Saturday, February 19, 2011

ചെറായി രാമദാസും ബ്ലോഗിലേക്ക്

 ഗവേഷകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആയ ചെറായി രാമദാസ് ബ്ലോഗിലേക്കു കടന്നുവന്നിരിക്കുന്നു. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ സംബന്ധിച്ച് ഒട്ടേറെ പഠനങ്ങള്‍ നടത്തുകയും എഴുതുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ലേഖനം ഇന്നത്തെ (19/02/2011)മാധ്യമം ദിനപ്പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ലേഖനത്തിന്റെ കൈയെഴുത്തുപ്രതിയുടെ ഫോട്ടോ ബ്ലോഗിലുമുണ്ട്. ചെറായി രാമദാസിന് ബൂലോകത്തേക്ക് സ്വാഗതം. 
ചെറായി രാമദാസ്

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെപ്പറ്റി വാദിക്കാന്‍ എം.ജി. രാധാകൃഷ്ണന്‍ ആധാരമാക്കിയത്  ടി. വേണുഗോപാലന്റെ 'രാജ്യദ്രോഹിയായ രാജ്യസ്‌നേഹി'യെ മാത്രമാണ് (മാധ്യമം, 20.12.10). മറ്റുള്ളവരുടെ ഒറ്റ രചനയും അദ്ദേഹം ഗൗനിക്കില്ല. 13 കൊല്ലമായി ഞാന്‍ പത്ത് പത്രങ്ങളും രണ്ട് പുസ്തകങ്ങളും വഴി തുറന്നുകാട്ടുന്നത് ടി പുസ്തകത്തെയാണെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ലെന്നുണ്ടോ! പിള്ളക്ക് അയ്യങ്കാളി എഴുതിയത് എന്ന വ്യാജേന വേണുഗോപാലന്‍ തന്റെ കപട ഗവേഷണ ഗ്രന്ഥത്തില്‍ (പ്രസാ: കേരള പ്രസ് അക്കാദമി, 1996) ചേര്‍ത്ത ഒരു കത്തിന്റെ ഭാഗം പകര്‍ത്തിയാണ് രാധാകൃഷ്ണന്‍ ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്. ഇത് വേണുഗോപാലന്‍ ചമച്ച കള്ളക്കത്താണെന്ന് ഒട്ടേറെ തെളിവുകളോടെ ഞാന്‍ വായനക്കാരെ അറിയിച്ചിട്ട് കൊല്ലം എട്ടാകുന്നു (പച്ചക്കുതിര, 2003 ഏപ്രില്‍-ജൂണ്‍, വായന, 2004 ഒക്‌ടോ.)

ജീവിതകാലത്തുണ്ടായ അധഃസ്ഥിത മുന്നേറ്റങ്ങളെ മുച്ചൂടും എതിര്‍ത്തയാളാണ് പിള്ളയെന്ന് 'നിരൂപണത്തിന്റെ ജാതി'യും (പച്ചക്കുതിര, 2006 ഏപ്രില്‍) 'സ്തുതിപാഠകരുടെ സ്വദേശാഭിമാനി'യും (അയ്യങ്കാളിക്ക് ആദരത്തോടെ, 2009, പേ. 196-206) വായിച്ചിരുന്നെങ്കില്‍ മനസ്സിലായേനെ. ജാതിമനസ്‌കനായ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ 'കവിഭാരത'ത്തിനെതിരെ 'കവി രാമായണ' യുദ്ധം നയിച്ച മൂലൂര്‍ പത്മനാഭപ്പണിക്കര്‍ എന്ന ഈഴവ കവിയെ 'മരംകേറി'യാക്കിയത്, 'ബാലാകലേശവാദ'ത്തില്‍ പണ്ഡിറ്റ് കെ.പി. കറുപ്പനെ തണ്ടു ചാണ്ടുന്ന വാലനാക്കിയത് (കേരളോദയം വാരിക, 1915 മാര്‍ച്ച് 9, 16, 23), ദലിത് കുട്ടികള്‍ക്ക് പോത്തിന്റെ ഗ്രഹണപാടവമേയുള്ളൂ എന്നു തോന്നിക്കുന്ന മുഖപ്രസംഗം എഴുതിയത്, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളത്തില്‍ സവര്‍ണ കാഴ്ചക്കാര്‍ മാത്രമുള്ളിടത്ത് നായര്‍ സ്ത്രീകള്‍ മാറുമറയ്ക്കാതെ നടന്നാലും ദലിതരും മറ്റും നില്‍ക്കുന്നിടത്ത് അത് പാടില്ലെന്ന് മുഖപ്രസംഗം എഴുതിയത് (കേരള പഞ്ചിക, 1077 കന്നി) തുടങ്ങി പലതുമുണ്ട് പിള്ളയുടെ പ്രാകൃത മനസ്സിന്റെ ഉപോല്‍പന്നങ്ങളായി.

