Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Thursday, August 30, 2012

മാലിന്യം വലിച്ചെറിയാതെ പിന്നെ ?!

മാലിന്യം പ്ളാസ്റ്റിക് കിറ്റുകളിലാക്കി പൊതുനിരത്തുവക്കിലും തോട്ടിലും മറ്റും വലിച്ചെറിയുക,അതല്ലെങ്കില്‍ കോര്‍പ്പറേഷനോ മുനിസിപ്പാലിറ്റിയോ സ്ഥാപിച്ചിട്ടുള്ള വീപ്പകളില്‍ നിക്ഷേപിക്കുക ഇതാണ് കേരളീയര്‍ വര്‍ഷങ്ങളായി ശീലിച്ചിട്ടുള്ള മാലിന്യ നിര്‍മാര്‍ജന മാര്‍ഗം. ഇതല്ലാതെ മറ്റെന്തെങ്കിലും മാര്‍ഗം മാലിന്യ നിര്‍മാര്‍ജനത്തിനുണ്ടോ എന്ന് വിദ്യാസമ്പന്നരായ മലയാളിക്കുപോലും അറിയില്ല എന്നതാണു സത്യം. അവരവരുടെ മാലിന്യം അവരവരവര്‍ക്കുതന്നെ സംസ്കരിക്കാനാവും എന്ന ചിന്തയോ അറിവോ ആര്‍ക്കുമില്ല. തങ്ങളുടെ ഗാര്‍ഹിക മാലിന്യങ്ങളെല്ലാം സംസ്കരിക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ ആരോഗ്യ വകുപ്പിനോ ആണെന്നാണ് സകലരും ആത്മാര്‍ഥമായിത്തന്നെ കരുതുന്നത് . ഈ സാഹചര്യത്തില്‍ മാലിന്യം വലിച്ചെറിയുന്നതു ശിക്ഷാര്‍ഹമാക്കിക്കൊണ്ട് കേരള ഹൈക്കോടതി ഈയിടെ പുറപ്പെടുവിച്ച വിധി എത്രത്തോളം പ്രായോഗികമാക്കാനാവും എന്ന കാര്യത്തില്‍ ഈ ലേഖകനു സംശയമുണ്ട്.. കാരണം കേരളത്തിലെ തൊണ്ണൂറ്റൊമ്പതു ശതമാനം വീടുകളിലും സ്വന്തമായി മാലിന്യ നിര്‍മാര്‍ജന സംവിധാനം യാതൊന്നും തന്നെയില്ല. എന്തിന്, വിധി പ്രസ്താവിച്ച ജഡ്ജിമാരുടെ വീടുകളിലോ അതു നടപ്പാക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലോ പോലും മാലിന്യ നിര്‍മാര്‍ജനത്തിനായി ശാസ്ത്രീയമായ എന്തെങ്കിലും സംവിധാനമുണ്ടാകാന്‍ സാധ്യതയില്ലെന്നാണു ഞാന്‍ കരുതുന്നത്. ഒന്നുകില്‍ ജനങ്ങള്‍ക്കു സ്വന്തമായി മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ വേണം, അല്ലെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ അത്തരം സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കണം. ഇതു രണ്ടുമില്ലാതെ മാലിന്യം വലിച്ചെറിയലല്ലാതെ മറ്റെന്തു മാര്‍ഗമാണു ജനങ്ങള്‍ക്കു മുന്നിലുള്ളത്?


തങ്ങളുടെ മാലിന്യം എങ്ങനെ സംസ്കരിക്കണമെന്ന് സാധാരണക്കാരായ ജനങ്ങള്‍ക്കറിയില്ലെന്നതു മനസ്സിലാക്കാവുന്ന കാര്യമാണ്.
അസ്ഥാനത്തുള്ള സമ്പാദ്യമാണ് മാലിന്യങ്ങള്‍ ,വിശേഷിച്ചും ജൈവമാലിന്യങ്ങള്‍ . മലവും മൂത്രവും ഉള്‍പ്പെടെയുള്ള ജൈവ ഗാര്‍ഹിക മാലിന്യങ്ങളെല്ലാം തന്നെ മികച്ച ഊര്‍ജദായക വസ്തുക്കളാണെന്ന, പ്രാഥമികമായ ശാസ്ത്രജ്ഞാനമാണ് നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നര്‍ക്കുവരെ ഇല്ലാത്തത്. അതുകൊണ്ടാണ് കോടിക്കണക്കിനു രൂപ ചെലവാക്കി വീടു നിര്‍മിക്കുന്നവര്‍ പോലും മാലിന്യ നിര്‍മാര്‍ജനത്തിനായി യാതൊരു സംവിധാനവും ആ വീട്ടിലൊരുക്കാതെ മാലിന്യം കിറ്റിലാക്കി ആഡംബരക്കാറുകളില്‍ കൊണ്ടുപോയി വഴിവക്കില്‍ തള്ളുന്നത്. കേരളത്തിലെ ഒരു സ്ഥലത്തെയും കിണറിലെ വെള്ളം വിശ്വസിച്ചു കുടിക്കാന്‍ സാധിക്കാത്ത വിധം എല്ലാത്തിലും ഈ കോലി ബാക്റ്റീരിയ ഉണ്ടെന്നു പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അതായത് മലം കലരാത്ത ഒരു കിണര്‍ജലവും കേരളത്തില്‍ ലഭ്യമല്ലെന്നര്‍ഥം.

സെപ്റ്റിക് ടാങ്കുകളില്‍ നിന്നുപോലും മലം ഭൂഗര്‍ഭ ജലത്തില്‍ കലരുന്നുണ്ട്. അര ലക്ഷത്തോളം രൂപ ചെലവാക്കി സെപ്റ്റിക് ടാങ്ക് നിര്‍മിച്ച് മലം സ്വന്തം കിണറ്റില്‍ കലര്‍ത്തുന്ന മലയാളിക്ക് ഈ മലം ഊര്‍ജമാക്കി മാറ്റാമെന്ന വിവരം ഇല്ലെന്നത് എത്ര വിചിത്രമാണ്. ഇന്നാട്ടില്‍ ദിനേന കാണുന്ന വാര്‍ത്തകളിലൊന്നാണ് കക്കൂസ് മാലിന്യം റോഡരികില്‍ അല്ലെങ്കില്‍ കായലില്‍ തള്ളി എന്നത്. കക്കൂസ് മാലിന്യം എന്ന സമ്പത്ത് , ഇപ്പോള്‍ ചെയ്യുന്നപോലെ, ജനദ്രോഹകരമായി പൊതുസ്ഥലത്തോ കായലിലോ രഹസ്യമായി തള്ളേണ്ടതല്ലെന്നും മറിച്ച് അവ ശാസ്ത്രീയമായി സംസ്കരിച്ച് ഊര്‍ജമുണ്ടാക്കാവുന്നതാണെന്നുമുള്ള വിവരം സെപ്റ്റിക് ടാങ്ക് ക്ളീനിങ് നടത്തുന്ന വിവിധ ഏജന്‍സികള്‍ക്കോ സര്‍ക്കാരിനോ അറിയില്ല. ( ഈ അറിവിന്റെ അഭാവം മൂലമാണ് (?)ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്‍ഡ്യന്‍ റെയില്‍വേ ലോകത്തെ ഏറ്റവും വലിയ തുറന്ന കക്കൂസായി തുടരുന്നത്).

