപ്പിക്കുന്ന ആ സത്യം വെളിപ്പെടുന്നത്:

ഹര്‍ജിക്കാര്‍ കരുതിയിരുന്നതുപോലെ ഒന്നാം റാങ്കുകാരന്‍ ജനറല്‍ മെറിറ്റിലല്ല   തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റാങ്ക് ലിസ്റിലെ ഏറ്റവും മെറിറ്റുള്ള ഒന്നാം റാങ്കുകാരന്‍ ഡോ.സുനില്‍ബാബുവിനെപ്പോലും സംവരണ ടേണിലാണു പി എസ് സി തിരഞ്ഞെടുത്തിരുന്നത്. ഈ വിവരം തേജസ് പത്രം ഒന്നാം പേജില്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. ആരെയും അമ്പരപ്പിക്കുന്ന,പി എസ് സിയുടെ നിയമനരീതിയുടെ അപാകത ഏതു കണ്ണുപൊട്ടനും മനസ്സിലാവുന്ന തരത്തിലുള്ള ഒരു സംഭവമാണല്ലോ ഒന്നാം റാങ്കുകാരനെ സംവരണത്തില്‍ നിയമിക്കുക എന്നത്. നഗ്നമായ ഈ അനീതി കേരള ഹൈക്കോടതിയേയും ഞെട്ടിപ്പിച്ചുവെന്നു തോന്നുന്നു. അങ്ങനെയാണ് 2007 ഏപ്രില്‍ 10 ന് ഹര്‍ജിക്കാര്‍ക്കനുകൂലമായ സിംഗിള്‍ ബഞ്ച് വിധി ജ: ടി ആര്‍ രാമചന്ദ്രന്‍ നായര്‍ പുറപ്പെടുവിക്കുന്നത്. വിധിയുടെ ഖണ്ഡിക 12ല്‍ കോടതി ഇങ്ങനെ നിരീക്ഷിക്കുന്നു:".....the question is whether rank No 1 who was advised against that temporary pass over turn could be counted against a reservation turn while he was entitled to be considered for open category turn. Going by Rule 14(c) he is the candidate who should have been advised on merit. By that process the OC turn of Rank No 1 has been lost, resulting in losing of the chance of advice for a Muslim from the supplementary list. Thus, even though as pointed out by the counsel for the Commission, going by the principle of rotation the community is entitled for restoration of the benefit but it should not be at the expense of a candidate from the same community entitled to be advised on open merit in the OC turn. Even if by giving the turn there will be restoration of the benefit to the community, going by the dictum laid down in 2006(2) KLT 375(SC) he will be deemed to have been appointed as open category candidate and not as a reserved category candidate. Hence, it is evident that the method adopted by the Commission is not in accordance with the relevant rules."

അതായത്, ഓ.സി. ടേണില്‍ നിയമനത്തിന് അര്‍ഹതയുള്ള ഒന്നാം റാങ്കുകാരനെ ടി.പി.ഓ. എന്ന സംവരണ  ടേണില്‍ തിരഞ്ഞെടുത്താല്‍ അയാളുടെ സമുദായത്തിന് ഒരു സീററ് നഷ്ടമാകുമെന്നും ടി.പി. ഓ. ടേണില്‍ അങ്ങനെ നിയമിക്കേണ്ട സാഹചര്യം വന്നാല്‍ത്തന്നെ അതൊരിക്കലും മെറിറ്റില്‍ നിയമനം ലഭിക്കേണ്ട ഉദ്യോഗാര്‍ഥിയുടെ ചെലവിലാവരുതെന്നും അങ്ങനെ നിയമിക്കപ്പെട്ട ഉദ്യോഗാര്‍ഥിയെ ഓ.സി. വിഭാഗത്തില്‍പ്പെട്ട ആളായാണു കാണേണ്ടതെന്നും അതുകൊണ്ട് പിഎസ് സി സ്വീകരിച്ചു വരുന്ന രീതി ചട്ടങ്ങള്‍ക്കനുസൃതമല്ലെന്നുമാണു  കോടതി നിരീക്ഷിച്ചത്. അങ്ങനെ, അപാകതകള്‍ പ രിഹരിച്ച് അര്‍ഹരായ മുസ്ളിം ഉദ്യോഗാര്‍ഥികളെ സപ്ളിമെന്ററി ലിസ്റ്റില്‍ നിന്നു നിയമിക്കാന്‍ നിര്‍ദേശിച്ചു കൊണ്ട് കോടതി, റിട്ട് പെറ്റീഷന്‍ അനുവദിക്കുകയാണുണ്ടായത്. എന്നാല്‍, ആ വിധി നടപ്പാക്കാന്‍ കൂട്ടാക്കാതെ, എന്‍ എസ് എസ്സിനൊപ്പം ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ പോകുകയാണു പി എസ് സി ചെയ്തത്. ഒടുവില്‍,പി എസ് സിയുടെയും എന്‍ എസ് എസ്സി ന്റെയും അപ്പീലുകള്‍ തള്ളിക്കൊണ്ട് 2008 മെയ് 23ന് ഡിവി ഷന്‍ ബഞ്ചിന്റെ വിധി വന്നു. സിംഗിള്‍ ബഞ്ചിന്റെ വിധി  ശരിവച്ച ജസ്റിസുമാരായ കെ ബാലകൃഷ്ണന്‍ നായര്‍ , പി എന്‍ രവീന്ദ്രന്‍ ഇവരടങ്ങുന്ന ബഞ്ച് പക്ഷേ,ഒരു പടികൂടി കടന്ന് നിലവിലുള്ള നിയമത്തിനു വിരുദ്ധമായ ഒരു നിയമനരീതി കൂടി മുന്നോട്ടുവച്ചു. 20ല്‍ കുറവ് ഒഴിവുള്ളപ്പോള്‍ മാത്രമേ 20ന്റെ യൂണിറ്റ് പാലിച്ചു നിയമനം നടത്തേണ്ടതുള്ളൂ എന്നും 20ല്‍ കൂടുതല്‍ ഒഴിവുള്ളപ്പോള്‍ മൊത്തം ഒഴിവുകളെ ഒറ്റ യൂണിറ്റായി എടുത്ത് 50% മെറിറ്റിലും 50% സംവരണത്തിലും നിയമനം നടത്തണം എന്നുമാണ് കോടതി നിര്‍ദേശിച്ചത്. ഈ നിര്‍ദേശം കേട്ടാണ് പത്രമാധ്യമങ്ങള്‍ വിധിയെ '50:50 നിയമനം' എന്നു വിശേഷിപ്പിച്ചത്. വാസ്തവത്തില്‍ പി എസ് സിയുടെ നിലവിലുള്ള നിയമനവും 50:50 അനുപാതത്തില്‍ തന്നെയായിരുന്നു. ആകെയുള്ള വ്യത്യാസം, എത്ര ഒഴിവുണ്ടായാലും പി എസ് സി അത് 20 പേരടങ്ങുന്ന യൂണിറ്റായെടുത്തേ സെലക്ഷന്‍ നടത്തൂ എന്നതായിരുന്നു.വിധിയുടെ ഖണ്ഡി ക 17ലൂടെ കോടതി ഇങ്ങനെ നിര്‍ദേശിച്ചുഃ "The three advises made on 1.2.2006,17.4.2006 & 17.7.2006 of 161,30 & 40 vacancies respectively shall be reopened notionally. The turns of the candidates shall be re-arranged taking the vacancies as three blocks of 161, 30, and 40 respectively and the three advice lists shall be notionally re-arranged, as provided in the third proviso to Rule 14(c). Every alternative vacancy in the three blocks of vacancies shall be firstly allotted to open competition candidates and the remaining vacancies to the communities eligible for reservation, subject to the rule that reservation in a particular year shall not exceed 50%."

