Monday, April 25, 2011

എയ്ഡഡ് മേഖലയും ദലിത് സംവരണവും

എയ്ഡഡ് വിദ്യാഭ്യാസ മേഖല ഒരര്‍ഥത്തില്‍ സര്‍ക്കാര്‍ സര്‍വീസ് തന്നെയാണ്.മാനേജ്മെന്റുകള്‍ നിയമിക്കുന്ന ജീവനക്കാര്‍ക്ക് ശംബളവും മറ്റാനുകൂല്യങ്ങളും സര്‍ക്കാര്‍ ഖജനാവില്‍ നിന്നു നല്‍കുന്ന 'സോഷ്യലിസ'മാണവിടെ. വര്‍ഷം തോറും പൊതുഖജനാവില്‍ നിന്ന് കോടിക്കണക്കിനു രൂപയാണ് ഈയിനത്തില്‍ മാത്രം ഈ മേഖലയിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ കുടുംബങ്ങളിലെത്തുന്നത്. സുറിയാനി- നായര്‍ - മുസ്ലിം - ഈഴവ വിഭാഗങ്ങള്‍ക്കാണ് ഈ മേഖലയില്‍ സ്കൂളുകളും കോളെജുകളും ഉള്ളത്. ഭൂരിപക്ഷവും സുറിയാനി ക്രിസ്ത്യാനികളുടെ കൈവശം.(അതിന്റെ ചരിത്രപരമായ കാരണങ്ങളെ വിസ്മരിക്കുന്നില്ല). സ്വാഭാവികമായും ഈ പണം ഭൂരിപക്ഷവും ഈ മാനേജ്മെന്റുകളുടെ സമുദായക്കാരിലേക്കാണു പോകുന്നതെന്നു പറയേണ്ടതില്ലല്ലോ. സര്‍ക്കാര്‍ പണം കൊണ്ടു നടത്തുന്ന മറ്റെല്ലാ മേഖലകളിലും സംവരണം, വിശേഷിച്ച് പട്ടിക ജാതി/പട്ടിക വര്‍ഗ ജനതക്ക് , ഉള്ളപ്പോള്‍ എയ്ഡഡ് മേഖലയില്‍ സംവരണമില്ല. കനത്ത ശംബളം വാങ്ങുന്ന കോളെജുകളില്‍ യുജിസിയുടെ സ്പഷ്ടമായ നിര്‍ദേശമുണ്ടായിട്ടുപോലും സംവരണം പാലിക്കുന്നില്ല. തന്മൂലം ഉന്നത വിദ്യാഭ്യാസം നേടിയ ദലിതര്‍ക്ക് മികച്ച കരിയര്‍ ലഭിക്കാനുള്ള അവസരം നഷ്ടമാകുന്നു. കഴിഞ്ഞ കുറേ നാളുകളായി ദലിത് ഉദ്യോഗാര്‍ഥികള്‍ ഈ അവസര നിഷേധത്തിനെതിരെ സമരവും കേസും പ്രചാരണങ്ങളുമായി രംഗത്തുണ്ട്. ഈ വിഷയത്തില്‍ മികച്ച ഒരു പഠനം തന്നെ അവര്‍ നടത്തിക്കഴിഞ്ഞു.ഹൈക്കോടതിയില്‍ നിന്ന് ഈ വിഷയത്തില്‍ സ്റ്റേയും അവര്‍ സമ്പാദിച്ചിട്ടുണ്ട്. സാമൂഹിക നീതിക്കുവേണ്ടിയുള്ള തികച്ചും ന്യായമായ അവരുടെ ഈ പോരാട്ടത്തെ പിന്തുണക്കാന്‍ മനുഷ്യ സ്നേഹികള്‍ മുഴുവന്‍ തയ്യാറാകേണ്ടതാണ്.
ഇതു സംബന്ധമായി മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്തയാണു താഴെ. ഈ ലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പിലും ഇതു സംബന്ധമായി ഒരു ലേഖനം വന്നിട്ടുണ്ട്.





ദലിത് ജനതയുടെ മഹത്തായ ഈ പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആക്ഷന്‍ ഫോര്‍ സോഷ്യല്‍ ഈക്വാലിറ്റി നടത്തുന്ന പ്രചാരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററാണു താഴെ:

4 comments:

  1. സാമൂഹിക നീതിക്കുവേണ്ടിയുള്ള തികച്ചും ന്യായമായ അവരുടെ ഈ പോരാട്ടത്തെ പിന്തുണക്കാന്‍ മനുഷ്യ സ്നേഹികള്‍ മുഴുവന്‍ തയ്യാറാകേണ്ടതാണ്.