വാസ്തവത്തില്‍ കേരളത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്നമാണ് മാലിന്യ നിര്‍മാര്‍ജനം. ഈ പ്രശ്നം പരിഹരിക്കാന്‍ വളരെ ലളിതവും ശാസ്ത്രീയവും ജനോപകാരപ്രദവുമായ മാര്‍ഗം നാളുകളായി ഇവിടെ ലഭ്യമാണ്.ഗാര്‍ഹിക ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ബയോഗ്യാസ് പ്ളാന്റുകളാണ്. മാലിന്യ നിര്‍മാര്‍ജനത്തോടൊപ്പം പാചകത്തിനുള്ള ഗ്യാസും ലഭിക്കുന്നു എന്നതാണ് ബയോഗ്യാസിന്റെ മെച്ചം. ലളിതവും ഫലപ്രദവും ശാസ്ത്രീയവും ലാഭകരവുമായ ഈ മാര്‍ഗം നിരവധി വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ പ്രയോഗത്തിലുണ്ട്. ഇപ്പോളാണെങ്കില്‍ എടുത്തുമാറ്റാവുന്ന പോര്‍ട്ടബ്ള്‍ പ്ളാന്റുകളും കൊതുകശല്യമില്ലാത്ത ഡോം പ്ളാന്റുകളും വരെ ലഭ്യമാണ്. എന്നാല്‍ ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും ഇവയെക്കുറിച്ച് ഒന്നുമറിയില്ല എന്നതാണു സത്യം. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ മാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ചു ക്ളാസെടുക്കുന്ന ആരോഗ്യവകുപ്പ് -ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍ക്കുപോലും ഇത്തരം പ്ളാന്റുകളെപ്പറ്റിയോ അതിന്റെ മെച്ചങ്ങളെപ്പറ്റിയോ കാര്യമായി ഒന്നുമറിയില്ല. ഈയിടെ ഡോക്റ്റര്‍മാരും മറ്റ് ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുത്ത ഒരു യോഗത്തില്‍ വച്ച് ബയോഗ്യാസ് പ്ളാന്റിനെപ്പറ്റി പറഞ്ഞപ്പോള്‍ മിക്കവരും ആദ്യമായി കേള്‍ക്കുന്നപോലുള്ള അദ്ഭുതവും സംശയങ്ങളുമാണു പ്രകടിപ്പിച്ചത് .പ്ളാന്റ് പ്രവര്‍ത്തിക്കാന്‍ പശുവും ചാണകവും വേണ്ടേ, രണ്ടോ മൂന്നോ സെന്റ് സ്ഥലമുള്ളവര്‍ക്ക് എങ്ങനെ ഈ പ്ളാന്റ് വയ്ക്കാനാവും , കക്കൂസ് ബന്ധിപ്പിച്ചാല്‍ ഗ്യാസിനു ദുര്‍ഗന്ധമുണ്ടാകില്ലേ , എല്‍ പി ജി പോലെ ഇതും അപകടമുണ്ടാക്കില്ലേ തുടങ്ങിയ സംശയങ്ങളാണ് അവരില്‍ ഭൂരിപക്ഷവും ഉന്നയിച്ചത്. യോഗത്തില്‍ പങ്കെടുത്ത നൂറോളം പേരില്‍ കേവലം ഒരാളുടെ വീട്ടില്‍ മാത്രമേ ബയോഗ്യാസ് പ്ളാന്റുണ്ടായിരുന്നുള്ളൂ എന്നതില്‍ നിന്നുതന്നെ ഈ വിഷയത്തില്‍ ഇക്കൂട്ടര്‍ക്കുള്ള ധാരണ എത്രയാണെന്നു മനസ്സിലാക്കാം.
‘ഓരോ വീട്ടിലും ഓരോ നല്ലൊരു കക്കൂസുണ്ടായ് തീരട്ടെ, കൊട്ടാരത്തിലെ എയര്‍കണ്ടീഷന്‍ പിന്നെ മതി മെല്ലെ മതി’ എന്നത് എണ്‍പതുകളില്‍ ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍ പാടി നടന്ന അര്‍ഥവത്തായ മുദ്രാവാക്യമാണ്. ഇന്നും ആ മുദ്രാവാക്യത്തിനു പ്രസക്തിയുണ്ട്;ചെറിയ മാറ്റം വരുത്തണമെന്നു മാത്രം: ‘ഓരോ വീട്ടിലും ഓരോ നല്ലൊരു ബയോഗ്യാസ് പ്ളാന്റുണ്ടായ്ത്തീരട്ടെ, സ്മാര്‍ട്ട് ഫോണും ചെത്തു ബൈക്കും(അവയ്ക്കൊന്നും എതിരാണെന്നു ദയവായി കരുതരുതേ) പിന്നെ മതി മെല്ലെ മതി’. വീടുകളില്‍ സ്ഥാപിക്കുന്ന വ്യക്തിഗത ബയോഗ്യാസ് പ്ളാന്റുകളാണ് പ്രായോഗികമായി വിജയിക്കുക. കമ്യൂണിറ്റി പ്ളാന്റുകള്‍ നോക്കി നടത്താന്‍ പലപ്പോഴും ആരുമുണ്ടാവില്ല. അതുകൊണ്ടുതന്നെ സ്ഥാപിച്ച മിക്ക സ്ഥലത്തും അതു പ്രവര്‍ത്തനരഹിതമായി കൊതുകും ദുര്‍ഗന്ധവും പരത്തി ജനങ്ങള്‍ക്കു ദ്രോഹമുണ്ടാക്കുകയാണ്. സ്വന്തം വീട്ടിലെ പ്ളാന്റ് അവരവര്‍ തന്നെ ഉത്തരവാദിത്വത്തോടെ പരിപാലിക്കും. സ്ഥലസൌകര്യമനുസരിച്ച് പ്ളാന്റിന്റെ വലുപ്പം നിശ്ചയിക്കാം. രണ്ടു സെന്റില്‍ താമസിക്കുന്നവര്‍ക്കും ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും സ്ഥാപിക്കാവുന്ന പ്ളാന്റുകള്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്ഥലസൌകര്യമുള്ളവര്‍ സെപ്റ്റിക് ടാങ്കിനെ ബന്ധിപ്പിക്കുന്ന പ്ളാന്റ് തന്നെ സ്ഥാപിക്കുന്നതാണ് ഉചിതം. ഫ്ലാറ്റുകള്‍ , കോളനികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കമ്യൂണിറ്റി പ്ളാന്റുകളെപ്പറ്റി ചിന്തിക്കാമെങ്കിലും നേരത്തെ പറഞ്ഞപോലെ നോക്കിനടത്താന്‍ ആളില്ലെങ്കില്‍ ഗുണത്തേക്കാള്‍ ദോഷമേ അത്തരം പ്ളാന്റുകള്‍ ഉണ്ടാക്കൂവെന്നോര്‍ക്കണം.
മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു ശിക്ഷാര്‍ഹമാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്ന സന്ദര്‍ഭമായതിനാല്‍ ഇത്തരം പദ്ധതികള്‍ സ്ഥാപിക്കാതെ നിവൃത്തിയില്ലാത്ത സാഹചര്യമാണു വന്നിരിക്കുന്നത്. അതുകൊണ്ട് ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കാന്‍ ഇനി അധികം മടികാണിക്കില്ല ജനങ്ങള്‍ .സത്യം പറഞ്ഞാല്‍ വളരെ പാവപ്പെട്ടവര്‍ക്കൊഴികെ സകലര്‍ക്കും സ്വന്തം കൈയിലെ കാശു മുടക്കി ബയോഗ്യാസ് പ്ളാന്റ് സ്ഥാപിക്കാന്‍ സാധിക്കും. ചുരുങ്ങിയ കാലത്തിനകം എല്‍ പി ജിയുടെ ലാഭത്തിന്റെ രൂപത്തില്‍ മുടക്കുമുതല്‍ തിരികെ ലഭിക്കുകയും ചെയ്യും. എന്നാലും ജനങ്ങള്‍ അതു ചെയ്യില്ലെന്നതാണ് അനുഭവം. വീട്ടിലേക്കാവശ്യമുള്ള സകല സാധനങ്ങളും കടം വാങ്ങിയോ അല്ലാതെയോ സംഘടിപ്പിക്കുന്ന നാം കക്കൂസുണ്ടാക്കാനും ബയോഗ്യാസ് പ്ളാന്റുണ്ടാക്കാനും പഞ്ചായത്തിനെയോ മുനിസിപ്പാലിറ്റിയേയോ കോര്‍പ്പറേഷനെയോ നോക്കിയിരിക്കും. അതെല്ലാം അവര്‍ തരണം. അല്ലെങ്കില്‍ സബ്സിഡിയെങ്കിലും കിട്ടണം. അതുകൊണ്ട് ബയോഗ്യാസ് പ്ളാന്റുകള്‍ പ്രയോഗത്തിലാക്കാന്‍ ആദ്യഘട്ടത്തിലെങ്കിലും സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടിവരും. ആ സബ്സിഡി നിര്‍ണയിക്കാനുള്ള മാര്‍ഗം പക്ഷേ, ആക്ഷേപങ്ങളേറെയുള്ള ബിപിഎല്‍ -ഏപിഎല്‍ മാനദണ്ഡം ആകരുത്. പകരം, വീടുകളുടെ വലുപ്പവും ടാക്സും ആകണം അതിന്റെ മാനദണ്ഡം. ഉദാഹരണമായി 600 സക്വയര്‍ ഫീറ്റുവരെ വിസ്തീര്‍ണമുള്ള വീട്ടുകാരന് 90 ശതമാനം സബ്സിഡി നല്‍കാം. 2500 സ്ക്വ.ഫീ.നു മുകളില്‍ വലുപ്പമുള്ള വീടാണെങ്കില്‍ പത്തോ ഇരുപതോ ശതമാനമാക്കി സബ്സിഡി കുറയ്ക്കാം. എങ്ങനെയായാലും സബ്സിഡി നല്‍കാതെ ജനങ്ങള്‍ മുഴുവന്‍ ഇതു സ്വീകരിക്കാന്‍ ഇന്നത്തെ നിലയില്‍ ഒട്ടും സാധ്യതയില്ല.
സ്വയം മാതൃക കാണിക്കാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യണമെന്ന് ഉപദേശിക്കാന്‍ നാമെല്ലാവരും മിടുക്കരാണ്.സ്വന്തം മക്കളെ സി ബി എസ് സി-ഐ സി എസ് സി ഇങ്ഗ്ളീഷ് മീഡിയം സ്കൂളിലയച്ചു പഠിപ്പിച്ചിട്ട് മലയാളം മീഡിയം പൊതു സ്കൂളുകള്‍ സംരക്ഷിക്കാനായി സമരം ചെയ്യുന്ന അധ്യാപകരും സ്വന്തം ചികിത്സയ്ക്കും ഭാര്യയുടെ പ്രസവത്തിനും സ്വകാര്യ ആശുപത്രികളെ മാത്രം ആശ്രയിച്ചിട്ട് പൊതുജനാരോഗ്യം സംരക്ഷിക്കാനായി കൊടിപിടിക്കുകയും ചെയ്യുന്ന സര്‍ക്കാരാശുപത്രിയിലെ ജീവനക്കാരുമാണു നമ്മുടെ നാട്ടിലുള്ളത്.അത്തരക്കാര്‍ ഏത് അന്ധവിശ്വാസങ്ങളിലും മണിച്ചെയിന്‍ തട്ടിപ്പുകളിലും ആലോചനയേതും കൂടാതെ തലവച്ചുകൊടുക്കും.പക്ഷേ, ശാസ്ത്രം മുന്നോട്ടുകൊണ്ടുവരുന്ന ഏതു പുതിയ ഉപകരണത്തെയും പദ്ധതിയേയും അങ്ങേയറ്റത്തെ സംശയത്തോടെ മാത്രമേ അവരുള്‍പ്പെടെയുള്ള പൊതുജനം സമീപിക്കൂ.സംശയങ്ങളൊഴിഞ്ഞിട്ടു നേരമുണ്ടാവില്ല. എന്നാല്‍ ,വാസ്തുപ്രകാരം വീടിനൊരു തകരാറുണ്ടെന്നും അതിനാല്‍ വീടിന്റെ ഒരു ഭാഗം ഉടനെ പൊളിച്ചുമാറ്റണമെന്ന് ഏതെങ്കിലും ‘വാസ്തുവിദഗ്ധനോ’ ജ്യോതിഷിയോ പറഞ്ഞാല്‍ ‘പ്രബുദ്ധരും’ വിദ്യാസമ്പന്നരുമായ മലയാളിക്ക് ഈ സംശയവും അവിശ്വാസവും ഉണ്ടാകാറില്ല. ‘ദോഷങ്ങള്‍ ’ പോക്കാനായി പതിനായിരക്കണക്കിനു രൂപ ചെലവു വരുന്ന ഒരു ഹോമം ഉടന്‍ നടത്തണമെന്ന് ഏതെങ്കിലും ജ്യോത്സ്യന്‍ പറഞ്ഞാല്‍ അതു ചെയ്യാനും നാം രണ്ടുവട്ടം ആലോചിക്കാറില്ല. എന്നാല്‍ ബയോഗ്യാസ് പ്ളാന്റിനെപ്പറ്റി നൂറു നൂറു സംശയങ്ങളായിരിക്കും നമുക്ക് . എത്ര മറുപടി കേട്ടാലും സംശയം തീരുകയുമില്ല, പ്ളാന്റ് സ്ഥാപിക്കുകയുമില്ല. ഈ പൊതു സമീപനം മൂലമാണ് ഇപ്പോഴും മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഏറ്റവും ഫലപ്രദമായ മാര്‍ഗം ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും അന്യമായിരിക്കുന്നത്.
അതുകൂടാതുള്ള ഒരു പ്രശ്നം ഇത്തരം പദ്ധതികളുടെ പരസ്യത്തിന്റെ കുറവാണ്. പരസ്യത്തിനും മറ്റും അധികം പണം ചെലവാക്കിയാല്‍ പ്ളാന്റുകള്‍ സ്ഥാപിക്കാനുള്ള ചെലവു വര്‍ധിക്കുന്നതിനാലാവാം ബയോഗ്യാസ് പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നവര്‍ പരസ്യമൊന്നും നല്‍കാത്തത്.മാത്രമല്ല, ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കുന്ന മുഖ്യ ഏജന്‍സികള്‍ പലതും ബയോടെക്കിനെയും അനെര്‍ട്ടിനെയും പോലുള്ള സര്‍ക്കാര്‍ സ്പോണ്‍സേഡ് സംഘടനകളാണ്. അവര്‍ക്കു പരസ്യത്തിലൊന്നും വലിയ താത്പര്യം കാണില്ല. പരസ്യം ചെയ്യുന്നതിനു നൂലാമാലകള്‍ മറികടക്കേണ്ടതുമുണ്ടാകും. കാരണമെന്തുതന്നെയായിരുന്നാലും പരസ്യത്തിന്റെ കുറവാണ് ഇത്തരം പദ്ധതികള്‍ പോപ്പുലറാവാതിരിക്കുന്നതിന്റെ മുഖ്യ കാരണം എന്നു നിസ്സംശയം പറയാം.
പരസ്യം നല്‍കിയാല്‍ വിലയെത്രയായാലും ആളുകള്‍ വാങ്ങി ഉപയോഗിക്കും എന്നതിനു തെളിവാണ് സോളാര്‍ വാട്ടര്‍ ഹീറ്ററുകളുടെ വന്‍തോതിലുള്ള പ്രചാരണം. അതിനേക്കാള്‍ എത്രയോ മുന്‍പു തന്നെ പ്രചാരത്തിലുള്ള സോളാര്‍ ഹോം ലൈറ്റിങ് സിസ്റ്റം,പരസ്യത്തിന്റെ അഭാവം മൂലം ഇപ്പോഴും ആരുടെയും വീട്ടിലില്ലെന്നും ഓര്‍ക്കണം. പകരം വൈദ്യുതിച്ചെലവില്‍ ഒരു കുറവും വരുത്താത്ത, വീട്ടൂപകരണങ്ങള്‍ കേടാക്കുന്ന ഇന്‍വെര്‍ട്ടറുകളാണു നാമെല്ലാം മേടിച്ചുവച്ചിരിക്കുന്നത്. അതാണു പരസ്യത്തിന്റെ ശക്തി. പരസ്യം നല്ല തോതില്‍ നടത്തിയിരുന്നെങ്കില്‍ ഇപ്പോളുള്ളതിന്റെ ഇരട്ടിവിലയിട്ടാലും ആളുകളെല്ലാവരും പണ്ടേ ബയോഗ്യാസിന്റെ ഗുണഭോക്താക്കളായി മാറിയേനെ.
ബയോഗ്യാസ് പ്ളാന്റുകള്‍ തന്നെയാണ് കക്കൂസ് മാലിന്യം സംസ്കരിക്കാനുള്ള ശാസ്ത്രീയമായ മാര്‍ഗവും. സെപ്റ്റിക് ടാങ്കുകളോ റിങ് കക്കൂസുകളോ കേരളത്തില്‍ , വിശേഷിച്ച് ജനസാന്ദ്രമായ പ്രദേശങ്ങളില്‍ ഒട്ടും ആശാസ്യമല്ല. കിണറുകളിലെയും കുളങ്ങളിലെയും ജലം മലിനമാക്കുന്നതില്‍ ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സെപ്റ്റിക് ടാങ്കിനു പകരം ഓരോ വീട്ടിലും ഓരോ ബയോഗ്യാസ് പ്ളാന്റ് സ്ഥാപിക്കയാണെങ്കില്‍ പാചകാവശ്യത്തിനായി മാസാമാസം വിലകൂടിയ എല്‍ പി ജി വാങ്ങേണ്ടിവരുന്ന, ഭൂഗര്‍ഭജലം മലിനമാകുന്ന, കക്കൂസ് മാലിന്യം വഴിയില്‍ തള്ളേണ്ട സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. ശബരിമല, ചോറ്റാനിക്കര പോലെ കോടിക്കണക്കിനു ഭക്തര്‍ വന്നുപോകുന്ന ആരാധാലയങ്ങളിലെയും മാലിന്യ നിര്‍മാര്‍ജനത്തിനും ഈയൊരു മാര്‍ഗം തന്നെയാണു സ്വീകരിക്കേണ്ടത്. അവിടെയെല്ലാം തികച്ചും സൌജന്യമായി, സ്പോണ്‍സര്‍ഷിപ്പില്‍ പ്ദ്ധതികള്‍ സ്ഥാപിക്കാനാവും. ശാസ്ത്രബോധവും ഇച്ഛാശക്തിയുമുള്ള ഭരണാധികാരികള്‍ക്ക് വളരെ ലളിതമായും കാര്യക്ഷമമായും നടപ്പാക്കാവുന്നതേയുള്ളൂ അത്തരം പദ്ധതികള്‍ .

Friday, July 15, 2011

ജാതി സെന്‍സസ് ഇങ്ങനെ ആവരുത്‌

ഡോ. എം. വിജയനുണ്ണി ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തിലെഴുതിയ ലേഖനമാണിത്.


ഇപ്പോള്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന ജാതി സെന്‍സസ് സാമൂഹിക, സാമ്പത്തിക വിവരങ്ങളൊന്നും ശേഖരിക്കാന്‍ പര്യാപ്തമാവില്ല.ജാതി സംബന്ധമായ സമ്പൂര്‍ണ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ല. ഇത് ഉപേക്ഷിച്ച് 1948-ലെ സെന്‍സസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ സെന്‍സസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ജാതി സെന്‍സസ് നടത്താനുള്ള പഴയ തീരുമാനം നടപ്പാക്കണം



രാജ്യത്ത് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ (ബി.പി.എല്‍. ) കണക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓരോ പഞ്ചവത്സര പദ്ധതിയോടനുബന്ധിച്ചും സര്‍വേ നടത്താറുണ്ട്. സംസ്ഥാന സര്‍ക്കാറുകള്‍ വഴിയാണിതു നടത്താറുള്ളത്. കേന്ദ്രം ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന 'സാമൂഹിക-സാമ്പത്തിക, ജാതി സെന്‍സസ്' മേല്‍പ്പറഞ്ഞ ബി.പി.എല്‍. കണക്കെടുപ്പില്‍ കവിഞ്ഞൊന്നുമല്ല എന്നതാണ് യാഥാര്‍ഥ്യം. 'സാമൂഹിക-സാമ്പത്തിക, ജാതി സെന്‍സസ്' എന്ന ഗംഭീരമായ പേരിനോടു നീതി പുലര്‍ത്താന്‍ ആ പ്രക്രിയയ്ക്ക് സാധിക്കുമെന്നു തോന്നുന്നില്ല. ദാരിദ്ര്യത്തിന്റെ കണക്കുകള്‍ക്കപ്പുറം സാമൂഹിക-സാമ്പത്തിക വിവരങ്ങളൊന്നും ശേഖരിക്കാന്‍ അതുവഴി സാധിക്കുമെന്നു കരുതാനാവില്ല. ഈ പ്രക്രിയയിലൂടെ ശേഖരിക്കുന്ന ജാതിസംബന്ധമായ വിവരങ്ങള്‍ക്കാവട്ടെ ഒരു ദേശീയ സെന്‍സസ്സിന്റെ ആധികാരികതയോ കൃത്യതയോ ഉറപ്പുവരുത്താനുമാവില്ല. 1948-ലെ സെന്‍സസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സെന്‍സസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നതാണു ദേശീയ സെന്‍സസ്. ജാതിസംബന്ധമായ ഒരു അഖിലേന്ത്യാ കണക്കെടുപ്പ് ദേശീയ സെന്‍സസ്സിലൂടെയാണ് നടത്തപ്പെടേണ്ടത്.

ജാതിസംബന്ധമായ ഏതുതരം വിവരശേഖരമാണ് ഇപ്പോഴത്തെ കണക്കെടുപ്പിലൂടെ രൂപപ്പെടുത്തുകയെന്ന് വ്യക്തമാക്കാനോ അതു തയ്യാറാക്കുന്നതിന് ഒരു സമയക്രമം പ്രഖ്യാപിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സെന്‍സസ്സില്‍നിന്ന് ജാതിവിവരങ്ങള്‍ ശേഖരിക്കാന്‍ ഗൗരവപൂര്‍ണമായ നീക്കമാണ് നടത്തുന്നതെങ്കില്‍ അങ്ങനെ ചെയ്യേണ്ടിയിരുന്നു. ദേശീയ സെന്‍സസ്സിലാവട്ടെ ഇത്തരം വിവരങ്ങള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കാറുണ്ട്.


വികലമായ ചോദ്യാവലി


ഇപ്പോഴത്തെ കണക്കെടുപ്പിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം തയ്യാറാക്കിയിട്ടുള്ള ചോദ്യാവലിയിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഒരു കാര്യം വ്യക്തമാവും. ജാതിസംബന്ധമായ ശരിയും സമ്പൂര്‍ണവുമായ വിവരശേഖരണത്തിന് അതു പര്യാപ്തമല്ല എന്നതാണത്.
ജാതി രേഖപ്പെടുത്താന്‍ രണ്ട് കോളങ്ങളാണുള്ളത്. ആദ്യകോളത്തില്‍ നാലു വിഭാഗങ്ങളാണുള്ളത്. പട്ടികജാതി, പട്ടികവര്‍ഗം, മറ്റുള്ളവര്‍, ജാതിയില്ല എന്നിങ്ങനെയാണവ. ആദ്യ മൂന്നു വിഭാഗങ്ങളില്‍പ്പെട്ടവര്‍ രണ്ടാമത്തെ കോളത്തില്‍ ജാതിയേതെന്നു വ്യക്തമാക്കണം.

ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാവുന്നു. ഈ ഗണനരീതിയനുസരിച്ച് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും വ്യക്തമായി വിവരിക്കാന്‍ വയ്യാത്തതും അര്‍ഥശങ്ക ഉണ്ടാക്കുന്നതുമായ 'മറ്റുള്ളവര്‍' എന്ന മൂന്നാം വിഭാഗത്തിലാണുള്‍പ്പെടുക ( ജനസംഖ്യയുടെ നാലില്‍ മൂന്നും രാജ്യത്തെ ജാതികളുടെ അഞ്ചില്‍ നാലും ഇതില്‍പ്പെടും ) . ഇതു ജാതിവിവരശേഖരണത്തിന്റെ ഊന്നല്‍ നഷ്ടപ്പെടാനിടയാക്കുമെന്നു നിസ്സംശയം പറയാം. രണ്ടാംകോളത്തില്‍ യഥാര്‍ഥ ജാതിപ്പേരു രേഖപ്പെടുത്തുന്നതില്‍ എന്യൂമറേറ്റര്‍മാര്‍ ഉപേക്ഷ കാട്ടാനും സാധ്യതയേറെ.പട്ടികജാതി, വര്‍ഗങ്ങളില്‍പ്പെട്ടവരുടെ കണക്കെടുപ്പ് ഇക്കഴിഞ്ഞ ദേശീയ സെന്‍സസ്സില്‍ പൂര്‍ത്തിയായതാണ്. ആ നിലയ്ക്ക്, സമ്പൂര്‍ണമായ ഒരു ജാതി സെന്‍സസ്സിന് ഉതകുന്ന രീതിയോ സമീപനമോ അല്ല മേല്‍വിവരിച്ചത് എന്നു കാണാന്‍ വിഷമമില്ല.

