Saturday, January 30, 2010

‘അവകാശ പ്രഖ്യാപന’ത്തിലൂടെ മറനീക്കുന്ന സംഘ് പരിവാര്‍ അജണ്ഡ




മുഖവുര:
ശ്രീനാരായണ ധര്‍മ പരിപാലന (എസ് എന്‍ ഡി പി)യോഗം, ശ്രീനാരായണ ഗുരുവിന്റെ ധര്‍മം തന്നെയാണോ പരിപാലിക്കുന്നതെന്ന് സംഘടനയ്ക്കകത്തും പുറ ത്തും പലരും സംശയം ഉന്നയിച്ചുകേട്ടിട്ടുണ്ട്.ജാതി ചോദിക്കരുതെന്ന് ഉപദേശിച്ച ഗുരുവിന്റെ അനുയായികള്‍ എപ്പോഴും ജാതി മാത്രമാണു പറയുന്നതെന്നതാണു പുറ ത്തുള്ളവരുടെ മുഖ്യ ആരോപണം. എന്നാല്‍ എസ് എന്‍ ഡി പി, മതദ്വേഷം ഉണ്ടാക്കുന്ന സംഘടനയാണെന്ന ആരോപണം ആരും ഇതുവരെ ഉന്നയിച്ചു കേട്ടിട്ടില്ല. പക്ഷേ ‘പകരക്കാ‍രനില്ലാത്ത അമരക്കാരന്റെ’ അപ്രമാദിത്വം സംഘടനയില്‍ സ്ഥാപിതമായതോടെ,ഇക്കാലമത്രയും, ദുര്‍ബലമായാണെങ്കിലും, ജാതിവ്യവസ്ഥി തിക്കെതിരെയും സവര്‍ണമേധാവിത്വത്തെപ്പറ്റിയും വിമര്‍ശനമുന്നയിച്ചിരുന്ന എസ് എന്‍ ഡി പി യോഗം,അതെല്ലാം ഏതാണ്ട് നിര്‍ത്തുകയും തങ്ങളുടെ വിമര്‍ശനത്തി ന്റെ കുന്തമുന,‘സംഘടിത മതശക്തികള്‍’ക്കെതിരെ തിരിച്ചുവയ്ക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ആ ആരോപണവും ഇനിമുതല്‍ എസ് എന്‍ ഡി പിയ്ക്കെതിരെ ഉന്ന യിക്കാമെന്നായിരിക്കുന്നു.ഈ ‘മതദ്വേഷ’ത്തിന്റെ അനന്തര ഫലമെന്നോണം നിവ ര്‍ത്തന പ്രക്ഷോഭ കാലത്തെ ഈഴവ-മുസ്ലിം-ക്രൈസ്തവ സഖ്യത്തെ, ‘നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹിന്ദുക്കളു’ടെ ഐക്യം, നായര്‍-ഈഴവ ഐക്യം’എന്നീ അസംബന്ധങ്ങളാല്‍ പ്രതിസ്ഥാപിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഒരിക്കല്‍ക്കൂടി[ആര്‍ ശങ്ക റിന്റെ കാലത്തെ 'ഹിന്ദുമഹാമണ്ഡലം' ഓര്‍ക്കുക]ആരംഭിക്കപ്പെട്ടു. മാത്രമല്ല, ‘ന്യൂന പക്ഷ പ്രീണന’ത്തിനെതിരായും ‘ഭൂരിപക്ഷ സമുദായങ്ങള്‍’ നേരിടുന്ന അവഗണനക്കെതിരെയും ഉള്ള വായ്ത്താരികള്‍ സംഘടനയ്ക്കകത്തും പുറത്തും പ്രചരിപ്പിക്കപ്പെ ടാന്‍ തുടങ്ങി.അങ്ങനെ സംഘ് പരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന പല വാദങ്ങളും അതേരീതിയിലോ കൂടുതല്‍ ശക്തമായോ എസ് എന്‍ ഡി പി യും ഉയര്‍ ത്തുന്നത് നാം കാണാന്‍ തുടങ്ങി. ശിവസേന മുതലായ തീവ്രഹിന്ദുത്വ ഫാഷിസ്റ്റ് സംഘടനകളുമായി ചങ്ങാത്തം കൂടുന്നതും ഹിന്ദുത്വ സംഘടനകള്‍ സംഘടിപ്പിക്കു ന്ന പരിപാടികളിലെ പങ്കാളിത്തവുമെല്ലാം യോഗം ഭാരവാഹികളെ സംബന്ധിച്ച് സാധാരണ കാര്യങ്ങളായി.
ഈ പശ്ചാത്തലത്തില്‍,ഇന്ന്( 2010 ജനുവരി മാസം 22ന്) കൊച്ചി നഗരത്തില്‍ നടക്കുന്ന യോഗത്തിന്റെ നാലാം അവകാശ പ്രഖ്യാപന സമ്മേളന ത്തില്‍ അവതരിപ്പിക്കുന്ന കരടിലെ ‘ന്യൂനപക്ഷ’(വിശേഷിച്ചും മുസ്ലിം)വിരുദ്ധ പരാ മര്‍ശങ്ങളില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ല.അതിലേക്കു കടക്കുന്നതിനു മുന്‍പായി എസ് എന്‍ ഡി പി യോഗം ഇതിനുമുന്‍പ് സംഘടിപ്പിച്ച അവകാശപ്രഖ്യാപനങ്ങളെക്കുറിച്ചും മുന്‍കാല നിലപാടുകളെക്കുറിച്ചും സൂചിപ്പിക്കേണ്ടതുണ്ട്.
അവകാശ പ്രഖ്യാപനങ്ങള്‍:
1945ല്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ കൊച്ചി എസ് എന്‍ ഡി പി നടത്തിയതായിരുന്നു യോഗത്തിന്റെ ആദ്യത്തെ അവകാശ പ്രഖ്യാപന സമ്മേളനം; രണ്ടാമത്തേത് 1980 ഡിസംബറില്‍ പ്രഫെ.പി എസ് വേലായുധന്‍ പ്രസിഡന്റും ഏ എസ് പ്രതാപ്‌സിങ് ജനറല്‍ സെക്രറ്ററിയുമായിരിക്കെ നടത്തിയതും. മൂന്നാം സമ്മേളനമാകട്ടെ, വെള്ളാപ്പള്ളി നടേശന്‍ തന്നെ ജനറല്‍ സെക്രറ്ററിയായിരിക്കെ 2001 മാര്‍ച്ച് 10 ന് എറണാകുളത്ത് (കൊച്ചിയില്‍) നടത്തിയതാണ്. ഈ സമ്മേളനങ്ങളുടെയെല്ലാം ലക്ഷ്യം ‘യോഗം പിറന്നുവീണ 1903 മുതല്‍ ആവര്‍ത്തിച്ച് ആവ ശ്യപ്പെട്ടുപോന്നിട്ടുള്ള’ സാമൂഹിക നീതിയുടെ സംസ്ഥാപനമാണ്. ‘സാമുഹിക നീതിയെന്നാല്‍ ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ സമുദായനീതി തന്നെ’യാണെന്ന് യോഗം നേതൃത്വം പലകുറി സ്പഷ്ടമാക്കിയിട്ടുമുണ്ട്.ഈ സമുദായ നീതി നേടാന്‍ ഇക്കണ്ട കാലമത്രയും യോഗത്തിനോ സമുദായത്തിനോ കഴിഞ്ഞില്ല എന്നാണല്ലോ വീണ്ടും വീണ്ടും ഇങ്ങനെ അവകാശ പ്രഖ്യാപനം നടത്താന്‍ സംഘടനയെ പ്രേരിപ്പിക്കു ന്നത്! എന്നാല്‍, എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കാന്‍,ദൌര്‍ഭാഗ്യവശാല്‍  പ്രമേയം തുനിയുന്നില്ല. കഴിഞ്ഞ തവണ പ്രമേയം അവതരിപ്പിച്ച് ഗംഭീര റാലിയും നടത്തി സമുദായാംഗങ്ങള്‍ വീട്ടില്‍പ്പോയിരുന്നതല്ലാതെ ആ പ്രമേയത്തിലെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ യോഗം എന്തെങ്കിലും മൂര്‍ത്തമായി ചെയ്തോ എന്നും  പ്രമേയത്തില്‍ സൂചിപ്പി ക്കുന്നില്ല. ഓരോ തിരഞ്ഞെടുപ്പു വരുമ്പോഴും യോഗം ജനറല്‍ സെക്രറ്ററിയെക്കാ ണാന്‍ തിക്കിത്തിരക്കി വരുന്ന രാഷ്ട്രീയ നേതാക്കളോട് യോഗത്തിന്റെ ഈ ഡിമാന്‍ ഡുകള്‍, യോഗത്തിന്റെ ‘അമരക്കാരന്‍’ പറയാറുണ്ടായിരുന്നോ എന്ന കാര്യത്തിലും പ്രമേയം യാതൊരു സൂചനയും നല്‍കുന്നില്ല.

