മാലിന്യം പ്ളാസ്റ്റിക് കിറ്റുകളിലാക്കി
പൊതുനിരത്തുവക്കിലും തോട്ടിലും മറ്റും വലിച്ചെറിയുക,അതല്ലെങ്കില്‍
കോര്‍പ്പറേഷനോ മുനിസിപ്പാലിറ്റിയോ സ്ഥാപിച്ചിട്ടുള്ള വീപ്പകളില്‍
നിക്ഷേപിക്കുക ഇതാണ് കേരളീയര്‍ വര്‍ഷങ്ങളായി ശീലിച്ചിട്ടുള്ള മാലിന്യ
നിര്‍മാര്‍ജന മാര്‍ഗം. ഇതല്ലാതെ മറ്റെന്തെങ്കിലും മാര്‍ഗം മാലിന്യ
നിര്മാര്ജനത്തിനുണ്ടോ എന്ന് വിദ്യാസമ്പന്നരായ
മലയാളിക്കുപോലും അറിയില്ല എന്നതാണു സത്യം.
അവരവരുടെ മാലിന്യം അവരവരവര്ക്കുതന്നെ സംസ്കരിക്കാനാവും എന്ന ചിന്തയോ
അറിവോ ആര്‍ക്കുമില്ല. തങ്ങളുടെ ഗാര്‍ഹിക മാലിന്യങ്ങളെല്ലാം സംസ്കരിക്കേണ്ട
ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ ആരോഗ്യ വകുപ്പിനോ ആണെന്നാണ് സകലരും
ആത്മാര്‍ഥമായിത്തന്നെ കരുതുന്നത് . ഈ സാഹചര്യത്തില്‍
മാലിന്യം വലിച്ചെറിയുന്നതു ശിക്ഷാര്‍ഹമാക്കിക്കൊണ്ട് കേരള ഹൈക്കോടതി ഈയിടെ
പുറപ്പെടുവിച്ച വിധി എത്രത്തോളം പ്രായോഗികമാക്കാനാവും എന്ന കാര്യത്തില്‍ ഈ
ലേഖകനു സംശയമുണ്ട്.. കാരണം കേരളത്തിലെ തൊണ്ണൂറ്റൊമ്പതു ശതമാനം വീടുകളിലും
സ്വന്തമായി മാലിന്യ നിര്‍മാര്‍ജന സംവിധാനം യാതൊന്നും തന്നെയില്ല. എന്തിന്,
വിധി പ്രസ്താവിച്ച ജഡ്ജിമാരുടെ വീടുകളിലോ അതു നടപ്പാക്കുന്ന പൊലീസ്
ഉദ്യോഗസ്ഥരുടെ വീടുകളിലോ പോലും മാലിന്യ നിര്‍മാര്‍ജനത്തിനായി ശാസ്ത്രീയമായ
എന്തെങ്കിലും സംവിധാനമുണ്ടാകാന്‍ സാധ്യതയില്ലെന്നാണു ഞാന്‍ കരുതുന്നത്.
ഒന്നുകില്‍ ജനങ്ങള്‍ക്കു സ്വന്തമായി മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍
വേണം, അല്ലെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ അത്തരം സംവിധാനങ്ങള്‍
ഒരുക്കിക്കൊടുക്കണം. ഇതു രണ്ടുമില്ലാതെ മാലിന്യം വലിച്ചെറിയലല്ലാതെ
മറ്റെന്തു മാര്‍ഗമാണു ജനങ്ങള്‍ക്കു മുന്നിലുള്ളത്?
അസ്ഥാനത്തുള്ള സമ്പാദ്യമാണ് മാലിന്യങ്ങള്‍ ,വിശേഷിച്ചും ജൈവമാലിന്യങ്ങള്‍ . മലവും മൂത്രവും ഉള്‍പ്പെടെയുള്ള ജൈവ ഗാര്‍ഹിക മാലിന്യങ്ങളെല്ലാം തന്നെ മികച്ച ഊര്‍ജദായക വസ്തുക്കളാണെന്ന, പ്രാഥമികമായ ശാസ്ത്രജ്ഞാനമാണ് നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നര്ക്കുവരെ ഇല്ലാത്തത്. അതുകൊണ്ടാണ് കോടിക്കണക്കിനു രൂപ ചെലവാക്കി വീടു നിര്‍മിക്കുന്നവര്‍ പോലും മാലിന്യ നിര്‍മാര്‍ജനത്തിനായി യാതൊരു സംവിധാനവും ആ വീട്ടിലൊരുക്കാതെ മാലിന്യം കിറ്റിലാക്കി ആഡംബരക്കാറുകളില്‍ കൊണ്ടുപോയി വഴിവക്കില്‍ തള്ളുന്നത്. കേരളത്തിലെ ഒരു സ്ഥലത്തെയും കിണറിലെ വെള്ളം വിശ്വസിച്ചു കുടിക്കാന്‍ സാധിക്കാത്ത വിധം എല്ലാത്തിലും ഈ കോലി ബാക്റ്റീരിയ ഉണ്ടെന്നു പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അതായത് മലം കലരാത്ത ഒരു കിണര്‍ജലവും കേരളത്തില്‍ ലഭ്യമല്ലെന്നര്‍ഥം.
