Tuesday, October 13, 2009

അഡ്വ.തട്ടാമലയുടെ അബദ്ധങ്ങൾ

‘പി എസ് സി റാങ്ൿലിസ്റ്റും നിയമനവും നിയമാനുസൃതമോ?’ എന്ന അഡ്വ.തട്ടാമല അബ്ദുല്‍ അസീസ് എഴുതിയ ലേഖനത്തില്‍ ‘50:50 കേസിലെ’ സുപ്രീം കോടതി വിധിയെ വിശകലനം ചെയ്ത് എഴുതിയിരിക്കുന്നത് പൂര്‍ണമായും ശരിയാണ്.

വാസ്തവത്തില്‍ സുപ്രീം കോടതി ഉള്‍പ്പെടെ ഒരൊറ്റ കോടതിയ്ക്കും പി എസ് സിയുടെ സങ്കീര്‍ണമായ നിയമന സമ്പ്രദായമോ അതിലെ അപാകമോ പൂര്‍ണാര്‍ഥത്തില്‍ പിടികിട്ടിയുട്ടെണ്ടന്ന് ഈ ലേഖകനു തോന്നിയിട്ടില്ല. കോടതികള്‍ക്കു പിടികിട്ടണമെങ്കില്‍ ആദ്യം വക്കീലന്മാര്‍ക്കു പിടികിട്ടണമല്ലോ! നീണ്ട പത്തുകൊല്ലത്തെ അനുഭവത്തില്‍ അങ്ങനെയൊരു വക്കീലിനെ ഈ ലേഖകന്‍ കണ്ടിട്ടില്ല. ഒടുവില്‍ മനസ്സിലാക്കിയ ഒരാളെ കിട്ടിയപ്പോഴേക്കും പന്ത് കോര്‍ട്ടിന്റെ അങ്ങേയറ്റത്തെത്തിയിരുന്നു. വക്കീലന്മാര്‍ എല്ലാവരും മണ്ടന്മാരായതുകൊണ്ടല്ല അങ്ങനെ വന്നത്; മറിച്ച് ഈ വിഷയത്തിന്റെ സങ്കീര്‍ണത അതാണ്. കുത്തിയിരുന്ന് റാങ്ൿലിസ്റ്റുകള്‍ വച്ച് നിയമനം നടത്തി നോക്കാന്‍ മിക്കവര്‍ക്കും സമയമില്ലാത്തതാണു പ്രശ്നം.(ഒരു റാങ്ൿലിസ്റ്റു വച്ചും ചെയ്തു നോക്കാതെ തന്നെ,  സ്ലൈഡ് ഉപയോഗിച്ചുള്ള എന്റെ പ്രസന്റേഷന്‍ മാത്രം കണ്ട് കാര്യം ശരിക്കും മനസ്സിലാക്കുകയും ലീഗല്‍ റ്റേംസില്‍ ആര്‍ക്കും അതു വിശദീകരിച്ചു നല്‍കാന്‍ കെല്‍‌പ്പു നേടുകയും ചെയ്തിട്ടുള്ള വക്കീലിനെയാണ് ഭാഗ്യവശാല്‍ അവസാനം കിട്ടിയിരിക്കുന്നത്). കാര്യം ശരിയായി മനസ്സിലാക്കാത്തതിന്റെ പ്രശ്നം, അഡ്വ.തട്ടാമല അബ്ദുല്‍ അസീസിനുമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ലേഖനത്തിന്റെ ആദ്യ ഖണ്ഡികകളിലും അവസാന ഖണ്ഡികയിലും അബദ്ധങ്ങള്‍ എഴുതിയിരിക്കുന്നത്.

റാങ്ൿലിസ്റ്റ് തയ്യാറാക്കുന്നതു സംബന്ധിച്ച് പി എസ് സി പിന്തുടര്‍ന്നു വരുന്ന രീതി ചട്ടപ്രകാരമല്ലെന്നുള്ള അദ്ദേഹത്തിന്റെ വാ‍ദം തത്ക്കാലം ഞാന്‍ പരിശോധിക്കുന്നില്ല. എന്നാല്‍ അദ്ദേഹം പറയുന്ന രീതി സ്വീകരിച്ചാലും ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ല എന്നാണ് ഈ ലേഖകന്റെ നിഗമനം.

അതവിടെ നില്‍ക്കട്ടെ. ‘ബീര്‍ മസ്താന്‍ കേസിനാസ്പദമായ ആയുര്‍വേദ ഡോക്ടര്‍മാരുടെ പ്രശ്നത്തില്‍ 250 പേരെ അഡ്വൈസ് ചെയ്തപ്പോള്‍,മുസ്ലിങ്ങളില്‍ 30 പേര്‍ക്ക് സംവരണം ലഭിക്കേണ്ടതായിരുന്നു’വെന്നും ‘എന്നാല്‍, 28 പേര്‍ക്കു മാത്രമേ അഡ്വൈസ് ലഭിച്ചുള്ളൂ’വെന്നും മറ്റും തുടങ്ങുന്ന ഖണ്ഡികയില്‍ പറഞ്ഞിട്ടുള്ള മുഴുവന്‍ കാര്യങ്ങളും തികഞ്ഞ അബദ്ധങ്ങളാണ്.  മൊത്തം 250പേരെ അഡ്വൈസ് ചെയ്യുമ്പോള്‍ അതിന്റെ 12%(30) മുസ്ലിങ്ങള്‍ക്കു കിട്ടണമെന്ന  കണക്കുവച്ചാണ് ഹര്‍ജിക്കാര്‍ 2 സീറ്റുകള്‍ നഷ്ടപ്പെട്ടുവെന്നു വാദിച്ചത്. എന്നാല്‍ ആ 250(ശരിക്കും 14/8/2006 വരെ 249 പേരെ മാത്രമേ അഡ്വൈസ് ചെയ്തിരുന്നുള്ളൂ.)ല്‍ 12 എണ്ണം എന്‍ ജേഡി (നോട്ട് ജോയ്നിങ് ഡ്യൂട്ടി) ഒഴിവുകളായിരുന്നുവെന്നും ബാക്കിയുള്ള 238 ന്റെ 12% ആയ 28 പേര്‍ക്ക് തങ്ങള്‍ നിയമനം നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് സംവരണം കൃത്യമായി പാലിച്ചിട്ടുണ്ടെന്നും അന്ന് പി എസ് സി മറുപടി നല്‍കിയിരുന്നെങ്കില്‍ ഒരുപക്ഷേ അന്നേ ആ കേസ് തള്ളിയിരുന്നേനേ.വാസ്തവത്തില്‍ ഒന്നാം റാങ്കുകാരനെ വരെ പി എസ് സി സംവരണത്തിലാണു നിയമിച്ചിരുന്നത് (ആ കേസില്‍ ഹര്‍ജിക്കാര്‍ക്ക് അനുകൂലമായ വിധിയുണ്ടാകാന്‍ പ്രധാനപ്പെട്ട ഒരു കാരണം തന്നെ അതായിരുന്നു). “എറ്റവും ചെറിയ യൂണിറ്റില്‍ തന്നെ,സംവരണം നിഷ്കൃഷ്ടമായി പാലിച്ചാല്‍ വലിയ യൂണിറ്റില്‍, ഒരു കാരണവശാലും കുറവു വരില്ല” എന്ന് അഡ്വ. അബ്ദുല്‍ അസീസ് എഴുതുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഇതെഴുതുന്നയാള്‍ക്ക് അറിയാന്‍ വയ്യ. അല്ലെങ്കില്‍ത്തന്നെ പി എസ് സി എവിടെയാണ് സംവരണം പാലിക്കാതിരിക്കുന്നത്? ഇവിടത്തെ പ്രശ്നം സംവരണം പാലിക്കാത്തതല്ല, മറിച്ച് സംവരണ സമുദായ ഉദ്യോഗാര്‍ഥികളെ മെറിറ്റില്‍ നിയമിക്കുന്നില്ല എന്നതാണ്. അവരുടെ സംവരണ വിഹിതം പൂര്‍ണമായും ലഭിക്കും. എന്നാല്‍ മെറിറ്റില്‍ നിയമനം കിട്ടേണ്ടവരെ സംവരണത്തില്‍ നിയമിച്ചാല്‍ സംവരണത്തില്‍ നിയമനം കിട്ടാന്‍ അര്‍ഹതയുള്ളവര്‍ക്ക് നിയമനം കിട്ടാതെ പോകും. അതാണ് ഡോ ബീര്‍ മസ്താനും ഡോ ഷം‌ല പടിയത്തും ഹര്‍ജിയില്‍ ഉന്നയിച്ചത്.