കഴിഞ്ഞ അവകാശ പ്രഖ്യാപന സമ്മേളനത്തില്‍ അവതരിപ്പിച്ച ഡിമാന്‍ ഡുകള്‍ പ്രധാനമായും അഞ്ചിനത്തില്‍പ്പെട്ട അവകാശങ്ങളായിരുന്നു: എന്നെത്തേയും പോലെ ‘കാര്‍ഷിക-വ്യാവസായിക-വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ’ അവകാശങ്ങള്‍. ഇപ്പോഴത്തെ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന അവകാശ രേഖയും കഴിഞ്ഞതവണത്തേതും തമ്മില്‍ കാര്യമായ വ്യത്യാസം ഒന്നും തന്നെയില്ല. അഥവാ ആ പ്രമേയത്തിന്റെ ഒരു ഇച്ചയടിച്ചാന്‍ കോപ്പിയാണ് ഇപ്രാവശ്യത്തെ പ്രമേയം. ഉള്ള പ്രധാന വ്യത്യാസം, ഈഴവരുടെ പരാധീനതയുടെ മുഖ്യ കാരണക്കാരായി-അഥവാ ശത്രു സമുദായങ്ങളായി- ‘ന്യൂനപക്ഷങ്ങളെ’ [ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും] പ്രതിസ്ഥാപിച്ചു എന്നതാണ്.ഇപ്രാവശ്യത്തെ കരടിലും ഈഴവ/ തീയ്യ സമുദായത്തിന്റെ കാര്‍ഷിക- വ്യാവസായിക-വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ അവകാശങ്ങള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. വിദ്യാഭ്യാസ-രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍, വിശേഷിച്ച് ജുഡീഷ്യറിയില്‍ കേരളത്തിലെ ഇതര സമുദായങ്ങളുമായി താരതമ്യം ചെയ്ത് ഈഴവ സമുദായത്തിന്റെ പരാധീനതകളുടെ കണക്കുകള്‍ പട്ടികകളായി നല്‍കിയിട്ടുമുണ്ട്.
വെള്ളാപ്പള്ളിയുടെ മാറ്റം(?)
വെള്ളാപ്പള്ളി, യോഗം ജനറല്‍ സെക്രറ്ററി ആയ ആദ്യകാലത്ത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ആശയും ആവേശവും ഉണര്‍ത്തിയ പല നിലപാടുകളും എടുത്തിട്ടുണ്ട്. അക്കാലത്ത് ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ കടുത്ത ജാതിവാദിയായാണ് അദ്ദേഹത്തെ ചിത്രീകരിച്ചിരുന്നത്;ഇന്നും ഈഴവേതര സമുദായങ്ങള്‍ വെള്ളാപ്പള്ളിയെ കാണുന്നത് ‘ജാതിവാദി’ ആയാണ്.എന്നാല്‍,നാഴികയ്ക്കു നാല്‍പ്പതുവട്ടം നായന്മാരുടെ കാര്യം മാത്രം പറയുന്ന നാരായണപ്പണിക്കരെയോ സുകുമാരന്‍ നായരെയോ ഒരാളും അങ്ങനെ ചിത്രീകരിക്കാറില്ലെന്നോര്‍ക്കണം. ‘പരിണത പ്രജ്ഞന്‍’ എന്നേ പണിക്കരെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കൂ.സംഘ് പരിവാര്‍ ചുക്കാന്‍ പിടിച്ച് ‘ശിവഗിരിയ്ക്കു മേല്‍ തീമേഘങ്ങള്‍’ ഉരുണ്ടുകൂട്ടിയപ്പോള്‍ അവരുടെ ഹിഡന്‍ അജണ്ഡയ്ക്കെതിരെ അതിശക്തമായി നിലകൊണ്ട സ്വാമി ശാശ്വതീകാനന്ദ, മരണം(കൊലപാതകം?)വരെ വെള്ളാപ്പള്ളിയുടെ ഉപദേഷ്ടാവായുണ്ടായിരുന്നത് വെള്ളാപ്പള്ളിയേയും ഗുരുവിന്റെ ‘മതാതീത’ ആത്മീയതയുടെ പ്രചാരകനാക്കിയിരുന്നു അക്കാലത്ത്.സഹോദരന്‍ അയ്യപ്പന്‍ ഉയര്‍ത്തിപ്പിടിച്ച ബ്രാഹ്മണ്യ വിരുദ്ധ ആശയങ്ങളാണ് അന്നാളുകളില്‍ വെള്ളാപ്പള്ളിയുടെ തൂലികയിലൂടെ ഉതിര്‍ന്നിരുന്നത്. ഒരു ഗുരു സമാധിനാള്‍ വെള്ളാപ്പള്ളി, ‘കേരളകൌമുദി’യില്‍ എഴുതിയ ഒരു ലേഖനം അതിനു തെളിവാണ് . അദ്ദേഹം തന്നെയാണ് അത് എഴുതിയതെന്ന് ഇന്നാരും വിശ്വസിക്കില്ല.അത്രകണ്ട് വെള്ളാപ്പള്ളി മാറിയിരിക്കുന്നു[അതല്ലെങ്കില്‍, അന്ന് ആ ലേഖനം വെള്ളാപ്പള്ളിയുടെ പേരില്‍ മറ്റാരോ എഴുതിയതായിരിക്കണം.] സംശയമുള്ളവര്‍ ആ ലേഖനത്തില്‍ നിന്നുള്ള ഈ ഭാഗം വായിച്ചുനോക്കുക:
“ജാതിവ്യവസ്ഥയുടെ അടിവേരുകള്‍ ‘ഹിന്ദു’ ദൈവങ്ങളിലും ഹിന്ദുമതത്തിലും ആണ് ആഴത്തില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. ജാതിവ്യവസ്ഥയെ അപകടകാരിയാക്കിയിരിക്കുന്നത്,ഹിന്ദു ദൈവങ്ങളും ഹിന്ദുമതവുമായിട്ടുള്ള ഗാഢബന്ധമാണ്. ഹിന്ദുപ്രമാണങ്ങളാണ് ജാതിവ്യവസ്ഥയെ സൃഷ്ടിച്ചിരിക്കുന്നതും നിലനിര്‍ത്തിയിരി ക്കുന്നതും…………………..പാലും വെള്ളവും പോലെയാണ്,ഹിന്ദുമതവും ജാതിവ്യവ സ്ഥയും.രണ്ടിനേയും വേര്‍തിരിച്ചെടുക്കാനാകുകയില്ല. ജാതിക്കെതിരായ പോരാട്ട ങ്ങള്‍ ഹിന്ദുധര്‍മത്തിനെതിരായ നിലപാടുകളാക്കേണ്ട സാമുഹിക -ദാര്‍ശനിക സാഹചര്യങ്ങളാണ് ഇന്നും ഭാരതത്തിലുള്ളത്……….” ഇതെഴുതിയത് കേവലം 11 കൊല്ലങ്ങള്‍ക്കു മുന്‍പാണ് ; 1998 സെപ്റ്റംബര്‍ 21ന്. ഒരു ദശാബ്ദമായ പ്പോഴേക്കും ആ ‘സാമുഹിക-ദാര്‍ശനിക സാഹചര്യങ്ങള്‍’ മാറിയെന്നാണോ വെള്ളാപ്പള്ളി പറയുന്നത്?എങ്കില്‍ എങ്ങനെ/ഏതുരീതിയില്‍ അതു മാറി എന്നു കൂടി അദ്ദേഹം സ്പഷ്ടമാക്കേണ്ടതാണ് .