നിക്ഷിപ്ത താല്‍പര്യക്കാരാണ് പിള്ളയെ എതിര്‍ത്തതെന്നു പറയുന്നയാള്‍, പിള്ളയെ എതിര്‍ത്ത മൂലൂരും കറുപ്പനും അയ്യങ്കാളിയും (പ്രജാസഭാ പ്രസംഗം, 29.2.1916) ടി ഗണത്തില്‍തന്നെ പെടുമെന്നല്ലേ അര്‍ഥമാക്കുന്നത്? ജീവിതകാലത്തുണ്ടായ ഒരൊറ്റ പുരോഗമന കേരളീയ സാമൂഹികചലനത്തെയും പിള്ള അനുകൂലിച്ചില്ല. തിരുവനന്തപുരത്ത് നാടകം കളിച്ച തമിഴ് നടി ബാലാമണിയെയും സംഘത്തെയും ആട്ടിയോടിക്കാന്‍ പിള്ള ഒരു മുഖപ്രസംഗംതന്നെ എഴുതി (സ്വദേശാഭിമാനി, 24.8.1906)! ഇതിനും നാലു കൊല്ലം മുമ്പ് 'കേരളപഞ്ചിക' പത്രാധിപനായിരുന്നപ്പോള്‍ പിള്ള 'ഭാര്യാധര്‍മം' എന്ന തലക്കെട്ടില്‍ വ്യാഖ്യാനിച്ച വാത്സ്യായന സൂത്രങ്ങളും കാണേണ്ടതുതന്നെ (തിരുവനന്തപുരം നേറ്റീവ്  പ്രസ്, 1077). ഭര്‍ത്താവിനോട് ഭക്തയായിരിക്കണം ഭാര്യ എന്നാണതില്‍ സ്ഥാപിച്ചിരിക്കുന്നത്!

ഇനി കുപ്രസിദ്ധ അപ്പാര്‍തീഡ് മുഖപ്രസംഗങ്ങള്‍ നോക്കാം. ഡോ. കെ.എസ്. രാധാകൃഷ്ണന്റെ 'അഡോള്‍ഫ് ഹിറ്റ്‌ലറും സ്വദേശാഭിമാനിയും' എന്ന ലേഖനമാണ് (മാധ്യമം, 7.12.10) എം.ജി. രാധാകൃഷ്ണന്റെ വിമര്‍ശത്തിന് ആധാരം. പിള്ളയുടെ 'ഒരു വാചകത്തെ വളച്ചൊടിക്കുന്നു' എന്നാണ് വിമര്‍ശം. (ഈ കുവാദത്തിന്, പതിറ്റാണ്ടോളം മുമ്പ് മറ്റൊരു സ്തുതിപാഠകനായ ഡോ. കെ.എം. സീതി ഉന്നയിച്ചപ്പോള്‍, ഞാന്‍ 9.4.2000ത്തിെല 'കലാകൗമുദി'യില്‍ വിശദമായ മറുപടി നല്‍കിയതാണ്. ദലിതരുടെ സ്‌കൂള്‍പ്രവേശ സമരത്തിന് നിയമ പിന്‍ബലം നല്‍കിയത് 1.1.1910ന് നടപ്പായ തിരുവിതാംകൂര്‍ വിദ്യാഭ്യാസ കോഡ് (G.O No. 2247, dt. 19.11.1909) ആണ്. കോഡിന്റെ ഏഴാം ചാപ്റ്ററിലെ 69ാം റൂള്‍ ആണ് അയ്യങ്കാളി പ്രസ്ഥാനത്തിന് കൈമെയ് മറന്ന് വിദ്യാലയസമരം നയിക്കാന്‍ ഊര്‍ജമായത് ('വല്ല വിഭാഗത്തിലോ ജാതിയിലോ മതത്തിലോ പെടുന്നു എന്ന കാരണത്താല്‍ ഒരു കുട്ടിക്കും ഒരു സ്‌കൂളിലും പ്രവേശം നിഷേധിക്കരുത്').

