Tuesday, January 19, 2010

നരേന്ദ്രന്‍ പാക്കേജ് വരുത്തിയ വിന

മാധ്യമം ദിനപത്രത്തിന്റെ തിരുവനന്തപുരം ലേഖകനും സംവരണ വിഷയങ്ങളില്‍ ധാരണയുള്ളയാളുമായ ഈ ബഷീറിന്റെ ഈ റിപ്പോര്‍ട്ട് വൈകിയാണു കണ്ടത്. നരേന്ദ്രന്‍ കമീഷന്‍ പാക്കേജിന്റെ ഭാഗമായി നടപ്പാക്കിയ 'സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്' വിപരീതഫലം ചെയ്തു എന്നാണ് ബഷീര്‍ എഴുതുന്നത്. ഈ ലേഖകന്‍ അന്നേ ആ നിയമഭേദഗതി കുഴപ്പം ഉണ്ടാക്കും എന്ന അഭിപ്രായക്കാരനായിരുന്നു. പക്ഷേ ആ പാക്കേജിനുവേണ്ടി ശ്രമിച്ച ചില പിന്നാക്ക സമുദായ(വിശേഷിച്ചും മുസ്ലിം സംഘടനകള്‍ക്ക്) അതൊരിക്കലും-ഇപ്പോള്‍പ്പോലും-അതു മനസ്സിലായില്ല. കൂടുതല്‍ പറയുന്നില്ല. റിപ്പോര്‍ട്ട് വായിക്കുക:
മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയത് നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് അട്ടിമറിച്ച്ട്ട്
Friday, January 15, 2010
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വന്‍തോതില്‍ പ്രാതിനിധ്യക്കുറവുണ്ടെന്ന ജസ്റ്റിസ് നരേന്ദ്രന്‍ കമീഷന്റെ റിപ്പോര്‍ട്ട് അട്ടിമറിച്ചാണ് മുന്നാക്ക വിദ്യാഭ്യാസ സംവരണത്തിന് മുന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് നരേന്ദ്രന്‍ പാക്കേജ് എന്ന പേരില്‍ പിന്നാക്കക്കാരുടെ പി.എസ്്.സി നിയമനങ്ങളിലെ കടംകൊടുക്കല്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. നരേന്ദ്രന്‍ കമീഷന്‍ പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഒരു നിര്‍ദേശവും ഈ പാക്കേജിലുണ്ടായിരുന്നില്ല. മാത്രമല്ല നരേന്ദ്രന്‍ കമീഷന്‍ ചിന്തിക്കുക പോലും ചെയ്യാത്ത വിധം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം കൊടുക്കാനും വ്യവസ്ഥയുണ്ടാക്കി. നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടും പാക്കേജും തമ്മില്‍ ഒരു ബന്ധവുമുണ്ടായിരുന്നില്ല.

സര്‍ക്കാര്‍ സര്‍വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലായി പിന്നാക്ക വിഭാഗങ്ങളിലെ ചില സമുദായങ്ങള്‍ക്ക് വന്‍തോതില്‍ പ്രാതിനിധ്യക്കുറവുണ്ടെന്നായിരുന്നു നരേന്ദ്രന്‍ റിപ്പോര്‍ട്ട്. മുസ്ലിംകള്‍ക്ക് 7383, ലത്തീന്‍കത്തോലിക്ക 4370, നാടാര്‍ 2614, പട്ടിക ജാതി ക്രിസ്ത്യന്‍ 2290, ധീവരര്‍ 1256, ഒ.ബി.സി 460, വിശ്വകര്‍മ 147, ഈഴവ മൂന്ന് എന്നിങ്ങനെയാണ് കുറവ് കണ്ടത്്. എന്നാല്‍ ഇത് നികത്താനുള്ള നിര്‍ദേശമൊന്നും കമീഷന്‍ മുന്നോട്ടു വെക്കാതെ സര്‍ക്കാറിന്റെ തീരുമാനത്തിന് വിടുകയായിരുന്നു. പ്രാതിനിധ്യക്കുറവ് നികത്താന്‍ സ്പെഷല്‍ റിക്രൂട്ട്മെന്റ് വേണമെന്ന വാദം ശക്തിപ്പെടവെയാണ് നരേന്ദ്രന്‍ പാക്കേജ് കൊണ്ടു വന്നത്. പിന്നാക്ക വിഭാഗത്തിലെ ഏതെങ്കിലും വിഭാഗത്തിന് റാങ്ക് ലിസ്റ്റുകളില്‍ ആളില്ലാതെ വന്നാല്‍ തൊട്ടടുത്ത സംവരണ സമുദായത്തിന് അത് നല്‍കുകയും തൊട്ടടുത്ത ലിസ്റ്റില്‍ മടക്കി നല്‍കുകയുമാണ് നേരത്തെ ചെയ്തിരുന്നത്്. ഇത് മാറ്റി ഏതെങ്കിലും സമുദായത്തിന് ആളില്ലാതെ വന്നാല്‍ അത് കടം കൊടുക്കാതെ പകരം എന്‍.സി.എ എന്ന പേരില്‍ പ്രത്യേകം വിജ്ഞാപനം ചെയ്ത് നിയമിക്കണം എന്നതായിരുന്നു മാറ്റം. ഇത് പ്രയോഗികമായി ഇപ്പോള്‍ പിന്നാക്ക സമുദായങ്ങളുടെ ഉദ്യോഗ നിയമനങ്ങളില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. കാര്യമായ പ്രയോജനം ഇതുകൊണ്ട് ലഭിക്കുന്നുമില്ല. നിയമനങ്ങളുടെ റിസര്‍വേഷന്‍ ചാര്‍ട്ട് വേണമെന്ന ഉത്തരവ് നടപ്പായില്ല. സപ്ലിമെന്ററി ലിസ്റ്റിന്റെ വലിപ്പം അഞ്ചിരട്ടിയായി ഉയര്‍ത്തിയെങ്കിലും അത് പ്രായോഗിക ബുദ്ധിമുട്ട് മാത്രമേ സൃഷ്ടിക്കൂവെന്ന് കണ്ട് മാറ്റി. കാര്യമായ പ്രയോജനം പിന്നാക്കക്കാര്‍ക്ക് നല്‍കാതിരുന്ന ഈ തീരുമാനങ്ങളൊന്നും മുന്നാക്ക വിഭാഗങ്ങളെയോ ഓപണ്‍ക്വാട്ടയെയോ ഒരു വിധത്തിലും ബാധിക്കുന്നതായിരുന്നില്ല.

