Friday, December 17, 2010

പി എസ് സി നിയമനത്തിലെ ഭീകര തട്ടിപ്പ് വേറെയാണ്

ഇപ്പോള്‍ കോലാഹലമായിരിക്കുന്ന പി എസ് സി നിയമന തട്ടിപ്പ് തീര്‍ച്ചയായും ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യം തന്നെയാണ്. നിയമ വിരുദ്ധമായ രീതിയില്‍ പി എസ് സിയേയും സര്‍ക്കാര്‍ സംവിധാനത്തെയും കബളിപ്പിച്ചു നടത്തിയ  തട്ടിപ്പാണിതെങ്കില്‍ നിയമാനുസൃതമായിത്തന്നെ പി എസ് സി ചെയ്തുവരുന്ന ഭീകരമായ ഒരു നിയമന തട്ടിപ്പിനെപ്പറ്റി നാമാരും ശ്രദ്ധാലുക്കളല്ല. ഇതു സംബന്ധമായി ഒരു ദശകത്തിനു മേലായി ഈ ബ്ലോഗര്‍ നിരവധി പഠന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്റെ വേഡ് പ്രസ് ബ്ലോഗില്‍ ഈ തട്ടിപ്പ് എങ്ങനെയാണു ചെയ്യുന്നതെന്നതിനെ സംബന്ധിച്ച വിശദമായ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ തട്ടിപ്പ് എളുപ്പം മനസ്സിലാക്കാന്‍ ഇവിടെ ഒരു റാങ്ക് ലിസ്റ്റും അതില്‍ നിന്നുള്ള ശുപാര്‍ശാ വിവരങ്ങളും നല്‍കാം. വിവിധ കമ്പനികളിലേക്കും കോര്‍പ്പറേഷനിലേക്കും അക്കൌണ്ടന്റുമാരെ തിരഞ്ഞെടുക്കാനായി  31/12/2009 നു പ്രാബല്യത്തില്‍ വന്ന റാങ്ക് ലിസ്റ്റാണ് ഇവിടെ ഉദാഹരിക്കുന്നത്. പി എസ് സിയുടെ സൈറ്റില്‍ പോയാല്‍ അതു കാണാം.
ആ ലിസ്റ്റില്‍ നിന്നുള്ള നിയമന ശുപാര്‍ശയുടെ ചുരുക്കം ഇവിടെയും വിശദാംശങ്ങള്‍ ഇവിടെയും കാണാം.
നിയമന ശുപാര്‍ശയുടെ ചുരുക്കത്തില്‍ എന്താണു കാണുന്നത്? ഓപ്പണ്‍ കോമ്പറ്റീഷനില്‍ (മെറിറ്റില്‍) 45 പേരെ ഇതുവരെ നിയമിച്ചിട്ടുണ്ട്. സംവരണത്തില്‍ അവസാനം തിരഞ്ഞെടുക്കപ്പെട്ട റാങ്കുകാര്‍ ഇനി പറയും പ്രകാരമാണ്:
ഈഴവ : 54
എസ് സി : SL 3
എസ് റ്റി :SL 1
മുസ്ലിം : 57
എല്‍ സി : 114
ഒ ബി സി : 49
വിശ്വകര്‍മ :12
എസ് ഐ യു സി നാടാര്‍/ആംഗ്ലോ ഇന്ത്യന്‍ :128
മറ്റു ക്രിസ്ത്യാനികള്‍ :SL 1
ധീവര : 228
വികലാംഗര്‍ : Nil
ആകെ : 62
അവസാന ശുപാര്‍ശ തീയതി : 20/4/2010

ഇവിടെ ശ്രദ്ധിക്കേണ്ട സംഗതി ഇതാണ്.
 ആകെ 62 പേരെ നിയമനത്തിനായി ശുപാര്‍ശ ചെയ്തപ്പോള്‍ 54-ാം റാങ്കുള്ള ഉദ്യോഗാര്‍ത്ഥി മെറിറ്റില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നു. ഇതിനെന്താണു ന്യായം, എന്താണു നീതി? എന്താണു നിയമം?
ആകെ ഇരുപതു പേരെ ശുപാര്‍ശ ചെയ്താല്‍ അവസാനം ശുപാര്‍ശ ചെയ്യപ്പെടുന്ന ഓ സി ഉദ്യോഗാര്‍ത്ഥി പത്താം റാങ്കുള്ളയാളായിരിക്കും. കാരണം ഇരുപതിന്റെ 50% എന്നത് പത്താണ്. ബാക്കി 50% സംവരണ നിയമനമാണല്ലോ. അങ്ങനെയെങ്കില്‍ ഇവിടെ 62 പേരെ അഡ്വൈസ് ചെയ്തപ്പോള്‍ എങ്ങനെ 54 -ാം റാങ്കുള്ളയാള്‍ തിരഞ്ഞെടുക്കപ്പെട്ടു? 62 ന്റെ 50% എന്നത്  31ആയിരിക്കേ അതിനപ്പുറത്തുള്ള റാങ്കുകാര്‍ക്ക് എങ്ങനെ മെറിറ്റില്‍ നിയമനം ലഭിക്കുന്നു?