വെള്ളാപ്പള്ളി മേല്‍പ്പറഞ്ഞ നിലപാട് എടുത്ത കാലത്ത്, ദലിത്-ബഹുജന്‍ സമുദായങ്ങള്‍ ശക്തനായ ഒരു ലീഡറിനെയാണു വെള്ളാപ്പള്ളിയില്‍ കണ്ടിരുന്നത് .എന്നാല്‍,പിന്നീട് അദ്ദേഹത്തിന്റെ നിലപാടുകളില്‍ പ്രകടമായ മാറ്റങ്ങള്‍ വരുകയുണ്ടായി.ദലിത്-പിന്നാക്ക ഐക്യം എന്ന യോഗത്തിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്ന് മാറി ‘നായര്‍-ഈഴവ ഐക്യ’ത്തിന്റെയും ‘ഹിന്ദു ഐക്യ’ത്തിന്റെയും വക്താവായി വെള്ളാപ്പള്ളി സ്വയം പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആര്‍ എസ് എസ്സിന്റെയും വെള്ളാപ്പള്ളിയുടെയും ശബ്ദം പലപ്പോഴും ഒന്നായി. നരേന്ദ്രന്‍ കമീഷന്‍, മത പരിവര്‍ത്തനം,സച്ചാര്‍ സമിതി,ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്,ലൌ ജിഹാദ് മുതലായ വിഷയങ്ങളില്‍ സംഘ് പരിവാര്‍ ആരോപണങ്ങള്‍ അതേപടി വെള്ളാപ്പള്ളി (കേരള കൌമുദിയും) ആവര്‍ത്തിക്കയും, ഈഴവര്‍ കഴിഞ്ഞാല്‍ കേരളത്തിലെ പ്രബല പിന്നാക്ക സമുദായമായ മുസ്ലിങ്ങളെ ശത്രുപക്ഷത്താക്കയും ചെയ്തു;ബോധമുള്ള സമുദായ നേതൃത്വം ഉള്ളതിനാല്‍ മുസ്ലിങ്ങള്‍ അങ്ങനെ ആയിട്ടില്ലെങ്കിലും.
അങ്ങനെ , കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക- കാര്‍ഷിക-ബാങ്കിങ്-ഉദ്യോഗസ്ഥ-കലാസാഹിത്യ മേഖലകളില്‍ ആധിപത്യം പുലര്‍ത്തുന്ന സുറിയാനി -നായര്‍ മേധാവിത്വത്തെ ചോദ്യംചെയ്യുന്ന നിലപാടില്‍ നിന്ന് എസ് എന്‍ ഡി പി മാറുകയും, ‘സംഘടിത മത ശക്തികള്‍’ എന്ന ലേബലില്‍ പിന്നാക്ക സമുദായക്കാരായ ലത്തീന്‍ ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും അനാവശ്യമായി വിമര്‍ശിക്കാന്‍ ആരംഭിക്കയും ചെയ്തു.ഉദ്യോഗസ്ഥ-രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട പ്രാതിനിധ്യം മുസ്ലിങ്ങള്‍ക്കും ലത്തീന്‍ ക്രൈസ്തവര്‍ക്കും കിട്ടിയിട്ടില്ലെന്ന് വെള്ളാപ്പള്ളി ഇപ്പോള്‍ അവതരിപ്പിച്ച കണക്കുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍-സര്‍ക്കാതിര രേഖകളും കമീഷനുകളും സുതരാം വ്യക്തമാക്കിയിട്ടും, ഈഴവരുടെയും മറ്റും പരാധീനതയ്ക്കു കാരണക്കാരായി ഈ രണ്ടു സമുദായങ്ങളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി അവരുടെ ന്യായമായ അവകാശങ്ങള്‍ക്കെതിരെപ്പോലും, വര്‍ഗീയത ഇളക്കിവിടുന്ന മട്ടില്‍ എസ് എന്‍ ഡി പി യോഗം പ്രചാരണം തുടങ്ങുകയും ചെയ്തു.
സംവരണ ചരിത്രം:
ഈഴവ-മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ സംയുക്തമായി നടത്തിയ ‘നിവര്‍ ത്തന പ്രക്ഷോഭം’ എന്ന മഹത്തായ പൌരാവകാശ സമരത്തിന്റെ ഫലമായാണ് തിരുവിതാംകൂറില്‍ 1935 മുതല്‍ ഈഴവരാദികള്‍ക്ക് ഉദ്യോഗ സംവരണം ലഭിച്ചു തുടങ്ങിയത്.കൊച്ചിയില്‍ സഹോദരന്‍ അയ്യപ്പന്റെ നിരന്തര പരിശ്രമം മൂലം,1936-ല്‍ സംവരണാടിസ്ഥാനത്തില്‍ ഉദ്യോഗ നിയമനം ആരംഭിച്ചു. മദിരാശി പ്രവിശ്യ യുടെ ഭാഗമായിരുന്ന മലബാറിലാണെങ്കില്‍ 1921 മുതലേ ഈ അവകാശം അവര്‍ണ സമുദായങ്ങള്‍ക്കു ലഭ്യമായിരുന്നു. അതായത്, കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനുമുന്‍പേതന്നെ, ഈഴവര്‍ക്കും മറ്റു പിന്നാക്ക സമുദായങ്ങള്‍ക്കും ഇന്നാട്ടിലെ ഭരണാധികാരത്തില്‍ പങ്കാളിത്തം(സംവരണം) നല്‍കാന്‍ വ്യവസ്ഥയുണ്ടായിരുന്നു എന്നര്‍ഥം. എന്നാല്‍ ഈ അവകാശം ജനസംഖ്യാനുപാതികമായി വര്‍ധിപ്പിക്കാനോ ഉള്ള അവകാശം അതേപടി സംരക്ഷിക്കാന്‍ പോലുമോ പില്‍ക്കാല പിന്നാക്ക സമുദായ നേതൃത്വങ്ങള്‍ക്കു കഴിഞ്ഞില്ല.അര നൂറ്റാണ്ടായപ്പോഴേക്കും ക്രീമിലേയര്‍ വ്യവസ്ഥ ഏര്‍പ്പെടുത്തി സംവരണത്തെ പരിമിതപ്പെടു ത്തുന്നതാണു പിന്നീടു നാം കാണുന്നത്.
