Tuesday, January 18, 2011

ജാതി ചോദിക്കാന്‍ മാത്രം 2000 കോടി

 ജാതി വിവരം തേടാന്‍ മാത്രമായി വീണ്ടുമൊരു സെന്‍സസ് വൃഥാവ്യായാമമാണ്. ആദ്യഘട്ടത്തില്‍ തന്നെ ഈ വിവരം കൂടി ശേഖരിക്കുന്നതിന് തടസ്സമായി പറയുന്ന കാരണങ്ങള്‍ക്ക് വാസ്തവത്തില്‍ അടിസ്ഥാനമില്ല. ജാതി വിവരം കുറ്റമറ്റ രീതിയില്‍ ശേഖരിച്ചാല്‍ തന്നെ ഫിബ്രവരിയില്‍ ശേഖരിക്കുന്ന വിവരങ്ങളുമായി കൂട്ടി ഘടിപ്പിച്ച് വിലയിരുത്തുന്നതിന് സാധിക്കാതെ വരും. ജാതികളിലുള്ള അംഗസംഖ്യ മാത്രമേ ഇതുവഴി ലഭ്യമാവൂ

പിന്നോക്ക-ദളിത് വിഭാഗങ്ങള്‍ മാത്രമല്ല, രാജ്യത്തെ അക്കാഡമിക് ബുദ്ധിജീവികളും ചിന്തകരും ആവശ്യപ്പെടുന്ന കാര്യമാണ് സെന്‍സസ്, ജാതി അടിസ്ഥാനത്തില്‍ നടത്തണമെന്നത്. നമ്മുടെ മുന്‍ ചീഫ് സെക്രട്ടറി ഡോ എം വിജയനുണ്ണി, ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പ്രൊഫ സതീശ് ദേശ്പാണ്ഡെ മുതല്‍ പേര്‍ അത്തരക്കാരാണ്. മാതൃഭൂമി പത്രത്തില്‍ 15 Jan 2011 ശനിയാഴ്ച  ഡോ. എം. വിജയനുണ്ണി എഴുതിയ ഈ ലേഖനം   പറയുന്നത് ഫെബ്രുവരിയില്‍ നടക്കുന്ന സെന്‍സസിനൊപ്പം അനായാസേന നടത്താവുന്ന കാര്യമാണ് ജാതി സെന്‍സസ് എന്നാണ്. അധികച്ചെലവില്ല, ജാതികളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി അറിയാനും സാധിക്കും. ലേഖനത്തിലേക്ക്..........ഈ വര്‍ഷം ജൂണ്‍-സപ്തംബര്‍ കാലയളവില്‍ കാനേഷുമാരി കണക്കെടുപ്പുകാര്‍ വീണ്ടും നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ പ്രത്യക്ഷപ്പെടും. അവര്‍ക്ക് ചോദിക്കാനുള്ളത് ഒരേയൊരു ചോദ്യം -''നിങ്ങളുടെ ജാതി ഏതാണ്?''

ജാതി അറിയാന്‍ വേണ്ടിമാത്രമുള്ള സെന്‍സസ് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും അരങ്ങേറും. കേന്ദ്രമന്ത്രിസഭയുടെ ഈ തീരുമാനം പ്രഖ്യാപിച്ചത് ആഭ്യന്തരമന്ത്രി പി. ചിദംബരം. മാസങ്ങള്‍നീണ്ട ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവിലാണ് തീരുമാനമുണ്ടായത്. 2011 സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. ജാതി അടിസ്ഥാനത്തിലുള്ള സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ ജനസംഖ്യാവിവരം ലഭ്യമാക്കുകയെന്നതാണ് ഈ ആവശ്യത്തിന് ആധാരം.

രണ്ടാംവട്ട കണക്കെടുപ്പിനുവേണ്ടി വരുന്ന അധികച്ചെലവിനെക്കുറിച്ചുള്ള പത്രലേഖകരുടെ ചോദ്യങ്ങളില്‍ നിന്ന് ആഭ്യന്തരമന്ത്രി ഒഴിഞ്ഞുമാറി. പ്രധാന സെന്‍സസിന്റെ ചെലവ് 2,200 കോടി രൂപയാണ്. രണ്ടാംവട്ട കണക്കെടുപ്പിന് 2,000 കോടി കൂടുതലായി വേണ്ടിവരുമെന്നാണ് സൂചന. ഫിബ്രവരിയില്‍ നടക്കുന്ന ആദ്യഘട്ടത്തിന്റെ ചോദ്യാവലയില്‍ ജാതിക്കായി ഒരുകള്ളി ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഈ പാഴ്‌ച്ചെലവ് ഒഴിവാക്കാമായിരുന്നു.