ഇനി മറ്റൊരു കാര്യം ശ്രദ്ധിക്കുക.
31നു ശേഷമുള്ള റാങ്കുകാരില്‍ അനര്‍ഹമായി മെറിറ്റില്‍ നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ഥികളില്‍ 8 പേരും സംവരണേതര(അതായത് മുന്നാക്ക)സമുദായക്കാരാണ്. ഈ റാങ്കുകാരാണ് അവര്‍ : 33,36,38,43,46,47,51,53

ഇനി സംവരണത്തില്‍ നിയമനം ലഭിച്ച റാങ്കുകാരെ നോക്കുക: 12, 13,14,20,21,22,24,28,29,30.

റാങ്ക് ലിസ്റ്റില്‍ മേല്‍പ്പറഞ്ഞ മുന്നാക്ക സമുദായ ഉദ്യോഗാര്‍ത്ഥികളേക്കാള്‍  മുന്‍പിലുള്ളവരാണ് ഇപ്പറഞ്ഞ പിന്നാക്ക സമുദായ ഉദ്യോഗാര്‍ത്ഥികള്‍ എന്ന   കാര്യത്തില്‍  ആര്‍ക്കും സംശയമില്ലല്ലോ? ഇതില്‍ ഈഴവര്‍ നാലു പേരുണ്ട്, 13,14,22,28 റാങ്കുകാര്‍. മുസ്ലിങ്ങള്‍ മൂന്നു പേരാണ്, 21,24,30 റാങ്കുകാര്‍. മറ്റുള്ളവര്‍ ഇങ്ങനെയാണ്. ഒ ബി സി: 02 (Rank No 20 & 29), വിശ്വകര്‍മ : 01 (Rank No 12) ആകെ പത്തുപേര്‍. അതായത് കൂടുതല്‍ മാര്‍ക്കു വാങ്ങി റാങ്ക് ലിസ്റ്റില്‍ മുന്‍പില്‍ വന്ന മിടുക്കരായ ഉദ്യോഗാര്‍ത്ഥികള്‍ സംവരണ സമുദായക്കാരായിപ്പോയതിനാല്‍ റിസര്‍വേഷനിലും അവരേക്കാള്‍ മാര്‍ക്കു കുറഞ്ഞ, അതിനാല്‍ റാങ്ക് ലിസ്റ്റില്‍ പിന്നിലായിപ്പോയ മുന്നാക്ക സമുദായ ഉദ്യോഗാര്‍ത്ഥികള്‍ മെറിറ്റിലും നിയമനം നേടുന്നു. വെറും 62 പേരെ ശുപാര്‍ശ ചെയ്തപ്പോളാണ് ഇങ്ങനെ അനര്‍ഹമായി 8 പേര്‍ കയറിക്കൂടിയതെന്നോര്‍ക്കണം. ഇതിലും വലിയ നിയമന തട്ടിപ്പ് വേറെ എന്താണുള്ളത്? ഇതു വച്ചു നോക്കുമ്പോള്‍ ഇപ്പോഴത്തെ ജെ പി എസ് സി തട്ടിപ്പ് എത്ര നിസ്സാരം.

പക്ഷേ ഈ തട്ടിപ്പ് ചോദിക്കാനും പറയാനും മനസ്സിലാക്കാനും ആരുമില്ലിവിടെ. പിന്നാക്കക്കാര്‍ ബുദ്ധിപരമായും പിന്നാക്കമാണ് എന്നല്ലേ ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്?