കഴിഞ്ഞ 50 വര്‍ഷത്തിലധികമായി കേരള പി എസ് സി നടത്തിക്കൊണ്ടിരിക്കുന്ന സംവരണ സമുദായ മെറിറ്റ് അട്ടിമറി പ്രശ്നം നോക്കുക. ഇതില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുന്നത് ഈഴവ-തിയ്യ സമുദായത്തിനാണെന്ന് എല്ലാ പഠനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടാവാം രേഖയില്‍ ഇങ്ങനെ യോഗം എഴുതിച്ചേര്‍ത്തത്:”പി എസ് സി തയ്യാറാക്കുന്ന നിയമന റാങ്ക് ലിസ്റ്റില്‍ 50% മെറിറ്റും 50% റിസര്‍വേഷനുമായിരിക്കണമെന്ന ഹൈക്കോടതിയുടെ തീരുമാനം സംവരണ സമുദായങ്ങള്‍ക്ക് ഗുണപ്രദമായിരുന്നു.കേരളാ ഗവണ്മെന്റിന് കെ എസ് എസ് ആര്‍ ചട്ടത്തിലെ റൂള്‍ 14 ഭേദഗതി ചെയ്ത് ഇത് നടപ്പിലാക്കുകയും ചെയ്യാമായിരുന്നു.എന്നാല്‍ സവര്‍ണ താത്പര്യ സംരക്ഷകരായ പി എസ് സി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി,ഹൈക്കോടതി വിധി അസ്ഥിരപ്പെടുത്തുകയാണുണ്ടായത്. ഇത് സംവരണ സമുദായങ്ങളോട് കാണിച്ച അനീതിയാണ്.”എന്നാല്‍, ഈ പ്രശ്നം പരിഹരിക്കാനായി ഒരു ചെറുവിരല്‍ പോലും എസ് എന്‍ ഡി പി യോഗ നേതൃത്വം അനക്കിയിട്ടില്ലെന്നു മാത്രമല്ല, ആ വിഷയം ശരിയാംവണ്ണം മനസ്സിലാക്കാന്‍ പോലും അവര്‍ ശ്രമിച്ചിട്ടില്ല എന്നതാണു വാസ്തവം. എന്നുമാത്രമല്ല,പ്രസ്തുത കേസില്‍ സുപ്രീം കോടതിയില്‍ വരെ പോയി ലക്ഷക്കണക്കിനു രൂപ ചെലവാക്കി കേസ് വാദിച്ചത് ‘ന്യൂനപക്ഷങ്ങളാ’യ മുസ്ലിങ്ങളാണെന്ന വസ്തുത മറച്ചുവച്ചുകൊണ്ട്, “സംഘടിത ന്യൂനപക്ഷ വോട്ടുബാങ്കുകളെ ഭയന്ന് ഇതി നെതിരെ ശബ്ദിക്കുവാന്‍ ഭരണപക്ഷവും പ്രതിപക്ഷവും തയ്യാറായില്ല”എന്ന വങ്കത്തരം എഴുതിച്ചേര്‍ത്ത്, അവിടെയും ‘ന്യൂനപക്ഷ’ത്തിനിട്ട് കൊട്ടി സ്വയം അപഹാസ്യരാകുകയും ചെയ്യുന്നു. അങ്ങനെ, ഭരണ-പ്രതിപക്ഷങ്ങള്‍,യഥാര്‍ഥത്തില്‍ ഈ കേസില്‍ എന്‍ എസ് എസ്സിനെ പ്രീണിപ്പിക്കാനാണു ശ്രമിച്ചതെന്ന സത്യം ഭംഗിയായി മൂടി വയ്ക്കുന്നു.
ജയിക്കാന്‍ കഴിയാത്ത സമരങ്ങള്‍:
വെള്ളാപ്പള്ളി നേതൃത്വത്തില്‍ വന്നതിനുശേഷം സമുദായത്തെ പ്രത്യക്ഷ ത്തില്‍ത്തന്നെ ബാധിക്കുന്ന നിരവധി വിഷയങ്ങളില്‍ ഇടപെട്ടു സമരങ്ങളും മറ്റും നടത്തിയിട്ടുണ്ട്. അതിലൊന്നില്‍പ്പോലും ഒരു വിജയവും നേടാന്‍ യോഗത്തിന്നായില്ല എന്ന യാഥാര്‍ഥ്യം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്: ജസ്റ്റിസ് ജോസഫ് കമീഷനു കള്ളക്കണക്കു കൊടുത്ത സംഭവത്തില്‍ കുറ്റക്കാരനെന്ന് ആക്ഷേപ മുണ്ടായ അന്നത്തെ പി എസ് സി ചെയര്‍മാനെതിരെ എസ് എന്‍ ഡി പി നടത്തിയ പ്രക്ഷോഭം എവിടെയുമെത്തിയില്ല.മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശനവിഷയത്തില്‍ അട്ടിമറി നടത്തിയവരെന്ന് നിയമസഭാ സമിതി തന്നെ ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുപ്പിക്കാന്‍ യോഗത്തിന്നായില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വയലാര്‍ രവിയുടെ ചെറുമകന്റെ ചോറൂണ് വിഷയ ത്തില്‍ ‘മനുഷ്യാവകാശ ലംഘനം’ നടത്തിയ ഗുരുവായൂര്‍ തന്ത്രിക്കെതിരെ നടത്തി യ പ്രക്ഷോഭത്തിന്റെ കഥയും തഥൈവ.ബാങ്കിങ് വ്യവസായം തുടങ്ങാനുള്ള ശ്രമം പരാജയപ്പെട്ടു.എയ്ഡഡ് സ്കൂള്‍ നിയമനം പി എസ് സി വഴിയാക്കണമെന്ന ആവശ്യം ഉന്നയിച്ചതല്ലാതെ അതിനുവേണ്ടി ഒരു പ്രക്ഷോഭം സമാന ആശയഗതി ക്കാരെ ചേര്‍ത്തോ അല്ലാതെയോ നടത്തിയില്ല.കേരളത്തിലെ ഒരു തിരഞ്ഞെടുപ്പിലും ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനോ തോല്‍പ്പിക്കാനോ എസ് എന്‍ ഡി പി യോഗത്തിനു കഴിയാറില്ല. വെള്ളാപ്പള്ളി ജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നരെ വന്‍ ഭൂരിപക്ഷത്തോടെ തോല്‍പ്പിക്കയും തോല്‍പ്പിക്കാന്‍ പറയുന്നവരെ ഭംഗിയായി ജയിപ്പിക്കയും ചെയ്യുകയായിരുന്നു ഈഴവരുള്‍പ്പെടെയുള്ള ജനങ്ങള്‍,പല ഇലക്ഷനിലും.(അതുകൊണ്ടാവണം പരസ്യ ആഹ്വാനം ഇപ്പോള്‍ നിര്‍ത്തിയത്‌).ഒരു വോട്ട് ബാങ്ക് ഇല്ലാത്ത ഏക സമുദായം ഈഴവരാണെന്നു പറയുന്നത് അതുകൊണ്ടാണ്.*
സവര്‍ണരെ ഭയം?