ഈ വിധിയനുസരിക്കാനും പി എസ് സി തയ്യാറായില്ല. അവര്‍ സര്‍ക്കാരിനോട് അഭിപ്രായം ചോദിച്ച് പലവട്ടം കത്തെഴുതി. സംവരണ സംബന്ധമായ കാര്യത്തില്‍,വിശേഷിച്ച് പിന്നാക്ക സമുദായങ്ങള്‍ക്കു ഗുണകരവും മുന്നാക്കക്കാരെ പിണക്കുന്നതുമായ തീരുമാനമാണെടുക്കേണ്ടതെങ്കില്‍ സര്‍ക്കാ രുകള്‍ക്ക് അനങ്ങാപ്പാറ നയമായിരിക്കൂം എന്നു പറയേണ്ടതില്ലല്ലോ. ആവര്‍ത്തിച്ചുള്ള കത്തുകള്‍ വന്നിട്ടും സര്‍ക്കാര്‍ കമാന്നു മിണ്ടിയില്ല. അതിന്നിടെ എന്‍ എസ് എസ് സുപ്രീം കോടതിയില്‍, വിധിക്കെതിരെ സ്പെഷല്‍ ലീവ് പെറ്റീഷനുമായി പോയിരുന്നു. മാത്രവുമല്ല, ഡിവിഷന്‍ ബഞ്ചിന്റെ വിധി, മറ്റെല്ലാ നിയമനങ്ങള്‍ക്കും ബാധകമാക്കണമെന്നു നിര്‍ദേശിക്കുന്ന മറ്റൊരു വിധി കൂടി കേരള ഹൈക്കോടതിയില്‍ നിന്നു വരുകയും ചെയ്തു.(ഡിവിഷന്‍ ബഞ്ചിന്റെ വിധി ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയ്ക്കു മാത്രം ബാധകം എന്ന  നിലപാടായിരുന്നു പി എസ് സിയ്ക്ക്). ഒടുവില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ പിന്നാക്കക്കാര്‍ക്കു ഭൂരിപക്ഷമുള്ള പി എസ് സി യോഗം തീരുമാനിയ്ക്കുകയായിരുന്നു. അപ്പോഴേക്കും, തങ്ങളുടെ തീരുമാനം വരുന്നതിനു മുന്‍പേ അപ്പീല്‍ പോകാന്‍ തീരുമാനിച്ചതിനെ 'വിമര്‍ശിച്ചു' കൊണ്ട് സര്‍ക്കാരും രംഗത്തുവന്നു.സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ഒരു വശത്തും പി എസ് സി മറുവശത്തുമായി അ ണിനിരന്നു. കേസിന്റെ അഡ്മിഷന്‍ വേളയില്‍ ജഃ രവീന്ദ്രന്‍ ഇക്കാര്യം വിമര്‍ശന രൂപത്തില്‍ ഉന്നയിക്കുകയുണ്ടായി.

സുപ്രീം കോടതിയില്‍ എല്ലാ വിധത്തിലുള്ള തയ്യാറെടുപ്പും നടത്തിയാണ് എന്‍ എസ് എസ്സും കൂട്ടരും എത്തിയത്. അവര്‍ക്കുവേണ്ടി അഡ്വ.കെ കെ വേണുഗോപാല്‍, അരുണ്‍ ജയ്റ്റ്ലീ,ഹരീഷ് സാല്‍വേ,വിശ്വനാഥ അയ്യര്‍(പി എസ് സി ക്കുവേണ്ടി) ഈ പ്രഗല്ഭമതികളാണു ഹാജരായത്. സര്‍ക്കാര്‍ അഭിഭാഷകന്‍ പി പി റാവു മിക്കപ്പോഴും ഹാജരാവില്ല. അക്കാരണം കൊണ്ടുതന്നെ കേസ് പലവട്ടം മാറ്റിവച്ചു. നല്ലൊരു കൌണ്ടര്‍ പോലും സമര്‍പ്പിക്കാന്‍ സര്‍ക്കാരിനു സാധിച്ചില്ല. മറുവശത്താകട്ടെ, കാര്യങ്ങള്‍ ശരിയാംവണ്ണം പഠിച്ചവതരിപ്പിക്കാന്‍ ഒരു സീനിയര്‍ വക്കീലിനെപ്പോലും സംവരണ വിഭാഗങ്ങള്‍ക്കു ലഭിച്ചില്ല. അഡ്മിഷന്‍ വേളയില്‍ കേസ് കേട്ട ജഡ്ജിമാരില്‍ ജഃ പഞ്ചല്‍ മാറി പകരം ജഃമാര്‍ക്കണ്ഡേയ കട്ജു വന്നു, കേസിന്റെ വാദം കേള്‍ക്കാന്‍ . അദ്ദേഹം തന്നെയാണ് വിധി പ്രസ്താവം നടത്തിയതും. 2009 മാര്‍ച്ച് 30 നു പുറപ്പെടുവിച്ച ആ വിധി 'പ്രബുദ്ധ' കേരളത്തില്‍ ചര്‍ച്ച പോലും ആയിട്ടില്ല ഇതുവരെ. ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ലഹരിയില്‍ പിന്നാക്ക സമുദായങ്ങള്‍ പോലും ആ വിധി ശരിയാംവണ്ണം പഠിക്കാനോ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാനോ ശ്രമിച്ചതായി കാണുന്നില്ല.

