Friday, October 8, 2010

പഠനം പാല്‍പ്പായസമാകാത്തതെന്തേ?


                    "...............അധ്യാപകന്‍ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ കുട്ടി കാണാപ്പാഠം പഠിക്കുകയും അതേപടി പകര്‍ത്തിയെഴുതി പരീക്ഷ ജയിക്കുന്നതുമാണ് കാലങ്ങളായി തുടര്‍ന്നു വരുന്ന രീതി. എന്നാല്‍ ഇതില്‍നിന്നും തികച്ചും വിഭിന്നമാണ് ആധുനിക രീതി. കുട്ടി അറിയാനും ചെയ്യാനും സഹകരിച്ചു ജീവിക്കാനും പഠിക്കുന്നു. ജീവിതത്തിലെ ഓരോ പ്രശ്നങ്ങളെയും ധീരതയോടെ നേരിടാന്‍ പഠിക്കുന്നു. ഈയൊരു ആശയാടിത്തറയിലാണ് പുതിയ പാഠ്യപദ്ധതി പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇതനുസരിച്ച് വിദ്യാര്‍ത്ഥി അറിവ് നിര്‍മ്മിക്കുകയാണ്, അല്ലാതെ ഓര്‍മയില്‍ വെക്കുകയല്ല. ഈ അറിവ് സൃഷ്ടിക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് അധ്യാപകന്റെ ചുമതല." എസ്. സി .ഇ .ആര്‍ .ടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഇ . എസ് .രമേശനാണ് 2006 ജൂലായ് ലക്കം ലേബര്‍ ഇന്ത്യ മാസികയില്‍ ഇങ്ങനെ എഴുതിയത്. 
                  ഇതെല്ലാം വായിച്ചു കോരിത്തരിക്കാമെന്നല്ലാതെ ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നു പറയുന്ന പോലാണ് നമ്മുടെ നാട്ടിലെ കാര്യങ്ങള്‍ .ബഹുഭൂരിപക്ഷം രക്ഷാകര്‍ത്താക്കള്‍ക്കും, എന്തിന് അധ്യാപകര്‍ക്കുപോലും പുതിയ വിദ്യാഭ്യാസ രീതിയെ സംബന്ധിച്ചു് ഈയൊരു കാഴ്ച്ചപ്പാടുണ്ടോ എന്നു  സംശയമാണ്.അല്ലായിരുന്നെങ്കില്‍, ഓരോ പരീക്ഷ കഴിയുമ്പോഴും "പാഠപുസ്തകത്തില്‍ നിന്ന് ഒറ്റച്ചോദ്യം പോലുമുണ്ടായില്ല" എന്ന് ഇപ്പോളും  രക്ഷാകര്‍ത്താക്കള്‍ പരാതി പറയില്ലായിരുന്നല്ലോ! അതായത്, മാറിയ വിദ്യാഭ്യാസ സമ്പ്രദായവുമായി ഏറ്റവും ആദ്യം പരിചയം വരേണ്ടവരില്‍ പ്രധാനികളായ രക്ഷാകര്‍ത്താക്കള്‍ക്ക് സംഗതി ഇപ്പോളും ഒരു പൊതിയാത്തേങ്ങയാണെന്നര്‍ത്ഥം.