ശബരിമല,ഗുരുവായൂര്‍ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെയും തന്ത്രിമാരെയും അവര്‍ണരില്‍ നിന്നും തിരഞ്ഞെടുക്കണമെന്ന് വളരെ ദുര്‍ബലമായി ആവശ്യപ്പെടുന്നതല്ലാതെ അതിനുവേണ്ടി ഒരു പ്രക്ഷോഭം നടത്താന്‍ യോഗ നേതൃത്വം തയ്യാറല്ല. മലയാലപ്പുഴെ,കടുങ്ങല്ലൂര്‍ മുതലായ ക്ഷേത്രങ്ങളിലും മറ്റ് നിരവധി സവര്‍ണ(ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ ഫലത്തില്‍ സവര്‍ണ ക്ഷേത്രങ്ങള്‍ തന്നെ) ക്ഷേത്രങ്ങളിലും ഈഴവര്‍ അപമാ‍നം നേരിട്ടിട്ടും ‘പാവപ്പെട്ട’ നമ്പുതിരിമാരെപ്രതി കണ്ണീരൊഴുക്കയാണു യോഗം ഭാരവാഹികളും അണികളും. കുനിയന്തോറും തൊഴി കിട്ടിയിട്ടും വീണ്ടും വീണ്ടും തമ്പ്രാക്കളെ തൊഴാനും വീണ്ടും വീണ്ടും അവരുടെ തൊഴി വാങ്ങാനും ആണ് നേതൃത്വത്തിനും അണികള്‍ക്കും താ‍ത്പര്യം. ഈഴവരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളില്‍ ഈ നമ്പൂതിരിമാരെ വിളിച്ച് ഭാഗ വത സപ്താഹവും മറ്റു കുണ്ടാമണ്ടികളും നടത്തുന്നതിനാണ് ഇന്നത്തെ എസ് എന്‍ ഡി പി യോഗം ഭാരവാഹികളുടെ ഉത്സാഹം.ഈഴവരുടെ കുടുംബയോഗങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന ‘ശ്രീനാരായണഗുരുദേവനാ’ണെങ്കില്‍ മുതുകാടിനെയും വെല്ലുന്ന ഒരു മെജീഷ്യനാണ്.ചെടിപ്പില്ലാതെ ഗുരുവിന്റെ ചരിത്രവും പ്രവര്‍ത്തനങ്ങളും ഈഴവരല്ലാത്തവര്‍ക്കു വായിക്കാനായി,പി കെ ബാലകൃഷ് ണന്റെ ‘നാരായണഗുരു’ പോലെ അപൂര്‍വം ഗ്രന്ഥങ്ങളേയുള്ളൂ.അതാകട്ടെ ഈഴവര്‍ പൊതുവില്‍ വായിക്കാത്ത/കാണാത്ത ഗ്രന്ഥവുമാണ്.
ശരിക്കും പറഞ്ഞാല്‍ എസ് എന്‍ ഡി പി ഭാരവാഹികള്‍ക്ക് സവര്‍ണരെയും അവരുടെ ദൈവങ്ങളെയും അങ്ങേയറ്റത്തെ ഭയമാണ്. ബ്രാഹ്മണരുടെ മന്ത്രങ്ങളിലും തന്ത്രങ്ങളിലും ഗ്രന്ഥങ്ങളിലും ക്ഷേത്രങ്ങളിലും ഉള്ള അന്ധമായ വിശ്വാസമാണ് ഈ ഭയത്തിന്റെ/ഭക്തിയുടെ അടിസ്ഥാനം.ആ ഭയവും ഭക്തിയും നിലനിര്‍ത്തുന്നതിലും പുതിയ ഭക്തിയും വിശ്വാസവും ഉണ്ടാക്കുന്നതിലും മാധ്യമങ്ങള്‍ അങ്ങേയറ്റം ജാഗരൂകരുമാണ്. അതുകൊണ്ടാണ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചും ആള്‍ദൈവങ്ങളെ വണങ്ങിയും തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഇക്കൂട്ടര്‍ കരുതുന്നത്. അത്തരക്കാര്‍ ക്ഷേത്രങ്ങളുടെ പരിപാലകരും പുരോഹിതരുമായ നായര്‍-നമ്പൂതിരി വിഭാഗക്കാരോട് ആദരവും ഭക്തിയും പുലര്‍ത്തുന്നത് സ്വാഭാവികവുമാണ്.തിരുപ്പതിയില്‍ പോയി മൊട്ടയടിച്ച് തന്റെയും കുടുംബത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതാവു ശ്രമിക്കുമ്പോള്‍,അണികള്‍ ,ശബരിമല മുതല്‍ മാതാ അമൃതാനന്ദമയീ മഠം വരെ നിരങ്ങി അതിന്നായി ശ്രമിക്കുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ.വിധിവിശ്വാസികളായ ഇത്തരക്കാര്‍, അവകാശ പ്രഖ്യാപനത്തിലെ ഡിമാന്‍ഡുകള്‍ നേടിയെടുത്താലേ തങ്ങളനുഭവിക്കുന്ന വ്യക്തിപരവും സാമുഹികവും ആയ പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ എന്ന് എങ്ങനെ കരുതാനാണ്?

കണക്കും പറച്ചിലും
അവകാശ പ്രഖ്യാപന രേഖയില്‍ കൊടുത്തിരിക്കുന്ന കണക്കുകളും അതിലെ പറച്ചിലും തമ്മില്‍ പ്രകടമായ പൊരുത്തക്കേടുണ്ട്. എന്നാല്‍ മുഖ്യധാരാ മാധ്യ മങ്ങള്‍ വളര്‍ത്തി വികസിപ്പിച്ച ‘ന്യൂനപക്ഷ’ വിരോധം സ്വാംശീകരിച്ചിട്ടുള്ളതു കൊണ്ട് അണികള്‍ ആ പൊരുത്തക്കേട് കാണാനോ ,കണ്ടാല്‍ത്തന്നെ അതു ചൂണ്ടിക്കാണിക്കാനോ സാധ്യതയില്ല.ആ പൊരുത്തക്കേട് മനസ്സിലാക്കിയാലേ എസ് എന്‍ ഡി പി യോഗം കെട്ടിപ്പൊക്കിയിരിക്കുന്ന ‘ന്യൂനപക്ഷ’(മുസ്ലിം എന്നു വായിക്കുക)വിരോധത്തിന്റെ പൊള്ളത്തരം പിടികിട്ടൂ. അവകാശ പ്രഖ്യാപന രേഖയിലെ പട്ടികകള്‍ പ്രകാരം കേരള ത്തിലെ വിവിധ സമുദായങ്ങളുടെ ജനസംഖ്യ ഇപ്രകാരമാണ്:

































സമുദായംജനസംഖ്യ ശതമാനത്തില്‍
ഈഴവര്‍29
നായന്മാര്‍12
മുസ്ലിങ്ങള്‍23
ക്രിസ്ത്യാനികള്‍(സുറിയാനികളും ലത്തീനും ഉള്‍പ്പെടെ)17
മറ്റുള്ളവര്‍(ദലിതര്‍,ആദിവാസികള്‍,മറ്റ് സവര്‍ണര്‍ ,മറ്റ് ഒ ബി സി കള്‍ മുതല്‍പേര്‍)19
ആകെ100