    ReplyDelete
  2. ഭരണഘടനാപരമായി സംവരണം ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളൊഴികെ മറ്റെല്ലാ മേഖലയിലും നടപ്പിലാക്കേണ്ടതാണ.ഇതനുസരിച്ച് കേന്ദ്ര സംസ്ഥാന എക്സിക്യൂട്ടിവ് മേഖലകളില്‍ പൂര്‍ണ്ണമായും സംവരണം നടപ്പിലാക്കികഴിഞ്ഞിരിക്കുന്നു.(തത്വത്തില്‍).ലെജിസ്ളേറ്റിവില്‍ കേന്ദ്രത്തിലും സംസ്ഥാനതലത്തിലും പട്ടികജാതി /പട്ടികവര്‍ഗ സംവരണമുണ്ട്.പ്രാദേശിക ഭരണതലത്തിലും സംവരണമുണ്ട് . ഹൈക്കോടതിക്കു താഴെയുള്ള ജുഡീഷ്യറിയില്‍ സംവരണം നടപ്പിലാക്കിയിട്ടുണ്ട്.ഉന്നത ജുഡീഷ്യറിയില്‍ സംവരണത്തിനായുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ. പാര്‍ലമെന്ററി കമ്മറ്റിയായ ഡോ : നാച്ചിയപ്പന്‍ കമ്മറ്റി വളരെ ശക്തമായാണ്‍ ഇതിനു വേണ്ടി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

    പൊതുമേഖല വ്യാപകമായി സ്വകാര്യ വത്കരിക്കുന്ന സാഹചര്യത്തില്‍ സംവരണത്തിന്റെ ഗതിയെന്താവും എന്ന വിഷയം സംവരണ വൃത്തങ്ങളില്‍ അതീവ ഗൗരവമേറിയ വിഷയമാണ. സ്വകാര്യ മേഖല സര്‍ക്കാറിന്റെ സകല ആനുകൂല്യങ്ങളും നേടിക്കൊണ്ടാണ ഭീമാകാരമായി വളര്‍ന്നുകൊണ്ടിരിക്കുന്നത്. സ്വകാര്യമേഖലയില്‍ സംവരണം നടപ്പിലാക്കിയില്ലെങ്കില്‍ ഭരണഘടന വിഭാവനം ചെയ്ത സാമൂഹ്യനീതിക്ക് എന്തു പ്രസക്തി ? അതിലെ സംവരണ നിയമങ്ങള്‍ വെറും നോക്കുകുത്തികള്‍ മാത്രമാവും .ആനുകൂല്യങ്ങള്‍ നല്‍കി സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനായി ഉണ്ടാക്കിയ നിയമങ്ങളില്‍ പാലിക്കേണ്ട നിബന്ധനകള്‍ കൂടിയുണ്ട് .അത്തരം നിബന്ധനകളില്‍ നിശ്ചിത അളവിലുള്ള സംവരണം കൂടി ഉള്‍പ്പെടുത്തുക എന്ന ആവശ്യം ശക്തമായി ഉയര്‍ന്നു കഴിഞ്ഞു.

    സര്‍ക്കാറിന്റെ സാമ്പത്തികസഹായം /ആനുകൂല്യം ലഭിക്കുന്ന എല്ലാ മേഖലകളിലും സംവരണം എന്നതാണ അതിന്റെ അടിസ്ഥാനതത്വം.

    അത്ഭുതം തോന്നുന്നു . എന്നിട്ടും എന്തുകൊണ്ട് എയ്ഡഡ് മേഖലയില്‍ ഇതുവരെ സംവരണം ഉണ്ടായില്ല.പിന്നോക്കജനതയുടെ ഉന്നമനത്തിന /സാമൂഹ്യനീതിക്ക് നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന കേരളത്തിലെ സര്‍ക്കാറുകള്‍ എന്തുകൊണ്ട് ഇത് പരിഗണിച്ചില്ല.സര്‍ക്കാറിന്റെ പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം അട്ടിമറിക്കപ്പെട്ടത് മുന്‍ കാലപ്രാബല്യത്തോടെ തിരുത്തപ്പെടണം.രാജ്യത്തിന്റെ വിഭവങ്ങള്‍ എതെങ്കിലും വിഭാഗത്തിന്റെ തറവാട്ടുസ്വത്തല്ല.ഒരു വിഭാഗത്തിനും സ്ത്രീധനം കിട്ടിയതല്ല എന്ന എയ്ഡഡ് മുതലാളിമാരും അവര്‍ക്ക് ഓശാന പാടുന്ന സര്‍ക്കാറും എത്രയും നേരത്തേ മനസിലാക്കുന്നുവോ അത്രയും അവര്‍ക്ക് നന്ന്.

    ReplyDelete
  3. ശമ്പളം നല്‍കാന്‍ സര്‍ക്കാരും, കൈകൂലി വാങ്ങി ജീവനക്കാരെ നിയമിക്കാന്‍ മാനേജ്മെന്റും എന്നതാണിന്നത്തെ 'സോഷ്യലിസം'. ഈ സംവിധാനത്തിനെതിരെ ശബ്ദിക്കാന്‍ ഇന്ന് ഒരു രാഷ്ട്രീയ പാര്‍ടിക്കും ധൈര്യമില്ല എന്നതാണ്‌ സത്യം. കാരണം വോട്ട് ബാങ്കുകളായ ജാതി-മത സംഘടനകള്‍ കണ്ണുരുട്ടും എന്നതുതന്നെ. ഐയ്ഡഡ് മേഖലയില്‍ സംവരണം എന്നതു കേള്‍ക്കുന്നതുതന്നെ ഇക്കൂട്ടര്‍ക്ക് ചതുര്‍ത്ഥിയാണ്‌. ഈ അനീതിക്കെതിരെ നിരന്തര പോരാട്ടങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. പോസ്റ്റിന്‌ അഭിനന്ദനങ്ങള്‍.

    ReplyDelete
  4. പ്രതികരണത്തിനു നന്ദി ഫസല്‍ ,സുശീല്‍കുമാര്‍.

    ReplyDelete