ആദ്യ വിഭാഗങ്ങളുടെ അത്ര തന്നെ പ്രാധാന്യത്തോടെയാണ് 'ജാതിയില്ല' എന്ന നാലാം വിഭാഗത്തെയും ചോദ്യാവലിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുമൂലം ഈ വിഭാഗത്തില്‍ തങ്ങളെ വാസ്തവമില്ലാതെ അടയാളപ്പെടുത്തുന്നവരുടെ എണ്ണം കൂടാനിടയുണ്ട്. ഇതാവട്ടെ ജാതിസംബന്ധമായ യഥാര്‍ഥ വിവരശേഖരണത്തെ അട്ടിമറിക്കും എന്നു പ്രത്യേകം പറയേണ്ട കാര്യവുമില്ല. ആവശ്യമാണെങ്കില്‍മാത്രം ജാതിയില്ല എന്ന് രേഖപ്പെടുത്താന്‍ അവസരം നല്‍കിയാല്‍ മതിയായിരുന്നു. ഒരു വിഭാഗമായി ഇവരെപ്പെടുത്തേണ്ടിയിരുന്നില്ല.

എവിടെ ഉപജാതി?



യഥാര്‍ഥ ജാതിപ്പേരു ചേര്‍ക്കാന്‍ ഒരു ഉപകോളം മാത്രമേയുള്ളൂ. ജാതിപ്പേരിനെക്കുറിച്ചു വിശദീകരിക്കാനോ ഉപജാതിയുടെ പേരു രേഖപ്പെടുത്താനോ ഇടമില്ല. ഇവിടെ ഒരു പ്രശ്‌നമുദിക്കാം. നായര്‍ എന്നോ പണിക്കര്‍ എന്നോ മറ്റോ ഉള്ള ജാതികള്‍ മുന്നാക്കമോ പിന്നാക്കമോ ആവാം. വിവരം വേര്‍തിരിക്കുന്നതിനിടയില്‍ ഇവരെ എവിടെപ്പെടുത്തുമെന്ന സംശയം വിവരം തെറ്റായി രേഖപ്പെടുത്തുന്നതിന് ഇടയാക്കും. അവ്യക്തമായോ അപൂര്‍ണമായോ ജാതിവിവരം ചേര്‍ക്കുന്നതുവഴി ഈ കണക്കെടുപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍തന്നെയാണു കാറ്റില്‍പ്പറക്കുക.

റദ്ദാക്കേണ്ട പ്രക്രിയ


മൂന്നാഴ്ചയെന്ന ചുരുങ്ങിയ കാലയളവിനുള്ളില്‍ കര്‍ശനമായ മേല്‍നോട്ടത്തിന്‍കീഴില്‍ പൂര്‍ത്തിയാക്കപ്പെടുന്നതാണ് ദേശീയ സെന്‍സസ്. ഇപ്പോഴത്തെ ഈ അഴകൊഴമ്പന്‍ കണക്കെടുപ്പാവട്ടെ ഡിസംബര്‍ വരെ നീളുന്ന ആറുമാസത്തെ ഏര്‍പ്പാടാണ്. പ്രക്രിയയുടെ വിജയാപജയങ്ങള്‍ നിര്‍ണയിക്കാന്‍ അത്രയും താമസം നേരിടും. അറിഞ്ഞുവരുമ്പോഴേക്കും തിരുത്തല്‍ അസാധ്യവുമാവും.
ഇക്കഴിഞ്ഞ ജൂണ്‍ 29ന് ഒരൊറ്റ സംസ്ഥാനത്താണ് ഈ പ്രക്രിയ ആരംഭിച്ചിട്ടുള്ളത്. ആദ്യ മാസങ്ങളില്‍ കാര്യമായൊന്നും നടക്കാനിടയില്ല. വലിയ സംസ്ഥാനങ്ങളില്‍ ഫ്ര ഫീല്‍ഡ്' ജോലികള്‍ അവസാനത്തെ മൂന്നോ നാലോ മാസങ്ങളിലേ ഉണ്ടാവാനിടയുള്ളൂ.

24 ലക്ഷം എന്യൂമറേഷന്‍ ബ്ലോക്കുകളിലായി കമ്പ്യൂട്ടറുകള്‍ എത്തിക്കാനോ അവയില്‍ മുന്‍കൂര്‍ വിവരങ്ങള്‍ ചേര്‍ക്കാനോ തുടങ്ങിയിട്ടില്ല. കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ ഇത്രയും വിപുലമായ വിവരശേഖരണം നടത്തുന്നതിലെ വിജയസാധ്യതയും ഉറപ്പാക്കപ്പെട്ടിട്ടില്ല. അങ്കണവാടി ജീവനക്കാരെയും ഗ്രാമീണ തൊഴില്‍ദാന പദ്ധതിയിലെ ജോലിക്കാരെയുമാണ് 'ഫീല്‍ഡ് ' ജോലികള്‍ ഏല്‍പ്പിക്കുന്നത്.

എല്ലാംകൂടി കണക്കിലെടുക്കുമ്പോള്‍, ഈ പ്രക്രിയ പരാജയപ്പെടുമെന്നുതന്നെ വിവരമുള്ളവര്‍ തറപ്പിച്ചുപറയും. ഒടുവില്‍ ഇതിന്റെ പഴി സംസ്ഥാനസര്‍ക്കാറുകള്‍ക്കുമേല്‍ കെട്ടിവെച്ചു കേന്ദ്രം തടിയൂരും. വെറുതെ കുറെ പണവും സമയവും പാഴാവുമെന്നല്ലാതെ ജാതിക്കണക്കുകളൊന്നും കാര്യമായി കിട്ടുകയില്ല. ജാതി സെന്‍സസ്സും ദാരിദ്ര്യ സര്‍വേയും കൂട്ടിക്കെട്ടുന്ന ഈ പരിപാടി എത്രയും പെട്ടെന്നു പിന്‍വലിക്കുകയാണു കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. 1948-ലെ സെന്‍സസ് നിയമത്തിന്റെ അടിസ്ഥാനത്തിലും സെന്‍സസ് കമ്മീഷണറുടെ മേല്‍നോട്ടത്തിലും ജാതി സെന്‍സസ് നടത്താനുള്ള കേന്ദ്ര മന്ത്രിസഭയുടെ പഴയ തീരുമാനം നടപ്പാക്കണം. അടുത്ത ഫിബ്രവരിയിലാവട്ടെ അത്. പൊതുവെ സെന്‍സസ് നടത്തുന്ന മാസം അതാണല്ലോ.

( മുന്‍ കേന്ദ്ര സെന്‍സസ് കമ്മീഷണറും രജിസ്ട്രാര്‍ ജനറലുമാണ് ലേഖകന്‍

Monday, April 25, 2011

എയ്ഡഡ് മേഖലയും ദലിത് സംവരണവും

എയ്ഡഡ് വിദ്യാഭ്യാസ മേഖല ഒരര്‍ഥത്തില്‍ സര്‍ക്കാര്‍ സര്‍വീസ് തന്നെയാണ്.മാനേജ്മെന്റുകള്‍ നിയമിക്കുന്ന ജീവനക്കാര്‍ക്ക് ശംബളവും മറ്റാനുകൂല്യങ്ങളും സര്‍ക്കാര്‍ ഖജനാവില്‍ നിന്നു നല്‍കുന്ന 'സോഷ്യലിസ'മാണവിടെ. വര്‍ഷം തോറും പൊതുഖജനാവില്‍ നിന്ന് കോടിക്കണക്കിനു രൂപയാണ് ഈയിനത്തില്‍ മാത്രം ഈ മേഖലയിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ കുടുംബങ്ങളിലെത്തുന്നത്. സുറിയാനി- നായര്‍ - മുസ്ലിം - ഈഴവ വിഭാഗങ്ങള്‍ക്കാണ് ഈ മേഖലയില്‍ സ്കൂളുകളും കോളെജുകളും ഉള്ളത്. ഭൂരിപക്ഷവും സുറിയാനി ക്രിസ്ത്യാനികളുടെ കൈവശം.(അതിന്റെ ചരിത്രപരമായ കാരണങ്ങളെ വിസ്മരിക്കുന്നില്ല). സ്വാഭാവികമായും ഈ പണം ഭൂരിപക്ഷവും ഈ മാനേജ്മെന്റുകളുടെ സമുദായക്കാരിലേക്കാണു പോകുന്നതെന്നു പറയേണ്ടതില്ലല്ലോ. സര്‍ക്കാര്‍ പണം കൊണ്ടു നടത്തുന്ന മറ്റെല്ലാ മേഖലകളിലും സംവരണം, വിശേഷിച്ച് പട്ടിക ജാതി/പട്ടിക വര്‍ഗ ജനതക്ക് , ഉള്ളപ്പോള്‍ എയ്ഡഡ് മേഖലയില്‍ സംവരണമില്ല. കനത്ത ശംബളം വാങ്ങുന്ന കോളെജുകളില്‍ യുജിസിയുടെ സ്പഷ്ടമായ നിര്‍ദേശമുണ്ടായിട്ടുപോലും സംവരണം പാലിക്കുന്നില്ല. തന്മൂലം ഉന്നത വിദ്യാഭ്യാസം നേടിയ ദലിതര്‍ക്ക് മികച്ച കരിയര്‍ ലഭിക്കാനുള്ള അവസരം നഷ്ടമാകുന്നു. കഴിഞ്ഞ കുറേ നാളുകളായി ദലിത് ഉദ്യോഗാര്‍ഥികള്‍ ഈ അവസര നിഷേധത്തിനെതിരെ സമരവും കേസും പ്രചാരണങ്ങളുമായി രംഗത്തുണ്ട്. ഈ വിഷയത്തില്‍ മികച്ച ഒരു പഠനം തന്നെ അവര്‍ നടത്തിക്കഴിഞ്ഞു.ഹൈക്കോടതിയില്‍ നിന്ന് ഈ വിഷയത്തില്‍ സ്റ്റേയും അവര്‍ സമ്പാദിച്ചിട്ടുണ്ട്. സാമൂഹിക നീതിക്കുവേണ്ടിയുള്ള തികച്ചും ന്യായമായ അവരുടെ ഈ പോരാട്ടത്തെ പിന്തുണക്കാന്‍ മനുഷ്യ സ്നേഹികള്‍ മുഴുവന്‍ തയ്യാറാകേണ്ടതാണ്.
ഇതു സംബന്ധമായി മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്തയാണു താഴെ. ഈ ലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പിലും ഇതു സംബന്ധമായി ഒരു ലേഖനം വന്നിട്ടുണ്ട്.





ദലിത് ജനതയുടെ മഹത്തായ ഈ പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആക്ഷന്‍ ഫോര്‍ സോഷ്യല്‍ ഈക്വാലിറ്റി നടത്തുന്ന പ്രചാരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററാണു താഴെ:

Tuesday, March 15, 2011

അതേ അധ്യാപകരും അതേ വിദ്യാര്‍ഥികളും

BEHOLD her, single in the field,
Yon solitary Highland Lass!
Reaping and singing by herself;
Stop here, or gently pass!
Alone she cuts and binds the grain,
And sings a melancholy strain;
O listen! for the Vale profound
Is overflowing with the sound.
No Nightingale did ever chaunt
More welcome notes to weary bands
Of travellers in some shady haunt,
Among Arabian sands:
A voice so thrilling ne'er was heard
In spring-time from the Cuckoo-bird,
Breaking the silence of the seas
Among the farthest Hebrides.
Will no one tell me what she sings?—
Perhaps the plaintive numbers flow
For old, unhappy, far-off things,
And battles long ago:
Or is it some more humble lay,
Familiar matter of to-day?
Some natural sorrow, loss, or pain,
That has been, and may be again?
Whate'er the theme, the Maiden sang
As if her song could have no ending;
I saw her singing at her work,
And o'er the sickle bending;—
I listen'd, motionless and still;
And, as I mounted up the hill,
The music in my heart I bore,
Long after it was heard no more.

     ഇംഗ്ലീഷ് റൊമാന്റിക് കവി വില്യം വേഡ്സ് വേസിന്റെ(William Wordsworth 1770–1850)ന്റെ Solitary Reaper(ഏകാകിയായ കൊയ്ത്തുകാരി )എന്ന പ്രസിദ്ധമായ കാവ്യ(poem)മാണ് മുകളില്‍ ഉദ്ധരിച്ചു ചേര്‍ത്തിരിക്കുന്നത്.ഈ ലേഖകന്‍ അതു പ്രീഡിഗ്രിക്കു പഠിച്ചതാണ്(1981-83). ഇന്നും ആ കവിത മനസ്സില്‍ നിന്നു പോയിട്ടില്ല.മാല്യങ്കര(മൂത്തകുന്നം) എസ് എന്‍ എം കോളെജില്‍ ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അധ്യാപികയും വൈപ്പിനില്‍ ഞങ്ങള്‍ക്ക് ഇംഗ്ലീഷ് ട്യൂഷന്‍ എടുത്തിരുന്ന, ഇന്ന് ഒരു പ്രസിദ്ധ ദിനപത്രത്തില്‍ സബ് എഡിറ്ററായി ജോലി നോക്കുന്ന അന്നത്തെ ട്യൂഷന്‍ മാസ്റ്ററും ആ കാവ്യം അത്ര നന്നായാണു പഠിപ്പിച്ചിരുന്നത്. എന്നാല്‍ ഇരുകൂട്ടരും അതിലെ Among the farthest Hebrides എന്ന വരിയിലെ Hebrides എന്ന വാക്ക്(ഒരു സ്ഥലപ്പേരാണത്) ഹെബ്രൈഡ്സ് എന്നു തെറ്റായാണ് ഉച്ചരിച്ചിരുന്നത്.വാസ്തവത്തില്‍ പ്രാസം ഒപ്പിച്ചുള്ള ആ കാവ്യത്തില്‍ ഹെബ്രൈഡ്സ് എന്ന ഉച്ചാരണം ചേരില്ലായിരുന്നു. അതിനു മുന്നിലത്തെ വരിയായ Breaking the silence of the seas എന്നത് അവസാനിക്കുന്നത് സീസ് എന്നാണ്. അതനുസരിച്ച് Hebrides ന്റെ അവസാനം ഡീസ് എന്നാകാനാണു സാധ്യത. പക്ഷേ അക്കാര്യമൊന്നും ആ അധ്യാപകരോ ക്ലാസിലെ മറ്റു വിദ്യാര്‍ത്ഥികളോ ശ്രദ്ധിച്ചതായി തോന്നിയില്ല. തന്മൂലം ആ പദത്തിന്റെ ശരിയായ ഉച്ചാരണം എന്തെന്ന് അന്വേഷിക്കാന്‍ അവരാരും താത്പര്യവും കാണിച്ചില്ല. എനിക്കു പക്ഷേ അതിലൊരു അന്വേഷണ കൌതുകം തോന്നി. അങ്ങനെ ആ വാക്കിന്റെ ശരിയായ ഉച്ചാരണം എന്തെന്ന് അന്വേഷിക്കാനായി ശ്രമം തുടങ്ങി.ഇന്നത്തെ പോലെ ഇന്റര്‍നെറ്റൊന്നും ലഭ്യമല്ലല്ലോ.അതുകൊണ്ട് പലരോടും അന്വേഷിച്ചു. നിഘണ്ടുക്കള്‍ പരതി.ആര്‍ക്കും കൃത്യമായി അറിയില്ലായിരുന്നു അതിന്റെ ഉച്ചാരണം.ഊഹിച്ച് പലരും പല ഉച്ചാരണങ്ങളും പറഞ്ഞെങ്കിലും ശരിയായ ഉച്ചാരണം അതിലൊന്നും ഇല്ലായിരുന്നു. സ്ഥലപ്പേരായാതിനാല്‍ ഒട്ടുമിക്ക ഡിക്ഷനറിയിലും ആ പദം ഉണ്ടായിരുന്നുമില്ല. അക്കാലത്ത് എന്റെ സുഹൃത്തിന് അദ്ദേഹത്തിന്റെ സഹോദരി, തൊഴിലില്ലായ്മാ വേതനം കിട്ടിയപ്പോള്‍ ഒരു ഇംഗ്ലീഷ്-ഇംഗ്ലീഷ് നിഘണ്ടു വാങ്ങിക്കൊടുത്തിരുന്ന കാര്യം ഓര്‍മ വന്നു. Chambers Universal Learners Dictionary ആയിരുന്നു ആ നിഘണ്ടു. (അന്നതിന് 40 രൂപയായിരുന്നു വില. ഇന്നതു ലഭ്യമല്ല). വളരെ സിമ്പിളാണ് ആ നിഘണ്ടു. വിദ്യാര്‍ഥികള്‍ക്ക് വളരെ എളുപ്പം ഉപയോഗിക്കാവുന്നതാണത്. എല്ലാ വാക്കിന്റെയും അര്‍ഥം, ഉച്ചാരണത്തോടൊപ്പം  വാക്യത്തിലും പ്രയോഗിച്ചു കാണിച്ചിരിക്കും. ആ ഡിക്ഷനറി നോക്കി.ഭാഗ്യത്തിന് അതില്‍ ഈ Hebrides എന്ന വാക്കിന്റെ ഉച്ചാരണം നല്‍കിയിട്ടുണ്ടായിരുന്നു. ഹെബ്രിഡീസ് എന്നായിരുന്നു ആ ഉച്ചാരണം. ഹെബ്രിഡീസ് എന്ന ഉച്ചാരണം വരുമ്പോള്‍ പ്രാസവും ശരിയാകുന്നുണ്ട്. മുകളില്‍ സീസ് , താഴെ ...ഡീസ് . ഉച്ചാരണം മനസ്സിലാക്കിയെങ്കിലും അന്നത് അധ്യാപകരോടു പറയാന്‍ എനിക്കു ധൈര്യമില്ലായിരുന്നു. തങ്ങളെ പഠിപ്പിക്കാന്‍ ഒരു വിദ്യാര്‍ഥി വളര്‍ന്നോ എന്ന് അവര്‍ കരുതിയെങ്കിലോ എന്നൊരാശങ്കയായിരുന്നു .ഇന്നും ആ അവസ്ഥയ്ക്ക് മാറ്റമൊന്നും വന്നിട്ടില്ലെന്ന് എന്റെ മകളുടെ അനുഭവം പഠിപ്പിക്കുന്നു.