സെന്‍സസ് ജോലിയില്‍നിന്ന് വേര്‍പെടുത്തിയാണ് ജാതിവിവരം ശേഖരിക്കാനും വിശകലനം ചെയ്യാനുമുള്ള പ്രവൃത്തി നടക്കുന്നത്. ഈ ഏര്‍പ്പാടിലൂടെ വിശേഷിച്ചൊരു വസ്തുതയും കൂടുതലായി ലഭിക്കാന്‍ പോകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. അത് പരാജയപ്പെടുമ്പോള്‍ ഉത്തരവാദിത്വമേല്‍ക്കാന്‍ ആരുമുണ്ടാവില്ല. ഓരോ ഏജന്‍സിയും പരസ്​പരം കുറ്റപ്പെടുത്തും.

ജാതിവിവര ശേഖരണത്തിനായി പ്രത്യേക നിയമാധികാരങ്ങളുള്ള സമിതി രൂപവത്കരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. നിയമമന്ത്രാലയവുമായി ചര്‍ച്ച ചെയ്തശേഷമാകും ഇത്. കാനേഷുമാരി വിവരത്തിലെ ജാതികള്‍ വര്‍ഗീകരിക്കാനായി വിദഗ്ധ സമിതിക്കും രൂപം നല്‍കും. എന്നാല്‍, ഈ സെന്‍സസിലെ വിവരങ്ങള്‍ ആര് ക്രോഡീകരിക്കുമെന്നും അതെന്ന് പൂര്‍ത്തിയാകുമെന്നും ജാതി സംബന്ധിച്ച് എന്ത് വിവരങ്ങളാണ് ലഭ്യമാവുക എന്നതും വ്യക്തമല്ല. പാതി മനസ്സോടെയുള്ള ഈ വൃഥാവ്യായാമത്തിലൂടെ ആധികാരിക വിവരങ്ങളൊന്നും ലഭിക്കാനിടയില്ലെന്ന് ചുരുക്കം.ജാതി ഉള്‍പ്പെടെയുള്ള സെന്‍സസ് നടത്തിപ്പിന് നിലവിലുള്ള കാനേഷുമാരി നിയമം അംഗീകാരം നല്‍കുന്നുണ്ട്. അപ്പോള്‍പ്പിന്നെ ജാതിവിവരം മാത്രം ശേഖരിക്കാന്‍ നിയമപ്രാബല്യമുള്ള മറ്റൊരു സമിതിക്ക് രൂപം നല്‍കുന്നത് എന്തിനാണ്?

ജാതി വര്‍ഗീകരണം


ജാതി വര്‍ഗീകരണം മറ്റൊരു പരാജയമായി കലാശിക്കാനാണ് സാധ്യത. സാമൂഹിക മുന്‍തൂക്കം, കുലത്തൊഴില്‍ തുടങ്ങിയ വ്യത്യസ്തമാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ജാതികളെ വര്‍ഗീകരിക്കാന്‍ കഴിഞ്ഞ സെന്‍സസുകളിലും ശ്രമം നടന്നിട്ടുണ്ട്. അവ മുഴുവനും വിജയം കണ്ടിട്ടില്ല. പുതിയ വിദഗ്ധ സമിതിയുടെ ശ്രമങ്ങളും വിജയം കാണാന്‍ ഒരു സാധ്യതയുമില്ല.

സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ട മാനദണ്ഡമില്ലാത്തതിനാല്‍ ജാതി വര്‍ഗീകരണത്തിന് സമയം മെനക്കെടുത്താതിരിക്കുകയാണ് അഭികാമ്യം. പകരം ലഭ്യമാകുന്ന ജാതിവിവരങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാം. പിഴവുകളും ക്രമക്കേടുകളും തിരുത്താം. വ്യാജന്മാരെ കൈയോടെ പിടികൂടി പുറത്താക്കാം.