ഏറ്റവും ഒടുവിലത്തെ ഖണ്ഡികയില്‍ വക്കീല്‍ പറഞ്ഞിരിക്കുന്നതും റൊട്ടേഷന്‍ വ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ആള്‍ എഴുതുന്ന കാര്യമല്ല. റൊട്ടേഷന്‍ ഒരു തുടര്‍ പ്രക്രിയയാണ്. അതാ‍യത്, ഏതെങ്കിലും ഒരു റാങ്ൿലിസ്റ്റു വരുമ്പോള്‍ റൊട്ടേഷന്‍ പുതുതായി ആരംഭിക്കയല്ല ചെയ്യുന്നത്;മറിച്ച് പഴയ റൊട്ടേഷന്റെ തുടര്‍ച്ചയായി പുതിയ ലിസ്റ്റില്‍ നിന്നു നിയമനം നടത്തുകയാണ്. അതായത് പി എസ് സി നിയമനത്തില്‍,‘യൂനിറ്റിനോടൊപ്പം 100ന്റെ റോസ്റ്ററിനും സുപ്രധാന പങ്കുണ്ടെ’ന്നര്‍ഥം

[ഈ കുറിപ്പ് പ്രസിദ്ധീകരിക്കാനുള്ള മര്യാദ മാധ്യമം കാണിച്ചില്ല]

Saturday, October 10, 2009

പി.എസ്.സി റാങ്ക്ലിസ്റ്റും നിയമനവും നിയമാനുസൃതമോ?

പി.എസ്.സി റാങ്ക്ലിസ്റ്റും നിയമനവും നിയമാനുസൃതമോ?

അഡ്വ. തട്ടാമല അബ്ദുല്‍അസീസ്

(ഈ ലേഖനം മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ചതാണ്; 2009 സെപ്റ്റംബര്‍ 15 ന്. സുപ്രീം കോടതി വിധിയെപ്പറ്റി അഡ്വക്കറ്റ്  പറയുന്നതു മുഴുവന്‍ ശരിയാണ്. എന്നാല്‍ മറ്റു ചില പിശകുകള്‍ ഉണ്ട് ലേഖനത്തില്‍. അവ അടുത്ത പോസ്റ്റില്‍ ചൂണ്ടിക്കാണിക്കാം)

വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി ഉദ്യോഗാര്‍ഥികളുടെ ഒരു മെയിന്‍ലിസ്റ്റും പിന്നാക്കവിഭാഗങ്ങളുടെ സപ്ലിമെന്ററി ലിസ്റ്റുകളുമാണ് ഇപ്പോള്‍ പി.എസ്.സി പ്രസിദ്ധീകരിച്ചുവരുന്നത്. മെയിന്‍ലിസ്റ്റില്‍ മുന്നാക്ക^പിന്നാക്ക ഭേദമന്യെ, പട്ടികജാതി^പട്ടികവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുണ്ടാകാം. റാങ്കുകള്‍ അനുസരിച്ചാണ് 'മെയിന്‍ ലിസ്റ്റില്‍' ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തുന്നതെന്നും മെയിന്‍ലിസ്റ്റിലേതിനേക്കാള്‍ റാങ്ക് കുറഞ്ഞവരെയാണ്, സമുദായാടിസ്ഥാനത്തിലുള്ള സപ്ലിമെന്ററിലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തുന്നതെന്നുമാണ് പൊതുധാരണ. അവിടെയും റാങ്ക് അടിസ്ഥാനത്തിലാണ്, വിന്യാസമെന്നാണ് സങ്കല്‍പം. എന്നാല്‍, ഈ മെയിന്‍ലിസ്റ്റും അതിന്, സാമുദായികാടിസ്ഥാനത്തിലുള്ള സപ്ലിമെന്ററി ലിസ്റ്റും തയാറാക്കുന്നതും അതില്‍നിന്നു പി.എസ്.സി നിയമനം നടത്തിവരുന്നതും എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. 28.10.1958 മുതല്‍ പ്രാബല്യത്തിലിരുന്ന, പി.എസ്.സി നടപടി ചട്ടങ്ങള്‍ക്കു പകരമാണ്, 1976ലെ ചട്ടങ്ങള്‍ ഉണ്ടാക്കിയത്. ഇപ്പോഴും പ്രാബല്യത്തിലിരിക്കുന്ന, 1976ലെ, നടപടിച്ചട്ടപ്രകാരം, മൂന്ന് ലിസ്റ്റുകള്‍ കമീഷന്‍ തയാറാക്കേണ്ടതാണ്. 1. മെറിറ്റ് അടിസ്ഥാനത്തിലുള്ള ഒരു ലിസ്റ്റ് 2. 4(iv) ചട്ടത്തിന്റെ ഒന്നാം ക്ലിപ്ത നിബന്ധനപ്രകാരം, പ്രത്യേക ഗ്രൂപ്പുകളില്‍പെട്ട ഉദ്യോഗാര്‍ഥികളുടെ മെറിറ്റ് അടിസ്ഥാനത്തിലുള്ള ലിസ്റ്റുകള്‍; 3. പ്രസ്തുത ചട്ടത്തിന്റെ രണ്ടാം ക്ലിപ്ത നിബന്ധനപ്രകാരം രണ്ടാം ലിസ്റ്റിനുള്ള മെറിറ്റ് അടിസ്ഥാനത്തിലുള്ള സപ്ലിമെന്ററി ലിസ്റ്റുകള്‍. ഇത്രയുമാണ് പി.എസ്.സിയുടെ നിയമനത്തിനായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. അല്ലാതെ മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം തയാറാക്കുന്ന ഒന്നാം ലിസ്റ്റിന് സപ്ലിമെന്ററി ലിസ്റ്റ് ഉണ്ടാക്കാന്‍ വ്യവസ്ഥയില്ല. മൊത്തം നിയമനങ്ങളുടെ അമ്പത് ശതമാനം മാത്രമാണ് മെറിറ്റ് അടിസ്ഥാനത്തില്‍ നടത്തേണ്ടത്. അതിനാല്‍, മെറിറ്റ് അടിസ്ഥാനത്തിലുള്ള ഒന്നാമത്തെ ലിസ്റ്റിന്റെ ദൈര്‍ഘ്യം, യഥാര്‍ഥ ഒഴിവുകളുടെയോ പ്രതീക്ഷിക്കുന്ന ഒഴിവുകളുടെയോ 50 ശതമാനമോ അല്‍പം കൂടുതലോ മതി. രണ്ടാമത്തെ, എട്ട് ഗ്രൂപ്പുകളില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ ഉള്‍ക്കൊള്ളുന്ന ആകെ ലിസ്റ്റുകളുടെ ദൈര്‍ഘ്യം മെറിറ്റ്ലിസ്റ്റിന്റെ അത്രതന്നെ ആയിരിക്കേണ്ടതും അതിലെ ഒരോ ലിസ്റ്റിന്റെയും ദൈര്‍ഘ്യം ആ ലിസ്റ്റിലുള്ള സമുദായത്തിന് അനുവദിച്ച സംവരണ ശതമാനത്തിന് ആനുപാതികമായിരിക്കേണ്ടതുമാണ്. 08.03.2006ലെ 14ാം ചട്ട ഭേദഗതിപ്രകാരം, സപ്ലിമെന്ററി ലിസ്റ്റുകളുടെ ദൈര്‍ഘ്യം സംവരണക്വാട്ടയുടെ അഞ്ചിരട്ടിയായിരിക്കണം. എന്നാല്‍, ഈ ചട്ടങ്ങള്‍ പ്രകാരമല്ല ലിസ്റ്റുകള്‍ തയാറാക്കുന്നത്. പകരം, മെയിന്‍ലിസ്റ്റും പകുതിയോളം മാത്രം മൊത്തം ദൈര്‍ഘ്യമുള്ള സപ്ലിമെന്ററി ലിസ്റ്റുകളും തയാറാക്കുന്നു. പി.എസ്.സിക്ക് ബാധകമായ ഒരു നിയമത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ ഇങ്ങനെ ലിസ്റ്റുകളുണ്ടാക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്ന് വ്യക്തം. ഇനി നിയമനരീതി നോക്കാം. ജനറല്‍ റൂളിന്റെ 14 (എ)പ്രകാരം നിയമനത്തിന്റെ യൂനിറ്റ് 20 ആയിരിക്കും. അതില്‍ രണ്ടെണ്ണം പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കുമായി സംവരണം ചെയ്യണം; എട്ടെണ്ണം മറ്റു പിന്നാക്കവിഭാഗങ്ങള്‍ക്കും. ശേഷിച്ച പത്തെണ്ണം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നിറക്കേണ്ടതാണ്. ഇരുപത് നിയമനങ്ങളില്‍, ഒന്നുമുതല്‍ ഒന്നിടവിട്ട ഒഴിവുകള്‍ മെറിറ്റ് ലിസ്റ്റില്‍നിന്നും രണ്ടുമുതല്‍ ഒന്നിടവിട്ട ഒഴിവുകള്‍ സംവരണം മുഖേനയും നിറക്കേണ്ടതാണ്. സംവരണത്തിനുള്ള ഈ ഊഴക്രമം ചട്ടം 14 (സി) (ii)ല്‍ വിശദീകരിച്ചിട്ടുണ്ട്. ഈ ക്ലിപ്ത നിബന്ധനയിലെയും 14ാം ചട്ടത്തിലെയും വ്യവസ്ഥകള്‍പ്രകാരം തുറന്ന മെറിറ്റിലൂടെ ഒഴിവുകളിലേക്ക് വേണ്ട ഉദ്യോഗാര്‍ഥികളെ ഒന്നാം പട്ടികയായ മെറിറ്റ് ലിസ്റ്റില്‍നിന്നും സംവരണ ഒഴിവുകള്‍, പ്രത്യേക ഗ്രൂപ്പുകളിലെ സമുദായങ്ങളില്‍പെട്ട ഉദ്യോഗാര്‍ഥികളെ ഉള്‍ക്കൊള്ളിച്ച് തയാറാക്കുന്ന രണ്ടാം പട്ടികയില്‍നിന്നുമാണ് നിയമിക്കേണ്ടത്. രണ്ടാം ലിസ്റ്റില്‍ വേണ്ടത്ര ഉദ്യോഗാര്‍ഥികള്‍ ഇല്ലാത്തപക്ഷം, സംവരണ ലിസ്റ്റില്‍ പെടാന്‍ അര്‍ഹതയുള്ള സമുദായങ്ങളിലെ ഉദ്യോഗാര്‍ഥികളെ മാത്രം ഉള്‍പ്പെടുത്തി സപ്ലിമെന്ററി ലിസ്റ്റില്‍നിന്നു നിറക്കേണ്ടതാണ്. എന്നാല്‍, പി.