    ഇന്ന് ഏതു ഭാഷയിലെ ഏതു പദമായാലും സ്ഥലപ്പേരായാലും വ്യക്തികളുടെ പേരായാലും ഉച്ചാരണം കൃത്യമായറിയാന്‍ ഇന്റര്‍നെറ്റില്‍ പരതേണ്ട താമസം മാത്രമേയുള്ളൂ. കേട്ടും കണ്ടും പഠിക്കാനുള്ള സൌകര്യങ്ങള്‍ പലമടങ്ങു വര്‍ധിച്ചു. എന്നാല്‍ അധ്യാപകര്‍ പഴയതില്‍ നിന്നു മാറിയോ? മാറിയിട്ടില്ല എന്നതാണ് ഖേദകരമായ സത്യം.  Solitary Reaper ഇപ്പോള്‍ പത്താം ക്ലാസില്‍ എന്റെ മകള്‍ പഠിക്കുകയാണ്. അവള്‍ ആ കാവ്യം ചൊല്ലുന്നതു കേട്ടപ്പോഴാണ് അധ്യാപകര്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നു മനസ്സിലായത്. ഹെബ്രൈഡ്സ് എന്നു തന്നെയാണ് മോളും ചൊല്ലിയത്. ഞാന്‍ അവളെ തിരുത്തിയെങ്കിലും കുട്ടിക്ക് അതംഗീകരിക്കാന്‍ ഒരു മടി. ഉടനെ ഞാന്‍ നെറ്റില്‍ ആ കാവ്യം ചൊല്ലുന്നതിന്റെ വിവിധ സൈറ്റുകള്‍ എടുത്ത്  കേള്‍പ്പിച്ചു കൊടുത്തു. എല്ലാത്തിലും ഹെബ്രിഡീസ് എന്നു തന്നെ ഉച്ചരിക്കുന്നതു കേട്ടപ്പോളാണ് കുട്ടിക്ക് പൂര്‍ണ വിശ്വാസമായത്. (ആ സൈറ്റുകളിലൊന്ന് ഇവിടെ കൊടുക്കുന്നു. ഈ ലിങ്കില്‍ ക്ലിക്കി വായനക്കാര്‍ക്കും ആ കാവ്യം കേള്‍ക്കാം).

ശരിയായ ഉച്ചാരണം എന്തെന്നു കുട്ടിക്കു ബോധ്യപ്പെട്ടെങ്കിലും അവളും അധ്യാപകരോട് അക്കാര്യം പറയാന്‍ തയ്യാറല്ലെന്നാണ് അറിയിച്ചത്.അധ്യാപകരെ തിരുത്താനുള്ള ധൈര്യം ഇന്നത്തെ കുട്ടിക്കും ഇല്ലെന്നര്‍ഥം.എന്തുകൊണ്ടാണ് കുട്ടികള്‍ ഇപ്പോഴും അധ്യാപകരെ ഇങ്ങനെ ഭയക്കുന്നത്? കാല്‍ നൂറ്റാണ്ടിനു മുന്‍പത്തെ അഥവാ അതിനും മുന്‍പത്തെ മാനസിക നിലയില്‍ തന്നെയാണ് ഇപ്പോഴും അധ്യാപകര്‍(കുട്ടികളും) എന്നാണോ ഇതു സൂചിപ്പിക്കുന്നത്?
ഇന്റര്‍നെറ്റ് പോലുള്ള ആധുനിക ഉപാധികള്‍ തങ്ങളുടെ കരിയര്‍ മികവുറ്റതാക്കാന്‍ അധ്യാപകര്‍ ഉപയോഗിച്ചുതുടങ്ങുന്നത് ഇനി എന്നാണ്? കുട്ടികള്‍ അധ്യാപകരോട് സത്യസന്ധമായി ഇടപെടുന്നത് ഇനി എന്നാണ്? അതിന് അവരെ അധ്യാപകര്‍ എന്നെങ്കിലും ഒരുക്കുമോ?
(അധ്യാപകരെ ഇവിടെ പരാമര്‍ശിച്ചതു കൊണ്ട് മറ്റു ജോലിയിലുള്ളവരെല്ലാം അവരവരുടെ ജോലികളില്‍ തികച്ചും 'പെര്‍ഫെക്റ്റാ'ണെന്നോ എല്ലാ അധ്യാപകരും ഇത്തരക്കാരാണെന്നോ അര്‍ഥമാക്കുന്നില്ല.ഇത് ഒരു സൃഷ്ടിപരമായ വിമര്‍ശനം മാത്രമാണ്.)

Saturday, February 19, 2011

ചെറായി രാമദാസും ബ്ലോഗിലേക്ക്

 ഗവേഷകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആയ ചെറായി രാമദാസ് ബ്ലോഗിലേക്കു കടന്നുവന്നിരിക്കുന്നു. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ സംബന്ധിച്ച് ഒട്ടേറെ പഠനങ്ങള്‍ നടത്തുകയും എഴുതുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ലേഖനം ഇന്നത്തെ (19/02/2011)മാധ്യമം ദിനപ്പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ലേഖനത്തിന്റെ കൈയെഴുത്തുപ്രതിയുടെ ഫോട്ടോ ബ്ലോഗിലുമുണ്ട്. ചെറായി രാമദാസിന് ബൂലോകത്തേക്ക് സ്വാഗതം. 
ചെറായി രാമദാസ്

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെപ്പറ്റി വാദിക്കാന്‍ എം.ജി. രാധാകൃഷ്ണന്‍ ആധാരമാക്കിയത്  ടി. വേണുഗോപാലന്റെ 'രാജ്യദ്രോഹിയായ രാജ്യസ്‌നേഹി'യെ മാത്രമാണ് (മാധ്യമം, 20.12.10). മറ്റുള്ളവരുടെ ഒറ്റ രചനയും അദ്ദേഹം ഗൗനിക്കില്ല. 13 കൊല്ലമായി ഞാന്‍ പത്ത് പത്രങ്ങളും രണ്ട് പുസ്തകങ്ങളും വഴി തുറന്നുകാട്ടുന്നത് ടി പുസ്തകത്തെയാണെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ലെന്നുണ്ടോ! പിള്ളക്ക് അയ്യങ്കാളി എഴുതിയത് എന്ന വ്യാജേന വേണുഗോപാലന്‍ തന്റെ കപട ഗവേഷണ ഗ്രന്ഥത്തില്‍ (പ്രസാ: കേരള പ്രസ് അക്കാദമി, 1996) ചേര്‍ത്ത ഒരു കത്തിന്റെ ഭാഗം പകര്‍ത്തിയാണ് രാധാകൃഷ്ണന്‍ ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്. ഇത് വേണുഗോപാലന്‍ ചമച്ച കള്ളക്കത്താണെന്ന് ഒട്ടേറെ തെളിവുകളോടെ ഞാന്‍ വായനക്കാരെ അറിയിച്ചിട്ട് കൊല്ലം എട്ടാകുന്നു (പച്ചക്കുതിര, 2003 ഏപ്രില്‍-ജൂണ്‍, വായന, 2004 ഒക്‌ടോ.)

ജീവിതകാലത്തുണ്ടായ അധഃസ്ഥിത മുന്നേറ്റങ്ങളെ മുച്ചൂടും എതിര്‍ത്തയാളാണ് പിള്ളയെന്ന് 'നിരൂപണത്തിന്റെ ജാതി'യും (പച്ചക്കുതിര, 2006 ഏപ്രില്‍) 'സ്തുതിപാഠകരുടെ സ്വദേശാഭിമാനി'യും (അയ്യങ്കാളിക്ക് ആദരത്തോടെ, 2009, പേ. 196-206) വായിച്ചിരുന്നെങ്കില്‍ മനസ്സിലായേനെ. ജാതിമനസ്‌കനായ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ 'കവിഭാരത'ത്തിനെതിരെ 'കവി രാമായണ' യുദ്ധം നയിച്ച മൂലൂര്‍ പത്മനാഭപ്പണിക്കര്‍ എന്ന ഈഴവ കവിയെ 'മരംകേറി'യാക്കിയത്, 'ബാലാകലേശവാദ'ത്തില്‍ പണ്ഡിറ്റ് കെ.പി. കറുപ്പനെ തണ്ടു ചാണ്ടുന്ന വാലനാക്കിയത് (കേരളോദയം വാരിക, 1915 മാര്‍ച്ച് 9, 16, 23), ദലിത് കുട്ടികള്‍ക്ക് പോത്തിന്റെ ഗ്രഹണപാടവമേയുള്ളൂ എന്നു തോന്നിക്കുന്ന മുഖപ്രസംഗം എഴുതിയത്, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളത്തില്‍ സവര്‍ണ കാഴ്ചക്കാര്‍ മാത്രമുള്ളിടത്ത് നായര്‍ സ്ത്രീകള്‍ മാറുമറയ്ക്കാതെ നടന്നാലും ദലിതരും മറ്റും നില്‍ക്കുന്നിടത്ത് അത് പാടില്ലെന്ന് മുഖപ്രസംഗം എഴുതിയത് (കേരള പഞ്ചിക, 1077 കന്നി) തുടങ്ങി പലതുമുണ്ട് പിള്ളയുടെ പ്രാകൃത മനസ്സിന്റെ ഉപോല്‍പന്നങ്ങളായി.

നിക്ഷിപ്ത താല്‍പര്യക്കാരാണ് പിള്ളയെ എതിര്‍ത്തതെന്നു പറയുന്നയാള്‍, പിള്ളയെ എതിര്‍ത്ത മൂലൂരും കറുപ്പനും അയ്യങ്കാളിയും (പ്രജാസഭാ പ്രസംഗം, 29.2.1916) ടി ഗണത്തില്‍തന്നെ പെടുമെന്നല്ലേ അര്‍ഥമാക്കുന്നത്? ജീവിതകാലത്തുണ്ടായ ഒരൊറ്റ പുരോഗമന കേരളീയ സാമൂഹികചലനത്തെയും പിള്ള അനുകൂലിച്ചില്ല. തിരുവനന്തപുരത്ത് നാടകം കളിച്ച തമിഴ് നടി ബാലാമണിയെയും സംഘത്തെയും ആട്ടിയോടിക്കാന്‍ പിള്ള ഒരു മുഖപ്രസംഗംതന്നെ എഴുതി (സ്വദേശാഭിമാനി, 24.8.1906)! ഇതിനും നാലു കൊല്ലം മുമ്പ് 'കേരളപഞ്ചിക' പത്രാധിപനായിരുന്നപ്പോള്‍ പിള്ള 'ഭാര്യാധര്‍മം' എന്ന തലക്കെട്ടില്‍ വ്യാഖ്യാനിച്ച വാത്സ്യായന സൂത്രങ്ങളും കാണേണ്ടതുതന്നെ (തിരുവനന്തപുരം നേറ്റീവ്  പ്രസ്, 1077). ഭര്‍ത്താവിനോട് ഭക്തയായിരിക്കണം ഭാര്യ എന്നാണതില്‍ സ്ഥാപിച്ചിരിക്കുന്നത്!

ഇനി കുപ്രസിദ്ധ അപ്പാര്‍തീഡ് മുഖപ്രസംഗങ്ങള്‍ നോക്കാം. ഡോ. കെ.എസ്. രാധാകൃഷ്ണന്റെ 'അഡോള്‍ഫ് ഹിറ്റ്‌ലറും സ്വദേശാഭിമാനിയും' എന്ന ലേഖനമാണ് (മാധ്യമം, 7.12.10) എം.ജി. രാധാകൃഷ്ണന്റെ വിമര്‍ശത്തിന് ആധാരം. പിള്ളയുടെ 'ഒരു വാചകത്തെ വളച്ചൊടിക്കുന്നു' എന്നാണ് വിമര്‍ശം. (ഈ കുവാദത്തിന്, പതിറ്റാണ്ടോളം മുമ്പ് മറ്റൊരു സ്തുതിപാഠകനായ ഡോ. കെ.എം. സീതി ഉന്നയിച്ചപ്പോള്‍, ഞാന്‍ 9.4.2000ത്തിെല 'കലാകൗമുദി'യില്‍ വിശദമായ മറുപടി നല്‍കിയതാണ്. ദലിതരുടെ സ്‌കൂള്‍പ്രവേശ സമരത്തിന് നിയമ പിന്‍ബലം നല്‍കിയത് 1.1.1910ന് നടപ്പായ തിരുവിതാംകൂര്‍ വിദ്യാഭ്യാസ കോഡ് (G.O No. 2247, dt. 19.11.1909) ആണ്. കോഡിന്റെ ഏഴാം ചാപ്റ്ററിലെ 69ാം റൂള്‍ ആണ് അയ്യങ്കാളി പ്രസ്ഥാനത്തിന് കൈമെയ് മറന്ന് വിദ്യാലയസമരം നയിക്കാന്‍ ഊര്‍ജമായത് ('വല്ല വിഭാഗത്തിലോ ജാതിയിലോ മതത്തിലോ പെടുന്നു എന്ന കാരണത്താല്‍ ഒരു കുട്ടിക്കും ഒരു സ്‌കൂളിലും പ്രവേശം നിഷേധിക്കരുത്').