പുരാണങ്ങളിലെ ഘൃതാചിയുടെ ഗര്‍ഭകാലം ഓര്‍മയിലെത്തുന്നു. ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തുവരാന്‍ പുത്രനായ ശുകബ്രഹ്മര്‍ഷി തയ്യാറായില്ല. ഫലം ഗര്‍ഭകാലം അനിശ്ചിതമായി നീണ്ടു. ഒടുവില്‍ 16 വര്‍ഷത്തിനുശേഷം പിതാവായ വ്യാസമുനി നിര്‍ബന്ധം പിടിച്ചപ്പോഴാണ് പ്രിയപുത്രന്‍ പുറത്തുവന്നത്. ജാതി മാത്രം അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ഘൃതാചിയുടെ ഗര്‍ഭകാലം പോലെയാകാനാണ് സാധ്യത. ഒടുവില്‍ ആവശ്യത്തിന് വിവരങ്ങള്‍ കിട്ടാതെ 'ഗര്‍ഭച്ഛിദ്രം'പോലും നടത്തേണ്ടിവന്നേക്കാം. വിദഗ്ധ സമിതി ജാതിവര്‍ഗീകരണം നടത്തിയശേഷം പിന്നെ എന്തു സംഭവിക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിക്കാതിരുന്നത് അതുകൊണ്ടുതന്നെയാണോ? നിര്‍ദിഷ്ട ജാതി സെന്‍സസ് നടത്താനുദ്ദേശിക്കുന്ന ജൂണ്‍-സപ്തംബര്‍ കാലയളവ് ഫീല്‍ഡ് സര്‍വേക്ക് പറ്റിയ സമയമേയല്ല. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പെരുമഴക്കാലം, മറ്റു ചിലയിടങ്ങളില്‍ കൊടുംവേനല്‍, വടക്കേ ഇന്ത്യയില്‍ സ്‌കൂള്‍ അവധിക്കാലമാണ്. എന്നാല്‍, തെക്കേ ഇന്ത്യയിലാകട്ടെ അവധിക്കുശേഷം സ്‌കൂള്‍ തുറക്കുന്ന കാലം. ലക്ഷക്കണക്കിന് പ്രൈമറി അധ്യാപകരെ വീണ്ടും സെന്‍സസ് ജോലിക്ക് ഇറക്കുന്നത് അത്ര എളുപ്പമാവില്ല. ഫിബ്രവരിയില്‍ ആദ്യഘട്ട സെന്‍സസിലും മാര്‍ച്ചില്‍ അതിന്റെ പുനഃപരിശോധനയിലും അവര്‍ പങ്കാളികളായിക്കഴിഞ്ഞിരിക്കും. വീണ്ടും മറ്റൊരു ജോലിക്കുകൂടി നിയോഗിക്കുകയെന്നത് എതിര്‍പ്പു ക്ഷണിച്ചുവരുത്തും.

പരിഹാരമാര്‍ഗം


രണ്ടാംഘട്ട സെന്‍സസില്‍ ജാതി അടിസ്ഥാനത്തിലുള്ള തലയെണ്ണല്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്നുതന്നെയായിരിക്കട്ടെ വിവിധ ജാതികളില്‍പ്പെട്ട എത്ര പേരുണ്ടെന്ന കണക്കു മാത്രമേ അതിനു നല്കാന്‍ കഴിയൂ (ഉദാ: ഇന്ത്യയില്‍ എത്ര ശര്‍മമാരുണ്ട്, എത്ര മിശ്രമാരുണ്ട്, എത്ര മുതലിയാര്‍മാരുണ്ട്...). ആദ്യഘട്ടത്തില്‍ സമാഹരിച്ച സ്വത്ത്, സാമൂഹിക പശ്ചാത്തലം, സാമ്പത്തികം തുടങ്ങിയ വിവരങ്ങളുമായി സംയോജിപ്പിക്കാനോ പരിശോധന നടത്താനോ ഈ വിവരത്തിലൂടെ കഴിയില്ല. ഇങ്ങനെ സംയോജിപ്പിക്കാതെ ജാതി അടിസ്ഥാനത്തില്‍ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനസംഖ്യാപട്ടിക തയ്യാറാക്കാനും സാധിക്കില്ല. അതായത്, 2011 സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടവരുടെ ലക്ഷ്യം നിറവേറുകയില്ലെന്ന് അര്‍ഥം.