                 നമ്മില്‍ പലര്‍ക്കും ലഭിക്കാത്ത ,ഒരു പരിധിവരെ ശിശുകേന്ദ്രീകൃതവും ശാസ്ത്രീയവുമായ പഠന സമ്പ്രദായമാണ് നമ്മുടെ മക്കള്‍ക്കു ലഭിക്കുന്നതെന്ന് അവരുടെ പാഠപുസ്തകങ്ങള്‍  നോക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍ പഴയ രീതിയില്‍ അധ്യാപന പരിശീലനം പൂര്‍ത്തിയാക്കി ,വര്‍ഷങ്ങളോളം ആ രീതി പിന്തുടര്‍ന്നു വരുന്ന, ആ പഴയ രീതി തന്നെയാണു മഹത്തരം എന്നു കരുതുന്ന വലിയൊരു വിഭാഗം അധ്യാപകരിലൂടെയാണ് ഈ പുതിയ വിദ്യാഭ്യാസ രീതി നടപ്പാക്കപ്പെടുന്നതെന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഇപ്പോള്‍പ്പോലും ടി. ടി .സി, ബി. എഡ് എന്നീ കോഴ്സുകളുടെ സിലബസ് പുതിയ രീതിക്കനുസൃതമാണോ എന്നും സംശയമുണ്ട്.മാത്രമല്ല, പുതിയ വിദ്യാഭ്യാസ രീതിക്കനുസൃതമായല്ല ഇപ്പോഴും ചോദ്യപ്പേപ്പറുകള്‍; വിശേഷിച്ച് ഹൈസ്കൂള്‍ ക്ലാസുകളിലേത്.  അധ്യാപകര്‍ക്കു് പരിശീലനത്തിനു മുടക്കമൊന്നുമില്ലെങ്കിലും അവരുടെ മനോഭാവം കാര്യമായി മാറിയിട്ടില്ലെന്ന് എസ്. എസ്. എ അധികൃതരും സമ്മതിക്കാറുണ്ട്. അനുഭവവും മറിച്ചല്ല. കാണാപ്പാഠം പഠനം-ഇംപോസിഷന്‍-വടി എന്നിങ്ങനെയുള്ള കോമ്പിനേഷനില്‍ത്തന്നെയാണ് അവരില്‍ പലരും ഇപ്പോഴും കുട്ടികളെ നേരിടുന്നത്. "മക്കളെ അടിച്ചു പഠിപ്പിക്കണം" എന്ന് അദ്ധ്യാപകരോട് ആവശ്യപ്പെടുന്ന രക്ഷാകര്‍ത്താക്കളും ഒട്ടും കുറവല്ല.

                   ശരിയായ അര്‍ത്ഥത്തിലും ഭാവത്തിലും ഈ പഠന രീതി നടപ്പാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ,ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍ പറയുന്ന മാതിരി ,കുട്ടികള്‍ക്ക് 'പഠനം പാല്‍പ്പായസ'മായി അനുഭവപ്പെട്ടേനേ. എന്നാല്‍ ഇന്നും ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും സ്കൂളുകള്‍ ,ഇഷ്ടമില്ലാത്തതും പേടിപ്പെടുത്തുന്നതുമായ ഒരിടമാണ്. നാമൊക്കെ പണ്ടു ചെയ്തിരുന്നതുപോലെത്തന്നെ, അവധിദിനങ്ങള്‍ക്കും ഹര്‍ത്താലുകള്‍ക്കും പഠിപ്പുമുടക്കിനും വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് നമ്മുടെ മക്കളും.