തുടര്‍ന്ന് നാട്ടിലുണ്ടായത് എന്ത് എന്ന് കുതിര-പോത്ത് അപ്പാര്‍തീഡ് മുഖപ്രസംഗത്തിലുണ്ട് (സ്വദേശാഭിമാനി, 2.3.1910). പക്ഷേ, ആ ഭാഗം ഒഴിവാക്കിയാണ് ആ മുഖപ്രസംഗം വേണുഗോപാലന്‍ തന്റെ തട്ടിപ്പുപുസ്തകത്തില്‍ (പേ. 578-9) ചേര്‍ത്തത്. എന്നിട്ടും, 'ഏതെങ്കിലും വാചകം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിക്കപ്പെടരുത് എന്നു കരുതി ആ മുഖപ്രസംഗം മുഴുവന്‍ ഇവിടെ ഉദ്ധരി'ക്കുന്നു എന്ന് ഉളുപ്പുലേശമെന്യേ ടിയാന്‍ രേഖപ്പെടുത്തിക്കളഞ്ഞു അവിടെ! പൂഴ്ത്തപ്പെട്ട ഭാഗം പി. ഭാസ്‌കരനുണ്ണിയുടെ പുസ്തകത്തില്‍ (കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, കേരള സാഹിത്യ അക്കാദമി, 2005, പേ. 380) ഇങ്ങനെ വായിക്കാം: '...നെടുമങ്ങാട്, നെയ്യാറ്റിന്‍കര, തിരുവല്ല മുതലായ പലേ സ്ഥലങ്ങളിലെയും പാഠശാലകളില്‍ പുലക്കുട്ടികളെയും പറക്കുട്ടികളെയും പ്രവേശിപ്പിക്കയാല്‍, ആ വിദ്യാലയങ്ങളില്‍ പഠിച്ചിരുന്ന ബ്രാഹ്മണര്‍, നായന്മാര്‍ മുതലായ ജാതിക്കാരായ വിദ്യാര്‍ഥികള്‍ പിണങ്ങി ഇറങ്ങിക്കളഞ്ഞതായി അറിയുന്നുണ്ട്. ...ചില സ്ഥലങ്ങളില്‍ വഴക്കുകള്‍ ഒതുക്കിയിരിക്കുന്നുവെങ്കിലും മറ്റു ചിലേടങ്ങളില്‍ ഈ ക്ഷോഭം ശാന്തമായിട്ടില്ല.' ലഹളമയമായ ഈ അന്തരീക്ഷത്തിലേക്കാണ് പ്രകോപനപരമായ അപ്പാര്‍തീഡ് മുഖപ്രസംഗങ്ങള്‍ (കുതിര-പോത്ത് താരതമ്യപരം) വന്നുവീണത് എന്ന ഗുരുതരമായ സത്യം സ്തുതിപാഠകര്‍ നമ്മില്‍നിന്ന് മറച്ചുവെച്ചിരിക്കയായിരുന്നു. സ്‌കൂള്‍ പ്രവേശ സമരത്തിനിറങ്ങിയ ദലിതരെ ആക്രമിച്ചുകൊണ്ടിരുന്ന സവര്‍ണ പ്രമാണി പക്ഷത്തിന് 'താത്ത്വിക' പിന്‍ബലമേകുകയായിരുന്നു, വംശമേന്മാവാദപരമായ ആ നിരീക്ഷണങ്ങള്‍. ദലിത് കുട്ടികള്‍ക്ക് പ്രവേശം നല്‍കിയ ഊരൂട്ടമ്പലം, പുല്ലാട് സ്‌കൂളുകള്‍ തീവെച്ചതടക്കം എത്രയെത്ര ഭീകരാക്രമണങ്ങള്‍. ഭരണവര്‍ഗത്തിന്റെ കരുത്തും ധാര്‍ഷ്ട്യവും കൊല്ലങ്ങളോളം അടിമവര്‍ഗത്തിനുമേല്‍ ആഞ്ഞടിക്കയായിരുന്നു. മലയാള പത്രപ്രവര്‍ത്തനചരിത്രത്തില്‍ എക്കാലത്തെയും വലിയ അപമാനത്തിന്റെ ഏടാണിത്. ഇതേ അപ്പാര്‍തീഡ് ആശയം അഞ്ചു കൊല്ലം മുന്നേ പിള്ള തന്റെ 'കേരളന്‍' മാസികയിലൂടെ (1080 ഇടവം, പേ. 37) വെളിപ്പെടുത്തിയിരുന്നു. അവിടന്ന് മൂന്ന് കൊല്ലം കഴിഞ്ഞപ്പോള്‍, ഭാര്യ ടി.ബി. കല്യാണിയമ്മക്കും മറ്റും വേണ്ടി പിള്ള പ്രസിദ്ധീകരിച്ചിരുന്ന 'ശാരദ' മാസികയില്‍ ഒരു 'മാധവന്റെ' പേരുവെച്ചെഴുതിയ കുറിപ്പിലും മനുഷ്യര്‍ പരസ്‌പരം തുല്യരല്ല എന്നാണ് സ്ഥാപിച്ചത് (1908 ജൂലൈ, പേ. 144).

'സ്വദേശാഭിമാനി'യില്‍ കുതിര-പോത്ത് മുഖപ്രസംഗങ്ങള്‍ വന്ന് കൃത്യം മൂന്നുമാസം കഴിഞ്ഞപ്പോള്‍ ആ വികട സരസ്വതിയുടെ മര്‍മം പിളര്‍ക്കുന്ന അന്യന്റെ മറുപടിയും സ്വയം അച്ചടിച്ച് പ്രസിദ്ധീകരിക്കേണ്ടിവന്നു പിള്ളക്ക് എന്നത്, ചരിത്രത്തില്‍ തീരെ ചുരുക്കമായി കേള്‍ക്കുന്ന പരിഹാസമാണ്. കേരളീയ നായര്‍ സമാജത്തിന്റെ നാലാം വാര്‍ഷിക യോഗം 4.6.1910ന് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ ചേര്‍ന്നപ്പോള്‍ അധ്യക്ഷനായിരുന്ന ജസ്റ്റിസ് സി. ശങ്കരന്‍നായരാണ് ആ അന്യന്‍. അദ്ദേഹത്തിന്റെ നീണ്ട ഉപക്രമ പ്രസംഗമടക്കമുള്ള സമ്മേളന കാര്യങ്ങള്‍ 'കേരളീയ നായര്‍ സമാജം നാലാം വാര്‍ഷിക സമ്മേളനം- ഒരു സംക്ഷിപ്ത വിവരണം' എന്ന പേരില്‍ പുസ്തകമായി 'സ്വദേശാഭിമാനി' പ്രസില്‍ അച്ചടിച്ച് 1910ല്‍ നാല് ചക്രം വിലയിട്ട് പ്രസിദ്ധീകരിച്ചത് പിള്ളയാണ്. 'മിഷനറിമാര്‍ താഴ്ന്ന ജാതിക്കാരെ വിദ്യാഭ്യാസം ചെയ്യിച്ച് ഓരോ ഉന്നത സ്ഥാനങ്ങളില്‍ വരുത്തിയിരിക്കുന്നത് വിചാരിച്ചാല്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് താഴ്ന്ന ജാതികളേക്കാള്‍ പഠിത്തത്തില്‍ വാസനയുണ്ടെന്നുകൂടിയും പറയാന്‍ തരമില്ലാ' എന്നു ശങ്കരന്‍നായര്‍ തുറന്നടിച്ചത്, പിള്ളയുടെ കപട മനഃശാസ്ത്രവാദമേറ്റുപാടാന്‍ പുരോഗമനവാദികളെ കിട്ടില്ലെന്നതിന്റെ പ്രഖ്യാപനമായിരുന്നു (പേ. 49-51).

വിദ്യാഗ്രഹണപാടവം വെച്ചുനോക്കിയാല്‍ ദലിത് കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശം പറ്റില്ലെന്ന് പിള്ള വ്യാഖ്യാനിച്ച അതേ കാലത്ത് ഉയര്‍ന്ന ക്ലാസുകളില്‍ പഠിച്ചിരുന്ന ഉത്കൃഷ്ടജാതരുടെപോലും ഗ്രഹണപടുത എത്ര കേമമായിരുന്നു എന്ന് അറിയാന്‍ പിള്ളയുടെതന്നെ സ്‌കൂള്‍ജീവിത വര്‍ണന സഹായിക്കും: 'അസിസ്റ്റന്റ് വാധ്യാര്‍ ആര്‍.കെ.പി സരസന്‍. എന്നാല്‍, പഠിക്കാത്തവരെ ശിക്ഷിക്കുന്ന കാര്യത്തില്‍ നിര്‍ദാക്ഷിണ്യന്‍. മേല്‍ക്കൈയുടെ ദശ തിരുമ്മുകയാണ് സാധാരണ ശിക്ഷാ സമ്പ്രദായം. കഠിന കുറ്റങ്ങള്‍ക്ക് പ്രഹരവും. ഹെഡ്മാസ്റ്റര്‍ ഉയര്‍ന്ന തരം ക്ലാസുകള്‍ പഠിപ്പിക്കും. ആ ക്ലാസുകളിലെ കുട്ടികള്‍ക്ക് പെരമ്പു കൊണ്ട് തല്ലല്‍ ശിക്ഷ. വണ്ടിക്കുപയോഗിക്കുന്ന തടിച്ച പെരമ്പ് രണ്ടായി പിളര്‍ന്ന് ചെത്തി മിനുക്കി ഉപയോഗിക്കും. ജ്യോമട്രിയില്‍ ഒന്നാം പുസ്തകം അഞ്ചാം പ്രമേയം പഠിപ്പിക്കുന്ന സമയം 'ചെവിത്തോണ്ടി angle is equal to മൈത്താണ്ടി angle' എന്നു പറഞ്ഞ് തലയില്‍ കയറ്റിയിരുന്നു' (ബി. കല്യാണിയമ്മ എഴുതിയ 'വ്യാഴവട്ട സ്മരണകള്‍', ഡി.സി. ബുക്‌സ്, 1986, പേ. 23). ഇങ്ങനെ ചെവിത്തോണ്ടി കാട്ടിയും വണ്ടിപ്പെരമ്പുകൊണ്ടടിച്ചും വേണമായിരുന്നു സവര്‍ണ കുട്ടികളുടെ തലയില്‍ വല്ലതും കയറ്റാന്‍. എന്നിട്ടും പഴി ദലിത് കുട്ടികളുടെ ഗ്രഹണപാടവക്കുറവിന്!

നൂറ്റാണ്ടുകളായി വിദ്യ-സമ്പദ് രംഗങ്ങളില്‍നിന്നെല്ലാം ആട്ടിയോടിക്കപ്പെട്ടിരുന്ന ദലിതര്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശമാവശ്യപ്പെട്ടത്, നിഷേധിക്കപ്പെട്ടിരുന്ന പൗരാവകാശം നേടിയെടുക്കുന്നതിന്റെ ഭാഗമായിരുന്നു, മിഷനറിസ്‌കൂളുകളില്‍ പഠിക്കാന്‍ കഴിയാഞ്ഞിട്ടല്ല. എന്നിട്ടും 'പില്‍ക്കാലത്ത് ആധുനിക പരിഷ്‌കൃത സമൂഹങ്ങളില്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ സംവരണം അല്ലെങ്കില്‍ അഫമേറ്റീവ് ആക്ഷന്‍ എന്ന ധനാത്മക വിവേചനത്തിന്റെ (പോസിറ്റീവ് ഡിസ്‌ക്രിമിനേഷന്‍) യുക്തിയാണ് രാമകൃഷ്ണപിള്ളയുടെ പരാമര്‍ശത്തില്‍ കാണുന്ന'തെന്ന് പോത്ത്-കുതിര പ്രയോഗത്തെ ന്യായീകരിക്കയാണ് രാധാകൃഷ്ണന്‍.

ശ്രീമൂലം പ്രജാസഭയില്‍ പുലയ പ്രതിനിധിയായി 'പി.കെ. ഗോവിന്ദപ്പിള്ളയെ നിയമിച്ചതിനെതിരെ അയ്യങ്കാളിക്കൊപ്പം കൈകോര്‍ത്ത് നിന്ന് ശബ്ദമുയര്‍ത്തിയ'ത് രാമകൃഷ്ണപിള്ളയായിരുന്നു എന്ന് പറയുന്നത് എന്ത് തെളിവ് വെച്ചാണ്? ആ നിയമനത്തെ അഭിനന്ദിക്കയായിരുന്നു അയ്യങ്കാളി. പുലയര്‍ക്ക് സ്വന്തം പ്രതിനിധി വേണമെന്ന് പ്രജാസഭയില്‍ ആവശ്യപ്പെട്ടത് ഗോവിന്ദപ്പിള്ള തന്നെയായിരുന്നു.

രാമകൃഷ്ണപിള്ളയുടെയും സമാന തല്‍പരരായ സവര്‍ണരുടെയും വെറുപ്പിനിരയായ ദിവാന്‍ രാജഗോപാലാചാരിയെ, 1914ല്‍ സ്ഥാനമൊഴിഞ്ഞ് മടങ്ങിയപ്പോള്‍, തിരുവനന്തപുരം തൊട്ട് ഷൊര്‍ണൂര്‍ വരെ ഉത്സവസമാന സ്വീകരണങ്ങള്‍ നല്‍കിയാണ് അവര്‍ണ ജനത യാത്രയയച്ചത്. പൗരസ്വാതന്ത്ര്യമെന്തെന്ന് അറിയാന്‍ കൊച്ചിയിലെയും തിരുവിതാംകൂറിലെയും അയിത്ത ജാതിക്കാര്‍ക്ക് ആദ്യവസരം നല്‍കിയത് ആചാരിയുടെ മുന്‍കൈയിലാണ്. അതേ സമയം, സമയം നോക്കാതെ, തന്റെ പ്രാകൃത നിലപാടുകള്‍ക്ക് മറയിടാനായി, ധനരാഹിത്യമാണ് കുഴപ്പ ഹേതു എന്ന് പ്രപഞ്ചനം ചെയ്ത് പരിഹാസ്യനാവുകയായിരുന്നു പിള്ള.

മഞ്ഞപ്പത്ര ശൈലിയുടെ ആധിക്യമുണ്ടായിരുന്നുവെങ്കിലും പിള്ളയുടെ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ഹനിക്കയാണ് നാടു കടത്തലിലൂടെ സര്‍ക്കാര്‍ ചെയ്തത്. 32ാം വയസ്സില്‍ നാടുകടത്തപ്പെട്ട്, ക്ഷയരോഗിയായി 38ാം വയസ്സില്‍ ജീവിതയാത്ര അവസാനിപ്പിക്കേണ്ടിവന്നു പിള്ളക്ക്. ആ കുടുംബം അനുഭവിച്ച യാതനകള്‍ ആരെയും ദുഃഖിതരാക്കും. നാടിന്റെ മോചനത്തിനായി കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉദിച്ചുയരുംമുമ്പേ ആ സന്ദേശം ഇന്ത്യയില്‍ ആദ്യമുയര്‍ത്തിയവരില്‍ ഒരാളാണ് പിള്ള, മാര്‍ക്‌സിന്റെ ലഘുജീവിത ചരിത്ര പ്രസിദ്ധീകരണത്തിലൂടെ. സാമൂഹിക വിപ്ലവത്തിന്റെ പ്രാധാന്യം തിരിച്ചറിയാതെപോയ ഒരാള്‍ വഴിയാണ് മറ്റൊരു മഹാ ജനമോചന സന്ദേശം ഇന്ത്യക്കാര്‍ കേട്ടത്!

ഒരു കാലഘട്ടത്തിന്റെ ഉല്‍പന്നമാണ് പിള്ള. അതുവരെ കൈയടക്കിവെച്ചിരുന്ന ജീവിത സൗഭാഗ്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ആശങ്കപ്പെടാന്‍ തുടങ്ങിയ ഭരണവര്‍ഗത്തിന്റെ മനസ്സാണ് ഭാഗികമായി പിള്ളയിലൂടെ പ്രതിപ്രവര്‍ത്തിച്ചത്; പൗരസമത്വം എന്ന വെളിച്ചത്തെ തടയാന്‍ വെമ്പിയ വികല മനസ്സ്. രണ്ട് പതിറ്റാണ്ടിപ്പുറം ഭരണവര്‍ഗത്തില്‍നിന്നുതന്നെ ഉജ്ജ്വലനായ ഒരു വിപ്ലവകാരി പത്രപ്രവര്‍ത്തനരംഗത്തെത്തി: കേസരി എ. ബാലകൃഷ്ണപിള്ള. രാജാവിന്റെ സവിധത്തില്‍ വിളിച്ചിരുത്തി അയ്യങ്കാളിയെ ആദരിച്ചാല്‍ കുഴപ്പങ്ങളൊക്കെ നീങ്ങുമെന്ന് എഴുതാന്‍ (കേസരി, 14.10.31, പേ. 1.2). ചങ്കൂറ്റം കാണിച്ച മനുഷ്യസ്‌നേഹി. അദ്ദേഹവും സാമൂഹികമാറ്റത്തിന്റെ ഉല്‍പന്നമാണ്; അവര്‍ണര്‍ പൗരസ്വാതന്ത്ര്യ വീഥിയിലൂടെ മുന്നേറിക്കഴിഞ്ഞ കാലത്തിന്റെ ഉല്‍പന്നം.

രാമകൃഷ്ണപിള്ളയെ ജനങ്ങള്‍ക്ക് സ്വീകാര്യനും അസ്വീകാര്യനുമാക്കുന്ന ഘടകങ്ങളുണ്ട് ആ ജീവിതത്തില്‍ എന്ന് അംഗീകരിച്ചാലേ, സ്തുതിപാഠനത്തിനും വഴക്കുപറച്ചിലിനുമിടക്കുള്ള വഴിയിലൂടെ ചരിത്രചര്‍ച്ച മുന്നേറൂ.