ഈ ലക്ഷ്യം അധികച്ചെലവോ പരിശ്രമമോ ഇല്ലാതെ തന്നെ സാക്ഷാത്കരിക്കാം. ഫിബ്രവരിയില്‍ നടക്കുന്ന ഒന്നാംഘട്ട കണക്കെടുപ്പിന്റെ പട്ടികയില്‍ ജാതിക്കായി കള്ളി ചേര്‍ത്താല്‍ മാത്രം മതി. വീട്ടിലെ ഓരോ അംഗത്തിന്റെ പേരിനുനേരെയും മതം ചേര്‍ക്കാനായി ഒരു ഭാഗവും അതിനുപിന്നിലെ ജാതി, ഉപജാതി എന്നിവ ഉണ്ടെങ്കില്‍ അതുചേര്‍ക്കാനുള്ള സ്ഥലവും തുടര്‍ന്ന് സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ, ജനസംഖ്യാ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ഭാഗങ്ങളും.

അങ്ങനെ 2011 ഫിബ്രവരിയില്‍ സമാഹരിക്കുന്ന ജാതിവിവരം മറ്റുള്ളവയോടൊപ്പം അനായാസം ക്രോഡീകരിക്കാന്‍ കഴിയും. മറ്റു വിവരങ്ങള്‍ക്കൊപ്പം രണ്ടുവര്‍ഷത്തിനകം സമയബന്ധിതമായി വിശകലനം ചെയ്യാനും സാധിക്കും, അധികച്ചെലവില്ലാതെതന്നെ. രാജ്യത്തെ മുഴുവന്‍ ജനസംഖ്യയുടെയും ജാതി-ഗോത്ര അടിസ്ഥാനത്തിലുള്ള സമഗ്രവിവരം ഉള്‍പ്പെടുന്ന ഡാറ്റാബേസ് തയ്യാറാക്കാന്‍ അതുവഴി കഴിയും.

വിചിത്ര കാരണങ്ങള്‍


പ്രധാന സെന്‍സസിനൊപ്പം ജാതിവിവരം ഉള്‍പ്പെടുത്താതിരിക്കാന്‍ ആഭ്യന്തര മന്ത്രാലയവും രജിസ്ട്രാര്‍ ജനറല്‍ സെന്‍സസ് കമ്മീഷണര്‍ ഓഫീസും രണ്ടു കാരണങ്ങളാണ് പറയുന്നത്.

1. ജാതിവിവരശേഖരണം സെന്‍സസിന്റെ 'സത്യസന്ധ്യത'യെ ബാധിക്കും. 2. ജനസംഖ്യാ കണക്കെടുപ്പില്‍ത്തന്നെ തെറ്റു കടന്നുകൂടാന്‍ ഇടയാക്കും.

ഇത് എങ്ങനെ സംഭവിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഓരോ കുടുംബവും തങ്ങളുടെ ജാതിയുടെ കരുത്ത് കൂട്ടിക്കാണിക്കാന്‍ കുടുംബാംഗങ്ങളുടെ എണ്ണം പെരുപ്പിച്ചുപറയുമെന്ന വാദമാണ് ഇതിനു കാരണമെന്നാണ് സൂചന. രാജ്യത്തെ ജനങ്ങളുടെ സത്യസന്ധതയെത്തന്നെ ചോദ്യം ചെയ്യുന്നതാണത്.

അംഗബലം കൂട്ടിപ്പറയുന്നത് അത്ര എളുപ്പമല്ല. ഓരോരുത്തരുടെ പേര്, വിദ്യാഭ്യാസയോഗ്യത, ലിംഗം, തൊഴില്‍, വിവാഹിതനോ അല്ലയോ തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിക്കുന്നുണ്ട്. അതിനിടെ കുടുംബത്തിലില്ലാത്ത ആളെ കൂട്ടിപ്പറയുന്നത് നടക്കുമെന്ന് തോന്നുന്നില്ല. അഥവാ വന്‍തോതില്‍ അത്തരം ക്രമക്കേട് നടക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത് കുറ്റകരമായി പ്രഖ്യാപിച്ച് നിയമത്തിന്റെ കാവല്‍ ഉറപ്പാക്കാം. പരിശോധന കര്‍ക്കശമാക്കുകയും ചെയ്യണം. സെന്‍സസ് വകുപ്പിന് ചെയ്യാവുന്ന കാര്യമേയുള്ളൂ അത്.