തുടര്‍ന്ന് നാട്ടിലുണ്ടായത് എന്ത് എന്ന് കുതിര-പോത്ത് അപ്പാര്‍തീഡ് മുഖപ്രസംഗത്തിലുണ്ട് (സ്വദേശാഭിമാനി, 2.3.1910). പക്ഷേ, ആ ഭാഗം ഒഴിവാക്കിയാണ് ആ മുഖപ്രസംഗം വേണുഗോപാലന്‍ തന്റെ തട്ടിപ്പുപുസ്തകത്തില്‍ (പേ. 578-9) ചേര്‍ത്തത്. എന്നിട്ടും, 'ഏതെങ്കിലും വാചകം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിക്കപ്പെടരുത് എന്നു കരുതി ആ മുഖപ്രസംഗം മുഴുവന്‍ ഇവിടെ ഉദ്ധരി'ക്കുന്നു എന്ന് ഉളുപ്പുലേശമെന്യേ ടിയാന്‍ രേഖപ്പെടുത്തിക്കളഞ്ഞു അവിടെ! പൂഴ്ത്തപ്പെട്ട ഭാഗം പി. ഭാസ്‌കരനുണ്ണിയുടെ പുസ്തകത്തില്‍ (കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, കേരള സാഹിത്യ അക്കാദമി, 2005, പേ. 380) ഇങ്ങനെ വായിക്കാം: '...നെടുമങ്ങാട്, നെയ്യാറ്റിന്‍കര, തിരുവല്ല മുതലായ പലേ സ്ഥലങ്ങളിലെയും പാഠശാലകളില്‍ പുലക്കുട്ടികളെയും പറക്കുട്ടികളെയും പ്രവേശിപ്പിക്കയാല്‍, ആ വിദ്യാലയങ്ങളില്‍ പഠിച്ചിരുന്ന ബ്രാഹ്മണര്‍, നായന്മാര്‍ മുതലായ ജാതിക്കാരായ വിദ്യാര്‍ഥികള്‍ പിണങ്ങി ഇറങ്ങിക്കളഞ്ഞതായി അറിയുന്നുണ്ട്. ...ചില സ്ഥലങ്ങളില്‍ വഴക്കുകള്‍ ഒതുക്കിയിരിക്കുന്നുവെങ്കിലും മറ്റു ചിലേടങ്ങളില്‍ ഈ ക്ഷോഭം ശാന്തമായിട്ടില്ല.' ലഹളമയമായ ഈ അന്തരീക്ഷത്തിലേക്കാണ് പ്രകോപനപരമായ അപ്പാര്‍തീഡ് മുഖപ്രസംഗങ്ങള്‍ (കുതിര-പോത്ത് താരതമ്യപരം) വന്നുവീണത് എന്ന ഗുരുതരമായ സത്യം സ്തുതിപാഠകര്‍ നമ്മില്‍നിന്ന് മറച്ചുവെച്ചിരിക്കയായിരുന്നു. സ്‌കൂള്‍ പ്രവേശ സമരത്തിനിറങ്ങിയ ദലിതരെ ആക്രമിച്ചുകൊണ്ടിരുന്ന സവര്‍ണ പ്രമാണി പക്ഷത്തിന് 'താത്ത്വിക' പിന്‍ബലമേകുകയായിരുന്നു, വംശമേന്മാവാദപരമായ ആ നിരീക്ഷണങ്ങള്‍. ദലിത് കുട്ടികള്‍ക്ക് പ്രവേശം നല്‍കിയ ഊരൂട്ടമ്പലം, പുല്ലാട് സ്‌കൂളുകള്‍ തീവെച്ചതടക്കം എത്രയെത്ര ഭീകരാക്രമണങ്ങള്‍. ഭരണവര്‍ഗത്തിന്റെ കരുത്തും ധാര്‍ഷ്ട്യവും കൊല്ലങ്ങളോളം അടിമവര്‍ഗത്തിനുമേല്‍ ആഞ്ഞടിക്കയായിരുന്നു. മലയാള പത്രപ്രവര്‍ത്തനചരിത്രത്തില്‍ എക്കാലത്തെയും വലിയ അപമാനത്തിന്റെ ഏടാണിത്. ഇതേ അപ്പാര്‍തീഡ് ആശയം അഞ്ചു കൊല്ലം മുന്നേ പിള്ള തന്റെ 'കേരളന്‍' മാസികയിലൂടെ (1080 ഇടവം, പേ. 37) വെളിപ്പെടുത്തിയിരുന്നു. അവിടന്ന് മൂന്ന് കൊല്ലം കഴിഞ്ഞപ്പോള്‍, ഭാര്യ ടി.ബി. കല്യാണിയമ്മക്കും മറ്റും വേണ്ടി പിള്ള പ്രസിദ്ധീകരിച്ചിരുന്ന 'ശാരദ' മാസികയില്‍ ഒരു 'മാധവന്റെ' പേരുവെച്ചെഴുതിയ കുറിപ്പിലും മനുഷ്യര്‍ പരസ്‌പരം തുല്യരല്ല എന്നാണ് സ്ഥാപിച്ചത് (1908 ജൂലൈ, പേ. 144).