Tuesday, January 18, 2011

ജാതി ചോദിക്കാന്‍ മാത്രം 2000 കോടി

 ജാതി വിവരം തേടാന്‍ മാത്രമായി വീണ്ടുമൊരു സെന്‍സസ് വൃഥാവ്യായാമമാണ്. ആദ്യഘട്ടത്തില്‍ തന്നെ ഈ വിവരം കൂടി ശേഖരിക്കുന്നതിന് തടസ്സമായി പറയുന്ന കാരണങ്ങള്‍ക്ക് വാസ്തവത്തില്‍ അടിസ്ഥാനമില്ല. ജാതി വിവരം കുറ്റമറ്റ രീതിയില്‍ ശേഖരിച്ചാല്‍ തന്നെ ഫിബ്രവരിയില്‍ ശേഖരിക്കുന്ന വിവരങ്ങളുമായി കൂട്ടി ഘടിപ്പിച്ച് വിലയിരുത്തുന്നതിന് സാധിക്കാതെ വരും. ജാതികളിലുള്ള അംഗസംഖ്യ മാത്രമേ ഇതുവഴി ലഭ്യമാവൂ

പിന്നോക്ക-ദളിത് വിഭാഗങ്ങള്‍ മാത്രമല്ല, രാജ്യത്തെ അക്കാഡമിക് ബുദ്ധിജീവികളും ചിന്തകരും ആവശ്യപ്പെടുന്ന കാര്യമാണ് സെന്‍സസ്, ജാതി അടിസ്ഥാനത്തില്‍ നടത്തണമെന്നത്. നമ്മുടെ മുന്‍ ചീഫ് സെക്രട്ടറി ഡോ എം വിജയനുണ്ണി, ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പ്രൊഫ സതീശ് ദേശ്പാണ്ഡെ മുതല്‍ പേര്‍ അത്തരക്കാരാണ്. മാതൃഭൂമി പത്രത്തില്‍ 15 Jan 2011 ശനിയാഴ്ച  ഡോ. എം. വിജയനുണ്ണി എഴുതിയ ഈ ലേഖനം   പറയുന്നത് ഫെബ്രുവരിയില്‍ നടക്കുന്ന സെന്‍സസിനൊപ്പം അനായാസേന നടത്താവുന്ന കാര്യമാണ് ജാതി സെന്‍സസ് എന്നാണ്. അധികച്ചെലവില്ല, ജാതികളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി അറിയാനും സാധിക്കും. ലേഖനത്തിലേക്ക്..........



ഈ വര്‍ഷം ജൂണ്‍-സപ്തംബര്‍ കാലയളവില്‍ കാനേഷുമാരി കണക്കെടുപ്പുകാര്‍ വീണ്ടും നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ പ്രത്യക്ഷപ്പെടും. അവര്‍ക്ക് ചോദിക്കാനുള്ളത് ഒരേയൊരു ചോദ്യം -''നിങ്ങളുടെ ജാതി ഏതാണ്?''

ജാതി അറിയാന്‍ വേണ്ടിമാത്രമുള്ള സെന്‍സസ് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും അരങ്ങേറും. കേന്ദ്രമന്ത്രിസഭയുടെ ഈ തീരുമാനം പ്രഖ്യാപിച്ചത് ആഭ്യന്തരമന്ത്രി പി. ചിദംബരം. മാസങ്ങള്‍നീണ്ട ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവിലാണ് തീരുമാനമുണ്ടായത്. 2011 സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. ജാതി അടിസ്ഥാനത്തിലുള്ള സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ ജനസംഖ്യാവിവരം ലഭ്യമാക്കുകയെന്നതാണ് ഈ ആവശ്യത്തിന് ആധാരം.

രണ്ടാംവട്ട കണക്കെടുപ്പിനുവേണ്ടി വരുന്ന അധികച്ചെലവിനെക്കുറിച്ചുള്ള പത്രലേഖകരുടെ ചോദ്യങ്ങളില്‍ നിന്ന് ആഭ്യന്തരമന്ത്രി ഒഴിഞ്ഞുമാറി. പ്രധാന സെന്‍സസിന്റെ ചെലവ് 2,200 കോടി രൂപയാണ്. രണ്ടാംവട്ട കണക്കെടുപ്പിന് 2,000 കോടി കൂടുതലായി വേണ്ടിവരുമെന്നാണ് സൂചന. ഫിബ്രവരിയില്‍ നടക്കുന്ന ആദ്യഘട്ടത്തിന്റെ ചോദ്യാവലയില്‍ ജാതിക്കായി ഒരുകള്ളി ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഈ പാഴ്‌ച്ചെലവ് ഒഴിവാക്കാമായിരുന്നു.

സെന്‍സസ് ജോലിയില്‍നിന്ന് വേര്‍പെടുത്തിയാണ് ജാതിവിവരം ശേഖരിക്കാനും വിശകലനം ചെയ്യാനുമുള്ള പ്രവൃത്തി നടക്കുന്നത്. ഈ ഏര്‍പ്പാടിലൂടെ വിശേഷിച്ചൊരു വസ്തുതയും കൂടുതലായി ലഭിക്കാന്‍ പോകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. അത് പരാജയപ്പെടുമ്പോള്‍ ഉത്തരവാദിത്വമേല്‍ക്കാന്‍ ആരുമുണ്ടാവില്ല. ഓരോ ഏജന്‍സിയും പരസ്​പരം കുറ്റപ്പെടുത്തും.

ജാതിവിവര ശേഖരണത്തിനായി പ്രത്യേക നിയമാധികാരങ്ങളുള്ള സമിതി രൂപവത്കരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. നിയമമന്ത്രാലയവുമായി ചര്‍ച്ച ചെയ്തശേഷമാകും ഇത്. കാനേഷുമാരി വിവരത്തിലെ ജാതികള്‍ വര്‍ഗീകരിക്കാനായി വിദഗ്ധ സമിതിക്കും രൂപം നല്‍കും. എന്നാല്‍, ഈ സെന്‍സസിലെ വിവരങ്ങള്‍ ആര് ക്രോഡീകരിക്കുമെന്നും അതെന്ന് പൂര്‍ത്തിയാകുമെന്നും ജാതി സംബന്ധിച്ച് എന്ത് വിവരങ്ങളാണ് ലഭ്യമാവുക എന്നതും വ്യക്തമല്ല. പാതി മനസ്സോടെയുള്ള ഈ വൃഥാവ്യായാമത്തിലൂടെ ആധികാരിക വിവരങ്ങളൊന്നും ലഭിക്കാനിടയില്ലെന്ന് ചുരുക്കം.ജാതി ഉള്‍പ്പെടെയുള്ള സെന്‍സസ് നടത്തിപ്പിന് നിലവിലുള്ള കാനേഷുമാരി നിയമം അംഗീകാരം നല്‍കുന്നുണ്ട്. അപ്പോള്‍പ്പിന്നെ ജാതിവിവരം മാത്രം ശേഖരിക്കാന്‍ നിയമപ്രാബല്യമുള്ള മറ്റൊരു സമിതിക്ക് രൂപം നല്‍കുന്നത് എന്തിനാണ്?

ജാതി വര്‍ഗീകരണം


ജാതി വര്‍ഗീകരണം മറ്റൊരു പരാജയമായി കലാശിക്കാനാണ് സാധ്യത. സാമൂഹിക മുന്‍തൂക്കം, കുലത്തൊഴില്‍ തുടങ്ങിയ വ്യത്യസ്തമാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ജാതികളെ വര്‍ഗീകരിക്കാന്‍ കഴിഞ്ഞ സെന്‍സസുകളിലും ശ്രമം നടന്നിട്ടുണ്ട്. അവ മുഴുവനും വിജയം കണ്ടിട്ടില്ല. പുതിയ വിദഗ്ധ സമിതിയുടെ ശ്രമങ്ങളും വിജയം കാണാന്‍ ഒരു സാധ്യതയുമില്ല.

സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ട മാനദണ്ഡമില്ലാത്തതിനാല്‍ ജാതി വര്‍ഗീകരണത്തിന് സമയം മെനക്കെടുത്താതിരിക്കുകയാണ് അഭികാമ്യം. പകരം ലഭ്യമാകുന്ന ജാതിവിവരങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാം. പിഴവുകളും ക്രമക്കേടുകളും തിരുത്താം. വ്യാജന്മാരെ കൈയോടെ പിടികൂടി പുറത്താക്കാം.

പുരാണങ്ങളിലെ ഘൃതാചിയുടെ ഗര്‍ഭകാലം ഓര്‍മയിലെത്തുന്നു. ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തുവരാന്‍ പുത്രനായ ശുകബ്രഹ്മര്‍ഷി തയ്യാറായില്ല. ഫലം ഗര്‍ഭകാലം അനിശ്ചിതമായി നീണ്ടു. ഒടുവില്‍ 16 വര്‍ഷത്തിനുശേഷം പിതാവായ വ്യാസമുനി നിര്‍ബന്ധം പിടിച്ചപ്പോഴാണ് പ്രിയപുത്രന്‍ പുറത്തുവന്നത്. ജാതി മാത്രം അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ഘൃതാചിയുടെ ഗര്‍ഭകാലം പോലെയാകാനാണ് സാധ്യത. ഒടുവില്‍ ആവശ്യത്തിന് വിവരങ്ങള്‍ കിട്ടാതെ 'ഗര്‍ഭച്ഛിദ്രം'പോലും നടത്തേണ്ടിവന്നേക്കാം. വിദഗ്ധ സമിതി ജാതിവര്‍ഗീകരണം നടത്തിയശേഷം പിന്നെ എന്തു സംഭവിക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിക്കാതിരുന്നത് അതുകൊണ്ടുതന്നെയാണോ? നിര്‍ദിഷ്ട ജാതി സെന്‍സസ് നടത്താനുദ്ദേശിക്കുന്ന ജൂണ്‍-സപ്തംബര്‍ കാലയളവ് ഫീല്‍ഡ് സര്‍വേക്ക് പറ്റിയ സമയമേയല്ല. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പെരുമഴക്കാലം, മറ്റു ചിലയിടങ്ങളില്‍ കൊടുംവേനല്‍, വടക്കേ ഇന്ത്യയില്‍ സ്‌കൂള്‍ അവധിക്കാലമാണ്. എന്നാല്‍, തെക്കേ ഇന്ത്യയിലാകട്ടെ അവധിക്കുശേഷം സ്‌കൂള്‍ തുറക്കുന്ന കാലം. ലക്ഷക്കണക്കിന് പ്രൈമറി അധ്യാപകരെ വീണ്ടും സെന്‍സസ് ജോലിക്ക് ഇറക്കുന്നത് അത്ര എളുപ്പമാവില്ല. ഫിബ്രവരിയില്‍ ആദ്യഘട്ട സെന്‍സസിലും മാര്‍ച്ചില്‍ അതിന്റെ പുനഃപരിശോധനയിലും അവര്‍ പങ്കാളികളായിക്കഴിഞ്ഞിരിക്കും. വീണ്ടും മറ്റൊരു ജോലിക്കുകൂടി നിയോഗിക്കുകയെന്നത് എതിര്‍പ്പു ക്ഷണിച്ചുവരുത്തും.

പരിഹാരമാര്‍ഗം


രണ്ടാംഘട്ട സെന്‍സസില്‍ ജാതി അടിസ്ഥാനത്തിലുള്ള തലയെണ്ണല്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്നുതന്നെയായിരിക്കട്ടെ വിവിധ ജാതികളില്‍പ്പെട്ട എത്ര പേരുണ്ടെന്ന കണക്കു മാത്രമേ അതിനു നല്കാന്‍ കഴിയൂ (ഉദാ: ഇന്ത്യയില്‍ എത്ര ശര്‍മമാരുണ്ട്, എത്ര മിശ്രമാരുണ്ട്, എത്ര മുതലിയാര്‍മാരുണ്ട്...). ആദ്യഘട്ടത്തില്‍ സമാഹരിച്ച സ്വത്ത്, സാമൂഹിക പശ്ചാത്തലം, സാമ്പത്തികം തുടങ്ങിയ വിവരങ്ങളുമായി സംയോജിപ്പിക്കാനോ പരിശോധന നടത്താനോ ഈ വിവരത്തിലൂടെ കഴിയില്ല. ഇങ്ങനെ സംയോജിപ്പിക്കാതെ ജാതി അടിസ്ഥാനത്തില്‍ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനസംഖ്യാപട്ടിക തയ്യാറാക്കാനും സാധിക്കില്ല. അതായത്, 2011 സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടവരുടെ ലക്ഷ്യം നിറവേറുകയില്ലെന്ന് അര്‍ഥം.

ഈ ലക്ഷ്യം അധികച്ചെലവോ പരിശ്രമമോ ഇല്ലാതെ തന്നെ സാക്ഷാത്കരിക്കാം. ഫിബ്രവരിയില്‍ നടക്കുന്ന ഒന്നാംഘട്ട കണക്കെടുപ്പിന്റെ പട്ടികയില്‍ ജാതിക്കായി കള്ളി ചേര്‍ത്താല്‍ മാത്രം മതി. വീട്ടിലെ ഓരോ അംഗത്തിന്റെ പേരിനുനേരെയും മതം ചേര്‍ക്കാനായി ഒരു ഭാഗവും അതിനുപിന്നിലെ ജാതി, ഉപജാതി എന്നിവ ഉണ്ടെങ്കില്‍ അതുചേര്‍ക്കാനുള്ള സ്ഥലവും തുടര്‍ന്ന് സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ, ജനസംഖ്യാ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ഭാഗങ്ങളും.

അങ്ങനെ 2011 ഫിബ്രവരിയില്‍ സമാഹരിക്കുന്ന ജാതിവിവരം മറ്റുള്ളവയോടൊപ്പം അനായാസം ക്രോഡീകരിക്കാന്‍ കഴിയും. മറ്റു വിവരങ്ങള്‍ക്കൊപ്പം രണ്ടുവര്‍ഷത്തിനകം സമയബന്ധിതമായി വിശകലനം ചെയ്യാനും സാധിക്കും, അധികച്ചെലവില്ലാതെതന്നെ. രാജ്യത്തെ മുഴുവന്‍ ജനസംഖ്യയുടെയും ജാതി-ഗോത്ര അടിസ്ഥാനത്തിലുള്ള സമഗ്രവിവരം ഉള്‍പ്പെടുന്ന ഡാറ്റാബേസ് തയ്യാറാക്കാന്‍ അതുവഴി കഴിയും.

വിചിത്ര കാരണങ്ങള്‍


പ്രധാന സെന്‍സസിനൊപ്പം ജാതിവിവരം ഉള്‍പ്പെടുത്താതിരിക്കാന്‍ ആഭ്യന്തര മന്ത്രാലയവും രജിസ്ട്രാര്‍ ജനറല്‍ സെന്‍സസ് കമ്മീഷണര്‍ ഓഫീസും രണ്ടു കാരണങ്ങളാണ് പറയുന്നത്.

1. ജാതിവിവരശേഖരണം സെന്‍സസിന്റെ 'സത്യസന്ധ്യത'യെ ബാധിക്കും. 2. ജനസംഖ്യാ കണക്കെടുപ്പില്‍ത്തന്നെ തെറ്റു കടന്നുകൂടാന്‍ ഇടയാക്കും.

ഇത് എങ്ങനെ സംഭവിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഓരോ കുടുംബവും തങ്ങളുടെ ജാതിയുടെ കരുത്ത് കൂട്ടിക്കാണിക്കാന്‍ കുടുംബാംഗങ്ങളുടെ എണ്ണം പെരുപ്പിച്ചുപറയുമെന്ന വാദമാണ് ഇതിനു കാരണമെന്നാണ് സൂചന. രാജ്യത്തെ ജനങ്ങളുടെ സത്യസന്ധതയെത്തന്നെ ചോദ്യം ചെയ്യുന്നതാണത്.

അംഗബലം കൂട്ടിപ്പറയുന്നത് അത്ര എളുപ്പമല്ല. ഓരോരുത്തരുടെ പേര്, വിദ്യാഭ്യാസയോഗ്യത, ലിംഗം, തൊഴില്‍, വിവാഹിതനോ അല്ലയോ തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിക്കുന്നുണ്ട്. അതിനിടെ കുടുംബത്തിലില്ലാത്ത ആളെ കൂട്ടിപ്പറയുന്നത് നടക്കുമെന്ന് തോന്നുന്നില്ല. അഥവാ വന്‍തോതില്‍ അത്തരം ക്രമക്കേട് നടക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത് കുറ്റകരമായി പ്രഖ്യാപിച്ച് നിയമത്തിന്റെ കാവല്‍ ഉറപ്പാക്കാം. പരിശോധന കര്‍ക്കശമാക്കുകയും ചെയ്യണം. സെന്‍സസ് വകുപ്പിന് ചെയ്യാവുന്ന കാര്യമേയുള്ളൂ അത്.

1871, 1881, 1891, 1901, 1911, 1921, 1931, 1941 വര്‍ഷങ്ങളില്‍ നടന്ന സെന്‍സസിനൊപ്പം ജാതിവിവരവും ഉള്‍പ്പെടുത്തിയിരുന്നു. അന്നൊന്നും ജാതിവിവരം ശേഖരിക്കുന്നത് സെന്‍സസിന്റെ സത്യസന്ധതയെ ബാധിക്കുകയോ തെറ്റായവിവരങ്ങള്‍ ഉള്‍പ്പെടാന്‍ കാരണമാവുകയോ ചെയ്തിട്ടില്ല. ഭഗീരഥപ്രയത്‌നമായിട്ടുപോലും ജാതിവിവരം ശേഖരിക്കുന്നതിനോട് അന്ന് സെന്‍സസ് കമ്മീഷണര്‍മാരാരും വിമുഖത കാട്ടിയിട്ടില്ല. ജാതി സമ്പ്രദായം ഇന്ത്യന്‍ സമൂഹത്തിന്റെ പ്രധാന സവിശേഷത തന്നെയാണെന്നായിരുന്നു അതിനുകാരണം. ജാതിവിവരം അടിസ്ഥാനമാക്കാന്‍ ഇന്നും സര്‍ക്കാറുകള്‍ ആശ്രയിക്കുന്നത് ദശാബ്ദങ്ങള്‍ക്കുമുമ്പ് നടന്ന സെന്‍സസിന്റെ റിപ്പോര്‍ട്ടാണെന്നുകൂടി ഓര്‍ക്കുക.