                     വികസിത രാജ്യങ്ങളില്‍ പലതിലും നഴ്സറി ക്ലാസുകളിലും പ്രൈമറിയിലും പഠിപ്പിക്കുന്നവര്‍ക്ക് ഉന്നത യോഗ്യതകളും കനത്ത ശംബളവും ഉണ്ടെന്നു കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ നേരേ തിരിച്ചാണു കാര്യങ്ങള്‍. വ്യക്തിയുടെ സ്വഭാവരൂപവത്കരണം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാലയളവാണ് പ്രീപ്രൈമറി ഘട്ടം. അവിടെ നമുക്ക് മികച്ച അദ്ധ്യാപകരെ നല്‍കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. കേള്‍ക്കുക, സംസാരിക്കുക, വായിക്കുക(listening,speaking & reading) എന്ന ഭാഷാപഠനത്തിന്റെ സ്വാഭാവിക ക്രമം പ്രീപ്രൈമറിയില്‍ വച്ചു തന്നെ തെറ്റും. തെറ്റിയില്ലെങ്കില്‍ രക്ഷാകര്‍ത്താക്കള്‍ നിര്‍ബന്ധിച്ചു തെറ്റിക്കും. നഴ്സറി ക്ലാസില്‍ തന്നെ തന്റെ മക്കള്‍ ഐ. എ .എസ് പഠിപ്പുനേടണമെന്ന വാശിയിലാണ് രക്ഷാകര്‍ത്താക്കള്‍ പലരുമെന്ന് അദ്ധ്യാപകര്‍ പരാതി പറഞ്ഞു കേള്‍ക്കാറുണ്ട്. പ്രീപ്രൈമറി തലങ്ങളില്‍ മാതൃഭാഷയല്ലാതെ മറ്റൊരു ഭാഷയും പഠിപ്പിക്കാന്‍ പാടില്ലെന്ന അഭിപ്രായമാണ് പൊതുവേ മനശ്ശാസ്ത്രജ്ഞന്മാര്‍ക്കും മറ്റുമുള്ളത്. പ്രൊഫ. എസ് ശിവദാസ് പറയുന്നത് പക്ഷേ മറിച്ചാണ്.:"വളരെ ചെറുപ്പം മുതല്‍തന്നെ മാതൃഭാഷയും വിശ്വഭാഷയായ ഇംഗ്ലീഷും കുട്ടികളെ പരിചയപ്പെടുത്തുന്നതാണ് ബുദ്ധി"  ('നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം?' -ലേബര്‍ ഇന്ത്യാ പ്രസിദ്ധീകരണം 2004) . അതെന്തായാലും മാതൃഭാഷയെന്ന പേരില്‍ നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന അഥവാ ടെക്സ്റ്റ് പുസ്തകങ്ങളില്‍ കാണുന്ന ഭാഷാപ്രയോഗങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് മലയാളം മീഡിയത്തില്‍ മക്കള്‍ പഠിക്കുന്നതിനെ തുണക്കാനാവില്ല. ഫോട്ടോ സിന്തസിസിനെ പ്രകാശ സംശ്ലേഷണമെന്നും ഫോട്ടോ ട്രോപ്പിസത്തെ പ്രകാശാഭിഗതിയെന്നും എല്‍ സി എം, എച്ച് സി എഫ് ഇവയെ യഥാക്രമം ലസാഗു, ഉസാഘ എന്നുമൊക്കെയാണ് പാഠപുസ്തകം മലയാളമെന്ന പേരില്‍ പരിചയപ്പെടുത്തുന്നത്. ഇത്തരം സംസ്കൃത പദങ്ങളേക്കാള്‍ കുട്ടികള്‍ക്ക് എളുപ്പം അതിനേക്കാള്‍ എന്തുകൊണ്ടും ലളിതമായ ഇംഗ്ലീഷ് പദങ്ങളാണ്. ഉന്നത വിദ്യാഭ്യാസത്തിനും അതാണ് ഗുണകരമായി വരുക.  ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം മൂലം ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ മിക്ക പൊതു വിദ്യാലയങ്ങളിലും ആരംഭിച്ചിട്ടുണ്ടെങ്കിലും ലോവര്‍ പ്രൈമറി തലത്തില്‍ പാഠപുസ്തകങ്ങളോ സിലബസോ ഇല്ലാത്തതിനാലും അദ്ധ്യാപകരെ പ്രത്യേകം നിയമിക്കാത്തതിനാലും അത് ഒട്ടും ഫലപ്രദമായിട്ടില്ല.