പി എസ് സിയുടെ നിലവിലുള്ള 20 യൂണിറ്റ് സംപ്രദായം തുടരാന്‍ സുപ്രീം കോടതി അനുവദി ച്ചിരിക്കുന്നു എന്ന മട്ടിലാണ് ആ വിധി പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ സുപ്രീം കോടതി പറയുന്ന 20 യൂണിറ്റും പി എസ് സി പിന്‍തുടര്‍ന്നു പോരുന്ന 20 യൂണിറ്റും വ്യത്യസ്തമാണെന്ന് വിധിയുടെ ഖണ്ഡിക 18 വായിച്ചാല്‍ മനസ്സിലാകും. കാണുകഃ  "In our opinion reading Rules 14(a) and (b) along with Rule 14(d) of the Rules, the correct interpretation of the Rules is that a common rank list as per merit for all the successful candidates in respect of selection to the vacancies notified by the Public Service Commission should be prepared, and reservation should be applied with reference to units of 20. That is, the first 20 most meritorious candidates, that is, from Serial No 1 to 20 in that common rank list should first be considered for the purpose of reservation. At that stage, candidates from Serial No 21 and below is not to be considered."  ഇതെങ്ങനെ പി എസ് സി യുടെ നിലവിലെ രീതിയാകും? റാങ്ക് ലിസ്റിലെ ആദ്യത്തെ പത്തു പേരെ സാമുദായിക പരിഗണനയൊന്നും കൂടാതെ 1,3,5,7,9,11,13,15,17,19 ഈ ഓ.സി. ടേണിലേക്കു തിരഞ്ഞെടുക്കണമെന്നാണ് കെ എസ് & എസ് എസ് ആറൂം പി എസ് സി മാനുവലും പറയുന്നത്. തുടര്‍ന്ന് 2,4,6,8,10,12,14,16,18,20 ഈ റിസര്‍വേഷന്‍ ടേണിലേക്ക് 10നു ശേഷം വരുന്ന അതത് സമുദായ ഉദ്യോഗാര്‍ഥികളെ ക്രമത്തില്‍ തിരഞ്ഞെടുക്കാം. അക്കാര്യത്തില്‍ ‘21നു ശേഷമുള്ളവരെ പരിഗണിക്കരുതെന്ന്’ ഒരിടത്തും പറയുന്നില്ല. എന്നാല്‍ സുപ്രീം കോടതി പറയുന്നത് ' ആദ്യത്തെ ഏറ്റവും യോഗ്യരായ 20 ഉദ്യോഗാര്‍ഥികളെ' സംവരണത്തിനായി(?) പരിഗണിക്കണമെന്നാണ്. സീരിയല്‍ നം. 21നു ശേഷം വരുന്ന ഉദ്യോഗാര്‍ഥിയെ സംവരണത്തിനായി പരിഗണിക്കാന്‍ പാടില്ലത്രേ! ഇത്രയ്ക്ക് ആശയക്കുഴപ്പം നിറഞ്ഞ ഒരു പരാമര്‍ശത്തെക്കുറിച്ച് യാതൊരു ക്ളാരിഫിക്കേഷനും തേടാതെ തങ്ങളുടെ പഴയ സമ്പ്രദായം തുടരാനുള്ള ക്ളീന്‍ ചിറ്റാണ് സുപ്രീം കോടതി തന്നിരിക്കുന്നത് എന്ന മട്ടില്‍ അഡ്വൈസുകള്‍ പുനരാരംഭിച്ചിരിക്കയാണ് പി എസ് സി. അല്ലെങ്കില്‍ പി എസ് സിയെ എന്തിനു കുറ്റം പറയുന്നു? ഒറ്റ പിന്നാക്ക സമുദായ സംഘടനപോലും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു കണ്ടിട്ടില്ല.