(ഇന്ത്യയുടെ മുന്‍ സെന്‍സസ് കമ്മീഷണറും രജിസ്ട്രാര്‍ ജനറലും കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറിയുമാണ് ലേഖകന്‍.)



Friday, December 17, 2010

പി എസ് സി നിയമനത്തിലെ ഭീകര തട്ടിപ്പ് വേറെയാണ്

ഇപ്പോള്‍ കോലാഹലമായിരിക്കുന്ന പി എസ് സി നിയമന തട്ടിപ്പ് തീര്‍ച്ചയായും ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യം തന്നെയാണ്. നിയമ വിരുദ്ധമായ രീതിയില്‍ പി എസ് സിയേയും സര്‍ക്കാര്‍ സംവിധാനത്തെയും കബളിപ്പിച്ചു നടത്തിയ  തട്ടിപ്പാണിതെങ്കില്‍ നിയമാനുസൃതമായിത്തന്നെ പി എസ് സി ചെയ്തുവരുന്ന ഭീകരമായ ഒരു നിയമന തട്ടിപ്പിനെപ്പറ്റി നാമാരും ശ്രദ്ധാലുക്കളല്ല. ഇതു സംബന്ധമായി ഒരു ദശകത്തിനു മേലായി ഈ ബ്ലോഗര്‍ നിരവധി പഠന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്റെ വേഡ് പ്രസ് ബ്ലോഗില്‍ ഈ തട്ടിപ്പ് എങ്ങനെയാണു ചെയ്യുന്നതെന്നതിനെ സംബന്ധിച്ച വിശദമായ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ തട്ടിപ്പ് എളുപ്പം മനസ്സിലാക്കാന്‍ ഇവിടെ ഒരു റാങ്ക് ലിസ്റ്റും അതില്‍ നിന്നുള്ള ശുപാര്‍ശാ വിവരങ്ങളും നല്‍കാം. വിവിധ കമ്പനികളിലേക്കും കോര്‍പ്പറേഷനിലേക്കും അക്കൌണ്ടന്റുമാരെ തിരഞ്ഞെടുക്കാനായി  31/12/2009 നു പ്രാബല്യത്തില്‍ വന്ന റാങ്ക് ലിസ്റ്റാണ് ഇവിടെ ഉദാഹരിക്കുന്നത്. പി എസ് സിയുടെ സൈറ്റില്‍ പോയാല്‍ അതു കാണാം.
ആ ലിസ്റ്റില്‍ നിന്നുള്ള നിയമന ശുപാര്‍ശയുടെ ചുരുക്കം ഇവിടെയും വിശദാംശങ്ങള്‍ ഇവിടെയും കാണാം.
നിയമന ശുപാര്‍ശയുടെ ചുരുക്കത്തില്‍ എന്താണു കാണുന്നത്? ഓപ്പണ്‍ കോമ്പറ്റീഷനില്‍ (മെറിറ്റില്‍) 45 പേരെ ഇതുവരെ നിയമിച്ചിട്ടുണ്ട്. സംവരണത്തില്‍ അവസാനം തിരഞ്ഞെടുക്കപ്പെട്ട റാങ്കുകാര്‍ ഇനി പറയും പ്രകാരമാണ്:
ഈഴവ : 54
എസ് സി : SL 3
എസ് റ്റി :SL 1
മുസ്ലിം : 57
എല്‍ സി : 114
ഒ ബി സി : 49
വിശ്വകര്‍മ :12
എസ് ഐ യു സി നാടാര്‍/ആംഗ്ലോ ഇന്ത്യന്‍ :128
മറ്റു ക്രിസ്ത്യാനികള്‍ :SL 1
ധീവര : 228
വികലാംഗര്‍ : Nil
ആകെ : 62
അവസാന ശുപാര്‍ശ തീയതി : 20/4/2010

ഇവിടെ ശ്രദ്ധിക്കേണ്ട സംഗതി ഇതാണ്.
 ആകെ 62 പേരെ നിയമനത്തിനായി ശുപാര്‍ശ ചെയ്തപ്പോള്‍ 54-ാം റാങ്കുള്ള ഉദ്യോഗാര്‍ത്ഥി മെറിറ്റില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നു. ഇതിനെന്താണു ന്യായം, എന്താണു നീതി? എന്താണു നിയമം?
ആകെ ഇരുപതു പേരെ ശുപാര്‍ശ ചെയ്താല്‍ അവസാനം ശുപാര്‍ശ ചെയ്യപ്പെടുന്ന ഓ സി ഉദ്യോഗാര്‍ത്ഥി പത്താം റാങ്കുള്ളയാളായിരിക്കും. കാരണം ഇരുപതിന്റെ 50% എന്നത് പത്താണ്. ബാക്കി 50% സംവരണ നിയമനമാണല്ലോ. അങ്ങനെയെങ്കില്‍ ഇവിടെ 62 പേരെ അഡ്വൈസ് ചെയ്തപ്പോള്‍ എങ്ങനെ 54 -ാം റാങ്കുള്ളയാള്‍ തിരഞ്ഞെടുക്കപ്പെട്ടു? 62 ന്റെ 50% എന്നത്  31ആയിരിക്കേ അതിനപ്പുറത്തുള്ള റാങ്കുകാര്‍ക്ക് എങ്ങനെ മെറിറ്റില്‍ നിയമനം ലഭിക്കുന്നു?

ഇനി മറ്റൊരു കാര്യം ശ്രദ്ധിക്കുക.
31നു ശേഷമുള്ള റാങ്കുകാരില്‍ അനര്‍ഹമായി മെറിറ്റില്‍ നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ഥികളില്‍ 8 പേരും സംവരണേതര(അതായത് മുന്നാക്ക)സമുദായക്കാരാണ്. ഈ റാങ്കുകാരാണ് അവര്‍ : 33,36,38,43,46,47,51,53

ഇനി സംവരണത്തില്‍ നിയമനം ലഭിച്ച റാങ്കുകാരെ നോക്കുക: 12, 13,14,20,21,22,24,28,29,30.

റാങ്ക് ലിസ്റ്റില്‍ മേല്‍പ്പറഞ്ഞ മുന്നാക്ക സമുദായ ഉദ്യോഗാര്‍ത്ഥികളേക്കാള്‍  മുന്‍പിലുള്ളവരാണ് ഇപ്പറഞ്ഞ പിന്നാക്ക സമുദായ ഉദ്യോഗാര്‍ത്ഥികള്‍ എന്ന   കാര്യത്തില്‍  ആര്‍ക്കും സംശയമില്ലല്ലോ? ഇതില്‍ ഈഴവര്‍ നാലു പേരുണ്ട്, 13,14,22,28 റാങ്കുകാര്‍. മുസ്ലിങ്ങള്‍ മൂന്നു പേരാണ്, 21,24,30 റാങ്കുകാര്‍. മറ്റുള്ളവര്‍ ഇങ്ങനെയാണ്. ഒ ബി സി: 02 (Rank No 20 & 29), വിശ്വകര്‍മ : 01 (Rank No 12) ആകെ പത്തുപേര്‍. അതായത് കൂടുതല്‍ മാര്‍ക്കു വാങ്ങി റാങ്ക് ലിസ്റ്റില്‍ മുന്‍പില്‍ വന്ന മിടുക്കരായ ഉദ്യോഗാര്‍ത്ഥികള്‍ സംവരണ സമുദായക്കാരായിപ്പോയതിനാല്‍ റിസര്‍വേഷനിലും അവരേക്കാള്‍ മാര്‍ക്കു കുറഞ്ഞ, അതിനാല്‍ റാങ്ക് ലിസ്റ്റില്‍ പിന്നിലായിപ്പോയ മുന്നാക്ക സമുദായ ഉദ്യോഗാര്‍ത്ഥികള്‍ മെറിറ്റിലും നിയമനം നേടുന്നു. വെറും 62 പേരെ ശുപാര്‍ശ ചെയ്തപ്പോളാണ് ഇങ്ങനെ അനര്‍ഹമായി 8 പേര്‍ കയറിക്കൂടിയതെന്നോര്‍ക്കണം. ഇതിലും വലിയ നിയമന തട്ടിപ്പ് വേറെ എന്താണുള്ളത്? ഇതു വച്ചു നോക്കുമ്പോള്‍ ഇപ്പോഴത്തെ ജെ പി എസ് സി തട്ടിപ്പ് എത്ര നിസ്സാരം.

പക്ഷേ ഈ തട്ടിപ്പ് ചോദിക്കാനും പറയാനും മനസ്സിലാക്കാനും ആരുമില്ലിവിടെ. പിന്നാക്കക്കാര്‍ ബുദ്ധിപരമായും പിന്നാക്കമാണ് എന്നല്ലേ ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്?

Thursday, April 22, 2010

ജ്യോതിഷ പ്രവചനങ്ങള്‍ താരതമ്യം ചെയ്താല്‍..



ഇന്ന് രാജ്യത്തെ വിവിധ പ്രസിദ്ധീകരണങ്ങളിലെ ഒരു 'അവശ്യ'പംക്തിയായി മാറിയിരിക്കുകയാണ് വാരഫലം. വരുന്ന ആഴ്ച എങ്ങനെയായിരിക്കുമെന്ന് വായനക്കാരെ അറിയിക്കാന്‍ പത്രങ്ങളും വാരികകളും മത്സരിക്കുന്നതായി നമുക്കു കാണാന്‍ കഴിയും. നാളെ എന്തു സംഭവിക്കുമെന്നറിയാനുള്ള ആകാംക്ഷ യാണ് പലരെയും വാരഫലങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. ശുഭ കാര്യങ്ങളെക്കുറിച്ചു വായിക്കുമ്പോഴുണ്ടാകുന്ന സുഖം വാരഫലം താല്‍പര്യത്തോടെ വായിക്കാനുള്ള താല്‍പര്യം നിലനിര്‍ത്തുന്ന തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ശരിയോ തെറ്റോ എന്നു വ്യക്തമായി പറയാവുന്ന കാര്യങ്ങള്‍ ഇത്തരം പ്രവചനങ്ങളില്‍ കുറവായിരിക്കും. തൊഴില്‍പരമായി നന്നല്ല, ആരോഗ്യം സംര ക്ഷിക്കണം, പ്രതീക്ഷിക്കാത്ത സഹായം വന്നെത്തും, പുതിയ സൌഹൃദബന്ധങ്ങള്‍ പുലര്‍ത്തും എന്നീ പ്രവചനങ്ങള്‍ ആരുടെ കാര്യത്തിലും യോജിക്കും. അവിചാരിതമായി പ്രയാസങ്ങള്‍ നേരിടേണ്ടി വരുമെന്ന പ്രവചനം ഏവര്‍ക്കും എപ്പോഴും ബാധക മാണ്. യാദൃശ്ചികമായി ചിലത് ഒത്തുവരുന്നതിനെ വലുതാക്കിക്ക ണ്ട് ബാക്കിയുള്ളവയെ അവഗണിക്കുന്നു.

എന്നാല്‍ ദിനപത്രങ്ങളിലും വാരികകളിലും ആഴ്ചതോറും പരസ്യപ്പെടുത്തുന്ന വാരഫലങ്ങള്‍ വായിക്കുന്നവരില്‍ എത്ര പേര്‍, ഒരേ നക്ഷത്രത്തിന്റെ ഫലം പല പത്രങ്ങളില്‍ പലവിധം വരുന്ന തിനെക്കുറിച്ചു ചിന്തിക്കുന്നുണ്ട്? ഒരു താരതമ്യത്തിനു വേണ്ടി മലയാളത്തിലെ രണ്ടു പ്രമുഖ പത്രങ്ങളിലെയും പ്രചാരമേറെയുള്ള വാരികകളിലെയും നക്ഷത്രഫലങ്ങള്‍ നോക്കാം:

2009 സെപ്തംബര്‍ ആറിലെ മലയാള മനോരമ ഞായറാഴ്ച പ്പതിപ്പിലെയും (ജ്യോത്സ്യന്‍: കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതി രിപ്പാട്), മംഗളം സണ്‍ഡേയിലെയും (ജ്യോത്സ്യന്‍: ഡോ.പി. എസ്.മനോജ്കുമാര്‍) അവിട്ടം, ചിത്തിര എന്നീ നാളുകളിലെ സെപ്തംബര്‍ 6 മുതല്‍ 12 വരെയുള്ള ഫലങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

ആദ്യം അവിട്ടത്തിന്റെ ഫലം നോക്കാം: പ്രവചനം കാണി പ്പയ്യൂരിന്റേത് - 'ആരോഗ്യം തൃപ്തികരമായിരിക്കും. തൃപ്തിയായ വിഭാ ഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാ കും. യാത്രാക്ളേശത്താല്‍ ചില അവസരങ്ങള്‍ നഷ്ടമാകും. പുതി യ സ്നേഹബന്ധം ഉടലെടുക്കും. ഉല്‍സാഹവും ഉന്മേഷവും ആത്മവി ശ്വാസവും പ്രവര്‍ത്തനക്ഷമതയും വര്‍ധിക്കും'.

ഡോ.പി.എസ്.മനോജ്കുമാര്‍: 'പിതാവില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാവും. മേലധികാരിയുടെ പ്രീതിയാല്‍ തൊഴില്‍സ്ഥാനക്കയ റ്റത്തിന് ഇടയുണ്ട്. രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് ജനസമ്മതി വര്‍ധി ക്കും. ഊഹക്കച്ചവടത്തിലൂടെ ലാഭം ഉണ്ടാവും. തൊഴില്‍സംബന്ധ യാത്രകള്‍ ആവശ്യമായി വരും. വാതസംബന്ധമായ രോഗങ്ങള്‍ അനുഭവപ്പെടാം. ഗവേഷകര്‍ക്ക് അംഗീകാരം ലഭിക്കും'.

'ഉല്‍സാഹവും ഉന്‍മേഷവും വര്‍ധിക്കും' എന്നതുപോലുള്ള പ്രവചനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പരിശോധനക്കുതകുന്ന പ്രവച നങ്ങള്‍ ഇതില്‍ കുറവാണ്. മനോരമയിലെ ആദ്യ പ്രവചനം തന്നെ 'ആരോഗ്യം തൃപ്തികരമായിരിക്കും' എന്നാണെങ്കില്‍ 'വാത സംബന്ധമായ രോഗങ്ങള്‍ അനുഭവപ്പെടാ'മെന്നാണ് മംഗള ത്തിന്റെ പ്രവചനം. തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗ മാറ്റമുണ്ടാകുമെന്നു കാണിപ്പയ്യൂര്‍ പറയുമ്പോള്‍ മനോജ്കുമാര്‍ തൊഴില്‍സ്ഥാനക്കയറ്റത്തിന് ഇടയുണ്ടെന്നു പറയുന്നുണ്ട്. അവി ടെയും ഉറപ്പില്ല (അടിവര ശ്രദ്ധിക്കുക). യാത്രയെക്കുറിച്ച് രണ്ടിലും സൂചനയുണ്ടെങ്കിലും ഒരു പ്രവചനത്തില്‍ തൊഴില്‍സംബന്ധ യാത്രകള്‍ ആവശ്യമായി വരുമെന്നേയുള്ളൂ. അശുഭസൂചനയൊന്നും അതിലില്ല. മാത്രമല്ല മേലധികാരിയുടെ പ്രീതിയാല്‍ തൊഴില്‍ സ്ഥാനക്കയറ്റത്തിന് ഇടയുണ്ടെന്ന് നേരത്തെ പറഞ്ഞുവെച്ചിട്ടുമു ണ്ട്. എന്നാല്‍ കാണിപ്പയ്യൂര്‍ പ്രവചിക്കുന്നതാകട്ടെ യാത്രാക്ളേശ ത്താല്‍ ചില അവസരങ്ങള്‍ നഷ്ടമാകുമെന്നാണ്.