എസ്.സി നിയമനങ്ങള്‍ നടത്തുന്നത്, 14ാം ചട്ടത്തിലും ക്ലിപ്തനിബന്ധനയിലും അനുശാസിച്ചിരിക്കുന്നതുപോലെയല്ല. മെയിന്‍ ലിസ്റ്റ് എന്നപേരില്‍ ഒന്നുണ്ടാക്കുകയും അതില്‍നിന്നുതന്നെ മെറിറ്റ് ഒഴിവുകളിലേക്കും സംവരണ ഒഴിവുകളിലേക്കും നിയമനങ്ങള്‍ നടത്തുകയുമാണ് ചെയ്യുന്നത്. മെയിന്‍ ലിസ്റ്റില്‍ പെടുന്ന പിന്നാക്കവിഭാഗങ്ങളെയെല്ലാം, സംവരണക്വാട്ടയില്‍ നിയമിക്കുകയും ശേഷിച്ചവരെ മെറിറ്റ് ഒഴിവുകളില്‍ നിയമിക്കുകയും ചെയ്യുന്നു. മെയിന്‍ ലിസ്റ്റ് എന്നപേരില്‍ ഒരു ലിസ്റ്റ് ഉണ്ടാക്കുന്നതിനും അതില്‍നിന്ന് മെറിറ്റിലും സംവരണത്തിലുമുള്ള ഒഴിവുകളില്‍ നിയമനം നടത്തുന്നതിനും പി.എസ്.സിക്ക് അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ പി.എസ്.സിയുടെ പ്രവര്‍ത്തനനിയമങ്ങളില്‍ ഒന്നിലും കാണുന്നില്ല. വ്യക്തമായ നിയമങ്ങളുടെ അഭാവത്തിലും വ്യക്തമായ വ്യവസ്ഥകളെ ലംഘിച്ചും ലിസ്റ്റുണ്ടാക്കുകയും നിയമനം നടത്തുകയും ചെയ്യുന്നതിന് പി.എസ്.സി വിശദീകരണം നല്‍കേണ്ടതാണ്. ബീര്‍മസ്താന്‍ കേസിനാസ്പദമായ, ആയുര്‍വേദ ഡോക്ടര്‍മാരുടെ പ്രശ്നത്തില്‍ 250 പേരെ അഡ്വൈസ് ചെയ്തപ്പോള്‍, മുസ്ലിംകളില്‍ 30 പേര്‍ക്ക് സംവരണത്തില്‍ മാത്രമായി, അഡ്വൈസ് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍, 28 പേര്‍ക്കു മാത്രമേ അഡ്വൈസ് ലഭിച്ചുള്ളൂ. മെയിന്‍ലിസ്റ്റിലെ ഒന്നും എട്ടും റാങ്കുകാരെ മെറിറ്റിലാണ് അഡ്വൈസ് ചെയ്തതെന്ന് പി.എസ്.സി പറയുന്നു. അങ്ങനെയാണെങ്കില്‍, സംവരണത്തില്‍ 26 പേരെ മാത്രമേ അഡ്വൈസ് ചെയ്തിട്ടുള്ളൂ, പി.എസ്.സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ മെമ്മോറാണ്ടത്തില്‍ ഇതിനു കാരണമായി പറയുന്നത് 20ന്റെ യൂനിറ്റുകളായി നിയമനം നടത്തിയതുകൊണ്ടാണെന്നാണ്. ഇത് അസംബന്ധമാണ്. ഏറ്റവും കുറഞ്ഞ യൂനിറ്റിലും സംവരണതത്ത്വം പാലിക്കുന്നതിനാണ് 20ന്റെ യൂനിറ്റ് വ്യവസ്ഥ ചെയ്തത്. ഏറ്റവും ചെറിയ യൂനിറ്റില്‍തന്നെ, സംവരണം നിഷ്കൃഷ്ടമായി പാലിച്ചാല്‍ വലിയ യൂനിറ്റില്‍, ഒരു കാരണവശാലും കുറവുവരില്ല. ന്യായീകരണത്തിനുള്ള മറ്റൊരു കാരണമായി കാണിക്കുന്നത് പി.എസ്.സി മാന്വലിലെ വ്യവസ്ഥകളാണ്. പി.എസ്.സി മാന്വല്‍ നിയമമല്ല. നിയമങ്ങള്‍ നടപ്പാക്കാനുള്ള ഭരണപരമായ നിര്‍ദേശങ്ങള്‍ മാത്രമാണ്. പ്രധാന നിയമവ്യവസ്ഥകള്‍ക്ക് ലംഘനമായ ഒരു വ്യവസ്ഥയും അതില്‍ പാടില്ല. ബീര്‍മസ്താന്‍ കേസിില്‍ 20 യൂനിറ്റ് വാദം പ്രതിരോധത്തിനു വേണ്ടി ആദ്യം ഉന്നയിച്ചത് പി.എസ്.സിയാണ്. യഥാര്‍ഥത്തില്‍ 20 യൂനിറ്റ് എന്ന വ്യവസ്ഥകൊണ്ടല്ല സംവരണപ്രകാരംപോലും കിട്ടേണ്ടത് കിട്ടാതെ പോയത്. സുപ്രീംകോടതി മുമ്പാകെ പി.എസ്.സി പ്രധാനമായും ഉന്നയിച്ചത് 20ന്റെ യൂനിറ്റ് വാദവും 20നു മുകളിലുള്ള ഒഴിവുകളില്‍ 50:50 അനുപാതത്തില്‍ മെറിറ്റിലും സംവരണത്തിലും നിയമനം നടത്തണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനെതിരായ വാദവും ആയിരുന്നു. 20നു മേലുള്ള ഒഴിവുകള്‍, ഹൈക്കോടതി നിര്‍ദേശപ്രകാരം നിറക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വേണമെന്നായിരുന്നു വാദം. ചട്ടഭേദഗതിയുടെ കാര്യം ശരി. എന്നാല്‍, ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ലിസ്റ്റ് ഉണ്ടാക്കുന്നതും അതില്‍നിന്നു നിയമനം നടത്തുന്നതും സംബന്ധിച്ച് തര്‍ക്കങ്ങളൊന്നും ഉന്നയിച്ചതായി കാണുന്നില്ല. പ്രസക്തമായ കാര്യങ്ങള്‍ ഉപേക്ഷിച്ചും അപൂര്‍ണമായ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുമാണ് സുപ്രീംകോടതി തീര്‍പ്പു കല്‍പിച്ചിരിക്കുന്നത.