'സ്വദേശാഭിമാനി'യില്‍ കുതിര-പോത്ത് മുഖപ്രസംഗങ്ങള്‍ വന്ന് കൃത്യം മൂന്നുമാസം കഴിഞ്ഞപ്പോള്‍ ആ വികട സരസ്വതിയുടെ മര്‍മം പിളര്‍ക്കുന്ന അന്യന്റെ മറുപടിയും സ്വയം അച്ചടിച്ച് പ്രസിദ്ധീകരിക്കേണ്ടിവന്നു പിള്ളക്ക് എന്നത്, ചരിത്രത്തില്‍ തീരെ ചുരുക്കമായി കേള്‍ക്കുന്ന പരിഹാസമാണ്. കേരളീയ നായര്‍ സമാജത്തിന്റെ നാലാം വാര്‍ഷിക യോഗം 4.6.1910ന് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ ചേര്‍ന്നപ്പോള്‍ അധ്യക്ഷനായിരുന്ന ജസ്റ്റിസ് സി. ശങ്കരന്‍നായരാണ് ആ അന്യന്‍. അദ്ദേഹത്തിന്റെ നീണ്ട ഉപക്രമ പ്രസംഗമടക്കമുള്ള സമ്മേളന കാര്യങ്ങള്‍ 'കേരളീയ നായര്‍ സമാജം നാലാം വാര്‍ഷിക സമ്മേളനം- ഒരു സംക്ഷിപ്ത വിവരണം' എന്ന പേരില്‍ പുസ്തകമായി 'സ്വദേശാഭിമാനി' പ്രസില്‍ അച്ചടിച്ച് 1910ല്‍ നാല് ചക്രം വിലയിട്ട് പ്രസിദ്ധീകരിച്ചത് പിള്ളയാണ്. 'മിഷനറിമാര്‍ താഴ്ന്ന ജാതിക്കാരെ വിദ്യാഭ്യാസം ചെയ്യിച്ച് ഓരോ ഉന്നത സ്ഥാനങ്ങളില്‍ വരുത്തിയിരിക്കുന്നത് വിചാരിച്ചാല്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് താഴ്ന്ന ജാതികളേക്കാള്‍ പഠിത്തത്തില്‍ വാസനയുണ്ടെന്നുകൂടിയും പറയാന്‍ തരമില്ലാ' എന്നു ശങ്കരന്‍നായര്‍ തുറന്നടിച്ചത്, പിള്ളയുടെ കപട മനഃശാസ്ത്രവാദമേറ്റുപാടാന്‍ പുരോഗമനവാദികളെ കിട്ടില്ലെന്നതിന്റെ പ്രഖ്യാപനമായിരുന്നു (പേ. 49-51).