ചിത്തിരയുടെ ഫലം കാണുക:പ്രവചനം കാണിപ്പയ്യൂരിന്റേത് -'ശുഭാപ്തിവിശ്വാസവും കാര്യനിര്‍വഹണ ശക്തിയും വര്‍ധിക്കും. സമന്വയസമീപനത്താല്‍ സര്‍വകാര്യ വിജയമുണ്ടാകും. ആഭര ണം മാറ്റി വാങ്ങാനിടവരും. ആത്മവിശ്വാസത്തോടെ പുതിയ ചുമ തലകള്‍ ഏറ്റെടുക്കും. പഠിച്ച വിദ്യാലയത്തില്‍ താല്‍ക്കാലിക ഉദ്യോഗം ലഭിക്കും. അനുബന്ധ ഭൂമി വാങ്ങാന്‍ അവസരമുണ്ടാകും.'

ഡോ.പി.എസ്.മനോജ്കുമാര്‍: 'ശത്രുക്കളുടെ മേല്‍ വിജയമു ണ്ടാകും. രോഗികള്‍ക്ക് വിദഗ്ധ ചികിത്സയാല്‍ ആശ്വാസം ലഭി ക്കും. ക്രയവിക്രയത്തിലൂടെ ലാഭം വര്‍ധിക്കും. ഗൃഹം മോടിപിടിപ്പി ക്കും. അലര്‍ജി മൂലം ക്ളേശം ഉണ്ടാവും. കടബാധ്യതകളില്‍ നിന്ന് മുക്തി ലഭിക്കും. വാഹനം മാറ്റി വാങ്ങും'.

രണ്ടുഫലങ്ങള്‍ തമ്മില്‍ ഒരു സാമ്യവുമില്ലെന്ന് ഒറ്റ നോട്ട ത്തില്‍ ആര്‍ക്കും മനസ്സിലാവും. വാങ്ങുന്നതിനെ സംബന്ധിച്ച് രണ്ടുപേരും പ്രവചിക്കുന്നുണ്ടെങ്കിലും അവിടെയും വൈരുധ്യമുണ്ട്. ആഭരണം മാറ്റി വാങ്ങാനിടവരുമെന്നും അനുബന്ധ ഭൂമി വാങ്ങാന്‍ അവസരമുണ്ടാകുമെന്നുമാണ് കാണിപ്പയ്യൂരിന്റെ കണ്ടെത്തല്‍. മനോജ്കുമാറിന്റെ പ്രവചനമാകട്ടെ വാഹനം മാറ്റിവാങ്ങുന്നതിനെ ക്കുറിച്ചാണ്. നക്ഷത്രഫലങ്ങളിലെ പ്രവചനങ്ങള്‍ തമ്മില്‍ സമാന തകള്‍ ഉണ്ടെങ്കില്‍പ്പോലും അത് ജ്യോതിഷത്തിന്റെ ശാസ്ത്രീയ തയ്ക്ക് തെളിവല്ല. കാരണം ഈ പ്രവചനങ്ങള്‍ ശരിയായി പുലരുന്നുണ്ടോ എന്നതു വേറെ തന്നെ പരിശോധിക്കേണ്ടതുണ്ട്.

പല പ്രസിദ്ധീകരണങ്ങളിലെയും നക്ഷത്രഫലങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്താല്‍ ഇപ്രകാരം വൈരുധ്യങ്ങള്‍ ഒട്ടേറെ കാണാ മെങ്കിലും ഇതൊന്നും അതിന്റെ ജനപ്രീതിയെ കാര്യമായി ബാധി ച്ചിട്ടില്ല. അനുഭവങ്ങള്‍ എതിരായാലും മൂഢവിശ്വാസങ്ങളില്‍ കടിച്ചുതൂങ്ങാനുള്ള പ്രവണതയ്ക്ക് ഉദാഹാരണമാണ് സിനിമാതാരം ചിപ്പിയുടെ ഈ വാക്കുകള്‍: 'ഏതു വാരിക കിട്ടിയാലും ഞാന്‍ ആദ്യം വായിക്കുന്നതു ജാതകഫലമാണ്. അതില്‍ പറയുന്നതു പലതും നടക്കാറില്ല. എങ്കിലും ഞാന്‍ ജ്യോതിഷത്തില്‍ വിശ്വ സിക്കുന്നു.' അന്തരിച്ച ചലച്ചിത്രനടന്‍ ജോസ് പെല്ലിശേരി തന്റെ രസകരമായ അനുഭവം ഒരിക്കല്‍ വിവരിക്കുകയുണ്ടായി: 'അടുത്തകാലം വരെ എനിക്ക് ജാതകത്തില്‍ ഭയങ്കര വിശ്വാ സമായിരുന്നു. ഏത് ആഴ്ചപ്പതിപ്പു കിട്ടിയാലും ആദ്യം 'പുണര്‍തം' നാളിന്റെ ഫലം ആണു വായിക്കുക. മിക്കവാറും ശരിയാവാറുമുണ്ട്. അടുത്ത ദിവസം അമ്മ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ നക്ഷത്രഫലം വായിച്ചുകേള്‍പ്പിച്ചു. ഉടനെ അമ്മ ചോദിച്ചു: "നീ ഏതു നാളാണു വായിച്ചത്?” ഞാന്‍ പറഞ്ഞു "പുണര്‍തം”. "എടാ, നീ പുണര്‍തമല്ല. പൂയമാണ്!.” ഞാന്‍ പത്തിരുപതു കൊല്ലം വായിച്ചതു മുഴുവന്‍ പാഴായിപ്പോയി'

സാമാന്യബുദ്ധിയും യുക്തിബോധവും ശാസ്ത്രാഭിരുചിയുമുണ്ടെന്നു നാം കരുതുന്നവര്‍ വരെ ജ്യോത്സ്യന്മാര്‍ക്കു പിന്നാലെ പോകുന്ന ത് നാം കാണുകയോ വായിച്ചറിയുകയോ ചെയ്യുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥപ്രഭുക്കള്‍, സിനിമാതാരങ്ങള്‍, സാഹി ത്യകാരന്മാര്‍ തുടങ്ങി സമൂഹത്തിലെ പ്രമുഖരില്‍ പലരും ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ മാത്രമല്ല, അതിന്റെ പ്രചാര കര്‍ കൂടിയാണ്. മേല്‍ത്തട്ടിലുള്ളവരെ കീഴ്ത്തട്ടിലുള്ളവര്‍ അനുകരി ക്കുന്നത് മിക്ക സമൂഹങ്ങളിലും പതിവാണ്. അതിനാല്‍ സാമാന്യ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും നക്ഷത്രഫലത്തിലും ജാതകപ്പൊ രുത്തത്തിലും രാഹുകാലത്തിലുമെല്ലാം കൂടുതല്‍ കൂടുതല്‍ വിശ്വാസികളായിത്തീരുന്നതായാണു കാണുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള വികലവിശ്വാസങ്ങളുടെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണ്.

ആദ്യകാലത്ത് മലയാളത്തില്‍ തൃശൂരില്‍ നിന്നി റങ്ങിയിരുന്ന എക്സ്പ്രസ് ദിനപത്രത്തിലാണ് നക്ഷത്രഫലം പ്രസിദ്ധീകരിച്ചിരുന്നത്. പിന്നീട് പല പത്രങ്ങളും ഈ പംക്തി ഏറ്റെടുത്തു. ഇപ്പോളാകട്ടെ, ജ്യോതിഷം മാത്രം കൈകാര്യം ചെയ്യുന്ന നിരവധി പ്രസിദ്ധീകരണങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്ക യാണ് ന്യൂസ്-സ്റ്റാന്‍ഡുകള്‍.വിദ്യാസമ്പന്നരെന്നു കരുതുന്ന ആളു കള്‍ ഇത്തരം പ്രസിദ്ധീകരണങ്ങളുടെയും 'നിരക്ഷരകുക്ഷി' കളായ ശാന്തിക്കാരുടെയും ജ്യോത്സ്യന്മാരുടെയും അടിമകളായി മാറിയി രിക്കുന്നു.ശാസ്ത്രബോധം (scientific temper)തൊട്ടുതെറിച്ചിട്ടില്ലാ ത്ത അല്പന്മാരും അജ്ഞാനികളും സ്വാര്‍ഥമതികളും ആയ ഇക്കൂ ട്ടരാണ് ജ്യോതിഷത്തിനും അതുപോലുള്ള അന്ധവിശ്വാസങ്ങള്‍ ക്കും സാധാരണക്കാരില്‍ പ്രചാരമുണ്ടാക്കിക്കൊടുക്കുന്നത്.

ജ്യോതിഷത്തിന്റെ വിശ്വാസ്യത തെളിയിക്കാനായി കേട്ടുകേള്‍വികളും നിറംപിടിപ്പിച്ച കഥകളും പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണു നമ്മുടെ മാധ്യമങ്ങള്‍. ഇതില്‍ ദൃശ്യ, ശ്രവ്യ, അച്ചടി മാധ്യമമെന്ന വ്യത്യാസമില്ല. ജ്യോതിഷത്തെ വിമര്‍ശന ബുദ്ധിയോടെ സമീപിക്കുന്ന ലേഖനങ്ങളോ കുറിപ്പുകളോ പ്രസി ദ്ധീകരിക്കാന്‍ ഇവയില്‍ മിക്കവയും മുതിരാറില്ല. എന്നാല്‍ ഇന്‍റര്‍

നെറ്റിന്റെ-വിശേഷിച്ചും ബ്ലോഗുകളുടെ- വ്യാപനത്തോടെ അഥവാ ഒരു 'ഫിഫ്ത് എസ്റ്റേറ്റി'ന്റെ പിറവിയോടെ കാര്യങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ പിടിയില്‍ നിന്നു വഴുതിമാറിക്കൊണ്ടിരിക്കയാണ്. ശാസ്ത്രജ്ഞന്‍ എന്ന പേരില്‍ ജ്യോതിഷത്തിനു പ്രചാരമുണ്ടാക്കുന്ന ഫ്രോഡുകളില്‍ മുഖ്യനായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകന്‍ ഡോ.എന്‍ ഗോപാലകൃഷ്ണന്റെ ഉഡായിപ്പുകളെ പൊളിച്ചടക്കുന്ന മികച്ച രണ്ടുമൂന്നു പോസ്റ്റുകള്‍(1.സര്‍വ്വജ്ഞന്റെ ചൊവ്വാദോഷങ്ങള്‍

2.ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍


3.അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!)


ബ്ലോഗുകളില്‍ വന്നിട്ടുള്ളത് ഉദാഹരണം. മുഖ്യധാരാ പ്രിന്റ്-ഇലക്ട്രോണിക് മീഡിയയില്‍ ഒരി ക്കലും സാധ്യമല്ലാത്ത കാര്യമാണിത്. അവര്‍ എക്കാലത്തും ഗോപാലകൃഷ്ണന്മാര്‍ക്കേ പിന്തുണ നല്‍കിയിട്ടുള്ളൂ.

എന്നാല്‍ നെറ്റിലെ ഈ സാധ്യത തിരിച്ചറിയുന്നവരും അത് ഉപയോഗിക്കുന്നവരും നമ്മുടെ സമൂഹത്തില്‍ വളരെ വളരെ കുറ വായതിനാല്‍ ഈ 'പൊളിച്ചടക്കലൊ'ന്നും സാമാന്യജനം അറിയു ന്നില്ല എന്നതാണു ഖേദകരമായ യാഥാര്‍ഥ്യം.സാമാന്യജനത്തി ന്റെ കാര്യം വിട്.അവര്‍ക്ക് വിദ്യാഭ്യാസം കുറവാണെന്നു സമാധാ നിക്കാം.എന്നാല്‍ വിദ്യാസമ്പന്നരോ? ഡോ.ഗോപാലകൃഷ്ണനെ പ്പോലുള്ള തട്ടിപ്പുകാര്‍ പറയുന്നതു മുഴുവന്‍ തൊണ്ടതൊടാതെ വിഴു ങ്ങുന്നവര്‍ ഭൂരിപക്ഷവും വിദ്യാസമ്പന്നരാണ്. അതുപോലെ, ശ്രീ ശ്രീ രവിശങ്കര്‍ , മാതാ അമൃതാനന്ദമയീ തുടങ്ങിയ ആള്‍ ദൈവ ങ്ങളുടെ അടിമകളും ഇതേ വിദ്യാസമ്പന്നര്‍ തന്നെ. ഇവരാരും ഇന്റര്‍നെറ്റിലും പ്രിന്റ് മീഡിയിലും മറ്റും വരുന്ന ഗൌരവമുള്ള പഠനങ്ങളോ മേല്പ്പറഞ്ഞവരുടെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടു വരുന്ന (മുഖ്യധാരയില്‍പ്പെടാത്ത) പ്രസിദ്ധീകരണങ്ങളോ വായി ക്കുന്നില്ല.അഥവാ വായിച്ചാലും ജ്യോതിഷ വിശ്വാസികളില്‍ അത് എന്തെങ്കിലും ചലനമുണ്ടാക്കുമോ എന്ന കാര്യം സംശയമാണ്. കാരണം, തനിക്കാവശ്യമുള്ളതും തന്റെ വിശ്വാസത്തെ ശരിവ യ്ക്കുന്നതുമായ തെളിവുകളെ മാത്രം തിരഞ്ഞെടുത്ത് അവയില്‍ മാത്രം ശ്രദ്ധയര്‍പ്പിക്കുകയും അല്ലാത്തവയെ ബോധപൂര്‍വമോ അല്ലാതെയോ ഒഴിവാക്കുകയും ചെയ്യുന്ന 'സെലക്റ്റീവ് തിങ്കിങ്' ആണ് വിശ്വാസികളുടേത്. മാത്രമല്ല, ഭൌതിക വാദികളെന്നു പര ക്കെ അറിയപ്പെടുന്ന കമ്യൂണിസ്റ്റുകള്‍, ശാസ്ത്രസാഹിത്യ പരിഷത്തു കാര്‍ തുടങ്ങിയ ആളുകള്‍ പോലും പരസ്യവും രഹസ്യവുമായി ജ്യോതിഷത്തിന്റെയും മറ്റ് അന്ധവിശ്വാസങ്ങളുടെയും പുറകേ പോകുന്ന ഇരട്ടത്താപ്പുകള്‍ ദിനേനയെന്നോണം കാണുകയുമാണ വര്‍.വിപ്ലവകാരി(?)കളുടെ ചാനല്‍ മറ്റ് 'പിന്തിരിപ്പന്‍' ചാനലുകളെ പ്പോലെത്തന്നെ-പലപ്പോഴും അവരേയും കവച്ചുവയ്ക്കുന്ന രീതിയില്‍-മൂകാംബിക രഥോത്സവവും ശ്രീ ശ്രീ രവിശങ്കറിന്റെ സാമ്രാജ്യവും ആറ്റുകാല്‍ പൊങ്കാലയും മകരവിളക്കു തട്ടിപ്പും തത്സമയം സംപ്രേഷണം ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് മറ്റെന്താണ് ഓപ്ഷന്‍?

പുരോഗമന പ്രസ്ഥാനങ്ങളെന്നു വിവക്ഷിക്കപ്പെട്ടിരുന്ന സംഘടനകള്‍ ഏതാണ്ടെല്ലാം തന്നെ സവര്‍ണ ഹൈന്ദവതയുമാ യി പ്രത്യക്ഷമോ പരോക്ഷമോ ആയി സന്ധി ചെയ്തതിനാലാണ് ജ്യോതിഷമുള്‍പ്പെടെ, ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട തട്ടിപ്പുകളെല്ലാം 'പ്രബുദ്ധ' കേരളത്തില്‍പ്പോലും ഇത്രയ്ക്കു സ്വീകാര്യ മായതെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ ബോധ്യമാകും.അതുകൊണ്ടു തന്നെ,സവര്‍ണ ഹൈന്ദവതയെ അതിശക്തമായി എതിര്‍ക്കുന്ന പ്രത്യയശാസ്ത്രം സ്വീകരിച്ചുകൊണ്ടു മാത്രമേ ജ്യോതിഷത്തിനും സമാനമായ തരികിടകള്‍ക്കുമെതിരെ ഫലപ്രദമായി എന്തെങ്കിലും ചെയ്യാനൊക്കൂ. 'വാരഫല'മുള്‍പ്പെടെയുള്ള തക്കിട-തരികിട ഉഡാ യിപ്പുകളെല്ലാം യാതൊരു അടിസ്ഥാനവുമില്ലാത്ത, അസംബന്ധ ങ്ങള്‍ മാത്രമാണെന്നു തിരിച്ചറിയുന്ന, ശാസ്ത്രബോധമുള്ള ജനത, അപ്പോള്‍ മാത്രമേ, ഇവിടെ സൃഷ്ടിക്കപ്പെടൂ.