5 comments:

  1. കൂടുതല്‍ മാര്‍ക്കു വാങ്ങി റാങ്ക് ലിസ്റ്റില്‍ മുന്‍പില്‍ വന്ന മിടുക്കരായ ഉദ്യോഗാര്‍ത്ഥികള്‍ സംവരണ സമുദായക്കാരായിപ്പോയതിനാല്‍ റിസര്‍വേഷനിലും അവരേക്കാള്‍ മാര്‍ക്കു കുറഞ്ഞ, അതിനാല്‍ റാങ്ക് ലിസ്റ്റില്‍ പിന്നിലായിപ്പോയ മുന്നാക്ക സമുദായ ഉദ്യോഗാര്‍ത്ഥികള്‍ മെറിറ്റിലും നിയമനം നേടുന്നു. വെറും 62 പേരെ ശുപാര്‍ശ ചെയ്തപ്പോളാണ് ഇങ്ങനെ അനര്‍ഹമായി 8 പേര്‍ കയറിക്കൂടിയതെന്നോര്‍ക്കണം. ഇതിലും വലിയ നിയമന തട്ടിപ്പ് വേറെ എന്താണുള്ളത്? ഇതു വച്ചു നോക്കുമ്പോള്‍ ഇപ്പോഴത്തെ ജെ പി എസ് സി തട്ടിപ്പ് എത്ര നിസ്സാരം.

    ReplyDelete
  2. നമ്മുടെ പി.എസ്.സി.ചെയര്‍മാനും അംഗങ്ങള്‍ക്കുമൊന്നും എഴുത്തും വായനയും അറിയാത്തതുകൊണ്ടാകുമോ ഈ നായര്‍ മാടംബിത്വം പി.എസ്.സി ഭരിച്ചുകൊണ്ടിരിക്കുന്നത് ????? !!!!

    ReplyDelete
  3. അങ്ങനെയല്ല ചിത്രകാരാ. അതിനപ്പുറത്താണു കാര്യങ്ങള്‍. ഈ പോസ്റ്റിട്ടിട്ട് ബ്ലോഗിലെ എത്ര പേര്‍ പ്രതികരിച്ചു? പിന്നെന്തിന് ആവശ്യമില്ലാതെ പി എസ് സിയിലെ ഏതു കാര്യവും അനുനിമിഷം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവരും ഭരണാധികാരികള്‍ക്ക് പ്രിയപ്പെട്ടവരുമായ വിഭാഗങ്ങളെ പിണക്കണം. പിന്നാക്കക്കാര്‍ക്കു വേണ്ടാത്ത ഒരു കാര്യം അവരുടെ പുറകേ നടന്ന്(അതും മുന്നാക്കക്കാരെ പിണക്കി) ചെയ്തു കൊടുക്കണം. പിന്നാക്കം എന്നാല്‍ ബുദ്ധിപരമായ പിന്നാക്കം എന്നാണര്‍ത്ഥം.

    ReplyDelete
  4. കുറെയേറെ പറഞ്ഞതും എഴുതിയതും കൊണ്ടല്ലേ ഇത്രയെങ്കിലും നേടിയത്. എന്നെങ്കിലും ശരിയാകുമെന്ന ശുഭാപ്തി വിശ്വാസം വച്ച് എഴുത്തു തുടരുക!

    ReplyDelete
  5. @ശങ്കരനാരായണന്‍ മലപ്പുറം,
    നന്ദി ഇടപെടലിന്.
    "കുറെയേറെ പറഞ്ഞതും എഴുതിയതും കൊണ്ടല്ലേ ഇത്രയെങ്കിലും നേടിയത്"
    ഇക്കാര്യത്തില്‍ എന്തു നേടി എന്നാണ്? ഇതിലെന്നല്ല, സംവരണ വിഷയത്തില്‍ കഴിഞ്ഞ നൂറ്റാണ്ടില്‌ നേടിയ അവകാശങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുകയല്ലാതെ എന്താണു നേടിയത്? വെറുതെ ശുഭാപ്തി വിശ്വാസം വച്ചുകൊണ്ടിരിക്കാന്‍ എന്തെങ്കിലും അടിസ്ഥാനം വേണ്ടേ? ഇന്നത്തെ പിന്നാക്ക സമുദായ സംഘടനകളിലോ നേതാക്കന്മാരിലോ എന്തെങ്കിലും വിശ്വാസം വച്ചു പുലര്‍ത്തുന്നവര്‍ വാസ്തവത്തില്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്.

    ReplyDelete