ഇനി വിധിയുടെ ഖണ്ഡിക 30 നോക്കുകഃ  "In our opinion, Rule 14(b) merely says that the members of OBC and SC/ST shall be considered for appointment in the Open Competition category, if found meritorious, and such appointment shall not affect the number of seats reserved for the OBCs and SC/ST. In our opinion, Rule 14(b) ought to be read consistently with Rule 14(a) to the extent that where an OBC or SC/ST candidate is so placed in the merit list that he would be advised against the Open Competition category, i.e, between 1,3,5,7,9,11, 13, 15, 17,19 the seats in the reserved category, i.e. between 2,4,6,8,10,12, 14,16,18,20 shall not reduce to that extent. The members of OBC and SC/ST would still be entitled to 40% and 10% reservations respectively."   വാസ്തവത്തില്‍ ഈ ഖണ്ഡികയും അതിനു മുന്‍പും പിന്‍പും വിധിന്യായത്തില്‍ എഴുതിച്ചേര്‍ത്തിട്ടുള്ള മിക്ക ഖണ്ഡികകളും എന്‍ എസ് എസ്സിന്റെ ഹര്‍ജിയില്‍ നിന്ന് അങ്ങനെതന്നെ പകര്‍ത്തിയിരിക്കുകയാണ്. അതിന്നര്‍ഥം എന്‍ എസ് എസ്സിന്റെ വാദ ങ്ങള്‍ കോടതി അങ്ങനെതന്നെ ശരിവച്ചിരിക്കുന്നുവെന്നാണല്ലോ.ആ ശരിവയ്ക്കല്‍ പക്ഷേ പിന്നാക്ക സമുദായങ്ങളെ സംബന്ധിച്ച് അങ്ങേയറ്റം അപകടകരമാണ്. കാരണം, സംവരണ സമുദായങ്ങളെയും മെറിറ്റ് നിയമനത്തിനായി പരിഗണിക്കണമെന്ന് റൂള്‍ 14(ബി) 'വെറുതെ' പറയുന്നേയുള്ളൂ എന്നു പറഞ്ഞാല്‍ ആ നിയമത്തിനു പിന്നെ എന്തു വിലയാണുള്ളത്? അതുപോലെതന്നെ സംവരണ സമുദായ ഉദ്യോഗാര്‍ഥികളെ 'മെറിറ്റോറിയസ്' ആയി കണ്ടാല്‍ ഓപ്പണ്‍ കോംപറ്റീഷനില്‍ തിരഞ്ഞെടൂക്കാം എന്ന പരാമര്‍ശവും ആശങ്കാജനകമാണ്. മെയ്ന്‍ റാങ്ക് ലിസ്റില്‍ വരുന്ന എല്ലാ ഉദ്യോഗാര്‍ഥികളും 'മെറിറ്റോറിയസാ'ണെന്നിരിക്കേ സംവരണ സമുദായക്കാരു ടെ കാര്യം മാത്രം പ്രത്യേകം എടൂത്തു പറയുന്നതില്‍ അസാംഗത്യമുണ്ട്. മെയ്ന്‍ റാങ്ക് ലിസ്റില്‍ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടൂത്തുന്നത് തികച്ചും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. അവിടെ ഒരു സമുദായ പരിഗണനയും ഇല്ല. അതുകൊണ്ട് അവരെല്ലാവരും 'മെറിറ്റോറിയസ്' ആണ്. ഈ കേസിന്റെ കാര്യം തന്നെ നോക്കുക. റാങ്ക് ലിസ്റിലെ ഏറ്റവും 'മെറിറ്റോറിയസ്' ആയ ഉദ്യോഗാര്‍ഥി ഒന്നാം റാങ്കുകാരനല്ലേ? അയാളെ ഏതു ടേണിലാണു തിരഞ്ഞെടുത്തത്?  ഒന്നാം റാങ്കുകാരനെ വരെ സംവരണ ടേണില്‍ തിരഞ്ഞെടുത്ത ഒരു നിയമനരീതിയില്‍ ഒരാപകതയും സുപ്രീം കോടതിയ്ക്കു തോന്നിയില്ല എന്നത് സത്യത്തില്‍  പിന്നാക്ക വിഭാഗങ്ങളുടെ ദൌര്‍ഭാഗ്യമെന്നല്ലാതെ മറ്റെന്താണ്? കേരള ഹൈക്കോടതിയു ടെ സിംഗിള്‍ ബഞ്ചിനും ഡിവിഷന്‍ ബഞ്ചിനും ബോധ്യപ്പെട്ട ആ അപാകത സുപ്രീം കോടതിയ്ക്കു ബോധ്യമായില്ല. അഥവാ സുപ്രീം കോടതിയെ അതു ബോധ്യപ്പെടൂത്താന്‍ സംവരണ സമുദായങ്ങള്‍ ക്കായില്ല. അതുകൊണ്ടാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞതു പോലെ നിയമവും നീതിയും ലോജിക്കും എല്ലാമുണ്ടായിട്ടും സംവരണ സമുദായങ്ങള്‍ക്കു ജയിക്കാന്‍ കഴിയാഞ്ഞത്. എന്നിരുന്നാലും വിധിയുടെ ഖണ്ഡിക 21 ചെറിയ ഒരു പ്രത്യാശ  നല്‍കുന്നുണ്ട്:"Rule 14 (b) of the Rules only means that in these batches of 20 selected candidates the SC/ST or OBC candidate who is so meritorious that the qualified even in the open merit then he will be given an open merit seat and he will not take away any of the reserved seats"  മെറിറ്റില്‍ തിരഞ്ഞെടുക്കപ്പെടേണ്ട പട്ടിക ജാതി/പട്ടിക വര്‍ഗ/മറ്റു പിന്നാക്ക വര്‍ഗ ഉദ്യോഗാര്‍ഥികള്‍ സംവരണ സീറ്റുകള്‍ കവരുന്ന സാഹചര്യം  വരരുതെന്ന നിരീക്ഷണം കൂരിരുട്ടിലെ മിന്നാമിനുങ്ങു വെട്ടം മാത്ര മാണെങ്കിലും സംവരണ സമുദായങ്ങളെ സംബന്ധിച്ച് മാര്‍ഗം പൂര്‍ണമായും അടഞ്ഞിട്ടില്ല എന്നതിന്റെ സൂചനയായും എടുക്കാവുന്നതാണ്. ആ വഴിയില്‍ എത്രത്തോളം എങ്ങനെയെല്ലാം സഞ്ചരിക്കാമെന്നാണ് അവരിനി ആലോചിക്കേണ്ടത്.

നിയമനത്തിന്റെ യൂണിറ്റ് 20 ആയിരിക്കണമെന്ന് റൂള്‍ 14 (എ) പറയുന്നത് എങ്ങനെയാണോ അതുപോലെ തന്നെയാണ് സംവരണ സമുദായങ്ങളെയും മെറിറ്റ് നിയമനത്തിനായി പരിഗണിക്കണമെന്ന് 14(ബി) അനുശാസിക്കുന്നത്. അതു ‘വെറും’ വാക്കായി മാറാന്‍ സംവരണ സമുദായങ്ങള്‍ അനുവദിക്കാന്‍ പാടില്ല. 20 യൂണിറ്റ് സമ്പ്രദായം അനുസരിച്ചു തന്നെ പിന്നാക്ക/പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗങ്ങളുടെ മെറിറ്റവകാശം സംരക്ഷിക്കാന്‍ സാധിക്കുമെന്ന് ഈ വിഷയം പുറത്തു കൊണ്ടു വന്ന 1999ല്‍ത്തന്നെ ഇതെഴുതുന്നയാള്‍ പറയുന്നതാണ്. എന്നാല്‍ 20ന്റെ യൂണിറ്റ് മാറ്റി 100ന്റെ യൂണിറ്റാക്കാനും ഹൈക്കോടതി വിധി വന്നതിനു ശേഷം, ഒഴിവുകള്‍ മൊത്തം ഒറ്റ യൂണിറ്റാക്കാനുമാണ് ഇവിടത്തെ പിന്നാക്ക സമുദായ  സംഘടനകള്‍ കോപ്പു കൂട്ടിയത്. 20 യൂണിറ്റില്‍ 20 ന്റെ ആദ്യത്തെ യൂണിറ്റിനു ശേഷം സംഭവിക്കുന്ന മെറിറ്റ് അട്ടിമറി, 100 യൂണിറ്റില്‍ 100ന്റെ ആദ്യ യൂണിറ്റിനു ശേഷവും ഒറ്റ യൂണി റ്റില്‍ ആ യൂണിറ്റ് എത്രയാണോ അതു കഴിഞ്ഞും സംഭവിക്കുമെന്നു കാണാനുള്ള വിവരമോ തിരിച്ചറിവോ ഇപ്പോഴും പിന്നാക്ക വിഭാഗങ്ങള്‍ക്കുണ്ടായിട്ടില്ല. ശാസ്ത്രീയവും ലോജിക്കലുമായ പരിഹാരം കഴിഞ്ഞ പത്തു വര്‍ഷമായി പ്രചരിപ്പിക്കുന്ന ആളെയും അവര്‍ തിരിച്ചറിയുന്നില്ല.