‘ഓരോ വീട്ടിലും ഓരോ നല്ലൊരു കക്കൂസുണ്ടായ് തീരട്ടെ, കൊട്ടാരത്തിലെ എയര്‍കണ്ടീഷന്‍ പിന്നെ മതി മെല്ലെ മതി’ എന്നത് എണ്‍പതുകളില്‍ ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍ പാടി നടന്ന അര്‍ഥവത്തായ മുദ്രാവാക്യമാണ്. ഇന്നും ആ മുദ്രാവാക്യത്തിനു പ്രസക്തിയുണ്ട്;ചെറിയ മാറ്റം വരുത്തണമെന്നു മാത്രം:

മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു ശിക്ഷാര്‍ഹമാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്ന സന്ദര്‍ഭമായതിനാല്‍ ഇത്തരം പദ്ധതികള്‍ സ്ഥാപിക്കാതെ നിവൃത്തിയില്ലാത്ത സാഹചര്യമാണു വന്നിരിക്കുന്നത്. അതുകൊണ്ട് ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കാന്‍ ഇനി അധികം മടികാണിക്കില്ല ജനങ്ങള്‍ .സത്യം പറഞ്ഞാല്‍ വളരെ പാവപ്പെട്ടവര്‍ക്കൊഴികെ സകലര്‍ക്കും സ്വന്തം കൈയിലെ കാശു മുടക്കി ബയോഗ്യാസ് പ്ളാന്റ് സ്ഥാപിക്കാന്‍ സാധിക്കും. ചുരുങ്ങിയ കാലത്തിനകം എല്‍ പി ജിയുടെ ലാഭത്തിന്റെ രൂപത്തില്‍ മുടക്കുമുതല്‍ തിരികെ ലഭിക്കുകയും ചെയ്യും. എന്നാലും ജനങ്ങള്‍ അതു ചെയ്യില്ലെന്നതാണ് അനുഭവം. വീട്ടിലേക്കാവശ്യമുള്ള സകല സാധനങ്ങളും കടം വാങ്ങിയോ അല്ലാതെയോ സംഘടിപ്പിക്കുന്ന നാം കക്കൂസുണ്ടാക്കാനും ബയോഗ്യാസ് പ്ളാന്റുണ്ടാക്കാനും പഞ്ചായത്തിനെയോ മുനിസിപ്പാലിറ്റിയേയോ കോര്‍പ്പറേഷനെയോ നോക്കിയിരിക്കും. അതെല്ലാം അവര്‍ തരണം. അല്ലെങ്കില്‍ സബ്സിഡിയെങ്കിലും കിട്ടണം. അതുകൊണ്ട് ബയോഗ്യാസ് പ്ളാന്റുകള്‍ പ്രയോഗത്തിലാക്കാന്‍ ആദ്യഘട്ടത്തിലെങ്കിലും സബ്സിഡി നല്കാന് സര്‍ക്കാര്‍ തയ്യാറാകേണ്ടിവരും. ആ സബ്സിഡി നിര്‍ണയിക്കാനുള്ള മാര്‍ഗം പക്ഷേ, ആക്ഷേപങ്ങളേറെയുള്ള ബിപിഎല്‍ -ഏപിഎല്‍ മാനദണ്ഡം ആകരുത്. പകരം, വീടുകളുടെ വലുപ്പവും ടാക്സും ആകണം അതിന്റെ മാനദണ്ഡം. ഉദാഹരണമായി 600 സക്വയര്‍ ഫീറ്റുവരെ വിസ്തീര്‍ണമുള്ള വീട്ടുകാരന് 90 ശതമാനം സബ്സിഡി നല്‍കാം. 2500 സ്ക്വ.ഫീ.നു മുകളില്‍ വലുപ്പമുള്ള വീടാണെങ്കില്‍ പത്തോ ഇരുപതോ ശതമാനമാക്കി സബ്സിഡി കുറയ്ക്കാം. എങ്ങനെയായാലും സബ്സിഡി നല്‍കാതെ ജനങ്ങള്‍ മുഴുവന്‍ ഇതു സ്വീകരിക്കാന്‍ ഇന്നത്തെ നിലയില്‍ ഒട്ടും സാധ്യതയില്ല.