             ഓരോ വര്‍ഷവും പൊതു വിദ്യാഭ്യാസത്തിനുവേണ്ടി ചെലവഴിക്കുന്ന കോടികള്‍ നമ്മുടെ ഓരോരുത്തരുടെയും നികുതിപ്പണമാണ്. അതില്‍ ഭൂരിപക്ഷവും അദ്ധ്യാപകര്‍ക്ക് ശംബളം കൊടുക്കാനാണ് ചെലവാക്കുന്നത്. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ മക്കളെ പഠിപ്പിക്കേണ്ടി വരുന്ന രക്ഷിതാക്കള്‍ രണ്ടു രീതിയില്‍ നഷ്ടം സഹിക്കുന്നുണ്ട്. ഒന്ന് പൊതുവിദ്യാഭ്യാസ ചെലവിനായി നികുതി നല്‍കുന്നു. രണ്ട് മക്കളെ വേറെ പഠിപ്പിക്കാന്‍ പണം ചെലവാക്കുന്നു. എങ്ങനെയായാലും രാഷ്ട്രത്തിനു നഷ്ടം തന്നെ. രാഷ്ട്രീയക്കാര്‍ ഇത്തരം കാര്യങ്ങളെപ്പറ്റി ചിന്തിക്കാറില്ല. സാമൂഹിക പ്രവര്‍ത്തകരുടെ വിലാപങ്ങള്‍ ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നത്. സാധാരണക്കാരന്‍ പ്രതികരിക്കാന്‍ നില്‍ക്കാതെ കിട്ടുന്നതുകൊണ്ട് തൃപ്തിയടയുന്നു. ഇതിനൊരു മാറ്റം ഉണ്ടാവില്ലേ? ഉണ്ടാവേണ്ടേ? പഠനം ഇനിയെങ്കിലും പാല്‍പ്പായസമാക്കേണ്ടേ?

                      പ്രൈമറിയില്‍ ഇംഗ്ലീഷ് മീഡിയം പാടില്ലെന്നാണ് ഇപ്പോഴും എസ് എസ് എയുടെ നയം. ഈ നയമാണ് സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളെ തുലച്ച, രക്ഷിതാക്കളെ വലച്ചുകൊണ്ടിരിക്കുന്ന, പല തട്ടിലുള്ള പ്രൈവറ്റ് അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ നാട്ടില്‍ കൂണുപോലെ മുളച്ചു വരാനിടയാക്കിയത്. ഏറെ വൈകിയപ്പോളാണ് അദ്ധ്യാപക സംഘടനകള്‍ക്കും അധികാരികള്‍ക്കും ബോധമുദിച്ചത്. അതാകട്ടെ മുന്‍പറഞ്ഞ പോലെ ഫലപ്രദമായിട്ടുമില്ല. ഓരോ വര്‍ഷവും, എന്തെങ്കിലും നിവൃത്തിയുള്ള രക്ഷിതാക്കള്‍ മക്കളെ സി ബി എസ് സി പോലുള്ള പഠന സമ്പ്രദായമുള്ള വിദ്യാലയങ്ങളിലേക്കു കൊണ്ടുപോകയാണ്. അവിടെ ഇപ്പോഴും കാണാപ്പാഠം പഠനവും ഉത്തരേന്ത്യന്‍ സിലബസുമൊക്കെയാണെങ്കിലും രക്ഷിതാക്കള്‍ക്കു പരാതിയില്ല. കാരണം അവിടെ പഠിച്ചു വരുന്നവരാണ് എന്‍ട്രന്‍സ് പരീക്ഷകളില്‍ തിളങ്ങുന്നത്. അവരാണ് നാളത്തെ ഡോക്ടര്‍മാരും മറ്റ് പ്രൊഫഷണലുകളും.  ആ നിലക്ക് പൊതു വിദ്യാഭ്യാസം പാല്‍പ്പായസമായാല്‍പ്പോലും രക്ഷിതാക്കള്‍ മക്കളെ അന്യ സിലബസിലേക്കു കൊണ്ടുപോകുന്നതു തടയാനാകില്ല. അപ്പോള്‍ പാല്പായസമായില്ലെങ്കിലോ? പൊതു വിദ്യാഭ്യാസം എന്ന ഏര്‍പ്പാടു തന്നെ അര്‍ത്ഥശൂന്യമാകും.  പാവപ്പെട്ടവരുടെ മക്കള്‍ നശിക്കും. അതോ അതുതന്നെയാണോ അധികാരികളുടെയും  ഉള്ളിലിരുപ്പ്?