വിദ്യാഗ്രഹണപാടവം വെച്ചുനോക്കിയാല്‍ ദലിത് കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശം പറ്റില്ലെന്ന് പിള്ള വ്യാഖ്യാനിച്ച അതേ കാലത്ത് ഉയര്‍ന്ന ക്ലാസുകളില്‍ പഠിച്ചിരുന്ന ഉത്കൃഷ്ടജാതരുടെപോലും ഗ്രഹണപടുത എത്ര കേമമായിരുന്നു എന്ന് അറിയാന്‍ പിള്ളയുടെതന്നെ സ്‌കൂള്‍ജീവിത വര്‍ണന സഹായിക്കും: 'അസിസ്റ്റന്റ് വാധ്യാര്‍ ആര്‍.കെ.പി സരസന്‍. എന്നാല്‍, പഠിക്കാത്തവരെ ശിക്ഷിക്കുന്ന കാര്യത്തില്‍ നിര്‍ദാക്ഷിണ്യന്‍. മേല്‍ക്കൈയുടെ ദശ തിരുമ്മുകയാണ് സാധാരണ ശിക്ഷാ സമ്പ്രദായം. കഠിന കുറ്റങ്ങള്‍ക്ക് പ്രഹരവും. ഹെഡ്മാസ്റ്റര്‍ ഉയര്‍ന്ന തരം ക്ലാസുകള്‍ പഠിപ്പിക്കും. ആ ക്ലാസുകളിലെ കുട്ടികള്‍ക്ക് പെരമ്പു കൊണ്ട് തല്ലല്‍ ശിക്ഷ. വണ്ടിക്കുപയോഗിക്കുന്ന തടിച്ച പെരമ്പ് രണ്ടായി പിളര്‍ന്ന് ചെത്തി മിനുക്കി ഉപയോഗിക്കും. ജ്യോമട്രിയില്‍ ഒന്നാം പുസ്തകം അഞ്ചാം പ്രമേയം പഠിപ്പിക്കുന്ന സമയം 'ചെവിത്തോണ്ടി angle is equal to മൈത്താണ്ടി angle' എന്നു പറഞ്ഞ് തലയില്‍ കയറ്റിയിരുന്നു' (ബി. കല്യാണിയമ്മ എഴുതിയ 'വ്യാഴവട്ട സ്മരണകള്‍', ഡി.സി. ബുക്‌സ്, 1986, പേ. 23). ഇങ്ങനെ ചെവിത്തോണ്ടി കാട്ടിയും വണ്ടിപ്പെരമ്പുകൊണ്ടടിച്ചും വേണമായിരുന്നു സവര്‍ണ കുട്ടികളുടെ തലയില്‍ വല്ലതും കയറ്റാന്‍. എന്നിട്ടും പഴി ദലിത് കുട്ടികളുടെ ഗ്രഹണപാടവക്കുറവിന്!