സ്വയം മാതൃക കാണിക്കാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യണമെന്ന് ഉപദേശിക്കാന്‍ നാമെല്ലാവരും മിടുക്കരാണ്.സ്വന്തം മക്കളെ സി ബി എസ് സി-ഐ സി എസ് സി ഇങ്ഗ്ളീഷ് മീഡിയം സ്കൂളിലയച്ചു പഠിപ്പിച്ചിട്ട് മലയാളം മീഡിയം പൊതു സ്കൂളുകള്‍ സംരക്ഷിക്കാനായി സമരം ചെയ്യുന്ന അധ്യാപകരും സ്വന്തം ചികിത്സയ്ക്കും ഭാര്യയുടെ പ്രസവത്തിനും സ്വകാര്യ ആശുപത്രികളെ മാത്രം ആശ്രയിച്ചിട്ട് പൊതുജനാരോഗ്യം സംരക്ഷിക്കാനായി കൊടിപിടിക്കുകയും ചെയ്യുന്ന സര്‍ക്കാരാശുപത്രിയിലെ ജീവനക്കാരുമാണു നമ്മുടെ നാട്ടിലുള്ളത്.അത്തരക്കാര്‍ ഏത് അന്ധവിശ്വാസങ്ങളിലും മണിച്ചെയിന്‍ തട്ടിപ്പുകളിലും ആലോചനയേതും കൂടാതെ തലവച്ചുകൊടുക്കും.പക്ഷേ, ശാസ്ത്രം മുന്നോട്ടുകൊണ്ടുവരുന്ന ഏതു പുതിയ ഉപകരണത്തെയും പദ്ധതിയേയും അങ്ങേയറ്റത്തെ സംശയത്തോടെ മാത്രമേ അവരുള്‍പ്പെടെയുള്ള പൊതുജനം സമീപിക്കൂ.സംശയങ്ങളൊഴിഞ്ഞിട്ടു നേരമുണ്ടാവില്ല. എന്നാല്‍ ,വാസ്തുപ്രകാരം വീടിനൊരു തകരാറുണ്ടെന്നും അതിനാല്‍ വീടിന്റെ ഒരു ഭാഗം ഉടനെ പൊളിച്ചുമാറ്റണമെന്ന് ഏതെങ്കിലും ‘വാസ്തുവിദഗ്ധനോ’ ജ്യോതിഷിയോ പറഞ്ഞാല്‍ ‘പ്രബുദ്ധരും’ വിദ്യാസമ്പന്നരുമായ മലയാളിക്ക് ഈ സംശയവും അവിശ്വാസവും ഉണ്ടാകാറില്ല. ‘ദോഷങ്ങള്‍ ’ പോക്കാനായി പതിനായിരക്കണക്കിനു രൂപ ചെലവു വരുന്ന ഒരു ഹോമം ഉടന്‍ നടത്തണമെന്ന് ഏതെങ്കിലും ജ്യോത്സ്യന് പറഞ്ഞാല്‍ അതു ചെയ്യാനും നാം രണ്ടുവട്ടം ആലോചിക്കാറില്ല. എന്നാല്‍ ബയോഗ്യാസ് പ്ളാന്റിനെപ്പറ്റി നൂറു നൂറു സംശയങ്ങളായിരിക്കും നമുക്ക് . എത്ര മറുപടി കേട്ടാലും സംശയം തീരുകയുമില്ല, പ്ളാന്റ് സ്ഥാപിക്കുകയുമില്ല. ഈ പൊതു സമീപനം മൂലമാണ് ഇപ്പോഴും മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഏറ്റവും ഫലപ്രദമായ മാര്‍ഗം ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും അന്യമായിരിക്കുന്നത്.