എന്റെ നോട്ടത്തില്‍ ഇത്രകാലമായിട്ടൂം ഈ കേസ് പിന്നാക്ക സമുദായങ്ങള്‍ക്ക് ജയിക്കാന്‍ സാധിക്കാതിരുന്നത് താഴെ പറയുന്ന കാരണങ്ങളാലാണ്:

1. മുഖ്യധാരാ മാധ്യമങ്ങളില്‍ ഈ വിഷയം നാളിതുവരെ ചര്‍ച്ചയായിട്ടില്ല. കേരള കൌമുദി പോലും ഇക്കാര്യത്തില്‍ 2001 ലും 2002 ലും നല്‍കിയ റിപ്പോര്‍ട്ടിനു ശേഷം കാര്യമായ ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ല.അവരുടെ എഡിറ്റ് പേജില്‍ ഇതു സംബന്ധമായ ഒറ്റ ലേഖനവും ഇന്നു വരെ ഞാന്‍ കണ്ടിട്ടില്ല.

2. മുസ്ളിങ്ങളുടെ പത്രവും മുസ്ളിം ഉദ്യോഗാര്‍ഥികളുമാണ് ഇവ്വിഷയകമായി യഥാക്രമം ലേഖനങ്ങള്‍ നല്‍കിയതും കേസുകള്‍ നടത്താന്‍ മുന്‍കൈ എടുത്തതും. മുസ്ളിം വിരുദ്ധത, അവര്‍ണരുള്‍പ്പെടെയുള്ള ഹിന്ദുക്കളില്‍ (ക്രിസ്ത്യാനികളില്‍പ്പോലും) ശക്തമായതിനാല്‍ മുസ്ളിങ്ങളുടെ കാര്യത്തില്‍ ഇട പെടേണ്ട എന്ന് മറ്റുള്ള പിന്നാക്ക സമുദായങ്ങള്‍ തീരുമാനിച്ചു.

3. ഈ മെറിറ്റ് അട്ടിമറിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടമൂണ്ടാവുന്നത് ഈഴവ/തിയ്യ സമുദായത്തിനാണെങ്കിലും സംവരണ സംബന്ധമായ വിഷയങ്ങളില്‍ ആ സമുദായവും അവരുടെ നേതൃത്വവും കഴിഞ്ഞ കുറേക്കാലമായി തീര്‍ത്തും നിശ്ശബ്ദരും നിരക്ഷരരുമാണ് എന്നതാണു യാഥാര്‍ഥ്യം. ഒപ്പം മുസ്ളിം വിരോധവും കൂടി ചേര്‍ന്നപ്പോള്‍ തികഞ്ഞു.

4. ഒരു കോടതിയ്ക്കും പി എസ് സിയുടെ സങ്കീര്‍ണമായ നിയമന രീതിയും സംവരണ സമുദായങ്ങളൂടെ മെറിറ്റ് എങ്ങനെയാണ് അട്ടിമറിക്കപ്പെടുന്നതെന്നും പൂര്‍ണാര്‍ഥത്തില്‍ മനസ്സിലായിട്ടുണ്ടെന്ന് ഈ ലേഖകനു തോന്നിയിട്ടില്ല. അഥവാ കോടതികളെ അതു മനസ്സിലാക്കിക്കൊടുക്കാന്‍ ഒരു വക്കീലിനും ആയിട്ടില്ല.

5. സ്വന്തമായി ഒരു റാങ്ക് ലിസ്റു വച്ച് റൊട്ടേഷന്‍ ചാര്‍ട്ടനുസരിച്ച് സെലക്ഷന്‍ നടത്തി നോക്കാന്‍ സമയവും താല്പര്യവും ഉള്ള ഒരാള്‍ക്കേ ഈ വിഷയം പഠിക്കാന്‍ പറ്റൂ.കേരളത്തിലെ വക്കീലന്മാര്‍ക്ക് അതിനു സമയമില്ല. അപ്പോള്‍പ്പിന്നെ, അര മണിക്കൂറിനപ്പുറം കേസ് കേള്‍ക്കാന്‍ സമയമില്ലാത്ത സുപ്രീം കോടതിയിലെ സീനിയര്‍ വക്കീലന്മാരെ സങ്കീര്‍ണമായ ഈ വിഷയം എങ്ങനെ പഠിപ്പിക്കാനാവും?മണിക്കൂറിനു ലക്ഷങ്ങള്‍ വിലയുള്ള അവരെ അതില്‍ക്കൂടുതല്‍ സമയം എങ്ങനെ കിട്ടാനാണ്? സുപ്രീം കോടതിയില്‍ കേസ് തോല്‍ക്കാന്‍ അതും ഒരു കാരണമായി.

6. നീണ്ട പത്തു വര്‍ഷത്തിനു ശേഷമാണ് ഈ വിഷയം ശരിക്കും മനസ്സിലാക്കിയ ഒരു വക്കീലിനെ കിട്ടുന്നത്. എന്നാല്‍ അദ്ദേഹത്തിനെക്കൊണ്ട് സുപ്രീം കോടതിയിലെ സീനിയര്‍ വക്കീലന്മാര്‍ക്ക് കേസ് ബ്രീഫ് ചെയ്യാന്‍ പോലും സുപ്രീം കോടതിയില്‍ പ്രാക്റ്റിസ് ചെയ്യുന്ന പിന്നാക്ക സമുദായങ്ങളുടെ തന്നെ ചില ആശാന്മാര്‍('ഈഗോ' മൂലമോ മറ്റോ ആയിരിക്കണം) സമ്മതിച്ചില്ല.

