Friday, July 15, 2011

ജാതി സെന്‍സസ് ഇങ്ങനെ ആവരുത്‌

ഡോ. എം. വിജയനുണ്ണി ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തിലെഴുതിയ ലേഖനമാണിത്.


ഇപ്പോള്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന ജാതി സെന്‍സസ് സാമൂഹിക, സാമ്പത്തിക വിവരങ്ങളൊന്നും ശേഖരിക്കാന്‍ പര്യാപ്തമാവില്ല.ജാതി സംബന്ധമായ സമ്പൂര്‍ണ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ല. ഇത് ഉപേക്ഷിച്ച് 1948-ലെ സെന്‍സസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ സെന്‍സസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ജാതി സെന്‍സസ് നടത്താനുള്ള പഴയ തീരുമാനം നടപ്പാക്കണം



രാജ്യത്ത് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ (ബി.പി.എല്‍. ) കണക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓരോ പഞ്ചവത്സര പദ്ധതിയോടനുബന്ധിച്ചും സര്‍വേ നടത്താറുണ്ട്. സംസ്ഥാന സര്‍ക്കാറുകള്‍ വഴിയാണിതു നടത്താറുള്ളത്. കേന്ദ്രം ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന 'സാമൂഹിക-സാമ്പത്തിക, ജാതി സെന്‍സസ്' മേല്‍പ്പറഞ്ഞ ബി.പി.എല്‍. കണക്കെടുപ്പില്‍ കവിഞ്ഞൊന്നുമല്ല എന്നതാണ് യാഥാര്‍ഥ്യം. 'സാമൂഹിക-സാമ്പത്തിക, ജാതി സെന്‍സസ്' എന്ന ഗംഭീരമായ പേരിനോടു നീതി പുലര്‍ത്താന്‍ ആ പ്രക്രിയയ്ക്ക് സാധിക്കുമെന്നു തോന്നുന്നില്ല. ദാരിദ്ര്യത്തിന്റെ കണക്കുകള്‍ക്കപ്പുറം സാമൂഹിക-സാമ്പത്തിക വിവരങ്ങളൊന്നും ശേഖരിക്കാന്‍ അതുവഴി സാധിക്കുമെന്നു കരുതാനാവില്ല. ഈ പ്രക്രിയയിലൂടെ ശേഖരിക്കുന്ന ജാതിസംബന്ധമായ വിവരങ്ങള്‍ക്കാവട്ടെ ഒരു ദേശീയ സെന്‍സസ്സിന്റെ ആധികാരികതയോ കൃത്യതയോ ഉറപ്പുവരുത്താനുമാവില്ല. 1948-ലെ സെന്‍സസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സെന്‍സസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നതാണു ദേശീയ സെന്‍സസ്. ജാതിസംബന്ധമായ ഒരു അഖിലേന്ത്യാ കണക്കെടുപ്പ് ദേശീയ സെന്‍സസ്സിലൂടെയാണ് നടത്തപ്പെടേണ്ടത്.

ജാതിസംബന്ധമായ ഏതുതരം വിവരശേഖരമാണ് ഇപ്പോഴത്തെ കണക്കെടുപ്പിലൂടെ രൂപപ്പെടുത്തുകയെന്ന് വ്യക്തമാക്കാനോ അതു തയ്യാറാക്കുന്നതിന് ഒരു സമയക്രമം പ്രഖ്യാപിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സെന്‍സസ്സില്‍നിന്ന് ജാതിവിവരങ്ങള്‍ ശേഖരിക്കാന്‍ ഗൗരവപൂര്‍ണമായ നീക്കമാണ് നടത്തുന്നതെങ്കില്‍ അങ്ങനെ ചെയ്യേണ്ടിയിരുന്നു. ദേശീയ സെന്‍സസ്സിലാവട്ടെ ഇത്തരം വിവരങ്ങള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കാറുണ്ട്.


വികലമായ ചോദ്യാവലി


ഇപ്പോഴത്തെ കണക്കെടുപ്പിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം തയ്യാറാക്കിയിട്ടുള്ള ചോദ്യാവലിയിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഒരു കാര്യം വ്യക്തമാവും. ജാതിസംബന്ധമായ ശരിയും സമ്പൂര്‍ണവുമായ വിവരശേഖരണത്തിന് അതു പര്യാപ്തമല്ല എന്നതാണത്.
ജാതി രേഖപ്പെടുത്താന്‍ രണ്ട് കോളങ്ങളാണുള്ളത്. ആദ്യകോളത്തില്‍ നാലു വിഭാഗങ്ങളാണുള്ളത്. പട്ടികജാതി, പട്ടികവര്‍ഗം, മറ്റുള്ളവര്‍, ജാതിയില്ല എന്നിങ്ങനെയാണവ. ആദ്യ മൂന്നു വിഭാഗങ്ങളില്‍പ്പെട്ടവര്‍ രണ്ടാമത്തെ കോളത്തില്‍ ജാതിയേതെന്നു വ്യക്തമാക്കണം.

ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാവുന്നു. ഈ ഗണനരീതിയനുസരിച്ച് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും വ്യക്തമായി വിവരിക്കാന്‍ വയ്യാത്തതും അര്‍ഥശങ്ക ഉണ്ടാക്കുന്നതുമായ 'മറ്റുള്ളവര്‍' എന്ന മൂന്നാം വിഭാഗത്തിലാണുള്‍പ്പെടുക ( ജനസംഖ്യയുടെ നാലില്‍ മൂന്നും രാജ്യത്തെ ജാതികളുടെ അഞ്ചില്‍ നാലും ഇതില്‍പ്പെടും ) . ഇതു ജാതിവിവരശേഖരണത്തിന്റെ ഊന്നല്‍ നഷ്ടപ്പെടാനിടയാക്കുമെന്നു നിസ്സംശയം പറയാം. രണ്ടാംകോളത്തില്‍ യഥാര്‍ഥ ജാതിപ്പേരു രേഖപ്പെടുത്തുന്നതില്‍ എന്യൂമറേറ്റര്‍മാര്‍ ഉപേക്ഷ കാട്ടാനും സാധ്യതയേറെ.പട്ടികജാതി, വര്‍ഗങ്ങളില്‍പ്പെട്ടവരുടെ കണക്കെടുപ്പ് ഇക്കഴിഞ്ഞ ദേശീയ സെന്‍സസ്സില്‍ പൂര്‍ത്തിയായതാണ്. ആ നിലയ്ക്ക്, സമ്പൂര്‍ണമായ ഒരു ജാതി സെന്‍സസ്സിന് ഉതകുന്ന രീതിയോ സമീപനമോ അല്ല മേല്‍വിവരിച്ചത് എന്നു കാണാന്‍ വിഷമമില്ല.

ആദ്യ വിഭാഗങ്ങളുടെ അത്ര തന്നെ പ്രാധാന്യത്തോടെയാണ് 'ജാതിയില്ല' എന്ന നാലാം വിഭാഗത്തെയും ചോദ്യാവലിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുമൂലം ഈ വിഭാഗത്തില്‍ തങ്ങളെ വാസ്തവമില്ലാതെ അടയാളപ്പെടുത്തുന്നവരുടെ എണ്ണം കൂടാനിടയുണ്ട്. ഇതാവട്ടെ ജാതിസംബന്ധമായ യഥാര്‍ഥ വിവരശേഖരണത്തെ അട്ടിമറിക്കും എന്നു പ്രത്യേകം പറയേണ്ട കാര്യവുമില്ല. ആവശ്യമാണെങ്കില്‍മാത്രം ജാതിയില്ല എന്ന് രേഖപ്പെടുത്താന്‍ അവസരം നല്‍കിയാല്‍ മതിയായിരുന്നു. ഒരു വിഭാഗമായി ഇവരെപ്പെടുത്തേണ്ടിയിരുന്നില്ല.

എവിടെ ഉപജാതി?



യഥാര്‍ഥ ജാതിപ്പേരു ചേര്‍ക്കാന്‍ ഒരു ഉപകോളം മാത്രമേയുള്ളൂ. ജാതിപ്പേരിനെക്കുറിച്ചു വിശദീകരിക്കാനോ ഉപജാതിയുടെ പേരു രേഖപ്പെടുത്താനോ ഇടമില്ല. ഇവിടെ ഒരു പ്രശ്‌നമുദിക്കാം. നായര്‍ എന്നോ പണിക്കര്‍ എന്നോ മറ്റോ ഉള്ള ജാതികള്‍ മുന്നാക്കമോ പിന്നാക്കമോ ആവാം. വിവരം വേര്‍തിരിക്കുന്നതിനിടയില്‍ ഇവരെ എവിടെപ്പെടുത്തുമെന്ന സംശയം വിവരം തെറ്റായി രേഖപ്പെടുത്തുന്നതിന് ഇടയാക്കും. അവ്യക്തമായോ അപൂര്‍ണമായോ ജാതിവിവരം ചേര്‍ക്കുന്നതുവഴി ഈ കണക്കെടുപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍തന്നെയാണു കാറ്റില്‍പ്പറക്കുക.

