Tuesday, October 13, 2009

അഡ്വ.തട്ടാമലയുടെ അബദ്ധങ്ങൾ

‘പി എസ് സി റാങ്ൿലിസ്റ്റും നിയമനവും നിയമാനുസൃതമോ?’ എന്ന അഡ്വ.തട്ടാമല അബ്ദുല്‍ അസീസ് എഴുതിയ ലേഖനത്തില്‍ ‘50:50 കേസിലെ’ സുപ്രീം കോടതി വിധിയെ വിശകലനം ചെയ്ത് എഴുതിയിരിക്കുന്നത് പൂര്‍ണമായും ശരിയാണ്.

വാസ്തവത്തില്‍ സുപ്രീം കോടതി ഉള്‍പ്പെടെ ഒരൊറ്റ കോടതിയ്ക്കും പി എസ് സിയുടെ സങ്കീര്‍ണമായ നിയമന സമ്പ്രദായമോ അതിലെ അപാകമോ പൂര്‍ണാര്‍ഥത്തില്‍ പിടികിട്ടിയുട്ടെണ്ടന്ന് ഈ ലേഖകനു തോന്നിയിട്ടില്ല. കോടതികള്‍ക്കു പിടികിട്ടണമെങ്കില്‍ ആദ്യം വക്കീലന്മാര്‍ക്കു പിടികിട്ടണമല്ലോ! നീണ്ട പത്തുകൊല്ലത്തെ അനുഭവത്തില്‍ അങ്ങനെയൊരു വക്കീലിനെ ഈ ലേഖകന്‍ കണ്ടിട്ടില്ല. ഒടുവില്‍ മനസ്സിലാക്കിയ ഒരാളെ കിട്ടിയപ്പോഴേക്കും പന്ത് കോര്‍ട്ടിന്റെ അങ്ങേയറ്റത്തെത്തിയിരുന്നു. വക്കീലന്മാര്‍ എല്ലാവരും മണ്ടന്മാരായതുകൊണ്ടല്ല അങ്ങനെ വന്നത്; മറിച്ച് ഈ വിഷയത്തിന്റെ സങ്കീര്‍ണത അതാണ്. കുത്തിയിരുന്ന് റാങ്ൿലിസ്റ്റുകള്‍ വച്ച് നിയമനം നടത്തി നോക്കാന്‍ മിക്കവര്‍ക്കും സമയമില്ലാത്തതാണു പ്രശ്നം.(ഒരു റാങ്ൿലിസ്റ്റു വച്ചും ചെയ്തു നോക്കാതെ തന്നെ,  സ്ലൈഡ് ഉപയോഗിച്ചുള്ള എന്റെ പ്രസന്റേഷന്‍ മാത്രം കണ്ട് കാര്യം ശരിക്കും മനസ്സിലാക്കുകയും ലീഗല്‍ റ്റേംസില്‍ ആര്‍ക്കും അതു വിശദീകരിച്ചു നല്‍കാന്‍ കെല്‍‌പ്പു നേടുകയും ചെയ്തിട്ടുള്ള വക്കീലിനെയാണ് ഭാഗ്യവശാല്‍ അവസാനം കിട്ടിയിരിക്കുന്നത്). കാര്യം ശരിയായി മനസ്സിലാക്കാത്തതിന്റെ പ്രശ്നം, അഡ്വ.തട്ടാമല അബ്ദുല്‍ അസീസിനുമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ലേഖനത്തിന്റെ ആദ്യ ഖണ്ഡികകളിലും അവസാന ഖണ്ഡികയിലും അബദ്ധങ്ങള്‍ എഴുതിയിരിക്കുന്നത്.

റാങ്ൿലിസ്റ്റ് തയ്യാറാക്കുന്നതു സംബന്ധിച്ച് പി എസ് സി പിന്തുടര്‍ന്നു വരുന്ന രീതി ചട്ടപ്രകാരമല്ലെന്നുള്ള അദ്ദേഹത്തിന്റെ വാ‍ദം തത്ക്കാലം ഞാന്‍ പരിശോധിക്കുന്നില്ല. എന്നാല്‍ അദ്ദേഹം പറയുന്ന രീതി സ്വീകരിച്ചാലും ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ല എന്നാണ് ഈ ലേഖകന്റെ നിഗമനം.

