Friday, July 15, 2011

ജാതി സെന്‍സസ് ഇങ്ങനെ ആവരുത്‌

ഡോ. എം. വിജയനുണ്ണി ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തിലെഴുതിയ ലേഖനമാണിത്.


ഇപ്പോള്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന ജാതി സെന്‍സസ് സാമൂഹിക, സാമ്പത്തിക വിവരങ്ങളൊന്നും ശേഖരിക്കാന്‍ പര്യാപ്തമാവില്ല.ജാതി സംബന്ധമായ സമ്പൂര്‍ണ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ല. ഇത് ഉപേക്ഷിച്ച് 1948-ലെ സെന്‍സസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ സെന്‍സസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ജാതി സെന്‍സസ് നടത്താനുള്ള പഴയ തീരുമാനം നടപ്പാക്കണം



രാജ്യത്ത് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ (ബി.പി.എല്‍. ) കണക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓരോ പഞ്ചവത്സര പദ്ധതിയോടനുബന്ധിച്ചും സര്‍വേ നടത്താറുണ്ട്. സംസ്ഥാന സര്‍ക്കാറുകള്‍ വഴിയാണിതു നടത്താറുള്ളത്. കേന്ദ്രം ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന 'സാമൂഹിക-സാമ്പത്തിക, ജാതി സെന്‍സസ്' മേല്‍പ്പറഞ്ഞ ബി.പി.എല്‍. കണക്കെടുപ്പില്‍ കവിഞ്ഞൊന്നുമല്ല എന്നതാണ് യാഥാര്‍ഥ്യം. 'സാമൂഹിക-സാമ്പത്തിക, ജാതി സെന്‍സസ്' എന്ന ഗംഭീരമായ പേരിനോടു നീതി പുലര്‍ത്താന്‍ ആ പ്രക്രിയയ്ക്ക് സാധിക്കുമെന്നു തോന്നുന്നില്ല. ദാരിദ്ര്യത്തിന്റെ കണക്കുകള്‍ക്കപ്പുറം സാമൂഹിക-സാമ്പത്തിക വിവരങ്ങളൊന്നും ശേഖരിക്കാന്‍ അതുവഴി സാധിക്കുമെന്നു കരുതാനാവില്ല. ഈ പ്രക്രിയയിലൂടെ ശേഖരിക്കുന്ന ജാതിസംബന്ധമായ വിവരങ്ങള്‍ക്കാവട്ടെ ഒരു ദേശീയ സെന്‍സസ്സിന്റെ ആധികാരികതയോ കൃത്യതയോ ഉറപ്പുവരുത്താനുമാവില്ല. 1948-ലെ സെന്‍സസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സെന്‍സസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നതാണു ദേശീയ സെന്‍സസ്. ജാതിസംബന്ധമായ ഒരു അഖിലേന്ത്യാ കണക്കെടുപ്പ് ദേശീയ സെന്‍സസ്സിലൂടെയാണ് നടത്തപ്പെടേണ്ടത്.

ജാതിസംബന്ധമായ ഏതുതരം വിവരശേഖരമാണ് ഇപ്പോഴത്തെ കണക്കെടുപ്പിലൂടെ രൂപപ്പെടുത്തുകയെന്ന് വ്യക്തമാക്കാനോ അതു തയ്യാറാക്കുന്നതിന് ഒരു സമയക്രമം പ്രഖ്യാപിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സെന്‍സസ്സില്‍നിന്ന് ജാതിവിവരങ്ങള്‍ ശേഖരിക്കാന്‍ ഗൗരവപൂര്‍ണമായ നീക്കമാണ് നടത്തുന്നതെങ്കില്‍ അങ്ങനെ ചെയ്യേണ്ടിയിരുന്നു. ദേശീയ സെന്‍സസ്സിലാവട്ടെ ഇത്തരം വിവരങ്ങള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കാറുണ്ട്.


വികലമായ ചോദ്യാവലി


ഇപ്പോഴത്തെ കണക്കെടുപ്പിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം തയ്യാറാക്കിയിട്ടുള്ള ചോദ്യാവലിയിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഒരു കാര്യം വ്യക്തമാവും. ജാതിസംബന്ധമായ ശരിയും സമ്പൂര്‍ണവുമായ വിവരശേഖരണത്തിന് അതു പര്യാപ്തമല്ല എന്നതാണത്.
ജാതി രേഖപ്പെടുത്താന്‍ രണ്ട് കോളങ്ങളാണുള്ളത്. ആദ്യകോളത്തില്‍ നാലു വിഭാഗങ്ങളാണുള്ളത്. പട്ടികജാതി, പട്ടികവര്‍ഗം, മറ്റുള്ളവര്‍, ജാതിയില്ല എന്നിങ്ങനെയാണവ. ആദ്യ മൂന്നു വിഭാഗങ്ങളില്‍പ്പെട്ടവര്‍ രണ്ടാമത്തെ കോളത്തില്‍ ജാതിയേതെന്നു വ്യക്തമാക്കണം.

ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാവുന്നു. ഈ ഗണനരീതിയനുസരിച്ച് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും വ്യക്തമായി വിവരിക്കാന്‍ വയ്യാത്തതും അര്‍ഥശങ്ക ഉണ്ടാക്കുന്നതുമായ 'മറ്റുള്ളവര്‍' എന്ന മൂന്നാം വിഭാഗത്തിലാണുള്‍പ്പെടുക ( ജനസംഖ്യയുടെ നാലില്‍ മൂന്നും രാജ്യത്തെ ജാതികളുടെ അഞ്ചില്‍ നാലും ഇതില്‍പ്പെടും ) . ഇതു ജാതിവിവരശേഖരണത്തിന്റെ ഊന്നല്‍ നഷ്ടപ്പെടാനിടയാക്കുമെന്നു നിസ്സംശയം പറയാം. രണ്ടാംകോളത്തില്‍ യഥാര്‍ഥ ജാതിപ്പേരു രേഖപ്പെടുത്തുന്നതില്‍ എന്യൂമറേറ്റര്‍മാര്‍ ഉപേക്ഷ കാട്ടാനും സാധ്യതയേറെ.പട്ടികജാതി, വര്‍ഗങ്ങളില്‍പ്പെട്ടവരുടെ കണക്കെടുപ്പ് ഇക്കഴിഞ്ഞ ദേശീയ സെന്‍സസ്സില്‍ പൂര്‍ത്തിയായതാണ്. ആ നിലയ്ക്ക്, സമ്പൂര്‍ണമായ ഒരു ജാതി സെന്‍സസ്സിന് ഉതകുന്ന രീതിയോ സമീപനമോ അല്ല മേല്‍വിവരിച്ചത് എന്നു കാണാന്‍ വിഷമമില്ല.

ആദ്യ വിഭാഗങ്ങളുടെ അത്ര തന്നെ പ്രാധാന്യത്തോടെയാണ് 'ജാതിയില്ല' എന്ന നാലാം വിഭാഗത്തെയും ചോദ്യാവലിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുമൂലം ഈ വിഭാഗത്തില്‍ തങ്ങളെ വാസ്തവമില്ലാതെ അടയാളപ്പെടുത്തുന്നവരുടെ എണ്ണം കൂടാനിടയുണ്ട്. ഇതാവട്ടെ ജാതിസംബന്ധമായ യഥാര്‍ഥ വിവരശേഖരണത്തെ അട്ടിമറിക്കും എന്നു പ്രത്യേകം പറയേണ്ട കാര്യവുമില്ല. ആവശ്യമാണെങ്കില്‍മാത്രം ജാതിയില്ല എന്ന് രേഖപ്പെടുത്താന്‍ അവസരം നല്‍കിയാല്‍ മതിയായിരുന്നു. ഒരു വിഭാഗമായി ഇവരെപ്പെടുത്തേണ്ടിയിരുന്നില്ല.

എവിടെ ഉപജാതി?



യഥാര്‍ഥ ജാതിപ്പേരു ചേര്‍ക്കാന്‍ ഒരു ഉപകോളം മാത്രമേയുള്ളൂ. ജാതിപ്പേരിനെക്കുറിച്ചു വിശദീകരിക്കാനോ ഉപജാതിയുടെ പേരു രേഖപ്പെടുത്താനോ ഇടമില്ല. ഇവിടെ ഒരു പ്രശ്‌നമുദിക്കാം. നായര്‍ എന്നോ പണിക്കര്‍ എന്നോ മറ്റോ ഉള്ള ജാതികള്‍ മുന്നാക്കമോ പിന്നാക്കമോ ആവാം. വിവരം വേര്‍തിരിക്കുന്നതിനിടയില്‍ ഇവരെ എവിടെപ്പെടുത്തുമെന്ന സംശയം വിവരം തെറ്റായി രേഖപ്പെടുത്തുന്നതിന് ഇടയാക്കും. അവ്യക്തമായോ അപൂര്‍ണമായോ ജാതിവിവരം ചേര്‍ക്കുന്നതുവഴി ഈ കണക്കെടുപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍തന്നെയാണു കാറ്റില്‍പ്പറക്കുക.

റദ്ദാക്കേണ്ട പ്രക്രിയ


മൂന്നാഴ്ചയെന്ന ചുരുങ്ങിയ കാലയളവിനുള്ളില്‍ കര്‍ശനമായ മേല്‍നോട്ടത്തിന്‍കീഴില്‍ പൂര്‍ത്തിയാക്കപ്പെടുന്നതാണ് ദേശീയ സെന്‍സസ്. ഇപ്പോഴത്തെ ഈ അഴകൊഴമ്പന്‍ കണക്കെടുപ്പാവട്ടെ ഡിസംബര്‍ വരെ നീളുന്ന ആറുമാസത്തെ ഏര്‍പ്പാടാണ്. പ്രക്രിയയുടെ വിജയാപജയങ്ങള്‍ നിര്‍ണയിക്കാന്‍ അത്രയും താമസം നേരിടും. അറിഞ്ഞുവരുമ്പോഴേക്കും തിരുത്തല്‍ അസാധ്യവുമാവും.
ഇക്കഴിഞ്ഞ ജൂണ്‍ 29ന് ഒരൊറ്റ സംസ്ഥാനത്താണ് ഈ പ്രക്രിയ ആരംഭിച്ചിട്ടുള്ളത്. ആദ്യ മാസങ്ങളില്‍ കാര്യമായൊന്നും നടക്കാനിടയില്ല. വലിയ സംസ്ഥാനങ്ങളില്‍ ഫ്ര ഫീല്‍ഡ്' ജോലികള്‍ അവസാനത്തെ മൂന്നോ നാലോ മാസങ്ങളിലേ ഉണ്ടാവാനിടയുള്ളൂ.

24 ലക്ഷം എന്യൂമറേഷന്‍ ബ്ലോക്കുകളിലായി കമ്പ്യൂട്ടറുകള്‍ എത്തിക്കാനോ അവയില്‍ മുന്‍കൂര്‍ വിവരങ്ങള്‍ ചേര്‍ക്കാനോ തുടങ്ങിയിട്ടില്ല. കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ ഇത്രയും വിപുലമായ വിവരശേഖരണം നടത്തുന്നതിലെ വിജയസാധ്യതയും ഉറപ്പാക്കപ്പെട്ടിട്ടില്ല. അങ്കണവാടി ജീവനക്കാരെയും ഗ്രാമീണ തൊഴില്‍ദാന പദ്ധതിയിലെ ജോലിക്കാരെയുമാണ് 'ഫീല്‍ഡ് ' ജോലികള്‍ ഏല്‍പ്പിക്കുന്നത്.

എല്ലാംകൂടി കണക്കിലെടുക്കുമ്പോള്‍, ഈ പ്രക്രിയ പരാജയപ്പെടുമെന്നുതന്നെ വിവരമുള്ളവര്‍ തറപ്പിച്ചുപറയും. ഒടുവില്‍ ഇതിന്റെ പഴി സംസ്ഥാനസര്‍ക്കാറുകള്‍ക്കുമേല്‍ കെട്ടിവെച്ചു കേന്ദ്രം തടിയൂരും. വെറുതെ കുറെ പണവും സമയവും പാഴാവുമെന്നല്ലാതെ ജാതിക്കണക്കുകളൊന്നും കാര്യമായി കിട്ടുകയില്ല. ജാതി സെന്‍സസ്സും ദാരിദ്ര്യ സര്‍വേയും കൂട്ടിക്കെട്ടുന്ന ഈ പരിപാടി എത്രയും പെട്ടെന്നു പിന്‍വലിക്കുകയാണു കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. 1948-ലെ സെന്‍സസ് നിയമത്തിന്റെ അടിസ്ഥാനത്തിലും സെന്‍സസ് കമ്മീഷണറുടെ മേല്‍നോട്ടത്തിലും ജാതി സെന്‍സസ് നടത്താനുള്ള കേന്ദ്ര മന്ത്രിസഭയുടെ പഴയ തീരുമാനം നടപ്പാക്കണം. അടുത്ത ഫിബ്രവരിയിലാവട്ടെ അത്. പൊതുവെ സെന്‍സസ് നടത്തുന്ന മാസം അതാണല്ലോ.

