Monday, March 21, 2011

ബഹാവുദീന്‍ സാറിന് ആദരാഞ്ജലികള്‍

ഡോ.കെ എം ബഹാവുദ്ദീന്‍ അന്തരിച്ചു

പരവൂര്‍(കൊല്ലം): കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജ് മുന്‍ പ്രിന്‍സിപ്പലും അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ മുന്‍ പ്രോ വൈസ് ചാന്‍സലറുമായ ഡോ. കെ.എം.ബഹാവുദ്ദീന്‍(82) അന്തരിച്ചു.

എറണാകുളം വെണ്ണലയിലെ 'ആഷിയാന'യില്‍ സ്ഥിരതാമസമായിരുന്ന അദ്ദേഹം രണ്ടുദിവസം മുമ്പാണ് മകളുടെ തിരുവനന്തപുരത്തുള്ള വസതിയിലെത്തിയത്. ഞായറാഴ്ച രാവിലെ അവിടെവച്ചാണ് അന്ത്യം സംഭവിച്ചത്.പരവൂര്‍ തെക്കുംഭാഗം അണ്ടൂപ്പാറ കുടുംബാംഗമാണ് ബഹാവുദ്ദീന്‍.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിരുദം നേടി. തുടര്‍ന്ന് അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എന്‍ജിനിയറിങ് ബിരുദവും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍നിന്ന് എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തരബിരുദവും നേടി.

അലിഗഢ് സര്‍വകലാശാലയില്‍ ലക്ചററായിരുന്ന അദ്ദേഹം തമിഴ്‌നാട്ടില്‍ പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയറും ദുര്‍ഗാപുര്‍ സ്റ്റീല്‍ പ്ലാന്റിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ മേധാവിയുമായിരുന്നു. ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡില്‍ ഡിസൈന്‍ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. ഇറാഖില്‍ ഇന്ത്യ നിയോഗിച്ച വിദ്യാഭ്യാസ പ്ലാനിങ് ഡെലിഗേറ്റുകളുടെ ഡെപ്യൂട്ടി ലീഡറും മൗറീഷ്യസില്‍ ഉന്നതവിദ്യാഭ്യാസം നടപ്പിലാക്കാനുള്ള ഇന്ത്യയുടെ പ്രതിനിധിയുമായിരുന്നു.

ബഹാവുദ്ദീന്‍ 12 വര്‍ഷം കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജിന്റെ പ്രിന്‍സിപ്പലായിരുന്നു. ആര്‍.ഇ.സി.വിദ്യാര്‍ത്ഥി ആയിരുന്ന രാജനെ പോലീസ് അറസ്റ്റ് ചെയ്തതും പോലീസ് മര്‍ദ്ദനത്തില്‍ മരിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. തുടര്‍ന്ന് അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ പ്രോ വൈസ് ചാന്‍സലറായ അദ്ദേഹം 1989ല്‍ ദില്ലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായാണ് വിരമിച്ചത്.

കേരള മുസ്‌ലിങ്ങള്‍, പോരാട്ടത്തിന്റെ ചരിത്രം, കേരള സമൂഹഘടനാമാറ്റങ്ങള്‍, ഇറാഖ് ആക്രമണത്തിന്റെ അടിവേരുകള്‍ തുടങ്ങിയ പുസ്തകങ്ങള്‍ ഡോ.ബഹാവുദ്ദീന്‍ രചിച്ചിട്ടുണ്ട്.

