Monday, October 5, 2009

പ്രായോഗികവും ശാസ്ത്രീയവുമായ പരിഹാരം

പി എസ് സി നിയമനങ്ങളില്‍ ഇങ്ങനെ സംവരണ സമുദായ ഉദ്യോഗാര്‍ഥികളുടെ മെറിറ്റ് സീറ്റുകള്‍ അട്ടിമറിക്കപ്പെടുന്നത് എങ്ങനെ തടയാനാകും? 20 യൂണിറ്റ് സമ്പ്രദായം മാറ്റി പകരം 100 യൂണിറ്റാക്കിയാലോ കേരള ഹൈക്കോടതി പറഞ്ഞമാതിരി ഉള്ള ഒഴിവുകള്‍ മുഴുവന്‍ ഒറ്റ യൂണിറ്റാക്കി എടുത്ത് അഡ്വൈസ് നടത്തിയാലോ പ്രശ്നം പരിഹരിക്കാനാവില്ല. മറിച്ച് 20 യൂണിറ്റ് സമ്പ്രദായം സ്വീകരിച്ചുതന്നെ പ്രശ്നം ശ്വാശ്വതമായും ശാസ്ത്രീയമായും പരിഹരിക്കാനാവും. അതെങ്ങനെയെന്നു മനസ്സിലാക്കുന്നതിന് ചില അടിസ്ഥാന ധാരണകള്‍ ഒന്നുകൂടി ഉറപ്പിക്കേണ്ടതുണ്ട്:
1. മെയ്ന്‍ റാങ്ൿലിസ്റ്റിലെ എല്ലാ ഉദ്യോഗാര്‍ഥികളും മെറിറ്റില്‍ നിയമനം ലഭിക്കാന്‍ യോഗ്യതയുള്ളവരാ‍ണ്; കാരണം, അവരെല്ലാം തികച്ചും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം റാങ്ൿലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്.
2. മെയ്ന്‍ ലിസ്റ്റിലെ സംവരണേതര സമുദായ-അതായത് ‘മുന്നാക്ക’ സമുദായ- ഉദ്യോഗാര്‍ഥികള്‍ക്ക് മെറിറ്റ് നിയമനം മാത്രം ലഭിക്കാനേ അര്‍ഹതയുള്ളൂ. എന്നാല്‍ ആ ലിസ്റ്റിലെ സംവരണ സമുദായക്കാര്‍ക്ക്-എസ് സി/എസ് റ്റി/ ഒ ബി സി ക്കാര്‍ക്ക്- മെറിറ്റിലും മെറിറ്റില്‍ കിട്ടിയില്ലെങ്കില്‍ സംവരണത്തിലും നിയമനം കിട്ടാന്‍ അര്‍ഹതയുണ്ട്.
3. ഇക്കാര്യങ്ങളെല്ലാം നിയമം അനുശാസിക്കുന്ന വസ്തുതകളാണ്.
4. മെറിറ്റില്‍ നിയമനം ലഭിക്കാന്‍ അര്‍ഹതയുള്ള ഒരു ഉദ്യോഗാര്‍ഥിയെ സംവരണത്തില്‍ നിയമിക്കുന്നത്, അത് ഏതു നിയമന രീതിയുടെ അടിസ്ഥാനത്തിലായാലും നിലവിലുള്ള നിയമങ്ങള്‍ക്കും സുപ്രീം കോടതിയുടെ നിരവധി വിധികള്‍ക്കും എതിരാണ്.
5. മാര്‍ക്കു കൂടിയ ഉദ്യോഗാര്‍ഥിയെ സംവരണത്തിലും കുറഞ്ഞയാളെ മെറിറ്റിലും നിയമിക്കുന്നത് നിയമ വിരുദ്ധവും സാമാന്യ നീതിയ്ക്ക് എതിരുമാണ്.
ഇനി നമുക്ക് പി എസ് സി നിയമനങ്ങളില്‍ നടക്കുന്നത് ഒന്നുകൂടി വിശകലനം ചെയ്തു നോക്കാം; പോയന്റുകളായി :
(1).20ന്റെ ആദ്യ യൂണിറ്റില്‍ 1,3,5,7, എന്നിങ്ങനെയുള്ള ആദ്യത്തെ 10 ഒ സി ടേണുകള്‍ റാങ്ൿലിസ്റ്റിലെ ആദ്യ 10 റാങ്കുകാരെ വച്ചു നികത്തുന്നു.