് 20ന്റെ യൂനിറ്റുകളായി എങ്ങനെ നിയമനം നടത്തണമെന്ന് സുപ്രീംകോടതി വിധിന്യായത്തിന്റെ^2009 (2) K.L.T 123 (SC)^ 18,19,20 എന്നീ ഖണ്ഡികകളില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: 18. .....പബ്ലിക് സര്‍വീസ് കമീഷന്‍ വിജ്ഞാപനം ചെയ്യുന്ന ഒഴിവുകളിലേക്ക് തെരഞ്ഞെടുക്കാനായി മെറിറ്റ് അനുസരിച്ചുള്ള ഒരു പൊതു റാങ്ക്ലിസ്റ്റ് (common rank list) തയാറാക്കേണ്ടതും സംവരണം 20ന്റെ യൂനിറ്റുകളില്‍ നടത്തേണ്ടതുമാണ്. അതായത്, ആദ്യത്തെ ഏറ്റവും മെറിറ്റുള്ള 20 ഉദ്യോഗാര്‍ഥികളെ, അതായത്, സംവരണത്തിന്റെ ആവശ്യത്തിനുവേണ്ടി, കോമണ്‍ റാങ്ക് ലിസ്റ്റില്‍നിന്നും ക്രമനമ്പര്‍ ഒന്നു മുതല്‍ 20 വരെയുള്ള ഉദ്യോഗാര്‍ഥികളെ പരിഗണിക്കേണ്ടതാണ്. ആ ഘട്ടത്തില്‍, ക്രമനമ്പര്‍, 21ഉം അതിനു താഴെയുമുള്ള ഉദ്യോഗാര്‍ഥികളെ പരിഗണിക്കേണ്ടതില്ല. 19. ഏറ്റവും കൂടുതല്‍ മെറിറ്റുള്ള ഈ 20 ഉദ്യോഗാര്‍ഥികളില്‍നിന്നും പിന്നീട് മേലുദ്ധരിച്ച ചട്ടം 14 (സി) അനുസരിച്ച്, നിയമനങ്ങള്‍ നടത്തേണ്ടതാണ്. 20. ഏറ്റവും കൂടുതല്‍ മെറിറ്റുള്ളവരായി തെരഞ്ഞെടുക്കപ്പെട്ട ഈ 20 ഉദ്യോഗാര്‍ഥികള്‍ക്കുശേഷം മാത്രമേ, റാങ്ക്ലിസ്റ്റിലുള്ള അടുത്ത ബാച്ചായ 20ലേക്ക്, അതായത്, ക്രമനമ്പര്‍ 21 മുതല്‍ 40 വരെയുള്ളതിലേക്ക് പി.എസ്.സി നീങ്ങാന്‍ പാടുള്ളൂ. അതേ നടപടിക്രമം പിന്നീട് ആവര്‍ത്തിക്കേണ്ടതാണ്. അതിനുശേഷം മൂന്നാമത്തെ ബാച്ചായ 20 ഉദ്യോഗാര്‍ഥികളെ, അതായത്, ക്രമനമ്പര്‍ 41 മുതല്‍ 60 വരെയുള്ളത് പരിഗണിക്കുകയും ചട്ടം 14 (എ) പ്രകാരമുള്ള തെരഞ്ഞെടുപ്പുകളും നിയമനങ്ങളും നടത്തേണ്ടതുമാണ്. 20ന്റെ യൂനിറ്റുകള്‍ എങ്ങനെ നിറക്കണമെന്ന്, ജനറല്‍ റൂള്‍ 14 (സി)യുടെ മൂന്നാം ക്ലിപ്ത നിബന്ധനയില്‍ വിവരിക്കുന്നുണ്ട്. ഇതില്‍നിന്ന് വ്യത്യസ്തമാണ് സുപ്രീംകോടതിയുടെ മേലുദ്ധരിച്ച നിര്‍ദേശങ്ങള്‍. കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന 'കോമണ്‍ റാങ്ക് ലിസ്റ്റ്' ഏതെന്ന് വ്യക്തമല്ല. മെയിന്‍ ലിസ്റ്റ് എന്നപേരില്‍ ചട്ടങ്ങളിലൊന്നും പരാമര്‍ശമില്ലാത്തതും പി.എസ്.സി ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നതുമായ ലിസ്റ്റ് തന്നെയാണോ ഇതെന്ന് വ്യക്തമല്ല. പൊതുപരീക്ഷയുടെയോ മുഖാമുഖത്തിന്റെയോ അടിസ്ഥാനത്തില്‍, നേരിട്ടുള്ള നിയമനം നടത്തുന്ന തസ്തികകളിലേക്ക് ഒരു 'കോമണ്‍ റാങ്ക് ലിസ്റ്റ്' തയാറാക്കുകയാണെങ്കില്‍, സംവരണത്തിനു വേണ്ടി, തസ്തികകള്‍ ഒരുമിച്ചുകൂട്ടണമെന്ന് റൂള്‍ 14 (ഡി)യില്‍ പറയുന്നു. ഇതാണോ കോടതി ഉദ്ദേശിക്കുന്നതെന്നും വ്യക്തമല്ല. സുപ്രീം കോടതി വിധിന്യായം പുറപ്പെടുവിച്ച 30.03.2009ല്‍തന്നെ 29ാം നമ്പര്‍ റസലൂഷന്‍ പ്രകാരം, ഈ വിധിന്യായം നടപ്പാക്കാന്‍ പി.എസ്.സി തീരുമാനിച്ചതായി കാണുന്നു. മൂന്ന് കാരണങ്ങളാലാണ് സുപ്രീം കോടതി, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയത്. ഒന്നാമത്തെ കാരണം, 20ല്‍ കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍, അതിന്റെ പകുതി 50 ശതമാനം മെറിറ്റ് അടിസ്ഥാനത്തിലും ശേഷിക്കുന്ന 50 ശതമാനം സംവരണത്തിലൂടെയും നിറക്കണമെന്ന നിര്‍ദേശത്തിന് അടിസ്ഥാനമായി ജനറല്‍ റൂളില്‍ വ്യവസ്ഥയില്ല. അങ്ങനെയുള്ള നിര്‍ദേശംമൂലം ഹൈക്കോടതി നിയമനിര്‍മാണവും നിലവിലുള്ള 20ന്റെ യൂനിറ്റുകളായി നിയമനം നടത്തണമെന്ന വ്യവസ്ഥയുടെ ഭേദഗതിയുമാണ് നടത്തിയിരിക്കുന്നത്. ഭേദഗതിച്ചട്ടം ഉണ്ടാക്കാന്‍ കോടതിക്ക് അധികാരമില്ല. രണ്ടാമത്തെ കാരണം, ഹൈക്കോടതി നിര്‍ദേശം നടപ്പില്‍വരുത്തിയാല്‍, സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന ഇന്ദ്രാസാഹ്നി കേസിലെ സുപ്രീം കോടതി വിധിക്ക് എതിരാകും. മൂന്നാമത്തെ കാരണം, 20ന്റെ യൂനിറ്റ് എന്ന ഇപ്പോഴത്തെ സമ്പ്രദായം 30ലേറെ വര്‍ഷമായി നിലനില്‍ക്കുന്നതാണ്. മതിയായ കാരണങ്ങളില്ലാതെ, ലാഘവബുദ്ധിയോടെ അതിന് മാറ്റംവരുത്താന്‍ പാടില്ല. ഒന്നാമത്തെ കാരണം കഴമ്പുള്ളതാണ്. ഹൈക്കോടതി വിധിക്കനുസരിച്ച് സര്‍ക്കാറിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്താമായിരുന്നു, സര്‍ക്കാര്‍ അതിന് മുതിര്‍ന്നില്ല. ആ ഒറ്റക്കാരണത്താല്‍ ഹൈക്കോടതി വിധി റദ്ദാക്കേണ്ട കാര്യമില്ല. ഹൈക്കോടതി വിധി മെച്ചപ്പെട്ട നിലയില്‍ സംവരണ തത്ത്വങ്ങള്‍ നടപ്പാക്കാന്‍ ഉപകരിക്കുമെങ്കില്‍ അത് സ്വീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ റൂള്‍സില്‍ ഭേദഗതി വരുത്തുകയും ചെയ്യാവുന്നതേയുള്ളൂ. രണ്ടാമത് പറഞ്ഞ കാരണം, ഹൈക്കോടതി വിധി, സംവരണവിഭാഗങ്ങളുടെ സംവരണം, ഫലത്തില്‍ 50 ശതമാനത്തില്‍ കവിയുന്നതാണെന്നാണ്. ഇങ്ങനെ ചെയ്യുന്നത് ഇന്ദിരസാഹ്നി കേസിലെ സുപ്രീംകോടതി നിര്‍ദേശിച്ചതിന് വിരുദ്ധമാണ്. എന്നാല്‍ ഈ നിഗമനം തെറ്റാണ്. സംവരണം 50 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്നു മാത്രമാണ് ഇന്ദിരസാഹ്നി കേസില്‍ വിധിച്ചത്. സംവരണ വിഭാഗത്തില്‍പെട്ട ഏതെങ്കിലും സമുദായത്തിന് സംവരണ ശതമാനത്തിലധികം നിയമനങ്ങള്‍ നല്‍കരുതെന്ന്, സുപ്രീം കോടതി നിര്‍ദേശിച്ചിട്ടില്ല. സംവരണത്തില്‍ ലഭിക്കുന്ന വിഹിതത്തിനു പുറമെ മെറിറ്റ് അടിസ്ഥാനത്തില്‍ എത്ര സീറ്റ് നേടുന്നതിനും സംവരണ സമുദായാംഗങ്ങള്‍ക്ക് അവകാശമുണ്ട്. സംവരണ സീറ്റിലേക്ക് അവ തട്ടിക്കഴിക്കാനും പാടില്ല. സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ ഫലം, പിന്നാക്ക സമുദായാംഗങ്ങള്‍ മെറിറ്റിലൂടെ നിയമനം കരസ്ഥമാക്കാന്‍ പാടില്ലെന്നാണ്, ഇത് ശരിയല്ല. മൂന്നാമത്തെ കാരണം, കഴിഞ്ഞ മുപ്പതില്‍പരം വര്‍ഷങ്ങളായി 20ന്റെ യൂനിറ്റ് സമ്പ്രദായം നിലനില്‍ക്കുന്നുവെന്നും അത് ലാഘവബുദ്ധിയോടെ മാറ്റാന്‍ പാടില്ലെന്നുമാണ്. യൂനിറ്റ് സമ്പ്രദായം, തിരുവിതാംകൂറില്‍ സംവരണം ആരംഭിച്ച 25^06^1935ല്‍ നിലവിലുണ്ടായിരുന്നു. പ്രതിമാസം 20 രൂപക്ക് താഴെ ശമ്പളമുള്ള ലോവര്‍ ഡിവിഷന്‍ നിയമനങ്ങള്‍ 55 തസ്തികകളുടെ യൂനിറ്റുകളായി തിരിച്ചാണ് നിയമനം നടത്തിയിരുന്നത്. 20 രൂപക്കും 150 രൂപക്കുമിടയില്‍ പ്രതിമാസം ശമ്പളം ഉണ്ടായിരുന്ന ഇന്റര്‍മീഡിയറ്റ് ഡിവിഷനില്‍, 40 ശതമാനം പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുകയും പിന്നാക്കക്കാരിലെ ഏറ്റവും കൂടുതല്‍ മെറിറ്റുള്ളവരെ ആ തസ്തികകളില്‍ നിയമിക്കുകയും ചെയ്തിരുന്നു. 150 രൂപക്കു മുകളില്‍ പ്രതിമാസം ശമ്പളമുള്ള ഹയര്‍ ഡിവിഷനില്‍ സംവരണം ഇല്ലായിരുന്നു (R. Dis. No. 893/Gel/dt 25^06^1935) തിരു^കൊച്ചി രൂപവത്കരണശേഷം 17.09.1952ല്‍ Order No. S2^15238/50/CS പ്രകാരം, 20ന്റെ യൂനിറ്റ് സമ്പ്രദായം നിലവില്‍ വന്നു. 06.02.1957ല്‍ Order S(D) 2^41489/56/PD പ്രകാരം സംവരണ വ്യവസ്ഥയില്‍ ചില ഭേദഗതികള്‍ വരുത്തി. 17.12.1958ല്‍ നിലവില്‍വന്ന ജനറല്‍ റൂള്‍സിലും ഈ വ്യവസ്ഥ നിലനിര്‍ത്തി. അതിനാല്‍, 30 വര്‍ഷംകൊണ്ട് നിലവിലിരിക്കുന്നുവെന്ന് പറയുന്നത് ശരിയല്ല. 30 വര്‍ഷത്തിലധികമായി 20ന്റെ യൂനിറ്റ് സമ്പ്രദായം നിലവിലിരിക്കുന്നു എന്നതുകൊണ്ടു മാത്രംപ്രത്യേക പവിത്രതയൊന്നുമില്ല. സംവരണം നിയമാനുസൃതവും ഫലപ്രദവുമായി നടപ്പാക്കുന്നതിന് അതുകൊണ്ട് സാധിക്കുന്നില്ലെങ്കില്‍ അതില്‍ ഭേദഗതി വരുത്താന്‍ നിയമതടസ്സമൊന്നുമില്ല. 55 ആയിരുന്ന യൂനിറ്റാണ് 1952ല്‍ 20 ആക്കിയതും ഇപ്പോഴും തുടര്‍ന്നുവരുന്നതും. ഹൈക്കോടതി വിധിമൂലം സംവരണം പൂര്‍ണ അര്‍ഥത്തില്‍ നിയമാനുസരണം നടപ്പാക്കുന്നതിന്, ചട്ടം 14 (എ)ക്ക് ഒരു ക്ലിപ്ത നിബന്ധന ചേര്‍ക്കേണ്ട ആവശ്യമേയുള്ളൂ. സുപ്രീം കോടതി വിധി അങ്ങനെ ചെയ്യുന്നതിന് തടസ്സമല്ല. പിന്നാക്ക സമുദായ സംഘടനകള്‍ അതിനുവേണ്ടി സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണം. ഇപ്പോഴത്തെ സംവരണ നിയമപ്രകാരം 100 നിയമനങ്ങള്‍ നടന്നാല്‍ മാത്രമേ നിയമം പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പാക്കാന്‍ കഴിയൂ. അതായത്, 20ന്റെ അഞ്ചു യൂനിറ്റുകളില്‍ നിയമനം നടത്തണം. ഓരോ യൂനിറ്റിന്റെയും ഘടന വ്യത്യാസമാണ്. എല്ലാ യൂനിറ്റിലും പൊതുവായ കാര്യം ഒറ്റ നമ്പറുകളില്‍ മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം എന്നതാണ്. ഈഴവര്‍, മുസ്ലിംകള്‍, പട്ടികജാതിക്കാര്‍ തുടങ്ങിയവര്‍ക്ക് എല്ലാ യൂനിറ്റിലും പ്രാതിനിധ്യമുള്ളപ്പോള്‍ ധീവരര്‍, നാടാര്‍, വിശ്വകര്‍മജര്‍ തുടങ്ങിയ ചെറിയ വിഭാഗങ്ങള്‍ക്ക് 20ന്റെ പ്രത്യേക യൂനിറ്റുകളില്‍ മാത്രമേ നിയമനം ലഭിക്കുകയുള്ളൂ. ആയതിനാല്‍, യൂനിറ്റിനോടൊപ്പം, 100ന്റെ റോസ്റ്ററിനും സുപ്രധാന പങ്കുണ്ട്.