7. ഹൈക്കോടതിയില്‍ കേസ് നടക്കുമ്പോള്‍ ഒരു പിന്നാക്ക സമുദായവും ഇങ്ങനെയൊരു സംഗതിയെപ്പറ്റി അറിഞ്ഞതു പോലുമില്ല. അതുകൊണ്ട് അവരാരും അവിടെ കക്ഷിചേര്‍ന്നുമില്ല. തന്മൂലം അവരെയാരെയും സുപ്രീം കോടതിയില്‍ കക്ഷി ചേരാന്‍ അനുവദിച്ചില്ല. എന്നാല്‍ ഹൈക്കോടതി മുതല്‍ എന്‍ എസ് എസ് കക്ഷി ചേര്‍ന്നു വാദിച്ചിരുന്നു.

ചുരുക്കത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ ലേഖകനും ചില സംവരണസമുദായ ഉദ്യോഗാര്‍ഥികളൂം ഏതാനും പിന്നാക്ക സമുദായ സംഘടനകളും ചേര്‍ന്നു നടത്തിയ പോരാട്ടം അവസാനം വിജയം കാണാതെ, എന്തു ചെയ്യണമെന്നറിയാതെ സുപ്രീം കോടതി വിധിയില്‍ത്തട്ടി നില്‍ക്കുകയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ ഒരേയൊരു ആശ്വാസം മാത്രമേയുള്ളൂഃ ഞാന്‍ പറയുന്നതാണു ശരിയെന്നും അതല്ലാതെ മറ്റൊരു  പോംവഴിയും ഇതിനില്ലെന്നും    മനസ്സിലാക്കുകയും, എന്നേക്കാള്‍ നന്നായി ലീഗല്‍ ടേംസില്‍ ഇക്കാര്യം ആര്‍ക്കും വിശദീകരിച്ചു കൊടുക്കാനും പറ്റിയ ഒരു വക്കീലിനെ കിട്ടി. പക്ഷേ അപ്പോഴേക്കും പന്ത് പിന്നാക്കക്കാരുടെ കോര്‍ട്ടില്‍ നിന്ന് പോയിക്കഴിഞ്ഞിരിക്കുന്നു എന്നു മാത്രം. ആ പന്ത് കോര്‍ട്ടിന്റെ മധ്യത്തിലേക്കു കൊണ്ടുവരാന്‍ കെല്‍‌പ്പുള്ള ഏതെങ്കിലും നേതാവ് കേരളത്തിലെ പിന്നാക്ക സമുദായങ്ങള്‍ക്കുണ്ടോ? സംശയമാണ്.[കോടതി വിധികളുടെ ഉദ്ധരണിയിലെ ഊന്നലുകളെല്ലാം കൂട്ടിച്ചേര്‍ത്തതാണ്]

(ഈ ലേഖനം ഓഗസ്റ്റ് ലക്കം ‘പച്ചക്കുതിര’ മാസികയില്‍ അച്ചടിച്ചുവന്നിട്ടുണ്ട്)

11 comments:

  1. സുദേഷ് എം ആർAugust 25, 2009 at 8:07 AM

    പി എസ് സിയുടെ നിലവിലുള്ള 20 യൂണിറ്റ് സംപ്രദായം തുടരാന്‍ സുപ്രീം കോടതി അനുവദി ച്ചിരിക്കുന്നു എന്ന മട്ടിലാണ് ആ വിധി പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. എന്നാൽ സുപ്രീം കോടതി പറയുന്ന 20 യൂണിറ്റും പി എസ് സി പിന്‍തുടര്‍ന്നു പോരുന്ന 20 യൂണിറ്റും വ്യത്യസ്തമാണെന്ന് വിധിയുടെ ഖണ്ഡിക 18 വായിച്ചാൽ മനസ്സിലാകും. കാണുകഃ ”In our opinion reading Rules 14(a) and (b) along with Rule 14(d) of the Rules, the correct interpretation of the Rules is that a common rank list as per merit for all the successful candidates in respect of selection to the vacancies notified by the Public Service Commission should be prepared, and reservation should be applied with reference to units of 20. That is, the first 20 most meritorious candidates, that is, from Serial No 1 to 20 in that common rank list should first be considered for the purpose of reservation. At that stage, candidates from Serial No 21 and below is not to be considered.” (ഊന്നൽ കൂട്ടിച്ചേര്‍ത്തത്) ഇതെങ്ങനെ പി എസ് സി യുടെ നിലവിലെ രീതിയാകും?

    ReplyDelete
  2. Excellent article Sudesh..hope u write more on the same issue..

    ReplyDelete
  3. സുദേഷ് എം ആർSeptember 6, 2009 at 6:46 AM

    Thank You Sinosh.

    ReplyDelete
  4. One of the best couragious attitude personality keep up the intelligent

    ReplyDelete
  5. അവര്‍ണ്ണ-മുസ്ലീം ജനങ്ങള്‍ക്കുവേണ്ടി ഇത്രയും ആത്മാര്‍ത്ഥമായി കഷ്ടപ്പെട്ട സുദേഷിനോട് നന്ദി പറയേണ്ടിയിരിക്കുന്നു.ഇത് വായിച്ചിടത്തോളം കോടതിയില്‍ മാത്രം പരിഹരിക്കേണ്ട വിഷയമല്ലിത്. രാഷ്ട്രീയമായിത്തന്നെ കേരളത്തിലെ നായര്‍ ജാതീയതയുടെ മുഖം മൂടി വലിച്ചുകീറേണ്ടിയിരിക്കുന്നു.കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ജാതി തിരിച്ചുള്ള കണക്കെടുപ്പിലൂടെ നായര്‍ ജാതി ഉപജാപത്തെ തുറന്നു കാട്ടേണ്ടിയിരിക്കുന്നു. എല്ലാ മീഡിയയും സവര്‍ണ സാംസ്ക്കാരികതയുടേയും സവര്‍ണ്ണ രാഷ്ട്രീയത്തിന്റേയും കുഴലൂത്തുകാരും,അവര്‍ണ്ണര്‍ അതിന്റെ അന്ധമായ ആസ്വാദകരുമായതിനാല്‍ വലിയൊരു സ്വാതന്ത്ര്യ സമരം തന്നെ അതിനായി വേണ്ടിവരും. അഹിംസാത്മകമായ ആ ധര്‍മ്മ സമരത്തിന്റെ ആവശ്യകതയെക്കുറിച്ച് മുസ്ലീങ്ങള്‍ക്കെങ്കിലും ബോധ്യമായാല്‍ നമ്മുടെ സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്ക് നായര്‍ മാടമ്പിത്വത്തില്‍ നിന്നും മോചനം ലഭിക്കാനിടയുണ്ട്.അതിനായി ചില യോഗങ്ങള്‍ ആദ്യമായി സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയമായി നായര്‍ ജാതിയതക്കും സ്വജന പക്ഷപാതത്തിനുമെതിരെ ഒരു ധര്‍മ്മ സമരം ഉടന്‍ നടക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  6. നന്ദി പ്രിയ ചിത്രകാരാ.
    ഈ പ്രശ്നം കോടതിയിലൂടെ മാത്രമല്ല, സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും പരിഹരിക്കാന്‍ ശ്രമിച്ചിരുന്നതാണ്. മുസ്ലിം സംഘടനകള്‍ കുറച്ച് ശ്രമിച്ചിരുന്നു. കുറ്റകരമായ അനാസ്ഥ എസ് എന്‍ ഡി പി യോഗത്തിന്റെ ഭാഗത്തു നിന്നായിരുന്നു. അവര്‍ മാത്രം വിചാരിച്ചിരുന്നെങ്കില്‍ ചില മാറ്റങ്ങളുണ്ടാവുമായിരുന്നു. അതിനും ഈയുള്ളവന്‍ ശ്രമിച്ചിരുന്നു. അവര്‍ക്കു പക്ഷേ ഇതിലൊന്നുമല്ല താത്പര്യം.