( മുന്‍ കേന്ദ്ര സെന്‍സസ് കമ്മീഷണറും രജിസ്ട്രാര്‍ ജനറലുമാണ് ലേഖകന്‍

Monday, April 25, 2011

എയ്ഡഡ് മേഖലയും ദലിത് സംവരണവും

എയ്ഡഡ് വിദ്യാഭ്യാസ മേഖല ഒരര്‍ഥത്തില്‍ സര്‍ക്കാര്‍ സര്‍വീസ് തന്നെയാണ്.മാനേജ്മെന്റുകള്‍ നിയമിക്കുന്ന ജീവനക്കാര്‍ക്ക് ശംബളവും മറ്റാനുകൂല്യങ്ങളും സര്‍ക്കാര്‍ ഖജനാവില്‍ നിന്നു നല്‍കുന്ന 'സോഷ്യലിസ'മാണവിടെ. വര്‍ഷം തോറും പൊതുഖജനാവില്‍ നിന്ന് കോടിക്കണക്കിനു രൂപയാണ് ഈയിനത്തില്‍ മാത്രം ഈ മേഖലയിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ കുടുംബങ്ങളിലെത്തുന്നത്. സുറിയാനി- നായര്‍ - മുസ്ലിം - ഈഴവ വിഭാഗങ്ങള്‍ക്കാണ് ഈ മേഖലയില്‍ സ്കൂളുകളും കോളെജുകളും ഉള്ളത്. ഭൂരിപക്ഷവും സുറിയാനി ക്രിസ്ത്യാനികളുടെ കൈവശം.(അതിന്റെ ചരിത്രപരമായ കാരണങ്ങളെ വിസ്മരിക്കുന്നില്ല). സ്വാഭാവികമായും ഈ പണം ഭൂരിപക്ഷവും ഈ മാനേജ്മെന്റുകളുടെ സമുദായക്കാരിലേക്കാണു പോകുന്നതെന്നു പറയേണ്ടതില്ലല്ലോ. സര്‍ക്കാര്‍ പണം കൊണ്ടു നടത്തുന്ന മറ്റെല്ലാ മേഖലകളിലും സംവരണം, വിശേഷിച്ച് പട്ടിക ജാതി/പട്ടിക വര്‍ഗ ജനതക്ക് , ഉള്ളപ്പോള്‍ എയ്ഡഡ് മേഖലയില്‍ സംവരണമില്ല. കനത്ത ശംബളം വാങ്ങുന്ന കോളെജുകളില്‍ യുജിസിയുടെ സ്പഷ്ടമായ നിര്‍ദേശമുണ്ടായിട്ടുപോലും സംവരണം പാലിക്കുന്നില്ല. തന്മൂലം ഉന്നത വിദ്യാഭ്യാസം നേടിയ ദലിതര്‍ക്ക് മികച്ച കരിയര്‍ ലഭിക്കാനുള്ള അവസരം നഷ്ടമാകുന്നു. കഴിഞ്ഞ കുറേ നാളുകളായി ദലിത് ഉദ്യോഗാര്‍ഥികള്‍ ഈ അവസര നിഷേധത്തിനെതിരെ സമരവും കേസും പ്രചാരണങ്ങളുമായി രംഗത്തുണ്ട്. ഈ വിഷയത്തില്‍ മികച്ച ഒരു പഠനം തന്നെ അവര്‍ നടത്തിക്കഴിഞ്ഞു.ഹൈക്കോടതിയില്‍ നിന്ന് ഈ വിഷയത്തില്‍ സ്റ്റേയും അവര്‍ സമ്പാദിച്ചിട്ടുണ്ട്. സാമൂഹിക നീതിക്കുവേണ്ടിയുള്ള തികച്ചും ന്യായമായ അവരുടെ ഈ പോരാട്ടത്തെ പിന്തുണക്കാന്‍ മനുഷ്യ സ്നേഹികള്‍ മുഴുവന്‍ തയ്യാറാകേണ്ടതാണ്.
ഇതു സംബന്ധമായി മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്തയാണു താഴെ. ഈ ലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പിലും ഇതു സംബന്ധമായി ഒരു ലേഖനം വന്നിട്ടുണ്ട്.





ദലിത് ജനതയുടെ മഹത്തായ ഈ പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആക്ഷന്‍ ഫോര്‍ സോഷ്യല്‍ ഈക്വാലിറ്റി നടത്തുന്ന പ്രചാരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററാണു താഴെ:

Monday, March 21, 2011

ബഹാവുദീന്‍ സാറിന് ആദരാഞ്ജലികള്‍

ഡോ.കെ എം ബഹാവുദ്ദീന്‍ അന്തരിച്ചു

പരവൂര്‍(കൊല്ലം): കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജ് മുന്‍ പ്രിന്‍സിപ്പലും അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ മുന്‍ പ്രോ വൈസ് ചാന്‍സലറുമായ ഡോ. കെ.എം.ബഹാവുദ്ദീന്‍(82) അന്തരിച്ചു.

എറണാകുളം വെണ്ണലയിലെ 'ആഷിയാന'യില്‍ സ്ഥിരതാമസമായിരുന്ന അദ്ദേഹം രണ്ടുദിവസം മുമ്പാണ് മകളുടെ തിരുവനന്തപുരത്തുള്ള വസതിയിലെത്തിയത്. ഞായറാഴ്ച രാവിലെ അവിടെവച്ചാണ് അന്ത്യം സംഭവിച്ചത്.പരവൂര്‍ തെക്കുംഭാഗം അണ്ടൂപ്പാറ കുടുംബാംഗമാണ് ബഹാവുദ്ദീന്‍.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിരുദം നേടി. തുടര്‍ന്ന് അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എന്‍ജിനിയറിങ് ബിരുദവും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍നിന്ന് എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തരബിരുദവും നേടി.

അലിഗഢ് സര്‍വകലാശാലയില്‍ ലക്ചററായിരുന്ന അദ്ദേഹം തമിഴ്‌നാട്ടില്‍ പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയറും ദുര്‍ഗാപുര്‍ സ്റ്റീല്‍ പ്ലാന്റിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ മേധാവിയുമായിരുന്നു. ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡില്‍ ഡിസൈന്‍ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. ഇറാഖില്‍ ഇന്ത്യ നിയോഗിച്ച വിദ്യാഭ്യാസ പ്ലാനിങ് ഡെലിഗേറ്റുകളുടെ ഡെപ്യൂട്ടി ലീഡറും മൗറീഷ്യസില്‍ ഉന്നതവിദ്യാഭ്യാസം നടപ്പിലാക്കാനുള്ള ഇന്ത്യയുടെ പ്രതിനിധിയുമായിരുന്നു.

ബഹാവുദ്ദീന്‍ 12 വര്‍ഷം കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജിന്റെ പ്രിന്‍സിപ്പലായിരുന്നു. ആര്‍.ഇ.സി.വിദ്യാര്‍ത്ഥി ആയിരുന്ന രാജനെ പോലീസ് അറസ്റ്റ് ചെയ്തതും പോലീസ് മര്‍ദ്ദനത്തില്‍ മരിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. തുടര്‍ന്ന് അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ പ്രോ വൈസ് ചാന്‍സലറായ അദ്ദേഹം 1989ല്‍ ദില്ലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായാണ് വിരമിച്ചത്.

കേരള മുസ്‌ലിങ്ങള്‍, പോരാട്ടത്തിന്റെ ചരിത്രം, കേരള സമൂഹഘടനാമാറ്റങ്ങള്‍, ഇറാഖ് ആക്രമണത്തിന്റെ അടിവേരുകള്‍ തുടങ്ങിയ പുസ്തകങ്ങള്‍ ഡോ.ബഹാവുദ്ദീന്‍ രചിച്ചിട്ടുണ്ട്.

അമേരിക്കന്‍ സൊസൈറ്റി ഓഫ് മുസ്‌ലിംസ് ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍ അവാര്‍ഡ് നേടിയ അദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസപ്രവര്‍ത്തനത്തിന് ജന്മനാടായ പരവൂരില്‍ ശ്രേഷ്ഠ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: റംല ബീവി. മക്കള്‍: ആസിഫ് (എന്‍ജിനിയര്‍, സെന്‍ട്രല്‍ ഏഷ്യ റീജണല്‍ ഡയറക്ടര്‍ ഐ.ബി.എം.ദുബായ് ), ലുലു(എന്‍ജിനിയര്‍ യു.കെ.), ഡോ.ഫൗസിയ(അസി. പ്രൊഫ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം), ഷാഹിന്‍(എന്‍ജിനിയര്‍, യു.എസ്.എ.). മരുമക്കള്‍: ഡോ.അയിഷ(ദുബായ് ), പ്രൊഫ. ബഷീര്‍(എന്‍ജിനിയര്‍ യു.കെ.), ഡോ.ലത്തീഫ് (സര്‍ജന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ), ജോര്‍ഡാന്‍(എന്‍ജിനിയര്‍ യു.എസ്.എ.).


പ്രൊഫ ബഹാവുദീനുമായി ഈ ലേഖകന് അടുത്ത സൌഹൃദമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹമാണ് കേരള പി എസ് സി യുടെ മെറിറ്റ് -സംവരണ അട്ടിമറി സംബന്ധിച്ച ആദ്യ വെളിപ്പെടുത്തല്‍ കലാകൌമുദിയിലൂടെ നടത്തിയത്. തുടര്‍ന്ന് ഞാന്‍ ആ വിഷയത്തില്‍ നടത്തിയ പഠനങ്ങള്‍ക്കെല്ലാം അദ്ദേഹത്തിന്റെ ഉപദേശ - നിര്‍ദേശങ്ങളുണ്ടായിരുന്നു. ചെറുപ്പക്കാരനെപ്പോലെ ചുറുചുറുക്കോടെ , മുഴുവന്‍ സമയവും കര്‍മനിരതനായിരുന്നു ബഹാവുദീന്‍ സാര്‍. അദ്ദേഹത്തിന്റെ നിര്യാണം കേരള സമൂഹത്തിനു്, വിശിഷ്യാ കേരളത്തിലെ പിന്നാക്ക സമുദായങ്ങള്‍ക്കു് വലിയ ഒരു നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. കേരള മുസ്ലിങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക പിന്നാക്കാവസ്ഥയെപ്പറ്റി പഠിച്ച ബഹാവുദീന്‍ സാര്‍ ജീവിതത്തില്‍ ഒരു ഇടതു പക്ഷക്കാരനായിരുന്നു. മതപരമായ ചടങ്ങുകളൊന്നും വ്യക്തിജീവിതത്തില്‍ അദ്ദേഹം അങ്ങനെ പാലിക്കുന്നതായി കണ്ടിട്ടില്ല. കേരള ചരിത്രത്തിലും അദ്ദേഹം നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പ്രമാദമായ രാജന്‍ കേസില്‍ കെ കരുണാകരനെപ്പോലുള്ളവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താനിടയാക്കിയതില്‍ അദ്ദേഹത്തിന്റെ ധീരമായ നിലപാട് നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.   അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 

Tuesday, March 15, 2011

അതേ അധ്യാപകരും അതേ വിദ്യാര്‍ഥികളും

BEHOLD her, single in the field,
Yon solitary Highland Lass!
Reaping and singing by herself;
Stop here, or gently pass!
Alone she cuts and binds the grain,
And sings a melancholy strain;
O listen! for the Vale profound
Is overflowing with the sound.
No Nightingale did ever chaunt
More welcome notes to weary bands
Of travellers in some shady haunt,
Among Arabian sands:
A voice so thrilling ne'er was heard
In spring-time from the Cuckoo-bird,
Breaking the silence of the seas
Among the farthest Hebrides.
Will no one tell me what she sings?—
Perhaps the plaintive numbers flow
For old, unhappy, far-off things,
And battles long ago:
Or is it some more humble lay,
Familiar matter of to-day?
Some natural sorrow, loss, or pain,
That has been, and may be again?
Whate'er the theme, the Maiden sang
As if her song could have no ending;
I saw her singing at her work,
And o'er the sickle bending;—
I listen'd, motionless and still;
And, as I mounted up the hill,
The music in my heart I bore,
Long after it was heard no more.