അതവിടെ നില്‍ക്കട്ടെ. ‘ബീര്‍ മസ്താന്‍ കേസിനാസ്പദമായ ആയുര്‍വേദ ഡോക്ടര്‍മാരുടെ പ്രശ്നത്തില്‍ 250 പേരെ അഡ്വൈസ് ചെയ്തപ്പോള്‍,മുസ്ലിങ്ങളില്‍ 30 പേര്‍ക്ക് സംവരണം ലഭിക്കേണ്ടതായിരുന്നു’വെന്നും ‘എന്നാല്‍, 28 പേര്‍ക്കു മാത്രമേ അഡ്വൈസ് ലഭിച്ചുള്ളൂ’വെന്നും മറ്റും തുടങ്ങുന്ന ഖണ്ഡികയില്‍ പറഞ്ഞിട്ടുള്ള മുഴുവന്‍ കാര്യങ്ങളും തികഞ്ഞ അബദ്ധങ്ങളാണ്.  മൊത്തം 250പേരെ അഡ്വൈസ് ചെയ്യുമ്പോള്‍ അതിന്റെ 12%(30) മുസ്ലിങ്ങള്‍ക്കു കിട്ടണമെന്ന  കണക്കുവച്ചാണ് ഹര്‍ജിക്കാര്‍ 2 സീറ്റുകള്‍ നഷ്ടപ്പെട്ടുവെന്നു വാദിച്ചത്. എന്നാല്‍ ആ 250(ശരിക്കും 14/8/2006 വരെ 249 പേരെ മാത്രമേ അഡ്വൈസ് ചെയ്തിരുന്നുള്ളൂ.)ല്‍ 12 എണ്ണം എന്‍ ജേഡി (നോട്ട് ജോയ്നിങ് ഡ്യൂട്ടി) ഒഴിവുകളായിരുന്നുവെന്നും ബാക്കിയുള്ള 238 ന്റെ 12% ആയ 28 പേര്‍ക്ക് തങ്ങള്‍ നിയമനം നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് സംവരണം കൃത്യമായി പാലിച്ചിട്ടുണ്ടെന്നും അന്ന് പി എസ് സി മറുപടി നല്‍കിയിരുന്നെങ്കില്‍ ഒരുപക്ഷേ അന്നേ ആ കേസ് തള്ളിയിരുന്നേനേ.വാസ്തവത്തില്‍ ഒന്നാം റാങ്കുകാരനെ വരെ പി എസ് സി സംവരണത്തിലാണു നിയമിച്ചിരുന്നത് (ആ കേസില്‍ ഹര്‍ജിക്കാര്‍ക്ക് അനുകൂലമായ വിധിയുണ്ടാകാന്‍ പ്രധാനപ്പെട്ട ഒരു കാരണം തന്നെ അതായിരുന്നു). “എറ്റവും ചെറിയ യൂണിറ്റില്‍ തന്നെ,സംവരണം നിഷ്കൃഷ്ടമായി പാലിച്ചാല്‍ വലിയ യൂണിറ്റില്‍, ഒരു കാരണവശാലും കുറവു വരില്ല” എന്ന് അഡ്വ. അബ്ദുല്‍ അസീസ് എഴുതുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഇതെഴുതുന്നയാള്‍ക്ക് അറിയാന്‍ വയ്യ. അല്ലെങ്കില്‍ത്തന്നെ പി എസ് സി എവിടെയാണ് സംവരണം പാലിക്കാതിരിക്കുന്നത്? ഇവിടത്തെ പ്രശ്നം സംവരണം പാലിക്കാത്തതല്ല, മറിച്ച് സംവരണ സമുദായ ഉദ്യോഗാര്‍ഥികളെ മെറിറ്റില്‍ നിയമിക്കുന്നില്ല എന്നതാണ്. അവരുടെ സംവരണ വിഹിതം പൂര്‍ണമായും ലഭിക്കും. എന്നാല്‍ മെറിറ്റില്‍ നിയമനം കിട്ടേണ്ടവരെ സംവരണത്തില്‍ നിയമിച്ചാല്‍ സംവരണത്തില്‍ നിയമനം കിട്ടാന്‍ അര്‍ഹതയുള്ളവര്‍ക്ക് നിയമനം കിട്ടാതെ പോകും. അതാണ് ഡോ ബീര്‍ മസ്താനും ഡോ ഷം‌ല പടിയത്തും ഹര്‍ജിയില്‍ ഉന്നയിച്ചത്.

ഏറ്റവും ഒടുവിലത്തെ ഖണ്ഡികയില്‍ വക്കീല്‍ പറഞ്ഞിരിക്കുന്നതും റൊട്ടേഷന്‍ വ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ആള്‍ എഴുതുന്ന കാര്യമല്ല. റൊട്ടേഷന്‍ ഒരു തുടര്‍ പ്രക്രിയയാണ്. അതാ‍യത്, ഏതെങ്കിലും ഒരു റാങ്ൿലിസ്റ്റു വരുമ്പോള്‍ റൊട്ടേഷന്‍ പുതുതായി ആരംഭിക്കയല്ല ചെയ്യുന്നത്;മറിച്ച് പഴയ റൊട്ടേഷന്റെ തുടര്‍ച്ചയായി പുതിയ ലിസ്റ്റില്‍ നിന്നു നിയമനം നടത്തുകയാണ്. അതായത് പി എസ് സി നിയമനത്തില്‍,‘യൂനിറ്റിനോടൊപ്പം 100ന്റെ റോസ്റ്ററിനും സുപ്രധാന പങ്കുണ്ടെ’ന്നര്‍ഥം

[ഈ കുറിപ്പ് പ്രസിദ്ധീകരിക്കാനുള്ള മര്യാദ മാധ്യമം കാണിച്ചില്ല]

1 comment:

  1. സുദേഷ് എം ആർOctober 13, 2009 at 5:30 AM

    ഇവിടത്തെ പ്രശ്നം സംവരണം പാലിക്കാത്തതല്ല, മറിച്ച് സംവരണ സമുദായ ഉദ്യോഗാർഥികളെ മെറിറ്റിൽ നിയമിക്കുന്നില്ല എന്നതാണ്. അവരുടെ സംവരണ വിഹിതം പൂർണമായും ലഭിക്കും. എന്നാൽ മെറിറ്റിൽ നിയമനം കിട്ടേണ്ടവരെ സംവരണത്തിൽ നിയമിച്ചാൽ സംവരണത്തിൽ നിയമനം കിട്ടാൻ അർഹതയുള്ളവർക്ക് നിയമനം കിട്ടാതെ പോകും. അതാണ് ഡോ ബീർ മസ്താനും ഡോ ഷം‌ല പടിയത്തും ഹർജിയിൽ ഉന്നയിച്ചത്.

    ReplyDelete