Monday, October 5, 2009

പ്രായോഗികവും ശാസ്ത്രീയവുമായ പരിഹാരം

പി എസ് സി നിയമനങ്ങളില്‍ ഇങ്ങനെ സംവരണ സമുദായ ഉദ്യോഗാര്‍ഥികളുടെ മെറിറ്റ് സീറ്റുകള്‍ അട്ടിമറിക്കപ്പെടുന്നത് എങ്ങനെ തടയാനാകും? 20 യൂണിറ്റ് സമ്പ്രദായം മാറ്റി പകരം 100 യൂണിറ്റാക്കിയാലോ കേരള ഹൈക്കോടതി പറഞ്ഞമാതിരി ഉള്ള ഒഴിവുകള്‍ മുഴുവന്‍ ഒറ്റ യൂണിറ്റാക്കി എടുത്ത് അഡ്വൈസ് നടത്തിയാലോ പ്രശ്നം പരിഹരിക്കാനാവില്ല. മറിച്ച് 20 യൂണിറ്റ് സമ്പ്രദായം സ്വീകരിച്ചുതന്നെ പ്രശ്നം ശ്വാശ്വതമായും ശാസ്ത്രീയമായും പരിഹരിക്കാനാവും. അതെങ്ങനെയെന്നു മനസ്സിലാക്കുന്നതിന് ചില അടിസ്ഥാന ധാരണകള്‍ ഒന്നുകൂടി ഉറപ്പിക്കേണ്ടതുണ്ട്:
1. മെയ്ന്‍ റാങ്ൿലിസ്റ്റിലെ എല്ലാ ഉദ്യോഗാര്‍ഥികളും മെറിറ്റില്‍ നിയമനം ലഭിക്കാന്‍ യോഗ്യതയുള്ളവരാ‍ണ്; കാരണം, അവരെല്ലാം തികച്ചും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം റാങ്ൿലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്.
2. മെയ്ന്‍ ലിസ്റ്റിലെ സംവരണേതര സമുദായ-അതായത് ‘മുന്നാക്ക’ സമുദായ- ഉദ്യോഗാര്‍ഥികള്‍ക്ക് മെറിറ്റ് നിയമനം മാത്രം ലഭിക്കാനേ അര്‍ഹതയുള്ളൂ. എന്നാല്‍ ആ ലിസ്റ്റിലെ സംവരണ സമുദായക്കാര്‍ക്ക്-എസ് സി/എസ് റ്റി/ ഒ ബി സി ക്കാര്‍ക്ക്- മെറിറ്റിലും മെറിറ്റില്‍ കിട്ടിയില്ലെങ്കില്‍ സംവരണത്തിലും നിയമനം കിട്ടാന്‍ അര്‍ഹതയുണ്ട്.
3. ഇക്കാര്യങ്ങളെല്ലാം നിയമം അനുശാസിക്കുന്ന വസ്തുതകളാണ്.
4. മെറിറ്റില്‍ നിയമനം ലഭിക്കാന്‍ അര്‍ഹതയുള്ള ഒരു ഉദ്യോഗാര്‍ഥിയെ സംവരണത്തില്‍ നിയമിക്കുന്നത്, അത് ഏതു നിയമന രീതിയുടെ അടിസ്ഥാനത്തിലായാലും നിലവിലുള്ള നിയമങ്ങള്‍ക്കും സുപ്രീം കോടതിയുടെ നിരവധി വിധികള്‍ക്കും എതിരാണ്.
5. മാര്‍ക്കു കൂടിയ ഉദ്യോഗാര്‍ഥിയെ സംവരണത്തിലും കുറഞ്ഞയാളെ മെറിറ്റിലും നിയമിക്കുന്നത് നിയമ വിരുദ്ധവും സാമാന്യ നീതിയ്ക്ക് എതിരുമാണ്.
ഇനി നമുക്ക് പി എസ് സി നിയമനങ്ങളില്‍ നടക്കുന്നത് ഒന്നുകൂടി വിശകലനം ചെയ്തു നോക്കാം; പോയന്റുകളായി :
(1).20ന്റെ ആദ്യ യൂണിറ്റില്‍ 1,3,5,7, എന്നിങ്ങനെയുള്ള ആദ്യത്തെ 10 ഒ സി ടേണുകള്‍ റാങ്ൿലിസ്റ്റിലെ ആദ്യ 10 റാങ്കുകാരെ വച്ചു നികത്തുന്നു.
(2).ശേഷം 2,4,6,8 എന്നിങ്ങനെയുള്ള റിസര്‍വേഷന്‍ ടേണുകള്‍ 10നുശേഷം വരുന്ന റാങ്കുകാരില്‍നിന്ന് അതതു സമുദായക്കാരെ വച്ചു നികത്തുന്നു.
(3‌). 2-മത്തെ റിസര്‍വേഷന്‍ ടേണ്‍ ഈഴവ സമുദായത്തിന്റെയാണ്. ആ ടേണ്‍ 10നുശേഷം വരുന്ന ആദ്യ ഈഴവ/തിയ്യ ഉദ്യോഗാര്‍ഥിയെ വ്ച്ചു നികത്തണം. അയാള്‍ 11-മത്തെ റാങ്കുള്ള ഉദ്യോഗാര്‍ഥിയാണേന്നു കരുതുക. അയാളെ ആ ടേണില്‍ തിരഞ്ഞെടുക്കുന്നു.
(4). തുടര്‍ന്ന് അടുത്ത 20 ന്റെ യൂണിറ്റിലേക്കുള്ള സെലക്ഷന്‍ ആരംഭിക്കുന്നു
(5). 21,23,25 എന്നിങ്ങനെയുള്ള ഒ സി ടേണുകള്‍ ആദ്യം നികത്തണം. ഇവിടെ 21-മത്തെ ഒസി ടേണ്‍ വാസ്തവത്തില്‍ 11-മത്തെ റാങ്കുള്ളയാളുടേതാണ്. എന്നാല്‍ അയാള്‍ ആദ്യ യൂണിറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇവിടെ തൊട്ടടുത്ത റാങ്കുള്ള(12 അയാളുമില്ലെങ്കില്‍ 13 ഇങ്ങനെ) ഉദ്യോഗാര്‍ഥിയെ തിരഞ്ഞെടുക്കുന്നു.