1871, 1881, 1891, 1901, 1911, 1921, 1931, 1941 വര്‍ഷങ്ങളില്‍ നടന്ന സെന്‍സസിനൊപ്പം ജാതിവിവരവും ഉള്‍പ്പെടുത്തിയിരുന്നു. അന്നൊന്നും ജാതിവിവരം ശേഖരിക്കുന്നത് സെന്‍സസിന്റെ സത്യസന്ധതയെ ബാധിക്കുകയോ തെറ്റായവിവരങ്ങള്‍ ഉള്‍പ്പെടാന്‍ കാരണമാവുകയോ ചെയ്തിട്ടില്ല. ഭഗീരഥപ്രയത്‌നമായിട്ടുപോലും ജാതിവിവരം ശേഖരിക്കുന്നതിനോട് അന്ന് സെന്‍സസ് കമ്മീഷണര്‍മാരാരും വിമുഖത കാട്ടിയിട്ടില്ല. ജാതി സമ്പ്രദായം ഇന്ത്യന്‍ സമൂഹത്തിന്റെ പ്രധാന സവിശേഷത തന്നെയാണെന്നായിരുന്നു അതിനുകാരണം. ജാതിവിവരം അടിസ്ഥാനമാക്കാന്‍ ഇന്നും സര്‍ക്കാറുകള്‍ ആശ്രയിക്കുന്നത് ദശാബ്ദങ്ങള്‍ക്കുമുമ്പ് നടന്ന സെന്‍സസിന്റെ റിപ്പോര്‍ട്ടാണെന്നുകൂടി ഓര്‍ക്കുക.

(ഇന്ത്യയുടെ മുന്‍ സെന്‍സസ് കമ്മീഷണറും രജിസ്ട്രാര്‍ ജനറലും കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറിയുമാണ് ലേഖകന്‍.)2 comments:

  1. പിന്നോക്ക-ദളിത് വിഭാഗങ്ങള്‍ മാത്രമല്ല, രാജ്യത്തെ അക്കാഡമിക് ബുദ്ധിജീവികളും ചിന്തകരും ആവശ്യപ്പെടുന്ന കാര്യമാണ് സെന്‍സസ്, ജാതി അടിസ്ഥാനത്തില്‍ നടത്തണമെന്നത്. നമ്മുടെ മുന്‍ ചീഫ് സെക്രട്ടറി ഡോ എം വിജയനുണ്ണി, ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പ്രൊഫ സതീശ് ദേശ്പാണ്ഡെ മുതല്‍ പേര്‍ അത്തരക്കാരാണ്. മാതൃഭൂമി പത്രത്തില്‍ 15 Jan 2011 ശനിയാഴ്ച ഡോ. എം. വിജയനുണ്ണി എഴുതിയ ഈ ലേഖനം പറയുന്നത് ഫെബ്രുവരിയില്‍ നടക്കുന്ന സെന്‍സസിനൊപ്പം അനായാസേന നടത്താവുന്ന കാര്യമാണ് ജാതി സെന്‍സസ് എന്നാണ്. അധികച്ചെലവില്ല, ജാതികളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി അറിയാനും സാധിക്കും.

    ReplyDelete
  2. ചേട്ടാ സര്‍ക്കാറിന്റെ കയ്യില്‍ കാശുണ്ട് ഇഷ്ടം പോലെ.നോക്കു കോമണ്വെല്‍ത്ത് ഗെയിംസിന് അര്‍മാദിക്കാന്‍ കൊടുത്തത് 500 കോടി.2ജി സ്പെക്ട്രം വഴി കളഞ്ഞത് 1.76 ലക്ഷം കോടി.അപ്പോ ഹിന്ദുക്കളുടെ ജാതി തിരഞ്ഞുള്ള സെന്‍സസിനായി ഒര്‍ രണ്ടായിരം കോടി കൂടി ചിലവാക്കട്ടേ.അതുകൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനം എങ്കിലും കിട്ടും.

    ReplyDelete