നൂറ്റാണ്ടുകളായി വിദ്യ-സമ്പദ് രംഗങ്ങളില്‍നിന്നെല്ലാം ആട്ടിയോടിക്കപ്പെട്ടിരുന്ന ദലിതര്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശമാവശ്യപ്പെട്ടത്, നിഷേധിക്കപ്പെട്ടിരുന്ന പൗരാവകാശം നേടിയെടുക്കുന്നതിന്റെ ഭാഗമായിരുന്നു, മിഷനറിസ്‌കൂളുകളില്‍ പഠിക്കാന്‍ കഴിയാഞ്ഞിട്ടല്ല. എന്നിട്ടും 'പില്‍ക്കാലത്ത് ആധുനിക പരിഷ്‌കൃത സമൂഹങ്ങളില്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ സംവരണം അല്ലെങ്കില്‍ അഫമേറ്റീവ് ആക്ഷന്‍ എന്ന ധനാത്മക വിവേചനത്തിന്റെ (പോസിറ്റീവ് ഡിസ്‌ക്രിമിനേഷന്‍) യുക്തിയാണ് രാമകൃഷ്ണപിള്ളയുടെ പരാമര്‍ശത്തില്‍ കാണുന്ന'തെന്ന് പോത്ത്-കുതിര പ്രയോഗത്തെ ന്യായീകരിക്കയാണ് രാധാകൃഷ്ണന്‍.

ശ്രീമൂലം പ്രജാസഭയില്‍ പുലയ പ്രതിനിധിയായി 'പി.കെ. ഗോവിന്ദപ്പിള്ളയെ നിയമിച്ചതിനെതിരെ അയ്യങ്കാളിക്കൊപ്പം കൈകോര്‍ത്ത് നിന്ന് ശബ്ദമുയര്‍ത്തിയ'ത് രാമകൃഷ്ണപിള്ളയായിരുന്നു എന്ന് പറയുന്നത് എന്ത് തെളിവ് വെച്ചാണ്? ആ നിയമനത്തെ അഭിനന്ദിക്കയായിരുന്നു അയ്യങ്കാളി. പുലയര്‍ക്ക് സ്വന്തം പ്രതിനിധി വേണമെന്ന് പ്രജാസഭയില്‍ ആവശ്യപ്പെട്ടത് ഗോവിന്ദപ്പിള്ള തന്നെയായിരുന്നു.

രാമകൃഷ്ണപിള്ളയുടെയും സമാന തല്‍പരരായ സവര്‍ണരുടെയും വെറുപ്പിനിരയായ ദിവാന്‍ രാജഗോപാലാചാരിയെ, 1914ല്‍ സ്ഥാനമൊഴിഞ്ഞ് മടങ്ങിയപ്പോള്‍, തിരുവനന്തപുരം തൊട്ട് ഷൊര്‍ണൂര്‍ വരെ ഉത്സവസമാന സ്വീകരണങ്ങള്‍ നല്‍കിയാണ് അവര്‍ണ ജനത യാത്രയയച്ചത്. പൗരസ്വാതന്ത്ര്യമെന്തെന്ന് അറിയാന്‍ കൊച്ചിയിലെയും തിരുവിതാംകൂറിലെയും അയിത്ത ജാതിക്കാര്‍ക്ക് ആദ്യവസരം നല്‍കിയത് ആചാരിയുടെ മുന്‍കൈയിലാണ്. അതേ സമയം, സമയം നോക്കാതെ, തന്റെ പ്രാകൃത നിലപാടുകള്‍ക്ക് മറയിടാനായി, ധനരാഹിത്യമാണ് കുഴപ്പ ഹേതു എന്ന് പ്രപഞ്ചനം ചെയ്ത് പരിഹാസ്യനാവുകയായിരുന്നു പിള്ള.

മഞ്ഞപ്പത്ര ശൈലിയുടെ ആധിക്യമുണ്ടായിരുന്നുവെങ്കിലും പിള്ളയുടെ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ഹനിക്കയാണ് നാടു കടത്തലിലൂടെ സര്‍ക്കാര്‍ ചെയ്തത്. 32ാം വയസ്സില്‍ നാടുകടത്തപ്പെട്ട്, ക്ഷയരോഗിയായി 38ാം വയസ്സില്‍ ജീവിതയാത്ര അവസാനിപ്പിക്കേണ്ടിവന്നു പിള്ളക്ക്. ആ കുടുംബം അനുഭവിച്ച യാതനകള്‍ ആരെയും ദുഃഖിതരാക്കും. നാടിന്റെ മോചനത്തിനായി കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉദിച്ചുയരുംമുമ്പേ ആ സന്ദേശം ഇന്ത്യയില്‍ ആദ്യമുയര്‍ത്തിയവരില്‍ ഒരാളാണ് പിള്ള, മാര്‍ക്‌സിന്റെ ലഘുജീവിത ചരിത്ര പ്രസിദ്ധീകരണത്തിലൂടെ. സാമൂഹിക വിപ്ലവത്തിന്റെ പ്രാധാന്യം തിരിച്ചറിയാതെപോയ ഒരാള്‍ വഴിയാണ് മറ്റൊരു മഹാ ജനമോചന സന്ദേശം ഇന്ത്യക്കാര്‍ കേട്ടത്!