എന്നാല്‍ പിന്നാക്കക്കാരില്‍ മാത്രം നില്‍ക്കുന്ന ഈ തീരുമാനം കൈക്കൊള്ളുന്നതിന്റെ മറവില്‍ മുന്നാക്ക വിദ്യാഭ്യാസ സംവരണം സ്ഥാപിച്ചെടുക്കുകയാണുണ്ടായത്. എന്‍.എസ്.എസ് നടത്തിയ നീക്കങ്ങളാണ് ഇതുവഴി വിജയം കണ്ടത്. നരേന്ദ്രന്‍ പാക്കേജ് എന്ന പേരില്‍ മുന്നാക്ക സമുദായത്തിന് ഉന്നത വിദ്യാഭ്യാസത്തില്‍ സംവരണം നല്‍കാന്‍ പ്രത്യേക ഉത്തരവ് കൊണ്ടു വന്നു. ഈ ഉത്തരവില്‍ ആദ്യം ആശയക്കുഴപ്പമുണ്ടായതോടെ ഇടത് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. വിദ്യാഭ്യാസ രംഗത്ത് മുന്നാക്ക സംവരണം നേടിയതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗതലത്തിലും സംവരണം വേണമെന്ന ആവശ്യവുമായി എന്‍.എസ്.എസ് രംഗത്തുവന്നത്.
യഥാര്‍ഥത്തില്‍ നരേന്ദ്രന്‍ കമീഷന്‍ കണ്ടെത്തിയ പ്രാതിനിധ്യക്കുറവ് തിരുത്തുകയാണെങ്കില്‍ ഓപണ്‍ക്വാട്ടയെ ബാധിക്കേണ്ടതായിരുന്നു. അതിന് സര്‍ക്കാര്‍ തയാറായില്ല. പ്രതിനിധ്യക്കുറവ് നികത്തുക എന്ന നരേന്ദ്രന്‍ റിപ്പോര്‍ട്ടിലെ സുപ്രധാന കണ്ടെത്തല്‍ ആരും പണിഗണിച്ചതേയില്ല. പിന്നാക്കക്കാര്‍ക്ക് നിലവില്‍ അനുവദിച്ചിരുന്ന സംവരണത്തില്‍ കടംകൊടുക്കല്‍ വ്യവസ്ഥയില്‍ മാറ്റം വരുത്തുന്ന ഭേദഗതി കൊണ്ടു വന്നപ്പോള്‍ എന്‍.എസ്.എസിന്റെ സമ്മതം വാങ്ങിയാണ് സര്‍ക്കാര്‍ അതിന് തയാറായത്. എന്‍.എസ്.എസിന് ഇതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായിരുന്നില്ല. സമവായം എന്ന പേരില്‍ മുന്നാക്കാര്‍ക്ക് ഒരു പങ്കുമില്ലാതിരുന്ന വിഷയത്തില്‍ എന്‍.എസ്.എസിന് അനുകൂലമായാണ് കാര്യങ്ങള്‍ നീങ്ങിയത്. എന്‍.എസ്.എസിനെ തൃപ്തിപ്പെടുത്താനായി തിരുവനന്തപുരത്ത് എം.ജി കോളജ്, നീറമണ്‍കര എന്‍.എസ്.എസ് കോളജ് എന്നിവയ്ക്ക് പാട്ടത്തിന് നല്‍കിയ നൂറോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സൌജന്യമായി പതിച്ച് കൊടുത്തു. മാത്രമല്ല ഈ ഭൂമിയില്‍ എന്‍.എസ്.എസ് വരുത്തിയ കോടിക്കണക്കിന് രൂപയുടെ പാട്ടകുടിശãിക എഴുതി ത്തള്ളുകയും ചെയ്തു.

പിന്നാക്ക വിഭാഗത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടപ്പോള്‍ അതിന്റെ പേരില്‍ എന്‍.എസ്.എസ് വന്‍തോതില്‍ നേട്ടം കൊയ്തു. തലസ്ഥാന നഗരത്തിലെ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയും പാട്ടകുടിശãികയും കിട്ടിയ എന്‍.എസ്.എസ് അതോടൊപ്പം മുന്നാക്ക വിദ്യാഭ്യാസ സംവരണം എന്ന ഭരണഘടനയില്‍ പോലും പറയാത്ത വ്യവസ്ഥ നേടിയെടുക്കുകയും ചെയ്തു. പിന്നാക്ക സമുദായ സംഘടനകളില്‍ പലതും ഇതിന്റെ പിന്നിലെ നീക്കങ്ങള്‍ മനസ്സിലാക്കിയതുമില്ല.

ഇ. ബഷീര്‍

No comments:

Post a Comment