    ReplyDelete
  7. സുദേഷ്,

    ശങ്കരേട്ടന്റെ പൊസ്റ്റില്‍ ഇട്ട കമന്റില്‍ കൂടെയാണ്‌ ഇവിടെ എത്തിയത്. മെയിലായി കമന്റ് കിട്ടിയെങ്കിലും പോസ്റ്റില്‍ കാണുന്നില്ല, സ്പാമിലാകാം.

    അതുകൊണ്ട് തല്‍കാലം ഇവിടെ അഭിപ്രായം അറിയിക്കട്ടെ.

    ൨൦ പേരുടെ യൂണിറ്റിന്റെ അപാകത മനസ്സിലാക്കാത്തവനല്ല ഞാന്‍. അതിന്റെക്കുറിച്ച് വ്യക്തമായ അഭിപ്രായമുണ്ട്. ഇരുപതില്‍ ആദ്യത്തെ പത്തുപേര്‍ ജനറല്‍ മെറിറ്റില്‍ കയറുമ്പോള്‍ പതിനൊന്നാം നമ്പറുകാരനായ ഈഴവന്‍/തീയന്‍ കയറുന്നത് സം വരണ ക്വാട്ടയില്‍. എന്നാല്‍ ഈ ഇറ്റുപതിനുശേഷം അടുത്ത യൂണിറ്റില്‍ ഒരു പക്ഷേ പതിനെട്ടാം നമ്പറുകാരനായ സം വരണമില്ലാത്തയാള്‍ ജനറല്‍ മെറിറ്റില്‍ കയറും. ഇത് അനീതി തന്നെയാണ്‌.

    എന്നാല്‍ ഞാന്‍ ഈ പ്രശ്നമല്ല പങ്കുവെച്ചത്. നിലവിലുള്ള ഇരുപതിന്റെ യൂണിറ്റ് വെച്ച് പരിശോധിച്ചാല്‍ ക്രീമിലെയറുകാരന്‍ ജനറല്‍ മെറിറ്റില്‍ കയറുന്നതിന്റെ ഗുണം സം വരണ സമുദായത്തിനുതന്നെയാണെന്നാണ്‌ ഞാന്‍ പറഞ്ഞത്. ഈ കാര്യത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തിത്തരിക. തീര്‍ച്ചയായും അഭിപ്രയം തിരുത്തിയിരിക്കും.

    ReplyDelete
  8. ഈ പോസ്റ്റു ഞാന്‍ പണ്ടൂ കണ്ടിരുന്നതാണ്.
    സുദേഷ്
    ‘’മുസ്ളിം വിരുദ്ധത, അവര്‍ണരുള്‍പ്പെടെയുള്ള ഹിന്ദുക്കളില്‍ (ക്രിസ്ത്യാനികളില്‍പ്പോലും‘’

    ഇതു കുറച്ചു കൂടിവ്യക്തമാക്കാമോ. അതായത് ഇതിന് എന്തെങ്കിലും കാരണമുണ്ടോ അതോ കേവലം വര്‍ഗ വൈരാഗ്യമാണോ? ഞാന്‍ ചോദിക്കുന്നതെന്തെന്നു വച്ചാല്‍, ഇപ്പോഴത്തെ മന്ത്രിസ്ഥാന-മത പങ്കു വയ്ക്കലില്‍ മുസ്ലൂം പാര്‍ട്ടികള്‍ക്കു 17 മന്ത്രിമാര്‍ എന്ന് എവിടെയോ വായിച്ചു. മുസ്ലീങ്ങള്‍ മൈനോരിട്ടിയാനെന്നു പറയുന്നു, കേരളത്തിലെ 80%ത്തിലധികം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മൈനോരിട്ടി സ്ഥാപനങ്ങളാണ് (മുസ്ലീംങ്ങള്‍ക്കു മാത്രമല്ല്). അവര്‍ പിന്നോക്കവുമാണ്. മുസ്ലീംങ്ങള്‍ ഏതു കാരണത്താലാണോ പിന്നോക്കമാണ് എന്നു പറയുന്നത് അതിനെ ഞാന്‍ എതിര്‍ക്കുകയല്ല. പക്ഷെ ആ കാരണങ്ങളാലല്ല അവര്‍ണര്‍ പിന്നോക്കമാകുന്നത്. ഒരു പക്ഷെ അതായിര്‍ക്കാമോ അവര്‍ തമ്മിലുള്ള അകല്‍ച്ചക്കു കാരണം,

    ReplyDelete
  9. സുശീല്‍ പറഞ്ഞത് ശരിയാണ്. നിലവിലെ നടപടിക്രമം മൂലം ക്രീമിലേയറുകാരനു മാത്രമേ ജനറല്‍ മെറിറ്റില്‍ കയറാനാകൂ. മറ്റുള്ളവര്‍ സംവരണ സീറ്റിലൊതുക്കപ്പെടും. സംവരണ സമുദായക്കാരെയും മെറിറ്റില്‍ പരിഗണിക്കണമെന്നാണു നിയമം. അതിലെ ക്രീമിലേയറുകാരനെ മാത്രമല്ല. അതു ലംഘിക്കപ്പെടുന്നു. അതായത് സംവരണ സമുദായക്കാര്‍ ജാതി രേഖപ്പെടുത്തിയാല്‍ അയാളെ സംവരണത്തില്‍ മാത്രം ഒതുക്കുകയാണെന്നര്‍ത്ഥം.