(2).ശേഷം 2,4,6,8 എന്നിങ്ങനെയുള്ള റിസര്‍വേഷന്‍ ടേണുകള്‍ 10നുശേഷം വരുന്ന റാങ്കുകാരില്‍നിന്ന് അതതു സമുദായക്കാരെ വച്ചു നികത്തുന്നു.
(3‌). 2-മത്തെ റിസര്‍വേഷന്‍ ടേണ്‍ ഈഴവ സമുദായത്തിന്റെയാണ്. ആ ടേണ്‍ 10നുശേഷം വരുന്ന ആദ്യ ഈഴവ/തിയ്യ ഉദ്യോഗാര്‍ഥിയെ വ്ച്ചു നികത്തണം. അയാള്‍ 11-മത്തെ റാങ്കുള്ള ഉദ്യോഗാര്‍ഥിയാണേന്നു കരുതുക. അയാളെ ആ ടേണില്‍ തിരഞ്ഞെടുക്കുന്നു.
(4). തുടര്‍ന്ന് അടുത്ത 20 ന്റെ യൂണിറ്റിലേക്കുള്ള സെലക്ഷന്‍ ആരംഭിക്കുന്നു
(5). 21,23,25 എന്നിങ്ങനെയുള്ള ഒ സി ടേണുകള്‍ ആദ്യം നികത്തണം. ഇവിടെ 21-മത്തെ ഒസി ടേണ്‍ വാസ്തവത്തില്‍ 11-മത്തെ റാങ്കുള്ളയാളുടേതാണ്. എന്നാല്‍ അയാള്‍ ആദ്യ യൂണിറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇവിടെ തൊട്ടടുത്ത റാങ്കുള്ള(12 അയാളുമില്ലെങ്കില്‍ 13 ഇങ്ങനെ) ഉദ്യോഗാര്‍ഥിയെ തിരഞ്ഞെടുക്കുന്നു.
(6). അതായത് 11-മതു റാങ്ക് വാങ്ങിയ ആളുടെ നിയമനം റിസര്‍വേഷനിലും അയാളേക്കാള്‍ മാര്‍ക്കു കുറഞ്ഞ 12-മതു റാങ്കുകാരന്‍/റാങ്കുകാരി മെറിറ്റിലും തിരഞ്ഞെടുക്കപ്പെടുന്നു.
(7). ഫലത്തില്‍ 11-മതു റാങ്കു നേടിയയാള്‍ക്ക് മെറിറ്റില്‍ നിയമനം കിട്ടാനുള്ള അര്‍ഹത നിഷേധിക്കപ്പെടുന്നു.
ഈ കുഴപ്പം എങ്ങനെ പരിഹരിക്കാം:
1) റാങ്‌ലിസ്റ്റിന്‍ പ്രകാരമുള്ള സീനിയോറിറ്റി പാലിക്കേണ്ടതിനാല്‍ (റൂള്‍ 14[c ] പ്രൊവൈസോ) 11-മതു റാങ്കു നേടിയ ആളെത്തന്നെ ആദ്യം നിയമിക്കേണ്ടതുണ്ട്. അതുകൊണ്ട് ആദ്യം വരുന്ന ടേണ്‍ ഏതായാലും അയാളെ ആ ടേണില്‍ തിരഞ്ഞെറ്റുക്കണം. അതായത് ഇവിടെ അയാളെ 2 ഈഴവ ടേണില്‍ തിരഞ്ഞെടുത്തതു ശരിതന്നെ എന്നര്‍ഥം
2) അയാളെ അങ്ങനെ തിരഞ്ഞെടുക്കുമ്പോള്‍ അയാളുടെ മെറിറ്റ് ടേണായ 21 ഒസി റിസര്‍വേഷന്‍ ടേണാക്കി മാറ്റണം.(11-മതു റാങ്കു നേടിയ ആള്‍ റിസര്‍വേഷനില്‍ പോയില്ലായിരുന്നെങ്കില്‍ അയാളെ അവിടെ തിരഞ്ഞെടുക്കണമായിരുന്നല്ലോ)
3) അങ്ങനെ വരുമ്പോള്‍ 21 ഒസി എന്നത് ഈഴവ റിസര്‍വേഷന്‍ ടേണ്‍ ആകും. അവിടെ സ്വാഭാവികമായും ഈഴവ/തിയ്യ സമുദായ ഉദ്യോഗാര്‍ഥി തിരഞ്ഞെടുക്കപ്പെടും.
3) ഇതൊരു തുടര്‍ പ്രക്രിയ ആയിരിക്കണം. അപ്പോള്‍ എല്ലാ സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട മെറിറ്റ് ടേണുകള്‍ കൃത്യമായിത്തന്നെ ലഭിക്കും.