അമേരിക്കന്‍ സൊസൈറ്റി ഓഫ് മുസ്‌ലിംസ് ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍ അവാര്‍ഡ് നേടിയ അദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസപ്രവര്‍ത്തനത്തിന് ജന്മനാടായ പരവൂരില്‍ ശ്രേഷ്ഠ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: റംല ബീവി. മക്കള്‍: ആസിഫ് (എന്‍ജിനിയര്‍, സെന്‍ട്രല്‍ ഏഷ്യ റീജണല്‍ ഡയറക്ടര്‍ ഐ.ബി.എം.ദുബായ് ), ലുലു(എന്‍ജിനിയര്‍ യു.കെ.), ഡോ.ഫൗസിയ(അസി. പ്രൊഫ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം), ഷാഹിന്‍(എന്‍ജിനിയര്‍, യു.എസ്.എ.). മരുമക്കള്‍: ഡോ.അയിഷ(ദുബായ് ), പ്രൊഫ. ബഷീര്‍(എന്‍ജിനിയര്‍ യു.കെ.), ഡോ.ലത്തീഫ് (സര്‍ജന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ), ജോര്‍ഡാന്‍(എന്‍ജിനിയര്‍ യു.എസ്.എ.).


പ്രൊഫ ബഹാവുദീനുമായി ഈ ലേഖകന് അടുത്ത സൌഹൃദമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹമാണ് കേരള പി എസ് സി യുടെ മെറിറ്റ് -സംവരണ അട്ടിമറി സംബന്ധിച്ച ആദ്യ വെളിപ്പെടുത്തല്‍ കലാകൌമുദിയിലൂടെ നടത്തിയത്. തുടര്‍ന്ന് ഞാന്‍ ആ വിഷയത്തില്‍ നടത്തിയ പഠനങ്ങള്‍ക്കെല്ലാം അദ്ദേഹത്തിന്റെ ഉപദേശ - നിര്‍ദേശങ്ങളുണ്ടായിരുന്നു. ചെറുപ്പക്കാരനെപ്പോലെ ചുറുചുറുക്കോടെ , മുഴുവന്‍ സമയവും കര്‍മനിരതനായിരുന്നു ബഹാവുദീന്‍ സാര്‍. അദ്ദേഹത്തിന്റെ നിര്യാണം കേരള സമൂഹത്തിനു്, വിശിഷ്യാ കേരളത്തിലെ പിന്നാക്ക സമുദായങ്ങള്‍ക്കു് വലിയ ഒരു നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. കേരള മുസ്ലിങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക പിന്നാക്കാവസ്ഥയെപ്പറ്റി പഠിച്ച ബഹാവുദീന്‍ സാര്‍ ജീവിതത്തില്‍ ഒരു ഇടതു പക്ഷക്കാരനായിരുന്നു. മതപരമായ ചടങ്ങുകളൊന്നും വ്യക്തിജീവിതത്തില്‍ അദ്ദേഹം അങ്ങനെ പാലിക്കുന്നതായി കണ്ടിട്ടില്ല. കേരള ചരിത്രത്തിലും അദ്ദേഹം നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പ്രമാദമായ രാജന്‍ കേസില്‍ കെ കരുണാകരനെപ്പോലുള്ളവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താനിടയാക്കിയതില്‍ അദ്ദേഹത്തിന്റെ ധീരമായ നിലപാട് നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.   അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 

3 comments:

  1. പ്രൊഫ ബഹാവുദീനുമായി ഈ ലേഖകന് അടുത്ത സൌഹൃദമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹമാണ് കേരള പി എസ് സി യുടെ മെറിറ്റ് -സംവരണ അട്ടിമറി സംബന്ധിച്ച ആദ്യ വെളിപ്പെടുത്തല്‍ കലാകൌമുദിയിലൂടെ നടത്തിയത്. തുടര്‍ന്ന് ഞാന്‍ ആ വിഷയത്തില്‍ നടത്തിയ പഠനങ്ങള്‍ക്കെല്ലാം അദ്ദേഹത്തിന്റെ ഉപദേശ - നിര്‍ദേശങ്ങളുണ്ടായിരുന്നു. ചെറുപ്പക്കാരനെപ്പോലെ ചുറുചുറുക്കോടെ , മുഴുവന്‍ സമയവും കര്‍മനിരതനായിരുന്നു ബഹാവുദീന്‍ സാര്‍

    ReplyDelete