    ReplyDelete
  10. @MKERALAM,
    മുസ്ലിങ്ങള്‍ക്ക് 17 മന്ത്രിമാരോ? എവിടെ വായിച്ചു? മുസ്ലിം ലീഗില്‍ നിന്ന് നാല്(മഞ്ഞളാംകുഴി അലിയെ ഉള്‍പ്പെടുത്തിയാല്‍ അഞ്ച്) , കോണ്‍ഗ്രസില്‍ നിന്ന് ഒന്ന്(ആര്യാടന്‍) ഇങ്ങനെ അഞ്ചു്(അല്ലെങ്കില്‍ ആറ്) മന്ത്രിമാരേ ഇതുവരെ പറഞ്ഞുകേട്ടുള്ളൂ. അതിനപ്പുറം പോകാനുള്ള ഒരു ചാന്‍സുമില്ല. ജനസംഖ്യാനുപാതികമായി(അവരുടെ ജനസംഖ്യ 26%) അവര്‍ക്ക് ഏതാണ്ട് അത്രയും കിട്ടാന്‍ അര്‍ഹതയുമുണ്ട്.
    പിന്നെ മുസ്ലിംകള്‍ പിന്നോക്കമായതിന്റെയും ഹിന്ദു അവര്‍ണര്‍ പിന്നോക്കമായതിന്റെയും കാരണങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും അത് തികച്ചും സാമൂഹികമാണ്, മതപരമല്ല. (മതവും ചെറിയ തോതില്‍ പങ്കു വഹിച്ചിട്ടുണ്ടാകാം). മുസ്ലിങ്ങള്‍ക്കെതിരെ ആഗോളവ്യാപകമായ പ്രൊപ്പഗണ്ട വാര്‍ തന്നെയാണു നടക്കുന്നത്. ഇന്ത്യയിലും സവര്‍ണമേധാവിത്വ ശക്തികളാല്‍ അതു നടക്കുന്നുണ്ട്. അതിന്റെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കാനുള്ള സോഴ്സുകളൊന്നും അവര്‍ണരുടെ പക്കലില്ല. അതുകൊണ്ട് അവര്‍ കരുതുന്നത് മുസ്ലിങ്ങളും ക്രിസ്ത്യാനികളും മൂലമാണ് തങ്ങളുടെ അവസരങ്ങള്‍ നഷ്ടമാകുന്നതെന്നാണ്. ബ്രിട്ടീഷുകാര്‍ തന്നെ ഭിന്നിപ്പിച്ചു ഭരിക്കലിലൂടെ ഹിന്ദു-മുസ്ലിം വൈരുധ്യം ആളിക്കത്തിക്കാന്‍ ശ്രമിച്ചിരുന്നു. തൊണ്ണൂറുകള്‍ക്കു ശേഷം ഹിന്ദുത്വാശയങ്ങള്‍ക്കു കൂടുതല്‍ വേരോട്ടമുണ്ടായതോടെയാണ് അകല്‍ച്ച കൂടുതലായത്. നമ്മുടെ നാട്ടില്‍ ഒരു അമ്പത് വയസ്സായ പല അവര്‍ണരുടെയും പേരുകള്‍ മുസ്ലിം പേരുകളാണ്, ജമീല, സലിം, ഷാജി എന്നിങ്ങനെ. അതായത് അരനൂറ്റാണ്ടു മുന്‍പു വരെ മുസ്ലിങ്ങളുമായി ഭേദപ്പെട്ട സൌഹൃദം അവര്‍ണര്‍ക്കുണ്ടായിരുന്നു എന്നര്‍ത്ഥം. എന്നാല്‍ ഇന്ന് ഒരൊറ്റ ഹിന്ദുവിനും അത്തരം പേരിടില്ല. മറിച്ച് വിഷ്ണു എന്ന ഹിന്ദു ദൈവത്തിന്റെ പേര് വളരെ വ്യാപകമാണ് അവര്‍ണരുടെ ഇടയില്‍പ്പോലും. വളരെ വിശദമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എനിക്ക് അത്ര വലിയ ധാരണയൊന്നും ഈ വിഷയത്തിലില്ല. സാമാന്യമായി വായിച്ചും കേട്ടും കണ്ടും മനസ്സിലാക്കിയ വിവരങ്ങളാണ് ഇവിടെ പങ്കുവച്ചത്.

    ReplyDelete
  11. സുദേഷ്,

    എന്റെ കണക്ക് തെറ്റാണെങ്കില്‍ ക്ഷ്മിക്കുക. അന്വേഷിക്കട്ടെ അതിനേക്കുറിച്ച്.

    അക്കാദമിക്ക് ആര്‍ഗുമെന്റിനേക്കാള്‍ മുന്നില്‍ കാണുന്ന സത്യത്തെയല്ലേ വിശ്വസിക്കേണ്ടത്.

    സുദേഷ് തന്നെയല്ലേ എഴുതിയത്,‘ചുരുക്കത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ ലേഖകനും ചില സംവരണസമുദായ ഉദ്യോഗാര്‍ഥികളൂം ഏതാനും പിന്നാക്ക സമുദായ സംഘടനകളും ചേര്‍ന്നു നടത്തിയ പോരാട്ടം അവസാനം വിജയം കാണാതെ, എന്തു ചെയ്യണമെന്നറിയാതെ സുപ്രീം കോടതി വിധിയില്‍ത്തട്ടി നില്‍ക്കുകയാണ്.‘ എന്ന്.

    ഒരു കാര്യം അത്രക്കു പരാജയപ്പെടുമ്പോള്‍ എന്തുകോണ്ടതു പരാജയപ്പെട്ടു എന്നതിലേക്ക് ഒരന്വേഷണം നടത്തേണ്ടേ?

    അങ്ങനെയൊന്നു നടന്നതായി കാണുന്നില്ല. അതാണ് അതിന്റെ കാരണമായി എനിക്കു തോന്നിയതു ഞാന്‍ പറഞ്ഞത്.

    ReplyDelete