റദ്ദാക്കേണ്ട പ്രക്രിയ


മൂന്നാഴ്ചയെന്ന ചുരുങ്ങിയ കാലയളവിനുള്ളില്‍ കര്‍ശനമായ മേല്‍നോട്ടത്തിന്‍കീഴില്‍ പൂര്‍ത്തിയാക്കപ്പെടുന്നതാണ് ദേശീയ സെന്‍സസ്. ഇപ്പോഴത്തെ ഈ അഴകൊഴമ്പന്‍ കണക്കെടുപ്പാവട്ടെ ഡിസംബര്‍ വരെ നീളുന്ന ആറുമാസത്തെ ഏര്‍പ്പാടാണ്. പ്രക്രിയയുടെ വിജയാപജയങ്ങള്‍ നിര്‍ണയിക്കാന്‍ അത്രയും താമസം നേരിടും. അറിഞ്ഞുവരുമ്പോഴേക്കും തിരുത്തല്‍ അസാധ്യവുമാവും.
ഇക്കഴിഞ്ഞ ജൂണ്‍ 29ന് ഒരൊറ്റ സംസ്ഥാനത്താണ് ഈ പ്രക്രിയ ആരംഭിച്ചിട്ടുള്ളത്. ആദ്യ മാസങ്ങളില്‍ കാര്യമായൊന്നും നടക്കാനിടയില്ല. വലിയ സംസ്ഥാനങ്ങളില്‍ ഫ്ര ഫീല്‍ഡ്' ജോലികള്‍ അവസാനത്തെ മൂന്നോ നാലോ മാസങ്ങളിലേ ഉണ്ടാവാനിടയുള്ളൂ.

24 ലക്ഷം എന്യൂമറേഷന്‍ ബ്ലോക്കുകളിലായി കമ്പ്യൂട്ടറുകള്‍ എത്തിക്കാനോ അവയില്‍ മുന്‍കൂര്‍ വിവരങ്ങള്‍ ചേര്‍ക്കാനോ തുടങ്ങിയിട്ടില്ല. കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ ഇത്രയും വിപുലമായ വിവരശേഖരണം നടത്തുന്നതിലെ വിജയസാധ്യതയും ഉറപ്പാക്കപ്പെട്ടിട്ടില്ല. അങ്കണവാടി ജീവനക്കാരെയും ഗ്രാമീണ തൊഴില്‍ദാന പദ്ധതിയിലെ ജോലിക്കാരെയുമാണ് 'ഫീല്‍ഡ് ' ജോലികള്‍ ഏല്‍പ്പിക്കുന്നത്.

എല്ലാംകൂടി കണക്കിലെടുക്കുമ്പോള്‍, ഈ പ്രക്രിയ പരാജയപ്പെടുമെന്നുതന്നെ വിവരമുള്ളവര്‍ തറപ്പിച്ചുപറയും. ഒടുവില്‍ ഇതിന്റെ പഴി സംസ്ഥാനസര്‍ക്കാറുകള്‍ക്കുമേല്‍ കെട്ടിവെച്ചു കേന്ദ്രം തടിയൂരും. വെറുതെ കുറെ പണവും സമയവും പാഴാവുമെന്നല്ലാതെ ജാതിക്കണക്കുകളൊന്നും കാര്യമായി കിട്ടുകയില്ല. ജാതി സെന്‍സസ്സും ദാരിദ്ര്യ സര്‍വേയും കൂട്ടിക്കെട്ടുന്ന ഈ പരിപാടി എത്രയും പെട്ടെന്നു പിന്‍വലിക്കുകയാണു കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. 1948-ലെ സെന്‍സസ് നിയമത്തിന്റെ അടിസ്ഥാനത്തിലും സെന്‍സസ് കമ്മീഷണറുടെ മേല്‍നോട്ടത്തിലും ജാതി സെന്‍സസ് നടത്താനുള്ള കേന്ദ്ര മന്ത്രിസഭയുടെ പഴയ തീരുമാനം നടപ്പാക്കണം. അടുത്ത ഫിബ്രവരിയിലാവട്ടെ അത്. പൊതുവെ സെന്‍സസ് നടത്തുന്ന മാസം അതാണല്ലോ.

( മുന്‍ കേന്ദ്ര സെന്‍സസ് കമ്മീഷണറും രജിസ്ട്രാര്‍ ജനറലുമാണ് ലേഖകന്‍