അതുകൂടാതുള്ള ഒരു പ്രശ്നം ഇത്തരം പദ്ധതികളുടെ പരസ്യത്തിന്റെ കുറവാണ്. പരസ്യത്തിനും മറ്റും അധികം പണം ചെലവാക്കിയാല്‍ പ്ളാന്റുകള്‍ സ്ഥാപിക്കാനുള്ള ചെലവു വര്ധിക്കുന്നതിനാലാവാം ബയോഗ്യാസ് പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നവര്‍ പരസ്യമൊന്നും നല്‍കാത്തത്.മാത്രമല്ല, ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കുന്ന മുഖ്യ ഏജന്‍സികള്‍ പലതും ബയോടെക്കിനെയും അനെര്‍ട്ടിനെയും പോലുള്ള സര്‍ക്കാര്‍ സ്പോണ്‍സേഡ് സംഘടനകളാണ്. അവര്‍ക്കു പരസ്യത്തിലൊന്നും വലിയ താത്പര്യം കാണില്ല. പരസ്യം ചെയ്യുന്നതിനു നൂലാമാലകള്‍ മറികടക്കേണ്ടതുമുണ്ടാകും. കാരണമെന്തുതന്നെയായിരുന്നാലും പരസ്യത്തിന്റെ കുറവാണ് ഇത്തരം പദ്ധതികള്‍ പോപ്പുലറാവാതിരിക്കുന്നതിന്റെ മുഖ്യ കാരണം എന്നു നിസ്സംശയം പറയാം.
പരസ്യം നല്കിയാല് വിലയെത്രയായാലും ആളുകള്‍ വാങ്ങി ഉപയോഗിക്കും എന്നതിനു തെളിവാണ് സോളാര്‍ വാട്ടര്‍ ഹീറ്ററുകളുടെ വന്‍തോതിലുള്ള പ്രചാരണം. അതിനേക്കാള്‍ എത്രയോ മുന്‍പു തന്നെ പ്രചാരത്തിലുള്ള സോളാര്‍ ഹോം ലൈറ്റിങ് സിസ്റ്റം,പരസ്യത്തിന്റെ അഭാവം മൂലം ഇപ്പോഴും ആരുടെയും വീട്ടിലില്ലെന്നും ഓര്‍ക്കണം. പകരം വൈദ്യുതിച്ചെലവില്‍ ഒരു കുറവും വരുത്താത്ത, വീട്ടൂപകരണങ്ങള്‍ കേടാക്കുന്ന ഇന്വെര്ട്ടറുകളാണു നാമെല്ലാം മേടിച്ചുവച്ചിരിക്കുന്നത്. അതാണു പരസ്യത്തിന്റെ ശക്തി. പരസ്യം നല്ല തോതില്‍ നടത്തിയിരുന്നെങ്കില്‍ ഇപ്പോളുള്ളതിന്റെ ഇരട്ടിവിലയിട്ടാലും ആളുകളെല്ലാവരും പണ്ടേ ബയോഗ്യാസിന്റെ ഗുണഭോക്താക്കളായി മാറിയേനെ.
ബയോഗ്യാസ് പ്ളാന്റുകള്‍ തന്നെയാണ് കക്കൂസ് മാലിന്യം സംസ്കരിക്കാനുള്ള ശാസ്ത്രീയമായ മാര്‍ഗവും. സെപ്റ്റിക് ടാങ്കുകളോ റിങ് കക്കൂസുകളോ കേരളത്തില്‍ , വിശേഷിച്ച് ജനസാന്ദ്രമായ പ്രദേശങ്ങളില്‍ ഒട്ടും ആശാസ്യമല്ല. കിണറുകളിലെയും കുളങ്ങളിലെയും ജലം മലിനമാക്കുന്നതില്‍ ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സെപ്റ്റിക് ടാങ്കിനു പകരം ഓരോ വീട്ടിലും ഓരോ ബയോഗ്യാസ് പ്ളാന്റ് സ്ഥാപിക്കയാണെങ്കില്‍ പാചകാവശ്യത്തിനായി മാസാമാസം വിലകൂടിയ എല്‍ പി ജി വാങ്ങേണ്ടിവരുന്ന, ഭൂഗര്‍ഭജലം മലിനമാകുന്ന, കക്കൂസ് മാലിന്യം വഴിയില്‍ തള്ളേണ്ട സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. ശബരിമല, ചോറ്റാനിക്കര പോലെ കോടിക്കണക്കിനു ഭക്തര്‍ വന്നുപോകുന്ന ആരാധാലയങ്ങളിലെയും മാലിന്യ നിര്‍മാര്‍ജനത്തിനും ഈയൊരു മാര്‍ഗം തന്നെയാണു സ്വീകരിക്കേണ്ടത്. അവിടെയെല്ലാം തികച്ചും സൌജന്യമായി, സ്പോണ്സര്ഷിപ്പില് പ്ദ്ധതികള്‍ സ്ഥാപിക്കാനാവും. ശാസ്ത്രബോധവും ഇച്ഛാശക്തിയുമുള്ള ഭരണാധികാരികള്‍ക്ക് വളരെ ലളിതമായും കാര്യക്ഷമമായും നടപ്പാക്കാവുന്നതേയുള്ളൂ അത്തരം പദ്ധതികള്‍ .