ഈ കണക്ക് എവിടെ നിന്നുകിട്ടി എന്നറിയില്ല. ജാതി തിരിച്ച് സെന്‍സസ് എടുക്കുന്ന ഏര്‍പ്പാട് ഭാരത സര്‍ക്കാര്‍ 1931നുശേഷം നിര്‍ത്തിയതിനാല്‍ സര്‍ക്കാര്‍ രേഖകളില്‍നിന്ന് ജാതിക്കണക്ക് ലഭ്യമാവില്ല. അതിനാല്‍ ഓരോ സമുദായവും അവരവര്‍ക്കു തോന്നിയമാതിരി ജനസംഖ്യാ കണക്ക് അവതരിപ്പിക്കയാണു ചെയ്യു ന്നത്. അങ്ങനെ വരുമ്പോള്‍ സ്വന്തം ജനസംഖ്യ അല്പം പെരുപ്പിച്ചുകാണിക്കുന്നതു സ്വാഭാവികം.പക്ഷേ മതം തിരിച്ചും പട്ടികജാതി-പട്ടിക വര്‍ഗം തിരിച്ചും കണക്ക് ലഭ്യമായതിനാല്‍ മുസ്ലിം,ക്രിസ്ത്യന്‍,എസ് സി-എസ്‌റ്റി കണക്കുകളില്‍ അഭ്യാസം പറ്റില്ല. എന്നാല്‍ ഇവിടെ അതിലും കള്ളത്തരം കാണിച്ചിരിക്കുന്നു. മുസ്ലിം,ക്രിസ്ത്യന്‍ ജനസംഖ്യ എസ് എന്‍ ഡി പി കുറച്ചു കാണിച്ചിരിക്കുന്നു. സെന്‍സസ് കണക്കനു സരിച്ച് കേരളത്തിലെ മുസ്ലിം ജനസംഖ്യ 24.7% ആണ്.ശാസ്ത്രസാഹിത്യ പരിഷ ത്തിന്റെ 2004 ലെ ‘കേരള പഠന’മനുസരിച്ചാണെങ്കില്‍ അത് 26.88 ശതമാന മാണ്.ക്രൈസ്തവരുടെ ജനസംഖ്യ,സെന്‍സസ് കണ ക്കനുസരിച്ച് 19.02 % വും പരിഷത്ത് പഠനമനുസരിച്ച് 18.33 %വും ആണ്.[എസ് എന്‍ ഡി പിയുടെ കണക്കിലെന്നപോലെ ലത്തീന്‍-ദലിത് ക്രൈസ്തവര്‍ എത്ര ശതമാനമാണുള്ളതെന്ന് ഈ രണ്ടുകണക്കുകളിലും ഇല്ല.] അതവിടെ നില്‍ക്കട്ടെ. എസ് എന്‍ ഡി പി നല്കിയിരിക്കുന്ന കണക്കുകള്‍ അനുസരിച്ചുതന്നെ നമുക്ക് മുസ്ലിങ്ങളുടെ പ്രാതിനിധ്യക്കണക്കുകള്‍ പരിശോധിച്ചുനോക്കാം.

മുസ്ലിങ്ങളുടെ പ്രാതിനിധ്യം:
എയ്ഡഡ് മേഖലയിലെ ആര്‍ട്സ് & സയന്‍സ് കേളെജുകള്‍ ജനസംഖ്യാ നുപാതികമായി ഈഴവര്‍ക്കു 49 ഉം മുസ്ലിങ്ങള്‍ക്ക് 39 ഉം ലഭിക്കേണ്ടതാണ്. ക്രൈസ്തവര്‍ക്കു 29 ഉം നായന്മാര്‍ക്ക് 20 ഉം മറ്റുള്ളവര്‍ക്ക് 32 ഉം ലഭിക്കണം. എന്നാല്‍ ലഭിച്ചത് ഈഴവര്‍ക്ക് 18ഉം(31കുറവ് ),മുസ്ലിങ്ങള്‍ക്ക് 39 ഉം(കൂടുതലോ കുറവോ ഇല്ല)ക്രൈസ്തവര്‍ക്ക് 47(49കൂടുതല്‍),നായന്മാര്‍ക്ക് 20(കൂടുതലോ കുറവോ ഇല്ല), മറ്റുള്ളവര്‍ക്ക് 14(18കുറവ് ) ഇങ്ങനെയാണ്. എയ്ഡഡ് മേഖലയിലെ സ്കൂളു കളുകളുടെ, സമുദായം തിരിച്ചു നല്‍കിയിട്ടുള്ള പട്ടിക അനുസരിച്ച് ക്രിസ്ത്യാനികള്‍ ക്കൊഴികെ മറ്റെല്ലാവര്‍ക്കും ജനസംഖ്യ പ്രകാരം കിട്ടേണ്ടതിനേക്കാള്‍ കുറവാണു ലഭിച്ചിരിക്കുന്നത്.ഏറ്റവും കുറവ് ഈഴവര്‍ക്കുതന്നെ. ക്രൈസ്തവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ ലഭിച്ചതിന്റെ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവും ആയ കാരണങ്ങള്‍,വിശേഷിച്ച് മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും ബ്രിട്ടീഷ് ഭരണം വഹിച്ച പങ്കും വിശകലനം ചെയ്യാതെ ഏകപക്ഷീയമായി ഈ വിഷയ ത്തെ സമീപിക്കുന്നതില്‍ പിശകുണ്ടെങ്കിലും, മാറിമാറിവരുന്ന ഭരണകൂടങ്ങളിലെ പ്രാതിനിധ്യം ഉപയോഗിച്ച് സുറിയാനി ക്രൈസ്തവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വളരെയധികം വര്‍ധിപ്പിച്ചിട്ടുണ്ടെന്നതു വസ്തുതയാണ് .എന്നാല്‍ മുസ്ലിങ്ങ ളുടെ കാര്യം അങ്ങനെയല്ല;വിശേഷിച്ച് മലബാറില്‍.
രാഷ്ട്രീയ പ്രാതിനിധ്യം:
‘രാഷ്ട്രീയാധികാരം ഇല്ലായ്മയാണ് അവസരസമത്വത്തിലുള്ള പ്രധാന പ്രതി ബന്ധം’ എന്ന വാക്യമുള്ള,1945ലെ ആദ്യ അവകാശപ്രഖ്യാപനം ഈ രേഖയിലും എസ് എന്‍ ഡി പി എടുത്തുചേര്‍ത്തിട്ടുണ്ട്. ഒപ്പം, രാഷ്ട്രിയാധികാരത്തില്‍ വിവിധ സമുദായങ്ങള്‍ക്കുള്ള പ്രാതിനിധ്യത്തിന്റെ കണക്കുകളും നല്‍കിയിട്ടുണ്ട്. അതു പ്രകാരം കേരള നിയമസഭയില്‍ ഈഴവര്‍, നായന്മാര്‍,ക്രിസ്ത്യാനികള്‍, മുസ്ലിങ്ങള്‍, മറ്റുള്ളവര്‍ ഇവര്‍ക്ക് ജനസംഖ്യാനുപാതികമായി കിട്ടേണ്ട എം എല്‍ എ മാരുടെ എണ്ണം യഥാക്രമം ഇപ്രകാരമാണ്: 41,17,23,32,27. എന്നാല്‍ ലഭിച്ചത് 30,30,29, 26,25 ഇങ്ങനെയും. നായന്മാര്‍ക്കും ക്രൈസ്തവര്‍ക്കും കൂടുതല്‍ ലഭിച്ചിരിക്കുന്നു; നായര്‍ക്ക് 13 എണ്ണവും ക്രിസ്ത്യാനിയ്ക്ക് 7 എണ്ണവും. എന്നാല്‍, 6 പേര്‍ കുറവുള്ള മുസ്ലിമിനെയും 7 എണ്ണം കൂടുതലുള്ള (സുറിയാനി) ക്രിസ്ത്യാനിയേയും ‘ന്യൂനപ ക്ഷങ്ങള്‍’ എന്ന ലേബലില്‍ ഒരുമിച്ചുചേര്‍ത്തുപറഞ്ഞ് ബോധപൂര്‍വം(?) ആശയക്കുഴപ്പം സൃഷ്ടിക്കയാണു രേഖ.

സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ ഇരുമുന്നണികളും ആരുടെയും ജനസംഖ്യ കണക്കിലെടുക്കുന്നില്ല എന്നു വേണമെങ്കില്‍ പറയാം.എന്നാല്‍ എങ്ങനെ കൂട്ടിയാ ലും കുറച്ചാലും സുറിയാനി-നായര്‍ സ്ഥാനാര്‍ഥികള്‍ ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതലുണ്ടാകും എപ്പോഴും.എന്നാല്‍ കഴിഞ്ഞ പ്രാവശ്യം നായര്‍ ജനസംഖ്യ പ്രകാ രം നല്‍കേണ്ട സീറ്റുകള്‍ എല്‍ഡിഎഫ് അവര്‍ക്കു നല്‍കിയിരുന്നില്ല.എന്നിരു ന്നാലും ജയിച്ചു വരുമ്പോള്‍, ഇരുമുന്നണികളിലുമായി അവര്‍ക്ക് ജനസംഖ്യ അനു സരിച്ചു ലഭിക്കാനുള്ളതിലും കൂടുതല്‍ കിട്ടിയിട്ടുണ്ടാകും. മറിച്ച് പിന്നാക്കക്കാര്‍ക്ക്, മുസ്ലിങ്ങള്‍ക്കു വിശേഷിച്ചും, അതു ലഭിച്ചിട്ടുണ്ടാവില്ല. ഇവിടെയും സ്ഥിതി വ്യത്യ സ്തമല്ല. ഇരുമുന്നണികളും ചേര്‍ന്ന് 53 മുസ്ലിം സ്ഥാനാര്‍ഥികളെയാണു മത്സരരംഗ ത്തിറക്കിയത്. അതില്‍ 26 പേര്‍(49%)മാത്രമേ വിജയം കണ്ടുള്ളൂ. ‘വര്‍ഗീയ’ സംഘടനയായ മുസ്ലിം ലീഗില്ലായിരുന്നെങ്കില്‍ ജയം പിന്നെയും വളരെ കുറയുമാ യിരുന്നു എന്നോര്‍ക്കണം. [മുസ്ലിംലീഗു പിരിച്ചുവിട്ട് മുസ്ലിങ്ങള്‍ മുഴുവന്‍ 'മതേതര' സംഘടനകളില്‍ പ്രവര്‍ത്തിക്കയാണു വേണ്ടത് എന്ന് ദേശീയവാദികളും കമ്യൂണി സ്റ്റുകളും പേര്‍ത്തും പേര്‍ത്തും പറയുന്നതു വെറുതെയാണോ?]ഇക്കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനിലും മുസ്ലിങ്ങള്‍ക്ക് ജനസംഖ്യാനുപാതി കമായി ലഭിക്കേണ്ട എം പിമാരെ ലഭിച്ചിട്ടില്ല.4-5പേരെ ലഭിക്കേണ്ട സ്ഥാനത്ത് കേവലം 3 പേരെ മാത്രമേ കേരളം ജയിപ്പിച്ചുള്ളൂ. (എതിരാളികള്‍ അമുസ്ലിങ്ങളായ എല്ലാ മണ്ഡലങ്ങളിലും മുസ്ലിം സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു എന്നത് യാദൃഛിക മാവാം).എന്നാല്‍ ‘ദില്ലി നായര്‍’ ഉള്‍പ്പെടെ നായന്മാര്‍ 5 പേര്‍ പാര്‍ലിമെന്റിലെത്തി; സുറിയാനികള്‍ 4 പേരും. ഈഴവര്‍ക്കും വലിയ പ്രാതിനിധ്യക്കുറവില്ല; 5 എം പിമാരെ ലഭിച്ചു .ചുരുക്കത്തില്‍ ‘ന്യൂന പക്ഷ പ്രീണനം’ എന്നു പറഞ്ഞ് എസ് എന്‍ ഡി പി നല്‍കുന്ന കണക്കുകള്‍ മുഴുവന്‍ സവര്‍ണപ്രീണനത്തിന്റെയാണ്. സുറിയാനികളെ സവര്‍ണരായി കാണു ന്നതിനു പകരം മതാടിസ്ഥാനത്തില്‍ വിശേഷിപ്പിക്കുന്നതു തന്നെ ജാതി എന്ന ‘എത്നിക് ഐഡന്റിറ്റി’യെക്കുറിച്ച് ശരിയാംവണ്ണം എസ് എന്‍ ഡി പി പഠിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ്. തന്മൂലമാണ് അവര്‍ , മുസ്ലിങ്ങളെ പിന്നാ ക്കസമുദായമായി കണക്കാക്കി കൂടെ നിര്‍ത്തേണ്ടതിനു പകരം ‘ന്യൂനപക്ഷ’മായി വലയം ചെയ്ത് അകറ്റിനിര്‍ത്തുന്നത് . ഒരു വശത്ത് മുസ്ലിങ്ങളുടെ പ്രാതിനിധ്യക്കുറവ് സ്പഷ്ടമാക്കുന്ന കണക്കുകള്‍ നല്‍കുന്ന എസ് എനു് ഡി പി, മറുവശത്ത് അതിനു കടകവിരു ദ്ധമായ പരാമര്‍ശങ്ങള്‍ നടത്തി അണികളില്‍ ന്യൂനപക്ഷ/മുസ്ലിം വിരോധം വളര്‍ത്താന്‍ ശ്രമിക്കുന്നതിലൂടെ മറനീക്കുന്നത് എസ് എന്‍ ഡി പിയുടെ ഹിന്ദുത്വ അജണ്ഡയാണെന്നു സംശയിക്കുന്നവരെ കുറ്റം പറയാനൊക്കില്ലെന്നു ചുരുക്കം.
എന്തുകൊണ്ട് മുസ്ലിം വിരോധം?
ഇത്രയും വിവരിച്ചതില്‍നിന്ന് ഒരുകാര്യം സ്പഷ്ടമാണ്: മുസ്ലിങ്ങള്‍ക്ക് ഒരു രംഗത്തും അവകാശപ്പെട്ടതിനേക്കാള്‍ കൂടുതല്‍ സീറ്റുകളോ സ്ഥാനങ്ങളോ ലഭിച്ചിട്ടില്ല.മിക്ക സ്ഥലത്തും ഈഴവരേക്കാള്‍ പിന്നിലാണ് അവരുടെ സ്ഥാനം. ആകെ കുടുതലുള്ളത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം മാത്രമാണ്. അതും അവര്‍ക്ക് അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ അല്ല. എയ്ഡഡ് മേഖലയിലെ സ്കൂളുകളുടെ എണ്ണം വരുമ്പോള്‍ അവര്‍ക്ക് 238ന്റെ കുറവാണ് എസ് എന്‍ ഡി പി രേഖതന്നെ ചൂണ്ടിക്കാണിക്കുന്നത്. വസ്തുതകള്‍ ഇതൊക്കെയായിരിക്കെ ‘മുഖ്യധാരാ’ മാധ്യമങ്ങളെ അനുകരിച്ച് എസ് എന്‍ ഡി പിയും മുസ്ലിങ്ങള്‍ക്കെതിരെ അണികളെ എരികേറ്റാന്‍ ശ്രമിക്കുന്നതിന്റെ ഗുട്ടന്‍സ് എന്താണ്?ലൗ ജിഹാദ് മുതല്‍ സൂഫിയ മഅ‌‌ദനി വരെയുള്ള വിഷയത്തില്‍ സം‌ഘ് പരിവാര്‍ ആരോപണങ്ങള്‍ അതേപടി ആവര്‍ത്തിക്കുന്നത് എന്തു കൊണ്ടാണ്?