(6). അതായത് 11-മതു റാങ്ക് വാങ്ങിയ ആളുടെ നിയമനം റിസര്‍വേഷനിലും അയാളേക്കാള്‍ മാര്‍ക്കു കുറഞ്ഞ 12-മതു റാങ്കുകാരന്‍/റാങ്കുകാരി മെറിറ്റിലും തിരഞ്ഞെടുക്കപ്പെടുന്നു.
(7). ഫലത്തില്‍ 11-മതു റാങ്കു നേടിയയാള്‍ക്ക് മെറിറ്റില്‍ നിയമനം കിട്ടാനുള്ള അര്‍ഹത നിഷേധിക്കപ്പെടുന്നു.
ഈ കുഴപ്പം എങ്ങനെ പരിഹരിക്കാം:
1) റാങ്‌ലിസ്റ്റിന്‍ പ്രകാരമുള്ള സീനിയോറിറ്റി പാലിക്കേണ്ടതിനാല്‍ (റൂള്‍ 14[c ] പ്രൊവൈസോ) 11-മതു റാങ്കു നേടിയ ആളെത്തന്നെ ആദ്യം നിയമിക്കേണ്ടതുണ്ട്. അതുകൊണ്ട് ആദ്യം വരുന്ന ടേണ്‍ ഏതായാലും അയാളെ ആ ടേണില്‍ തിരഞ്ഞെറ്റുക്കണം. അതായത് ഇവിടെ അയാളെ 2 ഈഴവ ടേണില്‍ തിരഞ്ഞെടുത്തതു ശരിതന്നെ എന്നര്‍ഥം
2) അയാളെ അങ്ങനെ തിരഞ്ഞെടുക്കുമ്പോള്‍ അയാളുടെ മെറിറ്റ് ടേണായ 21 ഒസി റിസര്‍വേഷന്‍ ടേണാക്കി മാറ്റണം.(11-മതു റാങ്കു നേടിയ ആള്‍ റിസര്‍വേഷനില്‍ പോയില്ലായിരുന്നെങ്കില്‍ അയാളെ അവിടെ തിരഞ്ഞെടുക്കണമായിരുന്നല്ലോ)
3) അങ്ങനെ വരുമ്പോള്‍ 21 ഒസി എന്നത് ഈഴവ റിസര്‍വേഷന്‍ ടേണ്‍ ആകും. അവിടെ സ്വാഭാവികമായും ഈഴവ/തിയ്യ സമുദായ ഉദ്യോഗാര്‍ഥി തിരഞ്ഞെടുക്കപ്പെടും.
3) ഇതൊരു തുടര്‍ പ്രക്രിയ ആയിരിക്കണം. അപ്പോള്‍ എല്ലാ സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട മെറിറ്റ് ടേണുകള്‍ കൃത്യമായിത്തന്നെ ലഭിക്കും.
4) സംവരണേതര സമുദായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുകൊണ്ട് നഷ്ടമൊന്നുമില്ല. കാരണം അവര്‍ക്ക് അര്‍ഹമായ മെറിറ്റി ടേണ്‍ അപ്പോഴും ലഭിക്കും. ഇവിടെ 21 ഒസി ടേണില്‍ അനര്‍ഹമായി കയറാന്‍ പറ്റിയ 12-മതു റാങ്കുകാരന്റെ/റാങ്കുകാരിയുടെ മെറിറ്റ് ടേണ്‍ 23 ആണ്. ആ ടേണ്‍ ആ ഉദ്യോഗാര്‍ഥിക്കു തന്നെ കിട്ടും. അവിടെ മറ്റാരെയും തിരഞ്ഞെടുക്കില്ല. എന്നാല്‍ അനര്‍ഹമായി ഒറ്റ സീറ്റും കിട്ടില്ല.
5) ഈ സമ്പ്രദായം സ്വീകരിച്ചാല്‍ യൂണിറ്റിന്റെ വലുപ്പം ഏതായാലും ഒരാളുടെയും മെറിറ്റ് ടേണ്‍ അട്ടിമറിക്കപ്പഎടില്ല.
ഇതെങ്ങനെ നടപ്പാക്കാം?
നിയമത്തില്‍ ചെറിയ ഒരു ഭേദഗതി കൊണ്ടുവന്നാല്‍ ഇതു നടപ്പാക്കാം. 14 [b]യ്ക്ക് ഒരു പ്രൊവൈസോ കൂട്ടിച്ചേര്‍ത്താല്‍ മാത്രം മതി. കരട് ഇവിടെ നല്‍കാം:" Provided further that when a candidate belonging to SC/ST/OBC is selected to the Reservation Turn, the OC Turn becomes due to him/her in the subsequent units on the basis of his/ her rank in ranked list shall be deemed as a reservation turn and shall be filled by selecting the next available candidate belonging to the community of the candidate selected to the reservation turn"
[ഈ പരമ്പര ഇവിടെ അവസാനിക്കുന്നു. സംശയവും മറ്റും ഇനി ചോദിക്കാം]