     ഇംഗ്ലീഷ് റൊമാന്റിക് കവി വില്യം വേഡ്സ് വേസിന്റെ(William Wordsworth 1770–1850)ന്റെ Solitary Reaper(ഏകാകിയായ കൊയ്ത്തുകാരി )എന്ന പ്രസിദ്ധമായ കാവ്യ(poem)മാണ് മുകളില്‍ ഉദ്ധരിച്ചു ചേര്‍ത്തിരിക്കുന്നത്.ഈ ലേഖകന്‍ അതു പ്രീഡിഗ്രിക്കു പഠിച്ചതാണ്(1981-83). ഇന്നും ആ കവിത മനസ്സില്‍ നിന്നു പോയിട്ടില്ല.മാല്യങ്കര(മൂത്തകുന്നം) എസ് എന്‍ എം കോളെജില്‍ ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അധ്യാപികയും വൈപ്പിനില്‍ ഞങ്ങള്‍ക്ക് ഇംഗ്ലീഷ് ട്യൂഷന്‍ എടുത്തിരുന്ന, ഇന്ന് ഒരു പ്രസിദ്ധ ദിനപത്രത്തില്‍ സബ് എഡിറ്ററായി ജോലി നോക്കുന്ന അന്നത്തെ ട്യൂഷന്‍ മാസ്റ്ററും ആ കാവ്യം അത്ര നന്നായാണു പഠിപ്പിച്ചിരുന്നത്. എന്നാല്‍ ഇരുകൂട്ടരും അതിലെ Among the farthest Hebrides എന്ന വരിയിലെ Hebrides എന്ന വാക്ക്(ഒരു സ്ഥലപ്പേരാണത്) ഹെബ്രൈഡ്സ് എന്നു തെറ്റായാണ് ഉച്ചരിച്ചിരുന്നത്.വാസ്തവത്തില്‍ പ്രാസം ഒപ്പിച്ചുള്ള ആ കാവ്യത്തില്‍ ഹെബ്രൈഡ്സ് എന്ന ഉച്ചാരണം ചേരില്ലായിരുന്നു. അതിനു മുന്നിലത്തെ വരിയായ Breaking the silence of the seas എന്നത് അവസാനിക്കുന്നത് സീസ് എന്നാണ്. അതനുസരിച്ച് Hebrides ന്റെ അവസാനം ഡീസ് എന്നാകാനാണു സാധ്യത. പക്ഷേ അക്കാര്യമൊന്നും ആ അധ്യാപകരോ ക്ലാസിലെ മറ്റു വിദ്യാര്‍ത്ഥികളോ ശ്രദ്ധിച്ചതായി തോന്നിയില്ല. തന്മൂലം ആ പദത്തിന്റെ ശരിയായ ഉച്ചാരണം എന്തെന്ന് അന്വേഷിക്കാന്‍ അവരാരും താത്പര്യവും കാണിച്ചില്ല. എനിക്കു പക്ഷേ അതിലൊരു അന്വേഷണ കൌതുകം തോന്നി. അങ്ങനെ ആ വാക്കിന്റെ ശരിയായ ഉച്ചാരണം എന്തെന്ന് അന്വേഷിക്കാനായി ശ്രമം തുടങ്ങി.ഇന്നത്തെ പോലെ ഇന്റര്‍നെറ്റൊന്നും ലഭ്യമല്ലല്ലോ.അതുകൊണ്ട് പലരോടും അന്വേഷിച്ചു. നിഘണ്ടുക്കള്‍ പരതി.ആര്‍ക്കും കൃത്യമായി അറിയില്ലായിരുന്നു അതിന്റെ ഉച്ചാരണം.ഊഹിച്ച് പലരും പല ഉച്ചാരണങ്ങളും പറഞ്ഞെങ്കിലും ശരിയായ ഉച്ചാരണം അതിലൊന്നും ഇല്ലായിരുന്നു. സ്ഥലപ്പേരായാതിനാല്‍ ഒട്ടുമിക്ക ഡിക്ഷനറിയിലും ആ പദം ഉണ്ടായിരുന്നുമില്ല. അക്കാലത്ത് എന്റെ സുഹൃത്തിന് അദ്ദേഹത്തിന്റെ സഹോദരി, തൊഴിലില്ലായ്മാ വേതനം കിട്ടിയപ്പോള്‍ ഒരു ഇംഗ്ലീഷ്-ഇംഗ്ലീഷ് നിഘണ്ടു വാങ്ങിക്കൊടുത്തിരുന്ന കാര്യം ഓര്‍മ വന്നു. Chambers Universal Learners Dictionary ആയിരുന്നു ആ നിഘണ്ടു. (അന്നതിന് 40 രൂപയായിരുന്നു വില. ഇന്നതു ലഭ്യമല്ല). വളരെ സിമ്പിളാണ് ആ നിഘണ്ടു. വിദ്യാര്‍ഥികള്‍ക്ക് വളരെ എളുപ്പം ഉപയോഗിക്കാവുന്നതാണത്. എല്ലാ വാക്കിന്റെയും അര്‍ഥം, ഉച്ചാരണത്തോടൊപ്പം  വാക്യത്തിലും പ്രയോഗിച്ചു കാണിച്ചിരിക്കും. ആ ഡിക്ഷനറി നോക്കി.ഭാഗ്യത്തിന് അതില്‍ ഈ Hebrides എന്ന വാക്കിന്റെ ഉച്ചാരണം നല്‍കിയിട്ടുണ്ടായിരുന്നു. ഹെബ്രിഡീസ് എന്നായിരുന്നു ആ ഉച്ചാരണം. ഹെബ്രിഡീസ് എന്ന ഉച്ചാരണം വരുമ്പോള്‍ പ്രാസവും ശരിയാകുന്നുണ്ട്. മുകളില്‍ സീസ് , താഴെ ...ഡീസ് . ഉച്ചാരണം മനസ്സിലാക്കിയെങ്കിലും അന്നത് അധ്യാപകരോടു പറയാന്‍ എനിക്കു ധൈര്യമില്ലായിരുന്നു. തങ്ങളെ പഠിപ്പിക്കാന്‍ ഒരു വിദ്യാര്‍ഥി വളര്‍ന്നോ എന്ന് അവര്‍ കരുതിയെങ്കിലോ എന്നൊരാശങ്കയായിരുന്നു .ഇന്നും ആ അവസ്ഥയ്ക്ക് മാറ്റമൊന്നും വന്നിട്ടില്ലെന്ന് എന്റെ മകളുടെ അനുഭവം പഠിപ്പിക്കുന്നു.

    ഇന്ന് ഏതു ഭാഷയിലെ ഏതു പദമായാലും സ്ഥലപ്പേരായാലും വ്യക്തികളുടെ പേരായാലും ഉച്ചാരണം കൃത്യമായറിയാന്‍ ഇന്റര്‍നെറ്റില്‍ പരതേണ്ട താമസം മാത്രമേയുള്ളൂ. കേട്ടും കണ്ടും പഠിക്കാനുള്ള സൌകര്യങ്ങള്‍ പലമടങ്ങു വര്‍ധിച്ചു. എന്നാല്‍ അധ്യാപകര്‍ പഴയതില്‍ നിന്നു മാറിയോ? മാറിയിട്ടില്ല എന്നതാണ് ഖേദകരമായ സത്യം.  Solitary Reaper ഇപ്പോള്‍ പത്താം ക്ലാസില്‍ എന്റെ മകള്‍ പഠിക്കുകയാണ്. അവള്‍ ആ കാവ്യം ചൊല്ലുന്നതു കേട്ടപ്പോഴാണ് അധ്യാപകര്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നു മനസ്സിലായത്. ഹെബ്രൈഡ്സ് എന്നു തന്നെയാണ് മോളും ചൊല്ലിയത്. ഞാന്‍ അവളെ തിരുത്തിയെങ്കിലും കുട്ടിക്ക് അതംഗീകരിക്കാന്‍ ഒരു മടി. ഉടനെ ഞാന്‍ നെറ്റില്‍ ആ കാവ്യം ചൊല്ലുന്നതിന്റെ വിവിധ സൈറ്റുകള്‍ എടുത്ത്  കേള്‍പ്പിച്ചു കൊടുത്തു. എല്ലാത്തിലും ഹെബ്രിഡീസ് എന്നു തന്നെ ഉച്ചരിക്കുന്നതു കേട്ടപ്പോളാണ് കുട്ടിക്ക് പൂര്‍ണ വിശ്വാസമായത്. (ആ സൈറ്റുകളിലൊന്ന് ഇവിടെ കൊടുക്കുന്നു. ഈ ലിങ്കില്‍ ക്ലിക്കി വായനക്കാര്‍ക്കും ആ കാവ്യം കേള്‍ക്കാം).

ശരിയായ ഉച്ചാരണം എന്തെന്നു കുട്ടിക്കു ബോധ്യപ്പെട്ടെങ്കിലും അവളും അധ്യാപകരോട് അക്കാര്യം പറയാന്‍ തയ്യാറല്ലെന്നാണ് അറിയിച്ചത്.അധ്യാപകരെ തിരുത്താനുള്ള ധൈര്യം ഇന്നത്തെ കുട്ടിക്കും ഇല്ലെന്നര്‍ഥം.എന്തുകൊണ്ടാണ് കുട്ടികള്‍ ഇപ്പോഴും അധ്യാപകരെ ഇങ്ങനെ ഭയക്കുന്നത്? കാല്‍ നൂറ്റാണ്ടിനു മുന്‍പത്തെ അഥവാ അതിനും മുന്‍പത്തെ മാനസിക നിലയില്‍ തന്നെയാണ് ഇപ്പോഴും അധ്യാപകര്‍(കുട്ടികളും) എന്നാണോ ഇതു സൂചിപ്പിക്കുന്നത്?
ഇന്റര്‍നെറ്റ് പോലുള്ള ആധുനിക ഉപാധികള്‍ തങ്ങളുടെ കരിയര്‍ മികവുറ്റതാക്കാന്‍ അധ്യാപകര്‍ ഉപയോഗിച്ചുതുടങ്ങുന്നത് ഇനി എന്നാണ്? കുട്ടികള്‍ അധ്യാപകരോട് സത്യസന്ധമായി ഇടപെടുന്നത് ഇനി എന്നാണ്? അതിന് അവരെ അധ്യാപകര്‍ എന്നെങ്കിലും ഒരുക്കുമോ?
(അധ്യാപകരെ ഇവിടെ പരാമര്‍ശിച്ചതു കൊണ്ട് മറ്റു ജോലിയിലുള്ളവരെല്ലാം അവരവരുടെ ജോലികളില്‍ തികച്ചും 'പെര്‍ഫെക്റ്റാ'ണെന്നോ എല്ലാ അധ്യാപകരും ഇത്തരക്കാരാണെന്നോ അര്‍ഥമാക്കുന്നില്ല.ഇത് ഒരു സൃഷ്ടിപരമായ വിമര്‍ശനം മാത്രമാണ്.)

Sunday, March 6, 2011

കേരള വികസന ഫോറത്തിലെ സംവരണ സെമിനാര്‍

സോളിഡാരിറ്റി സംഘടിപ്പിക്കുന്ന പുതിയ കേരളം വികസന ഫോറം 2011 മാര്‍ച്ച് 11,12,13 തീയതികളില്‍ എറണാകുളത്തു നടക്കുകയാണ്. 12 നു ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ എറണാകുളം ടൌണ്‍ ഹാളില്‍ നടക്കുന്ന സംവരണ സെമിനാറില്‍ ഈ ബ്ലോഗറും വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു.

സംവരണ അട്ടിമറികള്‍ എന്നതാണ് എന്റെ വിഷയം. അതില്‍ പ്രധാനമായും ഞാനവതരിപ്പിക്കുക, കേരള പബ്ലിക് സര്‍വീസ് കമീഷന്‍ നിയമനങ്ങളില്‍ സംവരണ സമുദായങ്ങള്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന നഷ്ടത്തെ കുറിച്ചായിരിക്കും. 

