Thursday, February 3, 2011

കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാന്‍

അവസാനം അരുന്ധതി റോയിയുടെ ബുക്കര്‍ സമ്മാനം ലഭിച്ച വിശ്വപ്രശസ്ത നോവല്‍ The God of Small Things മലയാളത്തില്‍ വന്നിരിക്കുന്നു. ഇന്ന് കൊച്ചിയില്‍ വച്ച് ഡി സി ബുക്സിന്റെ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് നോവലിസ്റ്റ് ആനന്ദാണ് പുസ്തകം പ്രകാശനം ചെയ്തത്. കഥാകാരി പ്രിയ എ എസ് ആണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. 355 പേജുള്ള പുസ്തക്തിന്റെ വില 225 രൂപയാണ്.(പുസ്തകോത്സവ നഗറില്‍ നിന്ന് 191 രൂപയ്ക്കു ലഭിക്കും. കൂടാതെ നാളെയും അരുന്ധതിയുടെ ഓട്ടോഗ്രാഫോടെ ലഭിക്കും). പ്രകാശനച്ചടങ്ങിന്റെ ചില ചിത്രങ്ങള്‍ ഇതാ.(വീഡിയോയില്‍ നിന്നെടുത്തതിനാല്‍ ക്ലാരിറ്റി കുറവാണ്)
       വിവര്‍ത്തക പ്രിയ, നോവലിസ്റ്റ് നാരായന്‍,ആനന്ദ്, രവി ഡിസി
                           നാരായന്‍ ‍, ആനന്ദ്, അരുന്ധതി
     നാരായന്‍ പ്രസംഗിക്കുന്നു രവി ഡിസി,ആനന്ദ്, അരുന്ധതി സമീപം
                  ആനന്ദ് ഒരു സുഹൃത്തിനൊപ്പം ചായ കുടിക്കുന്നു
                         അരുന്ധതി, വി പ്രഭാകരന്‍(ദലിത് സാഹിത്യ അക്കാദമി മുന്‍ കണ്‍വീനര്‍-ബുക്കര്‍ പ്രൈസ്  ലഭിച്ചതിനുശേഷം,കേരളത്തില്‍ ആദ്യമായി അരുന്ധതിക്കു സ്വീകരണം ഏര്‍പ്പെടുത്തിയത് 1999ല്‍ കോഴിക്കോട്ടു വച്ച്  ദലിത് സാഹിത്യ അക്കാദമി ആയിരുന്നു. )

                               ഐ ഷണ്‍മുഖദാസ്, രവി ഡിസി, നാരായന്‍, ആനന്ദ് എന്നിവര്‍


ഇന്ത്യ സാമ്പത്തിക, ഹിന്ദുത്വ ഫാഷിസങ്ങളുടെ തടവില്‍ -അരുന്ധതി റോയി

കൊച്ചി: ഇന്ത്യ ഇപ്പോള്‍ സാമ്പത്തിക ഫാഷിസത്തിന്റെയും ഹിന്ദുത്വ ഫാഷിസത്തിന്റെയും തടവിലാണെന്ന് അരുന്ധതി റോയി.  ആഗോളീകരണത്തിലൂടെ സാമ്പത്തിക ഫാഷിസവും ബാബരി മസ്ജിദ് തകര്‍ത്തതിലൂടെ ഹിന്ദുത്വ ഫാഷിസവും രാജ്യത്തിനുമേല്‍ പിടിമുറുക്കുകയായിരുന്നു.
വര്‍ഗീയ ലഹളകളും വംശഹത്യയുമാണ് രാജ്യത്ത്  നടമാടുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.ഡി.സി ബുക്‌സ് പുസ്തക മേളയില്‍ 'ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്' എന്ന നോവലിന്റെ  മലയാളം പരിഭാഷ 'കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍'  പ്രകാശനം ചെയ്ത ശേഷം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍.
പുരസ്‌കാരങ്ങളുടെയും പ്രശസ്തിയുടെയും പിന്‍ബലത്തിലല്ല, പകരം രാഷ്ട്രീയ നിലപാടുകളുടെയും ഭാഷയുടെയും പേരിലാവണം തന്നെ നിര്‍വചിക്കേണ്ടതെന്ന് അവര്‍ പറഞ്ഞു.  
ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെ വെല്ലുവിളിക്കുന്നതിനും ഘടനയില്‍ മാറ്റം വരുത്തുന്നതിനുമായിരിക്കണം പ്രാധാന്യം.  14 വര്‍ഷം മുമ്പ് ഗോഡ്‌സ് ഓഫ് സ്‌മോള്‍ തിങ്‌സ്  എഴുതിയ കാലത്തെ ജാതി വ്യവസ്ഥ  ഏറ്റവും വൃത്തികെട്ട രീതിയില്‍ രാജ്യത്ത് ഇപ്പോഴും തുടരുകയാണ്. എഴുത്തുകാരിയും ആക്ടിവിസ്റ്റും തമ്മില്‍ വ്യത്യാസമില്ല.  എഴുത്തുകാരിയെന്നത് പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുന്നവരെന്നോ  ആക്ടിവിസ്റ്റ് എന്നത് തെരുവിലിറങ്ങി ശബ്ദിക്കുന്നവരെന്നോ അല്ല അര്‍ഥമാക്കുന്നത്.  എഴുത്തിന് അണുവായുധത്തേക്കാള്‍ പ്രഹരശേഷിയുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അവര്‍ പറഞ്ഞു.
ഉത്തരവാദിത്തമില്ലാത്ത ഭരണകൂടവും അഴിമതി നിറഞ്ഞ കോടതികളുമുള്ള വ്യവസ്ഥക്കകത്ത് സ്വാതന്ത്ര്യം പരിമിതപ്പെടുന്ന കൂട്ടിലാണ് നാം ഇപ്പോഴും  കഴിയുന്നതെന്ന് പുസ്തകം പ്രകാശനം ചെയ്ത എഴുത്തുകാരന്‍ ആനന്ദ് പറഞ്ഞു.കൂടിന്റെ വലുപ്പം കുറയുന്നതിനനുസരിച്ച് നമ്മളും സ്വയം ചെറുതായിക്കൊണ്ടിരിക്കുകയാണ്.
രാജ്യദ്രോഹത്തിനും മതനിന്ദക്കുമുള്ള ഇന്ത്യയിലെ നിയമങ്ങള്‍ കൊളോണിയല്‍ കാലത്തേതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഈ രണ്ട്  നിയമത്തിലും  ശിക്ഷയെന്തെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും കുറ്റം എങ്ങനെ നിര്‍വചിക്കാമെന്ന് പറയുന്നില്ല. നിയമം നടപ്പാക്കുന്നവരുടെ ഇച്ഛക്കനുസരിച്ച് അത് വ്യാഖ്യാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രിയ എ.എസ്, നാരായണന്‍, ഐ. ഷണ്‍മുഖദാസ്, രവി ഡി.സി എന്നിവര്‍ സംസാരിച്ചു. (മാധ്യമം 04-2-2011)