4) സംവരണേതര സമുദായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുകൊണ്ട് നഷ്ടമൊന്നുമില്ല. കാരണം അവര്‍ക്ക് അര്‍ഹമായ മെറിറ്റി ടേണ്‍ അപ്പോഴും ലഭിക്കും. ഇവിടെ 21 ഒസി ടേണില്‍ അനര്‍ഹമായി കയറാന്‍ പറ്റിയ 12-മതു റാങ്കുകാരന്റെ/റാങ്കുകാരിയുടെ മെറിറ്റ് ടേണ്‍ 23 ആണ്. ആ ടേണ്‍ ആ ഉദ്യോഗാര്‍ഥിക്കു തന്നെ കിട്ടും. അവിടെ മറ്റാരെയും തിരഞ്ഞെടുക്കില്ല. എന്നാല്‍ അനര്‍ഹമായി ഒറ്റ സീറ്റും കിട്ടില്ല.
5) ഈ സമ്പ്രദായം സ്വീകരിച്ചാല്‍ യൂണിറ്റിന്റെ വലുപ്പം ഏതായാലും ഒരാളുടെയും മെറിറ്റ് ടേണ്‍ അട്ടിമറിക്കപ്പഎടില്ല.
ഇതെങ്ങനെ നടപ്പാക്കാം?
നിയമത്തില്‍ ചെറിയ ഒരു ഭേദഗതി കൊണ്ടുവന്നാല്‍ ഇതു നടപ്പാക്കാം. 14 [b]യ്ക്ക് ഒരു പ്രൊവൈസോ കൂട്ടിച്ചേര്‍ത്താല്‍ മാത്രം മതി. കരട് ഇവിടെ നല്‍കാം:" Provided further that when a candidate belonging to SC/ST/OBC is selected to the Reservation Turn, the OC Turn becomes due to him/her in the subsequent units on the basis of his/ her rank in ranked list shall be deemed as a reservation turn and shall be filled by selecting the next available candidate belonging to the community of the candidate selected to the reservation turn"
[ഈ പരമ്പര ഇവിടെ അവസാനിക്കുന്നു. സംശയവും മറ്റും ഇനി ചോദിക്കാം]

1 comment:

  1. സുദേഷ് എം ആർOctober 5, 2009 at 4:39 AM

    നിയമത്തിൽ ചെറിയ ഒരു ഭേദഗതി കൊണ്ടുവന്നാൽ ഇതു നടപ്പാക്കാം. 14 [b]യ്ക്ക് ഒരു പ്രൊവൈസോ കൂട്ടിച്ചേർത്താൽ മാത്രം മതി. കരട് ഇവിടെ നൽകാം:” Provided further that when a candidate belonging to SC/ST/OBC is selected to the Reservation Turn, the OC Turn becomes due to him/her in the subsequent units on the basis of his/ her rank in ranked list shall be deemed as a reservation turn and shall be filled by selecting the next available candidate belonging to the community of the candidate selected to the reservation turn”
    [ഈ പരമ്പര ഇവിടെ അവസാനിക്കുന്നു. സംശയവും മറ്റും ഇനി ചോദിക്കാം]

    ReplyDelete