പങ്കെടുക്കുന്ന മറ്റുള്ളവര്‍ ഇവരാണ്:

ഫസല്‍ കാതിക്കോട് (സംവരണവും വികസനവും)
ഷബ്ന സിയാദ്(സംവരണത്തിന്റെ ചരിത്രം )
ഡോ. എ .എ. ഹലീം( സംവരണവും കമ്മീഷനുകളും) 
പ്രൊഫ. ടി.ബി.വിജയകുമാര്‍(ജുഡീഷ്യറിയിലെ സംവരണം)
നസീര്‍ പി നേമം(വിദ്യാഭ്യാസ സംവരണം)
അഡ്വ.ബിനോയ് ജോസഫ് (സംവരണവും അവശ ക്രൈസ്തവരും)
ഡോ.എം.കബീര്‍(സംവരണവും സംവരണ സമുദായങ്ങളും)


വികസന ഫോറത്തിലെ പരിപാടികളുടെ പൂര്‍ണ വിവരങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ അറിയാം.

പുതിയ കേരളം വികസനഫോറം-മാര്‍ച്ച് 11,12,13 എറണാകുളം- പ്രോഗ്രാം പൂര്‍ണ്ണരൂപം

















Wednesday, February 23, 2011

ചെറായിയിലെ സാഹോദര്യ പ്രഖ്യാപന സമ്മേളന ദൃശ്യങ്ങള്‍

ഇക്കഴിഞ്ഞ ഇരുപതാം തീയതി എറണാകുളം ജില്ലയിലെ ചെറായിയില്‍ വച്ചു നടന്ന സാഹോദര്യ പ്രഖ്യാപന സമ്മേളനത്തിന്റെ വിവിധ ദൃശ്യങ്ങളാണു താഴെ.

                                                 സഹോദരന്‍ സ്മാരക ഹൈസ്കുള്‍ (സമ്മേളന വേദി)
          അഡ്വ കെ എസ് മധുസൂദനന്‍ - അധ്യക്ഷ പ്രസംഗം (വേദിയില്‍ എസ് ജോസഫ്, പി എ കുട്ടപ്പന്‍, ചാരു നിവേദിത, ഡോ പി കെ സുകുമാരന്‍, കെ കെ കൊച്ച്, കെ പി സേതുനാഥ്)
                                                                            സദസ്
                                                                            സദസ്
                                                                           നോട്ടീസ്
                                                              നോട്ടീസ് (അകവശം)

രജിസ്ട്രേഷന്‍(സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ കെ എസ് മധുസൂദനന്‍, കണ്‍വീനര്‍മാരായ എം ആര്‍ സുദേഷ്, ടി എന്‍ സന്തോഷ്, കെ ഐ ഹരി എന്നിവരെ കാണാം)

                                                            Smell of Salt(ശില്പ്പം)
                 ഉച്ച ഭക്ഷണം  (ചാരു നിവേദിത, വി പ്രഭാകരന്‍, പി എ കുട്ടപ്പന്‍ ഇവരെ കാണാം)
                                                                              സദസ്
                                        സണ്ണി എം കപിക്കാട് (സമീപന രേഖ അവതരണം)

                                 പ്രശസ്ത തമിഴ് സാഹിത്യകാരന്‍ ചാരു നിവേദിത ( ഉദ്ഘാടനം)

                                                  സമ്മേളന വേദിയായ  എസ് എം എച്ച് എസ്
                                                         കെ സുനില്‍കുമാര്‍ :സ്വാഗതം


ഇതു സംബന്ധമായ കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും താഴെ പറയുന്ന ബ്ലോഗുകള്‍ കൂടി സന്ദര്‍ശിക്കുക.
Inspired by Sahodaranism: The New Fraternity Movement in Kerala

സാഹോദര്യ പ്രസ്ഥാനം


Saturday, February 19, 2011

ചെറായി രാമദാസും ബ്ലോഗിലേക്ക്

 ഗവേഷകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആയ ചെറായി രാമദാസ് ബ്ലോഗിലേക്കു കടന്നുവന്നിരിക്കുന്നു. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ സംബന്ധിച്ച് ഒട്ടേറെ പഠനങ്ങള്‍ നടത്തുകയും എഴുതുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ലേഖനം ഇന്നത്തെ (19/02/2011)മാധ്യമം ദിനപ്പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ലേഖനത്തിന്റെ കൈയെഴുത്തുപ്രതിയുടെ ഫോട്ടോ ബ്ലോഗിലുമുണ്ട്. ചെറായി രാമദാസിന് ബൂലോകത്തേക്ക് സ്വാഗതം. 
ചെറായി രാമദാസ്

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെപ്പറ്റി വാദിക്കാന്‍ എം.ജി. രാധാകൃഷ്ണന്‍ ആധാരമാക്കിയത്  ടി. വേണുഗോപാലന്റെ 'രാജ്യദ്രോഹിയായ രാജ്യസ്‌നേഹി'യെ മാത്രമാണ് (മാധ്യമം, 20.12.10). മറ്റുള്ളവരുടെ ഒറ്റ രചനയും അദ്ദേഹം ഗൗനിക്കില്ല. 13 കൊല്ലമായി ഞാന്‍ പത്ത് പത്രങ്ങളും രണ്ട് പുസ്തകങ്ങളും വഴി തുറന്നുകാട്ടുന്നത് ടി പുസ്തകത്തെയാണെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ലെന്നുണ്ടോ! പിള്ളക്ക് അയ്യങ്കാളി എഴുതിയത് എന്ന വ്യാജേന വേണുഗോപാലന്‍ തന്റെ കപട ഗവേഷണ ഗ്രന്ഥത്തില്‍ (പ്രസാ: കേരള പ്രസ് അക്കാദമി, 1996) ചേര്‍ത്ത ഒരു കത്തിന്റെ ഭാഗം പകര്‍ത്തിയാണ് രാധാകൃഷ്ണന്‍ ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്. ഇത് വേണുഗോപാലന്‍ ചമച്ച കള്ളക്കത്താണെന്ന് ഒട്ടേറെ തെളിവുകളോടെ ഞാന്‍ വായനക്കാരെ അറിയിച്ചിട്ട് കൊല്ലം എട്ടാകുന്നു (പച്ചക്കുതിര, 2003 ഏപ്രില്‍-ജൂണ്‍, വായന, 2004 ഒക്‌ടോ.)

ജീവിതകാലത്തുണ്ടായ അധഃസ്ഥിത മുന്നേറ്റങ്ങളെ മുച്ചൂടും എതിര്‍ത്തയാളാണ് പിള്ളയെന്ന് 'നിരൂപണത്തിന്റെ ജാതി'യും (പച്ചക്കുതിര, 2006 ഏപ്രില്‍) 'സ്തുതിപാഠകരുടെ സ്വദേശാഭിമാനി'യും (അയ്യങ്കാളിക്ക് ആദരത്തോടെ, 2009, പേ. 196-206) വായിച്ചിരുന്നെങ്കില്‍ മനസ്സിലായേനെ. ജാതിമനസ്‌കനായ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ 'കവിഭാരത'ത്തിനെതിരെ 'കവി രാമായണ' യുദ്ധം നയിച്ച മൂലൂര്‍ പത്മനാഭപ്പണിക്കര്‍ എന്ന ഈഴവ കവിയെ 'മരംകേറി'യാക്കിയത്, 'ബാലാകലേശവാദ'ത്തില്‍ പണ്ഡിറ്റ് കെ.പി. കറുപ്പനെ തണ്ടു ചാണ്ടുന്ന വാലനാക്കിയത് (കേരളോദയം വാരിക, 1915 മാര്‍ച്ച് 9, 16, 23), ദലിത് കുട്ടികള്‍ക്ക് പോത്തിന്റെ ഗ്രഹണപാടവമേയുള്ളൂ എന്നു തോന്നിക്കുന്ന മുഖപ്രസംഗം എഴുതിയത്, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളത്തില്‍ സവര്‍ണ കാഴ്ചക്കാര്‍ മാത്രമുള്ളിടത്ത് നായര്‍ സ്ത്രീകള്‍ മാറുമറയ്ക്കാതെ നടന്നാലും ദലിതരും മറ്റും നില്‍ക്കുന്നിടത്ത് അത് പാടില്ലെന്ന് മുഖപ്രസംഗം എഴുതിയത് (കേരള പഞ്ചിക, 1077 കന്നി) തുടങ്ങി പലതുമുണ്ട് പിള്ളയുടെ പ്രാകൃത മനസ്സിന്റെ ഉപോല്‍പന്നങ്ങളായി.

നിക്ഷിപ്ത താല്‍പര്യക്കാരാണ് പിള്ളയെ എതിര്‍ത്തതെന്നു പറയുന്നയാള്‍, പിള്ളയെ എതിര്‍ത്ത മൂലൂരും കറുപ്പനും അയ്യങ്കാളിയും (പ്രജാസഭാ പ്രസംഗം, 29.2.1916) ടി ഗണത്തില്‍തന്നെ പെടുമെന്നല്ലേ അര്‍ഥമാക്കുന്നത്? ജീവിതകാലത്തുണ്ടായ ഒരൊറ്റ പുരോഗമന കേരളീയ സാമൂഹികചലനത്തെയും പിള്ള അനുകൂലിച്ചില്ല. തിരുവനന്തപുരത്ത് നാടകം കളിച്ച തമിഴ് നടി ബാലാമണിയെയും സംഘത്തെയും ആട്ടിയോടിക്കാന്‍ പിള്ള ഒരു മുഖപ്രസംഗംതന്നെ എഴുതി (സ്വദേശാഭിമാനി, 24.8.1906)! ഇതിനും നാലു കൊല്ലം മുമ്പ് 'കേരളപഞ്ചിക' പത്രാധിപനായിരുന്നപ്പോള്‍ പിള്ള 'ഭാര്യാധര്‍മം' എന്ന തലക്കെട്ടില്‍ വ്യാഖ്യാനിച്ച വാത്സ്യായന സൂത്രങ്ങളും കാണേണ്ടതുതന്നെ (തിരുവനന്തപുരം നേറ്റീവ്  പ്രസ്, 1077). ഭര്‍ത്താവിനോട് ഭക്തയായിരിക്കണം ഭാര്യ എന്നാണതില്‍ സ്ഥാപിച്ചിരിക്കുന്നത്!

ഇനി കുപ്രസിദ്ധ അപ്പാര്‍തീഡ് മുഖപ്രസംഗങ്ങള്‍ നോക്കാം. ഡോ. കെ.എസ്. രാധാകൃഷ്ണന്റെ 'അഡോള്‍ഫ് ഹിറ്റ്‌ലറും സ്വദേശാഭിമാനിയും' എന്ന ലേഖനമാണ് (മാധ്യമം, 7.12.10) എം.ജി. രാധാകൃഷ്ണന്റെ വിമര്‍ശത്തിന് ആധാരം. പിള്ളയുടെ 'ഒരു വാചകത്തെ വളച്ചൊടിക്കുന്നു' എന്നാണ് വിമര്‍ശം. (ഈ കുവാദത്തിന്, പതിറ്റാണ്ടോളം മുമ്പ് മറ്റൊരു സ്തുതിപാഠകനായ ഡോ. കെ.എം. സീതി ഉന്നയിച്ചപ്പോള്‍, ഞാന്‍ 9.4.2000ത്തിെല 'കലാകൗമുദി'യില്‍ വിശദമായ മറുപടി നല്‍കിയതാണ്. ദലിതരുടെ സ്‌കൂള്‍പ്രവേശ സമരത്തിന് നിയമ പിന്‍ബലം നല്‍കിയത് 1.1.1910ന് നടപ്പായ തിരുവിതാംകൂര്‍ വിദ്യാഭ്യാസ കോഡ് (G.O No. 2247, dt. 19.11.1909) ആണ്. കോഡിന്റെ ഏഴാം ചാപ്റ്ററിലെ 69ാം റൂള്‍ ആണ് അയ്യങ്കാളി പ്രസ്ഥാനത്തിന് കൈമെയ് മറന്ന് വിദ്യാലയസമരം നയിക്കാന്‍ ഊര്‍ജമായത് ('വല്ല വിഭാഗത്തിലോ ജാതിയിലോ മതത്തിലോ പെടുന്നു എന്ന കാരണത്താല്‍ ഒരു കുട്ടിക്കും ഒരു സ്‌കൂളിലും പ്രവേശം നിഷേധിക്കരുത്').