ഒരു കാലഘട്ടത്തിന്റെ ഉല്‍പന്നമാണ് പിള്ള. അതുവരെ കൈയടക്കിവെച്ചിരുന്ന ജീവിത സൗഭാഗ്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ആശങ്കപ്പെടാന്‍ തുടങ്ങിയ ഭരണവര്‍ഗത്തിന്റെ മനസ്സാണ് ഭാഗികമായി പിള്ളയിലൂടെ പ്രതിപ്രവര്‍ത്തിച്ചത്; പൗരസമത്വം എന്ന വെളിച്ചത്തെ തടയാന്‍ വെമ്പിയ വികല മനസ്സ്. രണ്ട് പതിറ്റാണ്ടിപ്പുറം ഭരണവര്‍ഗത്തില്‍നിന്നുതന്നെ ഉജ്ജ്വലനായ ഒരു വിപ്ലവകാരി പത്രപ്രവര്‍ത്തനരംഗത്തെത്തി: കേസരി എ. ബാലകൃഷ്ണപിള്ള. രാജാവിന്റെ സവിധത്തില്‍ വിളിച്ചിരുത്തി അയ്യങ്കാളിയെ ആദരിച്ചാല്‍ കുഴപ്പങ്ങളൊക്കെ നീങ്ങുമെന്ന് എഴുതാന്‍ (കേസരി, 14.10.31, പേ. 1.2). ചങ്കൂറ്റം കാണിച്ച മനുഷ്യസ്‌നേഹി. അദ്ദേഹവും സാമൂഹികമാറ്റത്തിന്റെ ഉല്‍പന്നമാണ്; അവര്‍ണര്‍ പൗരസ്വാതന്ത്ര്യ വീഥിയിലൂടെ മുന്നേറിക്കഴിഞ്ഞ കാലത്തിന്റെ ഉല്‍പന്നം.

രാമകൃഷ്ണപിള്ളയെ ജനങ്ങള്‍ക്ക് സ്വീകാര്യനും അസ്വീകാര്യനുമാക്കുന്ന ഘടകങ്ങളുണ്ട് ആ ജീവിതത്തില്‍ എന്ന് അംഗീകരിച്ചാലേ, സ്തുതിപാഠനത്തിനും വഴക്കുപറച്ചിലിനുമിടക്കുള്ള വഴിയിലൂടെ ചരിത്രചര്‍ച്ച മുന്നേറൂ.

3 comments:

  1. ഗവേഷകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആയ ചെറായി രാമദാസ് ബ്ലോഗിലേക്കു കടന്നുവന്നിരിക്കുന്നു. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ സംബന്ധിച്ച് ഒട്ടേറെ പഠനങ്ങള്‍ നടത്തുകയും എഴുതുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ലേഖനം ഇന്നത്തെ (19/02/2011)മാധ്യമം ദിനപ്പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ലേഖനത്തിന്റെ കൈയെഴുത്തുപ്രതിയുടെ ഫോട്ടോ ബ്ലോഗിലുമുണ്ട്. ചെറായി രാമദാസിന് ബൂലോകത്തേക്ക് സ്വാഗതം.

    ReplyDelete
  2. ചെറായി രാമദാസിന് ബൂലോകത്തേക്ക് സ്വാഗതം.

    ReplyDelete
  3. ബൂലോകത്തേക്ക് സ്വാഗതം,ചെറായി രാമദാസിന്!

    ReplyDelete