ഇവിടെയാണ്,തങ്ങളുടെ നിഷ്ഠൂര ഭരണം അഭംഗുരം തുടരാനായി ഇന്‍ഡ്യയി ലെ ബ്രാഹ്മണ്യ ശക്തികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന പദ്ധതികളില്‍ അറി ഞ്ഞോ അറിയാതെയോ എസ് എന്‍ ഡി പി ഭാഗഭാക്കാവുന്നതിന്റെ ചിത്രം തെളി ഞ്ഞുവരുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും ആയ വിദ്യാഭൂ ഷന്‍ റാവത്ത് ഈയിടെ എഴുതിയ ഒരു ലേഖനത്തില്‍, സാമൂഹികനീതി എന്ന പ്രമേയത്തില്‍നിന്ന് ‘ഭീകരവാദം’ എന്ന പ്രമേയത്തിലേയ്ക്ക് രാഷ്ട്രീയത്തെ മാറ്റി പ്രതിഷ്ഠിക്കാന്‍ ബ്രാഹ്മണ്യ ശക്തികള്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് നിരീക്ഷിക്കു ന്നുണ്ട് : “ജനാധിപത്യത്തെ ഇകഴ്ത്തുന്നതും സൈന്യത്തെ വാഴ്ത്തുന്നതും തങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു വ്യാകുലരായ ബ്രാഹ്മണ മേല്‍ക്കോയ്മാ സംസ്കാരത്തിന്റെ തന്ത്രത്തിന്റെ ഭാഗമാണ്. അറിവും അധികാരവും മാത്രമല്ല ഇന്ന് അവരുടെ മേഖലകള്‍. ഇന്ത്യന്‍ അധികാരഘടനയെ മൊത്തം നിയന്ത്രിക്കുന്നത് അവരാണ്.1990കളില്‍ അതിന്റെ അസ്തിവാരത്തെ തന്നെ പിടിച്ചുകുലുക്കിയ മനുഷ്യന്‍ ഇതേ കാലയളവില്‍ത്തന്നെ യാദൃച്ഛികമായി നമ്മെ വിട്ടുപോവുകയും ചെയ്തു. ഭീകരാക്രമണം സംബന്ധിച്ച വാദകോലാഹലങ്ങള്‍ വഴി പൂണൂല്‍വര്‍ഗത്തിനൊന്നാകെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവഗണിക്കാന്‍ കഴിഞ്ഞു. ഭരണത്തിലുള്ള ബ്രാഹ്മണാധിപത്യത്തെ വെല്ലുവിളിക്കാനും മായാവതി, ലാലുപ്രസാദ് യാദവ്, രാംവിലാസ് പാസ്വാന്‍ തുടങ്ങി ഒരുപറ്റം പുതിയ ഭരണനേതൃത്വങ്ങളെ സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതിനാല്‍ ബ്രാഹ്മണമേധാവിത്വശക്തികള്‍ ആഗിരണത്തിന്റെ രാഷ്ട്രീയം പ്രയോഗിക്കാന്‍ തുടങ്ങി. പില്‍ക്കാലത്തു സാമൂഹികനീതിയെന്ന സങ്കല്‍പ്പത്തെ ഒരു പരിധിവരെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായെങ്കിലും തങ്ങളുടെ അജണ്ടയെത്തന്നെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്ന ആരോടും അവര്‍ക്കു പൊറുക്കാനാവുമായിരുന്നില്ല. കഴിഞ്ഞ 20 വര്‍ഷമായി പ്രാമുഖ്യം നേടിയ സാമൂഹികനീതി എന്ന പ്രമേയത്തില്‍ നിന്നു ‘ഭീകരവാദം’ എന്ന പ്രമേയത്തിലേക്കു രാഷ്ട്രീയത്തെ മാറ്റിപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണു ഭീകരതയ്ക്കെതിരായ യുദ്ധമെന്ന രീതിയില്‍ ഇപ്പോള്‍ നടന്നുവരുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ അതിനര്‍ഥം ബ്രാഹ്മണാധിപത്യ ത്തെ ശക്തിപ്പെടുത്തുകയെന്നതാണ്”[തേജസ് ദിനപത്രം ഡിസം:29;2009]
എസ് എന്‍ ഡി പിയെപ്പോലുള്ള അവര്‍ണജനസംഘടനകള്‍ക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ഒരു കാഴ്ച്ചപ്പാടും ദൗര്‍ഭാഗ്യവശാല്‍ അവര്‍ക്ക് ഒട്ടും ഇല്ലാത്തതുമായ ഒരു നിലപാടുമാണ് റാവത്ത് അവതരിപ്പിക്കുന്നത്.സഹോദരന്‍ അയ്യപ്പനെപ്പോലുള്ള വിപ്ളവകാരികള്‍ ഉയര്‍ത്തിപ്പിടിച്ച അത്തരമൊരു ‘ആന്റി ബ്രാഹ്മണിക്കല്‍’ നിലപാടിലേയ്ക്ക് എസ് എന്‍ ഡി പി തിരിച്ചുവരേണ്ട അടിയന്തര സാഹചര്യമാണ് ഇന്ന് ഇന്‍ഡ്യയിലും കേരളത്തിലും നിലനില്‍ക്കുന്നത്.സംവരണം സംബന്ധിച്ച് ഇക്കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയും അതിനു മുന്‍പ് എന്‍ എസ് എസ്സും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ നല്കുന്ന സൂചനയും മറ്റ് ഒന്നല്ല.

അവസാനമായി ഒരേയൊരു ചോദ്യം കൂടി ചോദിക്കാതെ വയ്യ:ഈ അവകാശ പ്രഖ്യാപന രേഖയില്‍ പലയിടത്തും കാണുന്ന ഒരു പ്രയോഗമാണ് ‘ഭൂരിപക്ഷ സമുദായങ്ങള്‍’ എന്നത്. എന്താണ് എസ് എന്‍ ഡി പി ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്? സം ഘ് പരിവാര്‍ പറയുന്ന ഭൂരിപക്ഷ സമുദായം തന്നെയാണോ യോഗവും വിവക്ഷിക്കുന്നത്? അങ്ങനെയെങ്കില്‍ ഈ ‘ഭൂരിപക്ഷ സമുദായങ്ങളി’ല്‍ നായര്‍,അമ്പലവാസി,നമ്പുതിരി മുതലായ സവര്‍ണ(മുന്നാക്ക) സമുദായങ്ങളും ഉള്‍പ്പെടുന്നുണ്ടാവുമല്ലോ! അവര്‍ക്ക് ഈഴവരോ മറ്റ് ഒ ബി സികള്‍ക്കോ ദലിതര്‍ക്കോ ഉള്ള എന്തെങ്കിലും അവശതകള്‍ ഉണ്ടോ എന്ന് എസ് എന്‍ ഡി പി വ്യക്തമാക്കണം. ഇല്ലെന്നാണുത്തരമെങ്കില്‍, അവരെയും കൂട്ടി ഇങ്ങനെ ഒരു പ്രയോഗം അവതരിപ്പിക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണ്?

* ‘ഈഴവര്‍ തോറ്റുകൊണ്ടിരിക്കുന്നത് എന്തുകൊണ്ട്?’-
( സിറാജ് ദിനപത്രം 2009 ഡിസംബര്‍ 2 ബുധന്‍)

‘ഈഴവ രാഷ്ട്രീയം പ്രതിസന്ധിയില്‍’-[തേജസ് ദിനപത്രം ;ഡിസംബര്‍ 5 ശനി 2009]

-പ്രഫെ റ്റി ബി വിജയകുമാര്‍ .


No comments:

Post a Comment