തുടര്‍ന്ന് നാട്ടിലുണ്ടായത് എന്ത് എന്ന് കുതിര-പോത്ത് അപ്പാര്‍തീഡ് മുഖപ്രസംഗത്തിലുണ്ട് (സ്വദേശാഭിമാനി, 2.3.1910). പക്ഷേ, ആ ഭാഗം ഒഴിവാക്കിയാണ് ആ മുഖപ്രസംഗം വേണുഗോപാലന്‍ തന്റെ തട്ടിപ്പുപുസ്തകത്തില്‍ (പേ. 578-9) ചേര്‍ത്തത്. എന്നിട്ടും, 'ഏതെങ്കിലും വാചകം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിക്കപ്പെടരുത് എന്നു കരുതി ആ മുഖപ്രസംഗം മുഴുവന്‍ ഇവിടെ ഉദ്ധരി'ക്കുന്നു എന്ന് ഉളുപ്പുലേശമെന്യേ ടിയാന്‍ രേഖപ്പെടുത്തിക്കളഞ്ഞു അവിടെ! പൂഴ്ത്തപ്പെട്ട ഭാഗം പി. ഭാസ്‌കരനുണ്ണിയുടെ പുസ്തകത്തില്‍ (കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, കേരള സാഹിത്യ അക്കാദമി, 2005, പേ. 380) ഇങ്ങനെ വായിക്കാം: '...നെടുമങ്ങാട്, നെയ്യാറ്റിന്‍കര, തിരുവല്ല മുതലായ പലേ സ്ഥലങ്ങളിലെയും പാഠശാലകളില്‍ പുലക്കുട്ടികളെയും പറക്കുട്ടികളെയും പ്രവേശിപ്പിക്കയാല്‍, ആ വിദ്യാലയങ്ങളില്‍ പഠിച്ചിരുന്ന ബ്രാഹ്മണര്‍, നായന്മാര്‍ മുതലായ ജാതിക്കാരായ വിദ്യാര്‍ഥികള്‍ പിണങ്ങി ഇറങ്ങിക്കളഞ്ഞതായി അറിയുന്നുണ്ട്. ...ചില സ്ഥലങ്ങളില്‍ വഴക്കുകള്‍ ഒതുക്കിയിരിക്കുന്നുവെങ്കിലും മറ്റു ചിലേടങ്ങളില്‍ ഈ ക്ഷോഭം ശാന്തമായിട്ടില്ല.' ലഹളമയമായ ഈ അന്തരീക്ഷത്തിലേക്കാണ് പ്രകോപനപരമായ അപ്പാര്‍തീഡ് മുഖപ്രസംഗങ്ങള്‍ (കുതിര-പോത്ത് താരതമ്യപരം) വന്നുവീണത് എന്ന ഗുരുതരമായ സത്യം സ്തുതിപാഠകര്‍ നമ്മില്‍നിന്ന് മറച്ചുവെച്ചിരിക്കയായിരുന്നു. സ്‌കൂള്‍ പ്രവേശ സമരത്തിനിറങ്ങിയ ദലിതരെ ആക്രമിച്ചുകൊണ്ടിരുന്ന സവര്‍ണ പ്രമാണി പക്ഷത്തിന് 'താത്ത്വിക' പിന്‍ബലമേകുകയായിരുന്നു, വംശമേന്മാവാദപരമായ ആ നിരീക്ഷണങ്ങള്‍. ദലിത് കുട്ടികള്‍ക്ക് പ്രവേശം നല്‍കിയ ഊരൂട്ടമ്പലം, പുല്ലാട് സ്‌കൂളുകള്‍ തീവെച്ചതടക്കം എത്രയെത്ര ഭീകരാക്രമണങ്ങള്‍. ഭരണവര്‍ഗത്തിന്റെ കരുത്തും ധാര്‍ഷ്ട്യവും കൊല്ലങ്ങളോളം അടിമവര്‍ഗത്തിനുമേല്‍ ആഞ്ഞടിക്കയായിരുന്നു. മലയാള പത്രപ്രവര്‍ത്തനചരിത്രത്തില്‍ എക്കാലത്തെയും വലിയ അപമാനത്തിന്റെ ഏടാണിത്. ഇതേ അപ്പാര്‍തീഡ് ആശയം അഞ്ചു കൊല്ലം മുന്നേ പിള്ള തന്റെ 'കേരളന്‍' മാസികയിലൂടെ (1080 ഇടവം, പേ. 37) വെളിപ്പെടുത്തിയിരുന്നു. അവിടന്ന് മൂന്ന് കൊല്ലം കഴിഞ്ഞപ്പോള്‍, ഭാര്യ ടി.ബി. കല്യാണിയമ്മക്കും മറ്റും വേണ്ടി പിള്ള പ്രസിദ്ധീകരിച്ചിരുന്ന 'ശാരദ' മാസികയില്‍ ഒരു 'മാധവന്റെ' പേരുവെച്ചെഴുതിയ കുറിപ്പിലും മനുഷ്യര്‍ പരസ്‌പരം തുല്യരല്ല എന്നാണ് സ്ഥാപിച്ചത് (1908 ജൂലൈ, പേ. 144).

'സ്വദേശാഭിമാനി'യില്‍ കുതിര-പോത്ത് മുഖപ്രസംഗങ്ങള്‍ വന്ന് കൃത്യം മൂന്നുമാസം കഴിഞ്ഞപ്പോള്‍ ആ വികട സരസ്വതിയുടെ മര്‍മം പിളര്‍ക്കുന്ന അന്യന്റെ മറുപടിയും സ്വയം അച്ചടിച്ച് പ്രസിദ്ധീകരിക്കേണ്ടിവന്നു പിള്ളക്ക് എന്നത്, ചരിത്രത്തില്‍ തീരെ ചുരുക്കമായി കേള്‍ക്കുന്ന പരിഹാസമാണ്. കേരളീയ നായര്‍ സമാജത്തിന്റെ നാലാം വാര്‍ഷിക യോഗം 4.6.1910ന് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ ചേര്‍ന്നപ്പോള്‍ അധ്യക്ഷനായിരുന്ന ജസ്റ്റിസ് സി. ശങ്കരന്‍നായരാണ് ആ അന്യന്‍. അദ്ദേഹത്തിന്റെ നീണ്ട ഉപക്രമ പ്രസംഗമടക്കമുള്ള സമ്മേളന കാര്യങ്ങള്‍ 'കേരളീയ നായര്‍ സമാജം നാലാം വാര്‍ഷിക സമ്മേളനം- ഒരു സംക്ഷിപ്ത വിവരണം' എന്ന പേരില്‍ പുസ്തകമായി 'സ്വദേശാഭിമാനി' പ്രസില്‍ അച്ചടിച്ച് 1910ല്‍ നാല് ചക്രം വിലയിട്ട് പ്രസിദ്ധീകരിച്ചത് പിള്ളയാണ്. 'മിഷനറിമാര്‍ താഴ്ന്ന ജാതിക്കാരെ വിദ്യാഭ്യാസം ചെയ്യിച്ച് ഓരോ ഉന്നത സ്ഥാനങ്ങളില്‍ വരുത്തിയിരിക്കുന്നത് വിചാരിച്ചാല്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് താഴ്ന്ന ജാതികളേക്കാള്‍ പഠിത്തത്തില്‍ വാസനയുണ്ടെന്നുകൂടിയും പറയാന്‍ തരമില്ലാ' എന്നു ശങ്കരന്‍നായര്‍ തുറന്നടിച്ചത്, പിള്ളയുടെ കപട മനഃശാസ്ത്രവാദമേറ്റുപാടാന്‍ പുരോഗമനവാദികളെ കിട്ടില്ലെന്നതിന്റെ പ്രഖ്യാപനമായിരുന്നു (പേ. 49-51).

വിദ്യാഗ്രഹണപാടവം വെച്ചുനോക്കിയാല്‍ ദലിത് കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശം പറ്റില്ലെന്ന് പിള്ള വ്യാഖ്യാനിച്ച അതേ കാലത്ത് ഉയര്‍ന്ന ക്ലാസുകളില്‍ പഠിച്ചിരുന്ന ഉത്കൃഷ്ടജാതരുടെപോലും ഗ്രഹണപടുത എത്ര കേമമായിരുന്നു എന്ന് അറിയാന്‍ പിള്ളയുടെതന്നെ സ്‌കൂള്‍ജീവിത വര്‍ണന സഹായിക്കും: 'അസിസ്റ്റന്റ് വാധ്യാര്‍ ആര്‍.കെ.പി സരസന്‍. എന്നാല്‍, പഠിക്കാത്തവരെ ശിക്ഷിക്കുന്ന കാര്യത്തില്‍ നിര്‍ദാക്ഷിണ്യന്‍. മേല്‍ക്കൈയുടെ ദശ തിരുമ്മുകയാണ് സാധാരണ ശിക്ഷാ സമ്പ്രദായം. കഠിന കുറ്റങ്ങള്‍ക്ക് പ്രഹരവും. ഹെഡ്മാസ്റ്റര്‍ ഉയര്‍ന്ന തരം ക്ലാസുകള്‍ പഠിപ്പിക്കും. ആ ക്ലാസുകളിലെ കുട്ടികള്‍ക്ക് പെരമ്പു കൊണ്ട് തല്ലല്‍ ശിക്ഷ. വണ്ടിക്കുപയോഗിക്കുന്ന തടിച്ച പെരമ്പ് രണ്ടായി പിളര്‍ന്ന് ചെത്തി മിനുക്കി ഉപയോഗിക്കും. ജ്യോമട്രിയില്‍ ഒന്നാം പുസ്തകം അഞ്ചാം പ്രമേയം പഠിപ്പിക്കുന്ന സമയം 'ചെവിത്തോണ്ടി angle is equal to മൈത്താണ്ടി angle' എന്നു പറഞ്ഞ് തലയില്‍ കയറ്റിയിരുന്നു' (ബി. കല്യാണിയമ്മ എഴുതിയ 'വ്യാഴവട്ട സ്മരണകള്‍', ഡി.സി. ബുക്‌സ്, 1986, പേ. 23). ഇങ്ങനെ ചെവിത്തോണ്ടി കാട്ടിയും വണ്ടിപ്പെരമ്പുകൊണ്ടടിച്ചും വേണമായിരുന്നു സവര്‍ണ കുട്ടികളുടെ തലയില്‍ വല്ലതും കയറ്റാന്‍. എന്നിട്ടും പഴി ദലിത് കുട്ടികളുടെ ഗ്രഹണപാടവക്കുറവിന്!

നൂറ്റാണ്ടുകളായി വിദ്യ-സമ്പദ് രംഗങ്ങളില്‍നിന്നെല്ലാം ആട്ടിയോടിക്കപ്പെട്ടിരുന്ന ദലിതര്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശമാവശ്യപ്പെട്ടത്, നിഷേധിക്കപ്പെട്ടിരുന്ന പൗരാവകാശം നേടിയെടുക്കുന്നതിന്റെ ഭാഗമായിരുന്നു, മിഷനറിസ്‌കൂളുകളില്‍ പഠിക്കാന്‍ കഴിയാഞ്ഞിട്ടല്ല. എന്നിട്ടും 'പില്‍ക്കാലത്ത് ആധുനിക പരിഷ്‌കൃത സമൂഹങ്ങളില്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ സംവരണം അല്ലെങ്കില്‍ അഫമേറ്റീവ് ആക്ഷന്‍ എന്ന ധനാത്മക വിവേചനത്തിന്റെ (പോസിറ്റീവ് ഡിസ്‌ക്രിമിനേഷന്‍) യുക്തിയാണ് രാമകൃഷ്ണപിള്ളയുടെ പരാമര്‍ശത്തില്‍ കാണുന്ന'തെന്ന് പോത്ത്-കുതിര പ്രയോഗത്തെ ന്യായീകരിക്കയാണ് രാധാകൃഷ്ണന്‍.

ശ്രീമൂലം പ്രജാസഭയില്‍ പുലയ പ്രതിനിധിയായി 'പി.കെ. ഗോവിന്ദപ്പിള്ളയെ നിയമിച്ചതിനെതിരെ അയ്യങ്കാളിക്കൊപ്പം കൈകോര്‍ത്ത് നിന്ന് ശബ്ദമുയര്‍ത്തിയ'ത് രാമകൃഷ്ണപിള്ളയായിരുന്നു എന്ന് പറയുന്നത് എന്ത് തെളിവ് വെച്ചാണ്? ആ നിയമനത്തെ അഭിനന്ദിക്കയായിരുന്നു അയ്യങ്കാളി. പുലയര്‍ക്ക് സ്വന്തം പ്രതിനിധി വേണമെന്ന് പ്രജാസഭയില്‍ ആവശ്യപ്പെട്ടത് ഗോവിന്ദപ്പിള്ള തന്നെയായിരുന്നു.