                   ഐ ഷണ്‍മുഖദാസ്, പ്രിയ എ എസ്, നാരായന്‍ , അരുന്ധതി, ആനന്ദ്. രവി ഡിസി

3 comments:

 1. അവസാനം അരുന്ധതി റോയിയുടെ ബുക്കര്‍ സമ്മാനം ലഭിച്ച വിശ്വപ്രശസ്ത നോവല്‍ The God of Small Things മലയാളത്തില്‍ വന്നിരിക്കുന്നു. ഇന്ന് കൊച്ചിയില്‍ വച്ച് ഡി സി ബുക്സിന്റെ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് നോവലിസ്റ്റ് ആനന്ദാണ് പുസ്തകം പ്രകാശനം ചെയ്തത്.

  ReplyDelete
 2. ഇന്നലെ മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്തയും ചേര്‍ത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.(മറ്റു പത്രങ്ങളില്‍ വാര്‍ത്തയും ഫോട്ടായും കണ്ടില്ല)

  ReplyDelete
 3. ജുഡീഷ്യറി മാഫിയാ കൂട്ടുകെട്ടായി മാറുന്നു - അരുന്ധതി റോയി
  കൊച്ചി: രാജ്യത്തെ നീതിന്യായ രംഗം ജഡ്ജിമാരും വക്കീല്‍മാരുമടങ്ങുന്ന മാഫിയ കൂട്ടുകെട്ടിലേക്ക് മാറിയിരിക്കുകയാണെന്ന് പ്രമുഖ സാഹിത്യകാരി അരുന്ധതി റോയി.

  സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പരിഹാസത്തിനും ധനനഷ്ടത്തിനും മാനഹാനിക്കും ഇരയാകേണ്ടി വരുന്ന വേദികളായി കോടതികള്‍ മാറിയെന്നും ഒരാള്‍ കുറ്റവാളിയാണോ എന്നറിയുന്നതിന് മുമ്പേ അയാള്‍ ശിക്ഷ അനുഭവിച്ചു തീര്‍ക്കേണ്ട സ്ഥിതിയാണെന്നും അരുന്ധതി റോയി ആരോപിച്ചു. കൊച്ചിയില്‍ പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍.

  നീതി തേടിയെത്തുന്നവര്‍ക്ക് പണവും ജീവിതവും നഷ്ടമാകുന്ന സ്ഥിതിയാണ്. കോടതി നടപടികള്‍ തന്നെ പ്രധാനശിക്ഷയായി മാറിക്കൊണ്ടിരിക്കുന്നു. ജുഡീഷ്യറിക്ക് പുറമെ മാധ്യമരംഗത്തെയും ഭരണതലങ്ങളിലേയും പ്രവര്‍ത്തനങ്ങള്‍ക്കും സുതാര്യത നഷ്ടമായത് ജനാധിപത്യത്തിന്റെ നിലനില്പിന് ഭീഷണിയാണെന്നും അവര്‍ വ്യക്തമാക്കി.

  കശ്മീരിനെ സംബന്ധിച്ച തന്റെ അഭിപ്രായം നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. നിലപാടില്‍ ഇന്നും ഉറച്ചുനില്‍ക്കുന്നു. റോഡരികിലെ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിനോട് യോജിക്കുന്നില്ല. മാനുഷിക അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമായാണ് ഇത്തരം നടപടികള്‍. മാവോയിസ്റ്റുകളോട് ഭരണകൂടം സ്വീകരിക്കുന്നത് അധാര്‍മികമായ കാഴ്ചപ്പാടാണ്. സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവരുടെ ഇടയിലേക്കിറങ്ങി ചെന്ന് അവരുടെ ഉന്നമനം കൂടി ലക്ഷ്യമാക്കാന്‍ സര്‍ക്കാരിന് സാധിക്കണമെന്നും അരുന്ധതി റോയി പറഞ്ഞു.

  സ്ത്രീകളെ പിന്തള്ളാനുള്ള ആധുനിക പ്രവണതയാണ് സര്‍വമേഖലകളിലുമായി ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്നതെന്നും സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെന്ന പോലെ സമസ്ത മേഖലകളിലും സ്ത്രീസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും അരുന്ധതി റോയി വ്യക്തമാക്കി. കഥാകാരി പ്രിയ എ.എസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
  (ഇന്നത്തെ-5/2/11- മാതൃഭൂമി പത്രത്തില്‍ വന്നതാണ് ഈ വാര്‍ത്ത)

  ReplyDelete