രാമകൃഷ്ണപിള്ളയുടെയും സമാന തല്‍പരരായ സവര്‍ണരുടെയും വെറുപ്പിനിരയായ ദിവാന്‍ രാജഗോപാലാചാരിയെ, 1914ല്‍ സ്ഥാനമൊഴിഞ്ഞ് മടങ്ങിയപ്പോള്‍, തിരുവനന്തപുരം തൊട്ട് ഷൊര്‍ണൂര്‍ വരെ ഉത്സവസമാന സ്വീകരണങ്ങള്‍ നല്‍കിയാണ് അവര്‍ണ ജനത യാത്രയയച്ചത്. പൗരസ്വാതന്ത്ര്യമെന്തെന്ന് അറിയാന്‍ കൊച്ചിയിലെയും തിരുവിതാംകൂറിലെയും അയിത്ത ജാതിക്കാര്‍ക്ക് ആദ്യവസരം നല്‍കിയത് ആചാരിയുടെ മുന്‍കൈയിലാണ്. അതേ സമയം, സമയം നോക്കാതെ, തന്റെ പ്രാകൃത നിലപാടുകള്‍ക്ക് മറയിടാനായി, ധനരാഹിത്യമാണ് കുഴപ്പ ഹേതു എന്ന് പ്രപഞ്ചനം ചെയ്ത് പരിഹാസ്യനാവുകയായിരുന്നു പിള്ള.

മഞ്ഞപ്പത്ര ശൈലിയുടെ ആധിക്യമുണ്ടായിരുന്നുവെങ്കിലും പിള്ളയുടെ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ഹനിക്കയാണ് നാടു കടത്തലിലൂടെ സര്‍ക്കാര്‍ ചെയ്തത്. 32ാം വയസ്സില്‍ നാടുകടത്തപ്പെട്ട്, ക്ഷയരോഗിയായി 38ാം വയസ്സില്‍ ജീവിതയാത്ര അവസാനിപ്പിക്കേണ്ടിവന്നു പിള്ളക്ക്. ആ കുടുംബം അനുഭവിച്ച യാതനകള്‍ ആരെയും ദുഃഖിതരാക്കും. നാടിന്റെ മോചനത്തിനായി കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉദിച്ചുയരുംമുമ്പേ ആ സന്ദേശം ഇന്ത്യയില്‍ ആദ്യമുയര്‍ത്തിയവരില്‍ ഒരാളാണ് പിള്ള, മാര്‍ക്‌സിന്റെ ലഘുജീവിത ചരിത്ര പ്രസിദ്ധീകരണത്തിലൂടെ. സാമൂഹിക വിപ്ലവത്തിന്റെ പ്രാധാന്യം തിരിച്ചറിയാതെപോയ ഒരാള്‍ വഴിയാണ് മറ്റൊരു മഹാ ജനമോചന സന്ദേശം ഇന്ത്യക്കാര്‍ കേട്ടത്!

ഒരു കാലഘട്ടത്തിന്റെ ഉല്‍പന്നമാണ് പിള്ള. അതുവരെ കൈയടക്കിവെച്ചിരുന്ന ജീവിത സൗഭാഗ്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ആശങ്കപ്പെടാന്‍ തുടങ്ങിയ ഭരണവര്‍ഗത്തിന്റെ മനസ്സാണ് ഭാഗികമായി പിള്ളയിലൂടെ പ്രതിപ്രവര്‍ത്തിച്ചത്; പൗരസമത്വം എന്ന വെളിച്ചത്തെ തടയാന്‍ വെമ്പിയ വികല മനസ്സ്. രണ്ട് പതിറ്റാണ്ടിപ്പുറം ഭരണവര്‍ഗത്തില്‍നിന്നുതന്നെ ഉജ്ജ്വലനായ ഒരു വിപ്ലവകാരി പത്രപ്രവര്‍ത്തനരംഗത്തെത്തി: കേസരി എ. ബാലകൃഷ്ണപിള്ള. രാജാവിന്റെ സവിധത്തില്‍ വിളിച്ചിരുത്തി അയ്യങ്കാളിയെ ആദരിച്ചാല്‍ കുഴപ്പങ്ങളൊക്കെ നീങ്ങുമെന്ന് എഴുതാന്‍ (കേസരി, 14.10.31, പേ. 1.2). ചങ്കൂറ്റം കാണിച്ച മനുഷ്യസ്‌നേഹി. അദ്ദേഹവും സാമൂഹികമാറ്റത്തിന്റെ ഉല്‍പന്നമാണ്; അവര്‍ണര്‍ പൗരസ്വാതന്ത്ര്യ വീഥിയിലൂടെ മുന്നേറിക്കഴിഞ്ഞ കാലത്തിന്റെ ഉല്‍പന്നം.

രാമകൃഷ്ണപിള്ളയെ ജനങ്ങള്‍ക്ക് സ്വീകാര്യനും അസ്വീകാര്യനുമാക്കുന്ന ഘടകങ്ങളുണ്ട് ആ ജീവിതത്തില്‍ എന്ന് അംഗീകരിച്ചാലേ, സ്തുതിപാഠനത്തിനും വഴക്കുപറച്ചിലിനുമിടക്കുള്ള വഴിയിലൂടെ ചരിത്രചര്‍ച്ച മുന്നേറൂ.

Thursday, February 3, 2011

കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാന്‍

അവസാനം അരുന്ധതി റോയിയുടെ ബുക്കര്‍ സമ്മാനം ലഭിച്ച വിശ്വപ്രശസ്ത നോവല്‍ The God of Small Things മലയാളത്തില്‍ വന്നിരിക്കുന്നു. ഇന്ന് കൊച്ചിയില്‍ വച്ച് ഡി സി ബുക്സിന്റെ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് നോവലിസ്റ്റ് ആനന്ദാണ് പുസ്തകം പ്രകാശനം ചെയ്തത്. കഥാകാരി പ്രിയ എ എസ് ആണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. 355 പേജുള്ള പുസ്തക്തിന്റെ വില 225 രൂപയാണ്.(പുസ്തകോത്സവ നഗറില്‍ നിന്ന് 191 രൂപയ്ക്കു ലഭിക്കും. കൂടാതെ നാളെയും അരുന്ധതിയുടെ ഓട്ടോഗ്രാഫോടെ ലഭിക്കും). പ്രകാശനച്ചടങ്ങിന്റെ ചില ചിത്രങ്ങള്‍ ഇതാ.(വീഡിയോയില്‍ നിന്നെടുത്തതിനാല്‍ ക്ലാരിറ്റി കുറവാണ്)
       വിവര്‍ത്തക പ്രിയ, നോവലിസ്റ്റ് നാരായന്‍,ആനന്ദ്, രവി ഡിസി
                           നാരായന്‍ ‍, ആനന്ദ്, അരുന്ധതി
     നാരായന്‍ പ്രസംഗിക്കുന്നു രവി ഡിസി,ആനന്ദ്, അരുന്ധതി സമീപം
                  ആനന്ദ് ഒരു സുഹൃത്തിനൊപ്പം ചായ കുടിക്കുന്നു
                         അരുന്ധതി, വി പ്രഭാകരന്‍(ദലിത് സാഹിത്യ അക്കാദമി മുന്‍ കണ്‍വീനര്‍-ബുക്കര്‍ പ്രൈസ്  ലഭിച്ചതിനുശേഷം,കേരളത്തില്‍ ആദ്യമായി അരുന്ധതിക്കു സ്വീകരണം ഏര്‍പ്പെടുത്തിയത് 1999ല്‍ കോഴിക്കോട്ടു വച്ച്  ദലിത് സാഹിത്യ അക്കാദമി ആയിരുന്നു. )

                               ഐ ഷണ്‍മുഖദാസ്, രവി ഡിസി, നാരായന്‍, ആനന്ദ് എന്നിവര്‍


ഇന്ത്യ സാമ്പത്തിക, ഹിന്ദുത്വ ഫാഷിസങ്ങളുടെ തടവില്‍ -അരുന്ധതി റോയി

കൊച്ചി: ഇന്ത്യ ഇപ്പോള്‍ സാമ്പത്തിക ഫാഷിസത്തിന്റെയും ഹിന്ദുത്വ ഫാഷിസത്തിന്റെയും തടവിലാണെന്ന് അരുന്ധതി റോയി.  ആഗോളീകരണത്തിലൂടെ സാമ്പത്തിക ഫാഷിസവും ബാബരി മസ്ജിദ് തകര്‍ത്തതിലൂടെ ഹിന്ദുത്വ ഫാഷിസവും രാജ്യത്തിനുമേല്‍ പിടിമുറുക്കുകയായിരുന്നു.
വര്‍ഗീയ ലഹളകളും വംശഹത്യയുമാണ് രാജ്യത്ത്  നടമാടുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.ഡി.സി ബുക്‌സ് പുസ്തക മേളയില്‍ 'ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്' എന്ന നോവലിന്റെ  മലയാളം പരിഭാഷ 'കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍'  പ്രകാശനം ചെയ്ത ശേഷം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍.
പുരസ്‌കാരങ്ങളുടെയും പ്രശസ്തിയുടെയും പിന്‍ബലത്തിലല്ല, പകരം രാഷ്ട്രീയ നിലപാടുകളുടെയും ഭാഷയുടെയും പേരിലാവണം തന്നെ നിര്‍വചിക്കേണ്ടതെന്ന് അവര്‍ പറഞ്ഞു.  
ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെ വെല്ലുവിളിക്കുന്നതിനും ഘടനയില്‍ മാറ്റം വരുത്തുന്നതിനുമായിരിക്കണം പ്രാധാന്യം.  14 വര്‍ഷം മുമ്പ് ഗോഡ്‌സ് ഓഫ് സ്‌മോള്‍ തിങ്‌സ്  എഴുതിയ കാലത്തെ ജാതി വ്യവസ്ഥ  ഏറ്റവും വൃത്തികെട്ട രീതിയില്‍ രാജ്യത്ത് ഇപ്പോഴും തുടരുകയാണ്. എഴുത്തുകാരിയും ആക്ടിവിസ്റ്റും തമ്മില്‍ വ്യത്യാസമില്ല.  എഴുത്തുകാരിയെന്നത് പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുന്നവരെന്നോ  ആക്ടിവിസ്റ്റ് എന്നത് തെരുവിലിറങ്ങി ശബ്ദിക്കുന്നവരെന്നോ അല്ല അര്‍ഥമാക്കുന്നത്.  എഴുത്തിന് അണുവായുധത്തേക്കാള്‍ പ്രഹരശേഷിയുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അവര്‍ പറഞ്ഞു.
ഉത്തരവാദിത്തമില്ലാത്ത ഭരണകൂടവും അഴിമതി നിറഞ്ഞ കോടതികളുമുള്ള വ്യവസ്ഥക്കകത്ത് സ്വാതന്ത്ര്യം പരിമിതപ്പെടുന്ന കൂട്ടിലാണ് നാം ഇപ്പോഴും  കഴിയുന്നതെന്ന് പുസ്തകം പ്രകാശനം ചെയ്ത എഴുത്തുകാരന്‍ ആനന്ദ് പറഞ്ഞു.കൂടിന്റെ വലുപ്പം കുറയുന്നതിനനുസരിച്ച് നമ്മളും സ്വയം ചെറുതായിക്കൊണ്ടിരിക്കുകയാണ്.
രാജ്യദ്രോഹത്തിനും മതനിന്ദക്കുമുള്ള ഇന്ത്യയിലെ നിയമങ്ങള്‍ കൊളോണിയല്‍ കാലത്തേതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഈ രണ്ട്  നിയമത്തിലും  ശിക്ഷയെന്തെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും കുറ്റം എങ്ങനെ നിര്‍വചിക്കാമെന്ന് പറയുന്നില്ല. നിയമം നടപ്പാക്കുന്നവരുടെ ഇച്ഛക്കനുസരിച്ച് അത് വ്യാഖ്യാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രിയ എ.എസ്, നാരായണന്‍, ഐ. ഷണ്‍മുഖദാസ്, രവി ഡി.സി എന്നിവര്‍ സംസാരിച്ചു. (മാധ്യമം 04-2-2011)

                   ഐ ഷണ്‍മുഖദാസ്, പ്രിയ എ എസ്, നാരായന്‍ , അരുന്ധതി, ആനന്ദ്. രവി ഡിസി

Tuesday, January 18, 2011

ജാതി ചോദിക്കാന്‍ മാത്രം 2000 കോടി

 ജാതി വിവരം തേടാന്‍ മാത്രമായി വീണ്ടുമൊരു സെന്‍സസ് വൃഥാവ്യായാമമാണ്. ആദ്യഘട്ടത്തില്‍ തന്നെ ഈ വിവരം കൂടി ശേഖരിക്കുന്നതിന് തടസ്സമായി പറയുന്ന കാരണങ്ങള്‍ക്ക് വാസ്തവത്തില്‍ അടിസ്ഥാനമില്ല. ജാതി വിവരം കുറ്റമറ്റ രീതിയില്‍ ശേഖരിച്ചാല്‍ തന്നെ ഫിബ്രവരിയില്‍ ശേഖരിക്കുന്ന വിവരങ്ങളുമായി കൂട്ടി ഘടിപ്പിച്ച് വിലയിരുത്തുന്നതിന് സാധിക്കാതെ വരും. ജാതികളിലുള്ള അംഗസംഖ്യ മാത്രമേ ഇതുവഴി ലഭ്യമാവൂ

പിന്നോക്ക-ദളിത് വിഭാഗങ്ങള്‍ മാത്രമല്ല, രാജ്യത്തെ അക്കാഡമിക് ബുദ്ധിജീവികളും ചിന്തകരും ആവശ്യപ്പെടുന്ന കാര്യമാണ് സെന്‍സസ്, ജാതി അടിസ്ഥാനത്തില്‍ നടത്തണമെന്നത്. നമ്മുടെ മുന്‍ ചീഫ് സെക്രട്ടറി ഡോ എം വിജയനുണ്ണി, ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പ്രൊഫ സതീശ് ദേശ്പാണ്ഡെ മുതല്‍ പേര്‍ അത്തരക്കാരാണ്. മാതൃഭൂമി പത്രത്തില്‍ 15 Jan 2011 ശനിയാഴ്ച  ഡോ. എം. വിജയനുണ്ണി എഴുതിയ ഈ ലേഖനം   പറയുന്നത് ഫെബ്രുവരിയില്‍ നടക്കുന്ന സെന്‍സസിനൊപ്പം അനായാസേന നടത്താവുന്ന കാര്യമാണ് ജാതി സെന്‍സസ് എന്നാണ്. അധികച്ചെലവില്ല, ജാതികളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി അറിയാനും സാധിക്കും. ലേഖനത്തിലേക്ക്..........



ഈ വര്‍ഷം ജൂണ്‍-സപ്തംബര്‍ കാലയളവില്‍ കാനേഷുമാരി കണക്കെടുപ്പുകാര്‍ വീണ്ടും നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ പ്രത്യക്ഷപ്പെടും. അവര്‍ക്ക് ചോദിക്കാനുള്ളത് ഒരേയൊരു ചോദ്യം -''നിങ്ങളുടെ ജാതി ഏതാണ്?''

ജാതി അറിയാന്‍ വേണ്ടിമാത്രമുള്ള സെന്‍സസ് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും അരങ്ങേറും. കേന്ദ്രമന്ത്രിസഭയുടെ ഈ തീരുമാനം പ്രഖ്യാപിച്ചത് ആഭ്യന്തരമന്ത്രി പി. ചിദംബരം. മാസങ്ങള്‍നീണ്ട ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവിലാണ് തീരുമാനമുണ്ടായത്. 2011 സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. ജാതി അടിസ്ഥാനത്തിലുള്ള സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ ജനസംഖ്യാവിവരം ലഭ്യമാക്കുകയെന്നതാണ് ഈ ആവശ്യത്തിന് ആധാരം.

രണ്ടാംവട്ട കണക്കെടുപ്പിനുവേണ്ടി വരുന്ന അധികച്ചെലവിനെക്കുറിച്ചുള്ള പത്രലേഖകരുടെ ചോദ്യങ്ങളില്‍ നിന്ന് ആഭ്യന്തരമന്ത്രി ഒഴിഞ്ഞുമാറി. പ്രധാന സെന്‍സസിന്റെ ചെലവ് 2,200 കോടി രൂപയാണ്. രണ്ടാംവട്ട കണക്കെടുപ്പിന് 2,000 കോടി കൂടുതലായി വേണ്ടിവരുമെന്നാണ് സൂചന. ഫിബ്രവരിയില്‍ നടക്കുന്ന ആദ്യഘട്ടത്തിന്റെ ചോദ്യാവലയില്‍ ജാതിക്കായി ഒരുകള്ളി ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഈ പാഴ്‌ച്ചെലവ് ഒഴിവാക്കാമായിരുന്നു.

സെന്‍സസ് ജോലിയില്‍നിന്ന് വേര്‍പെടുത്തിയാണ് ജാതിവിവരം ശേഖരിക്കാനും വിശകലനം ചെയ്യാനുമുള്ള പ്രവൃത്തി നടക്കുന്നത്. ഈ ഏര്‍പ്പാടിലൂടെ വിശേഷിച്ചൊരു വസ്തുതയും കൂടുതലായി ലഭിക്കാന്‍ പോകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. അത് പരാജയപ്പെടുമ്പോള്‍ ഉത്തരവാദിത്വമേല്‍ക്കാന്‍ ആരുമുണ്ടാവില്ല. ഓരോ ഏജന്‍സിയും പരസ്​പരം കുറ്റപ്പെടുത്തും.

ജാതിവിവര ശേഖരണത്തിനായി പ്രത്യേക നിയമാധികാരങ്ങളുള്ള സമിതി രൂപവത്കരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. നിയമമന്ത്രാലയവുമായി ചര്‍ച്ച ചെയ്തശേഷമാകും ഇത്. കാനേഷുമാരി വിവരത്തിലെ ജാതികള്‍ വര്‍ഗീകരിക്കാനായി വിദഗ്ധ സമിതിക്കും രൂപം നല്‍കും. എന്നാല്‍, ഈ സെന്‍സസിലെ വിവരങ്ങള്‍ ആര് ക്രോഡീകരിക്കുമെന്നും അതെന്ന് പൂര്‍ത്തിയാകുമെന്നും ജാതി സംബന്ധിച്ച് എന്ത് വിവരങ്ങളാണ് ലഭ്യമാവുക എന്നതും വ്യക്തമല്ല. പാതി മനസ്സോടെയുള്ള ഈ വൃഥാവ്യായാമത്തിലൂടെ ആധികാരിക വിവരങ്ങളൊന്നും ലഭിക്കാനിടയില്ലെന്ന് ചുരുക്കം.ജാതി ഉള്‍പ്പെടെയുള്ള സെന്‍സസ് നടത്തിപ്പിന് നിലവിലുള്ള കാനേഷുമാരി നിയമം അംഗീകാരം നല്‍കുന്നുണ്ട്. അപ്പോള്‍പ്പിന്നെ ജാതിവിവരം മാത്രം ശേഖരിക്കാന്‍ നിയമപ്രാബല്യമുള്ള മറ്റൊരു സമിതിക്ക് രൂപം നല്‍കുന്നത് എന്തിനാണ്?

ജാതി വര്‍ഗീകരണം


ജാതി വര്‍ഗീകരണം മറ്റൊരു പരാജയമായി കലാശിക്കാനാണ് സാധ്യത. സാമൂഹിക മുന്‍തൂക്കം, കുലത്തൊഴില്‍ തുടങ്ങിയ വ്യത്യസ്തമാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ജാതികളെ വര്‍ഗീകരിക്കാന്‍ കഴിഞ്ഞ സെന്‍സസുകളിലും ശ്രമം നടന്നിട്ടുണ്ട്. അവ മുഴുവനും വിജയം കണ്ടിട്ടില്ല. പുതിയ വിദഗ്ധ സമിതിയുടെ ശ്രമങ്ങളും വിജയം കാണാന്‍ ഒരു സാധ്യതയുമില്ല.

സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ട മാനദണ്ഡമില്ലാത്തതിനാല്‍ ജാതി വര്‍ഗീകരണത്തിന് സമയം മെനക്കെടുത്താതിരിക്കുകയാണ് അഭികാമ്യം. പകരം ലഭ്യമാകുന്ന ജാതിവിവരങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാം. പിഴവുകളും ക്രമക്കേടുകളും തിരുത്താം. വ്യാജന്മാരെ കൈയോടെ പിടികൂടി പുറത്താക്കാം.

പുരാണങ്ങളിലെ ഘൃതാചിയുടെ ഗര്‍ഭകാലം ഓര്‍മയിലെത്തുന്നു. ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തുവരാന്‍ പുത്രനായ ശുകബ്രഹ്മര്‍ഷി തയ്യാറായില്ല. ഫലം ഗര്‍ഭകാലം അനിശ്ചിതമായി നീണ്ടു. ഒടുവില്‍ 16 വര്‍ഷത്തിനുശേഷം പിതാവായ വ്യാസമുനി നിര്‍ബന്ധം പിടിച്ചപ്പോഴാണ് പ്രിയപുത്രന്‍ പുറത്തുവന്നത്. ജാതി മാത്രം അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ഘൃതാചിയുടെ ഗര്‍ഭകാലം പോലെയാകാനാണ് സാധ്യത. ഒടുവില്‍ ആവശ്യത്തിന് വിവരങ്ങള്‍ കിട്ടാതെ 'ഗര്‍ഭച്ഛിദ്രം'പോലും നടത്തേണ്ടിവന്നേക്കാം. വിദഗ്ധ സമിതി ജാതിവര്‍ഗീകരണം നടത്തിയശേഷം പിന്നെ എന്തു സംഭവിക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിക്കാതിരുന്നത് അതുകൊണ്ടുതന്നെയാണോ? നിര്‍ദിഷ്ട ജാതി സെന്‍സസ് നടത്താനുദ്ദേശിക്കുന്ന ജൂണ്‍-സപ്തംബര്‍ കാലയളവ് ഫീല്‍ഡ് സര്‍വേക്ക് പറ്റിയ സമയമേയല്ല. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പെരുമഴക്കാലം, മറ്റു ചിലയിടങ്ങളില്‍ കൊടുംവേനല്‍, വടക്കേ ഇന്ത്യയില്‍ സ്‌കൂള്‍ അവധിക്കാലമാണ്. എന്നാല്‍, തെക്കേ ഇന്ത്യയിലാകട്ടെ അവധിക്കുശേഷം സ്‌കൂള്‍ തുറക്കുന്ന കാലം. ലക്ഷക്കണക്കിന് പ്രൈമറി അധ്യാപകരെ വീണ്ടും സെന്‍സസ് ജോലിക്ക് ഇറക്കുന്നത് അത്ര എളുപ്പമാവില്ല. ഫിബ്രവരിയില്‍ ആദ്യഘട്ട സെന്‍സസിലും മാര്‍ച്ചില്‍ അതിന്റെ പുനഃപരിശോധനയിലും അവര്‍ പങ്കാളികളായിക്കഴിഞ്ഞിരിക്കും. വീണ്ടും മറ്റൊരു ജോലിക്കുകൂടി നിയോഗിക്കുകയെന്നത് എതിര്‍പ്പു ക്ഷണിച്ചുവരുത്തും.

പരിഹാരമാര്‍ഗം


രണ്ടാംഘട്ട സെന്‍സസില്‍ ജാതി അടിസ്ഥാനത്തിലുള്ള തലയെണ്ണല്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്നുതന്നെയായിരിക്കട്ടെ വിവിധ ജാതികളില്‍പ്പെട്ട എത്ര പേരുണ്ടെന്ന കണക്കു മാത്രമേ അതിനു നല്കാന്‍ കഴിയൂ (ഉദാ: ഇന്ത്യയില്‍ എത്ര ശര്‍മമാരുണ്ട്, എത്ര മിശ്രമാരുണ്ട്, എത്ര മുതലിയാര്‍മാരുണ്ട്...). ആദ്യഘട്ടത്തില്‍ സമാഹരിച്ച സ്വത്ത്, സാമൂഹിക പശ്ചാത്തലം, സാമ്പത്തികം തുടങ്ങിയ വിവരങ്ങളുമായി സംയോജിപ്പിക്കാനോ പരിശോധന നടത്താനോ ഈ വിവരത്തിലൂടെ കഴിയില്ല. ഇങ്ങനെ സംയോജിപ്പിക്കാതെ ജാതി അടിസ്ഥാനത്തില്‍ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനസംഖ്യാപട്ടിക തയ്യാറാക്കാനും സാധിക്കില്ല. അതായത്, 2011 സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടവരുടെ ലക്ഷ്യം നിറവേറുകയില്ലെന്ന് അര്‍ഥം.

ഈ ലക്ഷ്യം അധികച്ചെലവോ പരിശ്രമമോ ഇല്ലാതെ തന്നെ സാക്ഷാത്കരിക്കാം. ഫിബ്രവരിയില്‍ നടക്കുന്ന ഒന്നാംഘട്ട കണക്കെടുപ്പിന്റെ പട്ടികയില്‍ ജാതിക്കായി കള്ളി ചേര്‍ത്താല്‍ മാത്രം മതി. വീട്ടിലെ ഓരോ അംഗത്തിന്റെ പേരിനുനേരെയും മതം ചേര്‍ക്കാനായി ഒരു ഭാഗവും അതിനുപിന്നിലെ ജാതി, ഉപജാതി എന്നിവ ഉണ്ടെങ്കില്‍ അതുചേര്‍ക്കാനുള്ള സ്ഥലവും തുടര്‍ന്ന് സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ, ജനസംഖ്യാ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ഭാഗങ്ങളും.

അങ്ങനെ 2011 ഫിബ്രവരിയില്‍ സമാഹരിക്കുന്ന ജാതിവിവരം മറ്റുള്ളവയോടൊപ്പം അനായാസം ക്രോഡീകരിക്കാന്‍ കഴിയും. മറ്റു വിവരങ്ങള്‍ക്കൊപ്പം രണ്ടുവര്‍ഷത്തിനകം സമയബന്ധിതമായി വിശകലനം ചെയ്യാനും സാധിക്കും, അധികച്ചെലവില്ലാതെതന്നെ. രാജ്യത്തെ മുഴുവന്‍ ജനസംഖ്യയുടെയും ജാതി-ഗോത്ര അടിസ്ഥാനത്തിലുള്ള സമഗ്രവിവരം ഉള്‍പ്പെടുന്ന ഡാറ്റാബേസ് തയ്യാറാക്കാന്‍ അതുവഴി കഴിയും.

വിചിത്ര കാരണങ്ങള്‍


പ്രധാന സെന്‍സസിനൊപ്പം ജാതിവിവരം ഉള്‍പ്പെടുത്താതിരിക്കാന്‍ ആഭ്യന്തര മന്ത്രാലയവും രജിസ്ട്രാര്‍ ജനറല്‍ സെന്‍സസ് കമ്മീഷണര്‍ ഓഫീസും രണ്ടു കാരണങ്ങളാണ് പറയുന്നത്.

1. ജാതിവിവരശേഖരണം സെന്‍സസിന്റെ 'സത്യസന്ധ്യത'യെ ബാധിക്കും. 2. ജനസംഖ്യാ കണക്കെടുപ്പില്‍ത്തന്നെ തെറ്റു കടന്നുകൂടാന്‍ ഇടയാക്കും.

ഇത് എങ്ങനെ സംഭവിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഓരോ കുടുംബവും തങ്ങളുടെ ജാതിയുടെ കരുത്ത് കൂട്ടിക്കാണിക്കാന്‍ കുടുംബാംഗങ്ങളുടെ എണ്ണം പെരുപ്പിച്ചുപറയുമെന്ന വാദമാണ് ഇതിനു കാരണമെന്നാണ് സൂചന. രാജ്യത്തെ ജനങ്ങളുടെ സത്യസന്ധതയെത്തന്നെ ചോദ്യം ചെയ്യുന്നതാണത്.

അംഗബലം കൂട്ടിപ്പറയുന്നത് അത്ര എളുപ്പമല്ല. ഓരോരുത്തരുടെ പേര്, വിദ്യാഭ്യാസയോഗ്യത, ലിംഗം, തൊഴില്‍, വിവാഹിതനോ അല്ലയോ തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിക്കുന്നുണ്ട്. അതിനിടെ കുടുംബത്തിലില്ലാത്ത ആളെ കൂട്ടിപ്പറയുന്നത് നടക്കുമെന്ന് തോന്നുന്നില്ല. അഥവാ വന്‍തോതില്‍ അത്തരം ക്രമക്കേട് നടക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത് കുറ്റകരമായി പ്രഖ്യാപിച്ച് നിയമത്തിന്റെ കാവല്‍ ഉറപ്പാക്കാം. പരിശോധന കര്‍ക്കശമാക്കുകയും ചെയ്യണം. സെന്‍സസ് വകുപ്പിന് ചെയ്യാവുന്ന കാര്യമേയുള്ളൂ അത്.

1871, 1881, 1891, 1901, 1911, 1921, 1931, 1941 വര്‍ഷങ്ങളില്‍ നടന്ന സെന്‍സസിനൊപ്പം ജാതിവിവരവും ഉള്‍പ്പെടുത്തിയിരുന്നു. അന്നൊന്നും ജാതിവിവരം ശേഖരിക്കുന്നത് സെന്‍സസിന്റെ സത്യസന്ധതയെ ബാധിക്കുകയോ തെറ്റായവിവരങ്ങള്‍ ഉള്‍പ്പെടാന്‍ കാരണമാവുകയോ ചെയ്തിട്ടില്ല. ഭഗീരഥപ്രയത്‌നമായിട്ടുപോലും ജാതിവിവരം ശേഖരിക്കുന്നതിനോട് അന്ന് സെന്‍സസ് കമ്മീഷണര്‍മാരാരും വിമുഖത കാട്ടിയിട്ടില്ല. ജാതി സമ്പ്രദായം ഇന്ത്യന്‍ സമൂഹത്തിന്റെ പ്രധാന സവിശേഷത തന്നെയാണെന്നായിരുന്നു അതിനുകാരണം. ജാതിവിവരം അടിസ്ഥാനമാക്കാന്‍ ഇന്നും സര്‍ക്കാറുകള്‍ ആശ്രയിക്കുന്നത് ദശാബ്ദങ്ങള്‍ക്കുമുമ്പ് നടന്ന സെന്‍സസിന്റെ റിപ്പോര്‍ട്ടാണെന്നുകൂടി ഓര്‍ക്കുക.

(ഇന്ത്യയുടെ മുന്‍ സെന്‍സസ് കമ്മീഷണറും രജിസ്ട്രാര്‍ ജനറലും കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറിയുമാണ് ലേഖകന്‍.)



Thursday, January 13, 2011

ജാതി സെന്‍സസ് അട്ടിമറിക്കരുത് -സമ്മേളന ചിത്രങ്ങള്‍

2011 ജനുവരി 9 ഞായറാഴ്ച്ച തൃശൂര്‍ ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയത്തില്‍, ആക്ഷന്‍ ഫോര്‍ സോഷ്യല്‍ ഈക്വാലിറ്റി എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന ജാതി സെന്‍സസ് അട്ടിമറിക്കരുത് എന്ന പ്രക്ഷോഭ സമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ . സമ്മേളനം ദില്ലി സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ സോഷ്യോളജി വകുപ്പിലെ പ്രൊഫസര്‍ സതീശ് ദേശ്പാണ്ഡെ ഉദ്ഘാടനം ചെയ്തു. എം ഇ എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ ,അഖില കേരള എഴുത്തച്ചന്‍ സമാജം വൈസ് പ്രസിഡന്റ് പ്രൊഫ. ടി.ബി. വിജയകുമാര്‍,കേരളാ വിശ്വകര്‍മ സഭ സെക്രട്ടറി പി എ കുട്ടപ്പവന്‍, ദളിത് ഐക്യസമിതി നേതാവ് അഡ്വ ടി.ഡി.എല്‍ദോ, കെ പി സി സി ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് കെ കെ കൊച്ചുമുഹമദ്, മെക്ക നേതാവ് ഡോ ഉസ്മാന്‍, ജമാ അത്തെ ഇസ്ലാമി നേതാവ് പി പി അബ്ദുറഹിമാന്‍, കെ എല്‍ സി എ സെക്രട്ടറി അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.

                                              പ്രൊഫ. സതീശ് ദേശ്പാണ്ഡെ (ഉദ്ഘാടനം)
                     ഫസല്‍ കാതിക്കോട്(സെക്രട്ടറി-ആക്ഷന്‍ ഫോര്‍ സോഷ്യല്‍ ഈക്വാലിറ്റി- സ്വാഗതം)
                                                        എം ആര്‍ സുദേഷ് ( അധ്യക്ഷന്‍)
 സതീശ് ദേശ്പാണ്ഡെ പ്രസംഗിക്കുന്നു. വേദിയില്‍: സുദേഷ്, ഡോ ഉസ്മാന്‍(മെക്ക),പ്രൊഫ ടി ബി വിജയകുമാര്‍(എഴുത്തച്ഛന്‍ സമാജം),ഡോ ഫസല്‍ ഗഫൂര്‍ (എം ഇ എസ്),കെ കെ കൊച്ചുമുഹമദ്(കെപിസിസി ന്യൂനപക്ഷ സെല്‍),പി പി അബ്ദുറഹിമാന്‍(ജമാഅത്തെ ഇസ്ലാമി), ഫസല്‍(എ എസ് സി)
                                                   സതീശ് ദേശ്പാണ്ഡെ പ്രസംഗിക്കുന്നു.
                                 ഡോ ഫസല്‍ ഗഫൂര്‍ (എം ഇ എസ് പ്രസിഡന്റ് ) പ്രസംഗിക്കുന്നു.
 വേദിയില്‍ : പ്രൊഫ വിജയകുമാര്‍, പി എ കുട്ടപ്പന്‍(വിശ്വകര്‍മ സഭ),ഡോ ഫസല്‍, ദേശ്പാണ്ഡെ, കൊച്ചുമുഹമദ്
                                അഡ്വ ടി ഡി എല്‍ദോ(ദളിത് ഐക്യ സമിതി) പ്രസംഗിക്കുന്നു.
                                    പത്ര റിപ്പോര്‍ട്ടുകളുടെ കട്ടിങ്സാണ് മുകളിലും താഴെയും.

ജാതി നിര്‍മാര്‍ജനം ചെയ്യണമെങ്കില്‍ ജാതി സെന്‍സസ് വേണമെന്ന് പ്രൊഫ. സതീശ് ദേശ്പാണ്ഡെ പറയുന്നു. അദ്ദേഹം 2010 ജൂണ്‍ 3ന് ഇക്കണോമിക് ടൈംസില്‍ എഴുതിയ ലേഖനം താഴെ ക്ലിക്കു ചെയ്തു വായിക്കാം.

Count caste in this census to annihilate it

Satish Deshpande, Professor of Sociology, DSE, DU

The single-most important lesson offered by the history of independent India is that caste awareness is the only viable route to the true abolition of caste. The new republic and its idealistic Constitution opted for a caste blind policy, treating the Scheduled Castes and Scheduled Tribes as an unavoidable exception.

In order to succeed, caste blindness needed to be preceded by an all-out assault on caste privilege. Instead, Nehruvian India squandered a historic window of opportunity. By limiting itself to ‘abolishing’ caste formally, it turned a blind eye to the perpetuation and deepening of substantive caste inequalities.

Designed to fail, this 60-year experiment has done so in a spectacular fashion. Its crowning achievement is that the country is split into two warring camps. On one side is the upper caste elite, the minority group that has leveraged its caste privileges to maximum effect under the cover of caste blindness, and thanks to the same policy, now believes itself to be caste-less .

On the other side is the vast majority of the so-called ‘lower’ castes, which, having been massively shortchanged by six decades of supposedly caste-blind development, now insists that caste is all-important and all talk of abolishing caste is mere humbug.

Although both sides are products of the same fatally-flawed notion of caste blindness, they seem to have nothing else in common, least of all a mutually-comprehensible language that permits dialogue.

Nevertheless, both these sides inhabit the same nation and must learn, willy-nilly, to share it. In order to forestall further rifts in our social fabric, we must create a climate more conducive to debate and discussion across the two camps.

To do this, we need a decisive break with the naive caste blindness that insists on equating victim and beneficiary, urging them both to be silent about caste. Such naivete fosters the false and incendiary upper caste belief that caste awareness is steeped in the sin of self seeking ‘politics’ while caste blindness is an elevated ‘ethics’ without sin.

It is surely better to count caste than to cast stones. Census 2011 offers us yet another historic opportunity to make a fresh beginning in tackling the caste question. It can help us break out of the sterile deadlock in which ‘caste’ is reduced to ‘lower caste’ , and the latter to quota quarrels. To collectively acknowledge that all of us are marked by caste in different ways is the most important reason for a caste census, going far beyond the need to rationalise reservation policies.

We must count those who need no quotas and feel caste-less . Let them say they have no caste, or like Mr Amitabh Bachhan, claim to be of the Indian caste. The number and class composition of those who can afford this luxury will itself be educative.

The practical objections to a caste census are exaggerated. Caste is certainly complex, but not too complex to be counted. Only a minuscule proportion will be genuinely uncertain; for the overwhelming majority, the only problem will be with synonyms.

This can be tackled because the interpretation and tabulation of data comes at a later stage, by which time careful procedures for localised aggregation can be designed.